പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേരളത്തിലെ ജനങ്ങൾക്ക് ആധാർ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി യു.ഐ.ഡി.എ.ഐ സൗകര്യങ്ങളുടെ വിപുലീകരണം തുടരുന്നു

പോസ്റ്റഡ് ഓണ്‍: 30 OCT 2026 3:18PM by PIB Thiruvananthpuram
കോഴിക്കോട്, 30 ഒക്ടോബർ 2026: കോഴിക്കോട് ജില്ലയിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ ആധാർ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആധാർ സേവാ കേന്ദ്രം (ASK) 2026 ഒക്ടോബർ 30-ന്  (വെള്ളിയാഴ്ച) കോഴിക്കോട് പ്രവർത്തനസജ്ജമാക്കി.

ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടർ ശ്രീമതി മാളവിക ജി. നായർ ഐ.എ.എസ്. പുതിയ ആധാർ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. യു.ഐ.ഡി.എ.ഐ ബെംഗളൂരു റീജിയണൽ ഓഫീസ് ഡയറക്ടർ, സെക്ഷൻ ഓഫീസർ, മറ്റ് ഉദ്യോഗസ്ഥർ, ബി.എൽ.എസ് ഇൻ്റർനാഷണൽ പ്രതിനിധികൾ, ആധാർ സേവാ കേന്ദ്രത്തിലെ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

യു.ഐ.ഡി.എ.ഐയുടെ ഈ ഉദ്യമത്തെ അഭിനന്ദിച്ച അസിസ്റ്റൻ്റ് കളക്ടർ, കേന്ദ്രത്തിലെത്തിയ പൊതുജനങ്ങളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. ആധാർ എൻറോൾമെൻ്റ്, വിവരങ്ങൾ പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ അവർ, കേന്ദ്രത്തിൽ ലഭ്യമാക്കിയിട്ടുള്ള വിവിധ സേവനങ്ങളുടെ പ്രവർത്തനവും വിലയിരുത്തി.

ആയിരക്കണക്കിന് ആളുകൾക്ക് തടസ്സമില്ലാത്ത ആധാർ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി കോഴിക്കോട് ആധാർ സേവാ കേന്ദ്രത്തിൽ എട്ട് ഓപ്പറേഷൻ കിറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും ഈ കേന്ദ്രം പ്രവർത്തിക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാകും. പുതിയ ആധാർ എൻറോൾമെൻ്റ്, വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും പുതുക്കൽ, പരാതികൾ പരിഹരിക്കൽ തുടങ്ങി ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഈ കേന്ദ്രത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

ആധാർ എൻറോൾമെൻ്റ്,   വിവരങ്ങൾ പുതുക്കൽ എന്നീ സേവനങ്ങൾക്ക് പുറമെ, ആധാർ നമ്പർ ഉടമകളിൽനിന്നുള്ള പരാതികൾ സ്വീകരിച്ച് റീജിയണൽ ഓഫീസ് മുഖേന അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള സൗകര്യവും കോഴിക്കോട് കേന്ദ്രത്തിലുണ്ടാകും.

കോഴിക്കോട് പുതിയ ആധാർ സേവാ കേന്ദ്രം പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിൽ യു.ഐ.ഡി.എ.ഐയുടെ കീഴിലുള്ള ആധാർ സേവാ കേന്ദ്രങ്ങളുടെ എണ്ണം ഒൻപതായി. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലായി അഞ്ച് കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇതോടെ സംസ്ഥാനത്ത് യു.ഐ.ഡി.എ.ഐ നേരിട്ട് നടത്തുന്ന ആധാർ സേവാ കേന്ദ്രങ്ങളുടെ ആകെ എണ്ണം 14 ആയി ഉയരും.

വീൽചെയർ സൗകര്യം, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ, പ്രത്യേക പരാതി പരിഹാര സംവിധാനം എന്നിവ ഉൾപ്പെടെ എല്ലാവരെയും ഉൾക്കൊള്ളുന്നതും ജനസൗഹൃദവുമായ രീതിയിലാണ് യു.ഐ.ഡി.എ.ഐയുടെ ആധാർ സേവാ  കേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യു.ഐ.ഡി.എ.ഐയുടെ https://bookappointment.uidai.gov.in/ എന്ന പോർട്ടൽ വഴി ആധാർ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് മുൻകൂട്ടി ഓൺലൈൻ അപ്പോയിൻ്റ് മെൻ്റ്  ബുക്ക് ചെയ്യാവുന്നതാണ്.

ഈ ആധാർ സേവാ കേന്ദ്രത്തിൻ്റെ  ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല മെസ്സേഴ്സ് ബിഎൽഎസ് ഇൻ്റർനാഷണൽ ലിമിറ്റഡിനാണ്.
 
****

( റിലീസ് ഐ.ഡി: 2330388) സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക: English