പോസ്റ്റഡ് ഓണ്:
30 OCT 2026 3:24PM by PIB Thiruvananthpuram
ഊർജ്ജോത്പാദനം, ആരോഗ്യം, ഗവേഷണം, ദേശീയ വികസനം എന്നീ മേഖലകളിൽ ആണവ ശാസ്ത്രത്തിന്റെ പ്രയോഗങ്ങൾ എടുത്തുകാട്ടുന്ന "ആറ്റംസ് ഇൻ ദി സർവീസ് ഓഫ് ദി നേഷൻ" (Atoms in the Service of the Nation) പ്രദർശനത്തിന് കോട്ടയം സയൻസ് സിറ്റിയിൽ തുടക്കമായി. സംസ്ഥാന ജലസേചന-ഭവന വകുപ്പ് മന്ത്രി ശ്രീ. മോൻസ് ജോസഫ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
_20261030152853_119c2a.jpeg)
കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയവും (KSSTM) കോട്ടയം സയൻസ് സിറ്റിയും, കേന്ദ്ര അണവോർജ്ജ വകുപ്പിന് കീഴിലുള്ള കല്പാക്കം ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രവും (IGCAR) സംയുക്തമായാണ് 2026 ഒക്ടോബർ 30 മുതൽ നവംബർ 1 വരെ പ്രദർശനം സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ ആണവ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും അവബോധം നൽകുക എന്നതാണ് പ്രദർശനത്തിന്റെ ലക്ഷ്യം. മോഡലുകൾ, ഡിസ്പ്ലേകൾ, വിദ്യാഭ്യാസ പ്രദർശനങ്ങൾ എന്നിവയിലൂടെ രാജ്യത്തിന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തത്വങ്ങളും എഞ്ചിനീയറിംഗ് സാങ്കേതികവിദ്യകളും സന്ദർശകർക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിക്കും.
_20261030152918_00a09b.jpeg)
ന്യൂക്ലിയർ റിയാക്ടർ സാങ്കേതികവിദ്യ, ആണവ ഇന്ധന സംവിധാനങ്ങൾ, റേഡിയേഷനും അതിന്റെ പ്രയോഗങ്ങളും, നൂതന എഞ്ചിനീയറിംഗ്, ദേശീയ വികസനത്തിൽ ആണവ ഗവേഷണത്തിന്റെ പങ്ക് എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രദർശനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകൾ (PHWRs), ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR), പ്രൊട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR), കാമിനി (KAMINI) റിയാക്ടർ എന്നിവയുടെ മോഡലുകളും ഘടകങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വിവിധതരം റേഡിയേഷനുകളെക്കുറിച്ചും ആരോഗ്യരംഗത്ത് ആണവ സാങ്കേതികവിദ്യയുടെ ഉപയോഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും സന്ദർശകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.
_20261030152937_90f9c6.jpeg)
കെ.എസ്.എസ്.ടി.എം. ഡയറക്ടർ ശ്രീ. ജെയ്മോൻ ജേക്കബ് ഉദ്ഘാടന ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കല്പാക്കം ഐ.ജി.സി.എർ. ഡയറക്ടർ ശ്രീ. ശ്രീകുമാർ ജി. പിള്ള പ്രത്യേക പ്രഭാഷണവും നിർവഹിച്ചു. പ്രാദേശിക ജനപ്രതിനിധികളും മറ്റ് പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യയുടെ ആണവ പരിപാടിയുടെ ശില്പിയായി അറിയപ്പെടുന്ന ഡോ. ഹോമി ജഹാംഗിർ ഭാഭയുടെ 117-ാം ജന്മവാർഷിക ദിനത്തിലാണ് പ്രദർശനം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ പുരോഗതിയിൽ ശാസ്ത്ര ഗവേഷണത്തിന്റെയും തദ്ദേശീയ സാങ്കേതിക വിദ്യകളുടെയും പങ്ക് ഓർമ്മപ്പെടുത്തുന്നതാണ് ഈ അവസരം.
എല്ലാ ദിവസവും രാവിലെ 10:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.
***
SK