PIB Backgrounder
azadi ka amrit mahotsav

ഖേലോ ഇന്ത്യ കായിക സാമഗ്രി ഉത്പാദന പദ്ധതി

ആഗോളതലത്തിൽ മത്സരക്ഷമതയുള്ള കായിക സാമഗ്രി ഉത്പാദന ആവാസവ്യവസ്ഥ പടുത്തുയർത്തൽ

പോസ്റ്റഡ് ഓണ്‍: 28 OCT 2026 6:47PM by PIB Thiruvananthpuram

ഖേലോ ഇന്ത്യ കായിക സാമഗ്രി ഉത്പാദന പദ്ധതി

ആഗോളതലത്തിൽ മത്സരക്ഷമതയുള്ള കായിക സാമഗ്രി ഉത്പാദന ആവാസവ്യവസ്ഥ പടുത്തുയർത്തൽ

 

2026-27 മുതൽ 2033-34 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായി 1,856.67 കോടി രൂപയുടെ പദ്ധതി വിഹിതത്തോടെ, ഖേലോ ഇന്ത്യ കായിക സാമഗ്രി ഉത്പാദന പദ്ധതിയ്ക്ക് 2026 ഒക്ടോബർ 28-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രത്യേകം സജ്ജമാക്കിയ കായിക സാമഗ്രി ഉത്പാദന മേഖലകൾ, ഉത്പാദകർ, വിതരണക്കാർ, പരിശോധനാ സൗകര്യങ്ങൾ, രൂപകൽപ്പനാ കേന്ദ്രങ്ങൾ എന്നിവയെയെല്ലാം ഒരിടത്ത് ഒരുമിച്ച് കൊണ്ടുവരുന്നു. 1,130 കോടി രൂപയുടെ സംയുക്ത വിഹിതത്തോടെ വൻകിട മുൻകൂർ നിക്ഷേപങ്ങൾക്കും വിറ്റുവരവിനെ അടിസ്ഥാനമാക്കിയുള്ള ഉത്പാദനത്തിനും നൽകുന്ന പിന്തുണ പുതിയ നിക്ഷേപങ്ങളെ ആകർഷിക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും. ഇതിന് പുറമെ ലഭ്യമാവുന്ന 105 കോടി രൂപയുടെ സഹായം, അന്താരാഷ്ട്ര കായിക ഫെഡറേഷനുകളിൽ നിന്നുള്ള സാക്ഷ്യപത്രം നേടുന്നതിനും അവ പുതുക്കുന്നതിനും ഉത്പാദകരെ സഹായിക്കും. ഉയർന്ന ഗുണനിലവാരമുള്ള കായിക സാമഗ്രികളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതിക്ക് മികവിൻ്റെ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ, നൈപുണ്യ വികസനം, കയറ്റുമതി പ്രോത്സാഹനം എന്നിവ പൂർണത നൽകുന്നു.

 

ആമുഖം

ഇന്ത്യയുടെ കായിക അഭിലാഷങ്ങൾ കളിസ്ഥലങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും തുടങ്ങി, ഉത്പാദന, സംരംഭക മേഖലകൾ വരെ നീളുന്ന അവസരങ്ങൾ സൃഷ്ടിക്കുന്നു. 'ഖേലോ ഇന്ത്യ', 'ഖേലോ ഭാരത് നിതി 2025' തുടങ്ങിയ പദ്ധതികൾ കായികരംഗത്തെ പങ്കാളിത്തം, പ്രതിഭാ വികസനം, കായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നു. നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ, കയറ്റുമതി എന്നിവയ്ക്ക് വഴിയൊരുക്കുന്നതിനൊപ്പം ഗുണമേന്മയുള്ള കായിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലൂടെ ശക്തമായ ഒരു കായിക സാമഗ്രി ഉത്പാദന വ്യവസായത്തിന് ഈ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാൻ സാധിക്കും.

ജലന്ധർ (പഞ്ചാബ്), മീററ്റ് (ഉത്തർപ്രദേശ്) തുടങ്ങിയ കേന്ദ്രീകൃത വ്യാവസായിക മേഖലകൾ, വിദഗ്ധരായ തൊഴിലാളികൾ, സംരംഭകത്വ സ്വാഭാവമുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശൃംഖല എന്നിവയെ ആശ്രയിച്ചാണ് ഇന്ത്യയുടെ കായിക സാമഗ്രി ഉത്പാദന മേഖല നിലകൊള്ളുന്നത്. ഉത്പാദനത്തിൻ്റെ ഏകദേശം 90 ശതമാനവും ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ സംഭാവനയാണെന്നത് ഈ മേഖലയെ പ്രാദേശിക സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വളരെ പ്രധാനപ്പെട്ട ഒന്നാക്കി മാറ്റുന്നു. 2024-ൽ ഏകദേശം 140 ബില്യൺ യു.എസ് ഡോളർ മൂല്യമുണ്ടായിരുന്ന ആഗോള കായിക സാമഗ്രി വിപണി, 2036-ഓടെ 283 ബില്യൺ യു.എസ് ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഇന്ത്യൻ ഉത്പാദകർക്ക് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നത്.

ഈ മികവുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, ഖേലോ ഇന്ത്യ കായിക സാമഗ്രി ഉത്പാദന പദ്ധതിക്ക് അംഗീകാരം നൽകി. 2026-27 സാമ്പത്തിക വർഷം മുതൽ 2033-34 സാമ്പത്തിക വർഷം വരെയുള്ള കാലയളവിലേക്ക് 1,856.67 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 2026-27 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി, കായിക സാമഗ്രികളുടെ രൂപകൽപ്പന, വികസനം, ഉത്പാദനം എന്നിവയിൽ ഇന്ത്യയെ ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഒരു കേന്ദ്രമാക്കി മാറ്റുന്നതിനായി നിക്ഷേപം, സാങ്കേതികവിദ്യ, നൂതനത്വം, നൈപുണ്യ വികസനം, വിപണി വികസനം എന്നിവയ്ക്കുള്ള പിന്തുണയെ ഏകോപിപ്പിക്കുന്നു. ''ഉയർന്ന ഗുണമേന്മയുള്ളതും താങ്ങാനാവുന്ന വിലയിലുള്ളതുമായ കായിക സാമഗ്രികൾക്കായുള്ള ഒരു ആഗോള കേന്ദ്രമായി മാറാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ട്' എന്ന് 2026-27 ലെ ബജറ്റ് പ്രസംഗം പരാമർശിച്ചിരുന്നു.

പദ്ധതിക്ക് കീഴിലെ പ്രധാന ഇടപെടലുകൾ

അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം എന്നിവ മുതൽ ഗവേഷണം, വൈദഗ്ധ്യം, സാക്ഷ്യപ്പെടുത്തൽ, വിപണി വികസനം എന്നിവ വരെ കായിക സാമഗ്രികളുടെ ഉത്പാദന ശൃംഖലയിലുടനീളം ഈ പദ്ധതി പിന്തുണ നൽകുന്നു. ഇതിന് രണ്ട് ഭാഗങ്ങളാണുള്ളത്: ഉത്പാദനത്തെ പിന്തുണയ്ക്കുന്ന ആനുകൂല്യങ്ങളും, വിശാലമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഇടപെടലുകളും.

  • സംയോജിത ഉത്പാദന മേഖലകൾ വികസിപ്പിക്കൽ: സംയോജിത കായിക സാമഗ്രി ഉത്പാദന മേഖലകൾ (എസ്.ജി.എം.ഇസെഡ്) നിർമ്മാതാക്കൾ, വിതരണക്കാർ, പരിശോധനാ സൗകര്യങ്ങൾ, രൂപകൽപ്പനയും മാതൃകാ നിർമ്മാണവും നടത്തുന്ന കേന്ദ്രങ്ങൾ, അനുബന്ധ സംരംഭങ്ങൾ എന്നിവയെ ഒരുമിച്ച് കൊണ്ടു വരുന്നു. ഭവ്യ (ഭാരത് ഔദ്യോഗിക് വികാസ് യോജന) പദ്ധതിയുമായും എൻ.ഐ.സി.ഡി.സി വ്യാവസായിക പാർക്കുകളുമായും സഹകരിച്ച് വികസിപ്പിക്കുന്ന ഈ മേഖലകൾ, വ്യവസായങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള നാല് സംയോജിത മേഖലകൾ ഉണ്ടായേക്കാം. ഓരോന്നിനും 300 ഏക്കറിലധികം വിസ്തൃതിയുണ്ടാകും.
  • നിക്ഷേപം ആകർഷിക്കലും ഉത്പാദനം വികസിപ്പിക്കലും: 1,130 കോടി രൂപയുടെ സംയോജിത വിഹിതമുള്ള രണ്ട് ഘടകങ്ങൾ ഉത്പാദന വളർച്ചയെ പിന്തുണയ്ക്കും. കുറഞ്ഞത് 100 കോടി നിക്ഷേപിക്കുന്ന വൻകിട മുൻകൂർ നിക്ഷേപകർക്ക് ആങ്കർ നിക്ഷേപ സഹായമായി 20% മൂലധന ചെലവ് പിന്തുണ നൽകും. ഇത് മുൻനിര ആഭ്യന്തര, ആഗോള ഉത്പാദകർ, ബ്രാൻഡുകൾ, റീട്ടെയിൽ ശൃംഖലകൾ എന്നിവ കായിക സാമഗ്രി ഉത്പാദക മേഖലകളിൽ ഉത്പാദന സൗകര്യങ്ങൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. 10 കോടിയോ അതിൽ കൂടുതലോ നിക്ഷേപിക്കുന്ന ഉത്പാദകർക്ക് വിറ്റുവരവ് അനുബന്ധ പിന്തുണ വഴി 15% വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യും. ഇത് ഉയർന്ന ഉത്പാദനവും കാര്യക്ഷമതാ വിപുലീകരണവും പ്രോത്സാഹിപ്പിക്കുന്നു.
  • നിലവിലുള്ള ക്ലസ്റ്ററുകൾ നവീകരിക്കലും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കലും: കായിക സാമഗ്രി ഉത്പാദന മേഖലയിലെ നിലവിലുള്ള ക്ലസ്റ്ററുകൾക്ക്, പൊതു സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിനായി സംസ്ഥാനങ്ങളുമായി ചേർന്നുള്ള ചെലവ് പങ്കിടൽ മാതൃകയിലൂടെ പിന്തുണ ലഭിക്കും. ഇത് ചെറുകിട സംരംഭങ്ങളെ അവയുടെ ഉത്പാദന ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.
  • അന്താരാഷ്ട്ര സാക്ഷ്യപ്പെടുത്തലുകൾക്കുള്ള പിന്തുണ: അന്താരാഷ്ട്ര കായിക ഫെഡറേഷനുകളിൽ നിന്ന് സാക്ഷ്യപത്രങ്ങൾ നേടുന്നതിനും അവ പുതുക്കുന്നതിനുമായി ഉത്പാദകരെ സഹായിക്കുന്നതിന് 105 കോടി രൂപയുടെ തുക വകയിരുത്തിയിട്ടുണ്ട്. ആദ്യമായി സാക്ഷ്യപത്രം നേടുന്നതിനുള്ള ചെലവിൻ്റെ 70 ശതമാനവും, സാക്ഷ്യപത്രം പുതുക്കുന്ന ചെലവിൻ്റെ 50 ശതമാനവും ഈ പദ്ധതിയിലൂടെ ലഭിക്കും. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഗുണനിലവാരവും പ്രകടന നിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനും, ആഗോള വിപണിയിലേക്ക് അഭിഗമ്യത എളുപ്പമാക്കുന്നതിനും ഇത് സഹായിക്കും.
  • പുരോഗമിക്കുന്ന ഗവേഷണവും സ്റ്റാർട്ടപ്പ് നൂതനാശയങ്ങളും: പ്രമുഖ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിലെ മികവിൻ്റെ കേന്ദ്രങ്ങൾ കായിക ഉപകരണങ്ങൾ, ഭൗതീക പദാർത്ഥ ശാസ്ത്രം, സംരക്ഷണ ഉപകരണങ്ങൾ, അത്യാധുനിക ഉത്പാദന സാങ്കേതികവിദ്യകൾ എന്നിവയിലെ ഗവേഷണത്തെ പിന്തുണയ്ക്കും. അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷനുമായി സംയോജിച്ച് ഗവേഷണ സഹ-ധനസഹായം പ്രോത്സാഹിപ്പിക്കും. ഡി.പി.ഐ.ഐ.ടിയിൽ രജിസ്റ്റർ ചെയ്ത സ്‌പോർട്‌സ് സ്റ്റാർട്ടപ്പുകൾക്ക് 20 ലക്ഷം രൂപ വരെയുള്ള ഗ്രാൻ്റുകൾക്ക് അർഹതയുണ്ടായിരിക്കും. സ്റ്റാർട്ടപ്പ് ഇന്ത്യയുമായി യോജിപ്പിച്ച്, ഈ പിന്തുണ പുതിയ സാങ്കേതികവിദ്യകളുടെയും പ്രക്രിയകളുടെയും ഉത്പ്പന്നങ്ങളുടെയും വികസനം, പരിശോധന, സാധൂകരണം, വാണിജ്യവൽക്കരണം എന്നിവ സുഗമമാക്കും.
  • വ്യവസായ അനുബന്ധ നൈപുണ്യങ്ങൾ വികസിപ്പിക്കൽ: വികസിക്കുന്ന തൊഴിൽ ശക്തി ആവശ്യകതകൾ നിറവേറ്റുന്നതിനായി കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവുമായും പ്രസക്തമായ വ്യവസായ പങ്കാളികളുമായും സഹകരിച്ച് നൈപുണ്യ വികസന സംരംഭങ്ങൾ നടപ്പിലാക്കും.


ആഗോളതലത്തിൽ ഇന്ത്യൻ കായിക സാമഗ്രികൾ പ്രോത്സാഹിപ്പിക്കൽ: കയറ്റുമതി പ്രോൽസാഹന ദൗത്യത്തെ അടിസ്ഥാനമാക്കി ബ്രാൻഡ് ചെയ്യൽ, പ്രചാരണ, വിപണി വികസന സംരംഭങ്ങൾക്കൊപ്പം ഒരു ഇന്ത്യ സ്പോർട്സ് എക്സ്പോയും ബ്രാൻഡ് ഇന്ത്യ കാമ്പെയ്നും സംഘടിപ്പിക്കൽ എന്നിവ ഇന്ത്യൻ കായിക സാമഗ്രികളുടെ ദൃശ്യപരത ശക്തിപ്പെടുത്തുകയും അന്താരാഷ്ട്ര വിപണികളിലേക്കുള്ള വിശാലമായ അഭിഗമ്യതയെ പിന്തുണയ്ക്കുകയും ചെയ്യും.



 

ഇന്ത്യയുടെ കായിക സാമഗ്രി ഉത്പാദന അടിത്തറ ശക്തിപ്പെടുത്തൽ

ഇന്ത്യയുടെ ഇന്നത്തെ കായിക സാമഗ്രി വ്യവസായം

ഇന്ത്യയിലെ കായിക സാമഗ്രി വ്യവസായം സംയോജിപ്പിക്കുന്നത് വ്യവസ്ഥാപിതമായ ഉത്പാദന വൈദഗ്ധ്യത്തെയും ചെറുകിട സംരംഭങ്ങളുടെ വിശാലമായ ശൃംഖലയെയുമാണ്. വ്യക്തിഗത ഉത്പന്നങ്ങൾക്കപ്പുറം ആഭ്യന്തര, അന്തർദ്ദേശീയ ഉപഭോക്താക്കളെ സേവിക്കുന്ന ഉത്പാദകർ, വിതരണക്കാർ, ഗാർഹിക യൂണിറ്റുകൾ എന്നിവയുടെ കൂട്ടങ്ങളിലേക്ക് അതിൻ്റെ ശക്തി വ്യാപിക്കുന്നു.

  • വ്യവസ്ഥാപിതമായ ഉൽപ്പാദന ശൃംഖല: ജലന്ധറും മീററ്റും ചേർന്ന മേഖലയിൽ 250-ലധികം കയറ്റുമതി യൂണിറ്റുകളും, 1,000-ത്തിലധികം ആഭ്യന്തര വിപണി യൂണിറ്റുകളും, 4,000-ത്തിലധികം സൂക്ഷ്മ സംരംഭങ്ങളും ഏകദേശം 20,000 ഗാർഹിക ഉൽപ്പാദന യൂണിറ്റുകളും പ്രവർത്തിക്കുന്നു. സൈക്കിൾ നിർമ്മാണത്തിന് ലുധിയാനയും, കായിക ഉപകരണങ്ങൾക്കും വസ്ത്രങ്ങൾക്കുമായി ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളും മറ്റ് പ്രധാന കേന്ദ്രങ്ങളാണ്.
  • എം.എസ്.എം.ഇകളുടെ ശക്തമായ പങ്കാളിത്തം: മൊത്തം ഉൽപ്പാദനത്തിൻ്റെ ഏകദേശം 90 ശതമാനവും ചെറുകിട, സൂക്ഷ്മ സംരംഭങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ, കായിക സാമഗ്രി ഉത്പാദന മേഖലയിലെ വളർച്ച സംരംഭകത്വവുമായും, പ്രാദേശിക ഉപജീവനമാർഗ്ഗങ്ങളുമായും, തൊഴിലവസരങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
  • അന്താരാഷ്ട്ര തലത്തിൽ സാന്നിധ്യമുള്ള ഉത്പന്നങ്ങൾ: ക്രിക്കറ്റ് ബാറ്റുകൾ, സുരക്ഷാ ഉപകരണങ്ങൾ, വായു നിറയ്ക്കാവുന്ന പന്തുകൾ, ജിം, അത്‌ലറ്റിക് പരിശീലനത്തിനുള്ള ഉപകരണങ്ങൾ എന്നിവ ഇന്ത്യയിൽ നിർമ്മിക്കുന്നു. ഇന്ത്യയുടെ കായിക ഉപകരണ കയറ്റുമതിയുടെ പകുതിയിലധികവും യു.കെ, യു.എസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്; ഇത് പ്രധാന വിദേശ വിപണികളുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്നു.
  • ശക്തികേന്ദ്രങ്ങൾ: ആഗോള ക്രിക്കറ്റ് ബാറ്റ് വിപണിയുടെ ഏകദേശം 75 മുതൽ 80 ശതമാനം വരെ ഇന്ത്യ ആസ്ഥാനമായുള്ള ബ്രാൻഡുകളും ഉത്പാദകരുമാണ് കൈകാര്യം ചെയ്യുന്നത്. കൂടാതെ, ക്രിക്കറ്റ് ഹെൽമെറ്റ് വിപണിയുടെ ഏകദേശം 30 മുതൽ 35 ശതമാനം വരെ വിഹിതം ഇന്ത്യയ്ക്കുണ്ട്.
  • അനുബന്ധ വ്യവസായങ്ങളിലുടനീളമുള്ള അവസരങ്ങൾ: റബ്ബർ, പോളിമറുകൾ, കമ്പോസിറ്റുകൾ, മരം, ലോഹങ്ങൾ എന്നിവയിലെ ശേഷിയെയാണ് കായിക സാമഗ്രി ഉത്പാദനം ആശ്രയിക്കുന്നത്. പങ്കിടപ്പെട്ട വസ്തുക്കൾ, യന്ത്രങ്ങൾ, നൈപുണ്യങ്ങൾ എന്നിവ ഉൽപ്പന്നങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും വ്യവസായങ്ങളിലുടനീളം വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു.
  • ആഭ്യന്തര, ആഗോള ആവശ്യകത നിറവേറ്റുന്നതിനുള്ള സാധ്യത: ഇന്ത്യയുടെ ആഭ്യന്തര കായിക സാമഗ്രി വിപണിയുടെ മൂല്യം 2.5 ബില്യൺ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു, ഇതിൽ ഏകദേശം 0.5 ബില്യൺ യുഎസ് ഡോളറിൻ്റെ ഉപകരണങ്ങൾ ഉൾപ്പെടുന്നു. ആഗോളതലത്തിൽ, ഉപകരണ കയറ്റുമതി 2024 ൽ ഏകദേശം 52 ബില്യൺ യുഎസ് ഡോളറിലെത്തി, ഇത് ഇന്ത്യയുടെ നിലവിലുള്ള ഉപകരണ കയറ്റുമതിയായ 275 ദശലക്ഷം യുഎസ് ഡോളറിനപ്പുറം വികസിപ്പിക്കാനുള്ള അവസരങ്ങൾ നൽകുന്നു.
  • ഗണ്യമായ ദീർഘകാല സാധ്യതകൾ: 2036-ഓടെ ഇന്ത്യയുടെ കായിക ഉപകരണ കയറ്റുമതി ഏകദേശം 8.1 ബില്യൺ യുഎസ് ഡോളറിലെത്താൻ സാധ്യതയുണ്ട്. ഇത് നേരിട്ടും അല്ലാതെയും ഏകദേശം 54 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കാം.
  • പ്രധാന മേളകൾ നിറഞ്ഞ ഒരു ദശകം: 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സ്, 2030-ൽ അഹമ്മദാബാദിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ്, 2032-ലെ ബ്രിസ്ബേൻ ഒളിമ്പിക്‌സ്, കൂടാതെ 2036-ലെ ഒളിമ്പിക് ഗെയിംസിനായി ഇന്ത്യ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന ലേലം എന്നിവയെല്ലാം ചേർന്ന്, കായിക ഉപകരണങ്ങൾക്കായി ഒരു ദശകത്തോളം നീണ്ടുനിൽക്കുന്ന വലിയ ആവശ്യകത സൃഷ്ടിക്കുന്നു.


 

ഈ ശക്തികൾ ഒത്തുചേരുമ്പോൾ, ഉൽപ്പാദനം വിപുലീകരിക്കുന്നതിനും, ഉയർന്ന മൂല്യമുള്ള ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനും, അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിനുമുള്ള ഒരു അടിത്തറയായി അവ മാറുന്നു. സാങ്കേതികവിദ്യ, പരിശോധന, സാക്ഷ്യപ്പെടുത്തൽ, വ്യവസായ പങ്കാളിത്തങ്ങൾ എന്നിവയിലൂടെ ഈ സാധ്യതയെ ഉത്പാദന മേഖലയിലെ വളർച്ചയാക്കി മാറ്റാൻ സാധിക്കും.

അവസരങ്ങൾ വർദ്ധിപ്പിച്ച് പുതിയ പദ്ധതി

ഖേലോ ഇന്ത്യ കായിക സാമഗ്രി ഉത്പാദന പദ്ധതി ഉത്പാദന മൂല്യ ശൃംഖലയിലുടനീളം പിന്തുണ നൽകുന്നു. അതിൻ്റെ ഇടപെടലുകൾ ഇനിപ്പറയുന്ന മുൻഗണനകളെ അഭിസംബോധന ചെയ്യുന്നു:

  • ശക്തമായ ആഭ്യന്തര ഉൽപ്പാദനം: സംയോജിത ഉൽപ്പാദന മേഖലകളും നിക്ഷേപ, ഉൽപ്പാദന പിന്തുണയും കാര്യശേഷി വികസനം പ്രോത്സാഹിപ്പിക്കുകയും വിതരണക്കാരുടെ ശൃംഖലകളെ ശക്തിപ്പെടുത്തുകയും ആഭ്യന്തര മൂല്യവർദ്ധന വർദ്ധിപ്പിക്കുകയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ചെയ്യും.
  • എം.എസ്.എം.ഇകളുടെ വളർച്ച: നിലവിലുള്ള ക്ലസ്റ്ററുകളുടെ നവീകരണം, പൊതു സൗകര്യങ്ങൾ, പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ചെറുകിട സംരംഭങ്ങൾക്ക് സഹായകമാകും.
  • മെച്ചപ്പെട്ട ഗുണനിലവാരവും നൂതനാശയങ്ങളും: ഗവേഷണ കേന്ദ്രങ്ങൾ, സാങ്കേതിക വികസനം, സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ, അന്താരാഷ്ട്ര സാക്ഷ്യപ്പെടുത്തൽ എന്നിവ ഉത്പന്ന വികസനത്തെയും ഗുണനിലവാരത്തെയും ശക്തിപ്പെടുത്തും.
  • നൈപുണ്യവും തൊഴിലും: വ്യവസായ മേഖലയുടെ ആവശ്യകതകൾക്കനുസൃതമായ പരിശീലനം, നൈപുണ്യമുള്ള ഒരു തൊഴിൽശക്തിയെ വാർത്തെടുക്കാനും മൂല്യശൃംഖലയിലുടനീളം തൊഴിലവസരങ്ങളെ പിന്തുണക്കാനും സഹായിക്കും.
  • ആഗോളതലത്തിൽ മികച്ച മത്സരക്ഷമത: ബ്രാൻഡിംഗ്, വിപണന പ്രചാരണങ്ങൾ, വിപണി വികസനം എന്നിവയിലൂടെ ഇന്ത്യൻ കായിക സാമഗ്രികൾ അന്താരാഷ്ട്ര ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കും.
  • ഇന്ത്യയുടെ കായിക അഭിലാഷങ്ങൾക്കുള്ള പിന്തുണ: അന്താരാഷ്ട്ര അംഗീകാരമുള്ള, ഉയർന്ന ഗുണനിലവാരമുള്ള കായിക സാമഗ്രികൾ, 'ഖേലോ ഇന്ത്യ', 'ഫിറ്റ് ഇന്ത്യ' തുടങ്ങിയ പദ്ധതികൾക്ക് കരുത്തേകിക്കൊണ്ട് കായിക മേഖലയെയും കായികതാരങ്ങളുടെ വളർച്ചാ പരിപാടികളെയും സഹായിക്കും.


ദേശീയ പദ്ധതികളുമായും സംരംഭങ്ങളുമായുള്ള സംയോജനം

നിർമ്മാണ അടിസ്ഥാന സൗകര്യങ്ങളെ ഗവേഷണം, നൈപുണ്യ വികസനം, കയറ്റുമതി അവസരങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനായി നിലവിലുള്ള ദേശീയ സംരംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്ന വിശാലമായ ലക്ഷ്യത്തെയും ഇത് പിന്തുണക്കുന്നു.

നിർമ്മാണ അടിസ്ഥാന സൗകര്യങ്ങൾ

  • 'ഭവ്യ': ഭാരത് ഔദ്യോഗിക് വികാസ് യോജന പ്രകാരം, 33,660 കോടി രൂപ ചെലവിൽ 100 പ്ലഗ്-ആൻഡ്-പ്ലേ' (ഉടനടി പ്രവർത്തനം തുടങ്ങാവുന്ന) വ്യവസായ പാർക്കുകൾ ഒരുക്കുന്നു. മുൻകൂട്ടി നിർമ്മിച്ച ഫാക്ടറി ഷെഡുകൾ, പരിശോധനാ ലബോറട്ടറികൾ, വെയർഹൗസുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉത്പാദകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. ഈ പദ്ധതിയുടെ കായിക സാമഗ്രി ഉത്പാദന മേഖലകൾ 'ഭവ്യ' പദ്ധതിക്ക് കീഴിലുള്ള അടിസ്ഥാന സൗകര്യങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് വികസിപ്പിക്കും.
  • ദേശീയ വ്യാവസായിക ഇടനാഴി വികസന കോർപ്പറേഷൻ ലിമിറ്റഡ് (എൻ.ഐ.സി.ഡി.സി ): നിർമ്മാതാക്കൾക്കായി ഭൂമി, റോഡുകൾ, വൈദ്യുതി, ജല, ഗതാഗത സൗകര്യങ്ങൾ എന്നിവയോടുകൂടിയ വ്യാവസായിക നഗരങ്ങൾ വികസിപ്പിക്കാൻ എൻ.ഐ.സി.ഡി.സി സഹായിക്കുന്നു. ഇവരുടെ വ്യാവസായിക ഇടനാഴി പദ്ധതിയിൽ 13 സംസ്ഥാനങ്ങളിലായി 20 വ്യാവസായിക സ്മാർട്ട് നഗരങ്ങൾ ഉൾപ്പെടുന്നു; 2026 സെപ്റ്റംബർ ആയപ്പോഴേക്കും ഇതിൽ നാലെണ്ണത്തിൻ്റെ നിർമ്മാണം പൂർത്തിയായി. കായിക സാമഗ്രികൾക്കായുള്ള പദ്ധതിയിൽ, നിർമ്മാതാക്കളെയും വിതരണക്കാരെയും അനുബന്ധ സൗകര്യങ്ങളെയും ഒന്നിപ്പിക്കുന്ന ഉത്പാദന മേഖലകൾ വികസിപ്പിക്കുന്നതിനായി എൻ.ഐ.സി.ഡി.സി വ്യാവസായിക പാർക്കുകളിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും.


ഗവേഷണവും നവീകരണവും

  • അനുസന്ധൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ (എ.എൻ.ആർ.എഫ്): വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സംഘടനകൾ, വ്യവസായ മേഖല എന്നിവ തമ്മിലുള്ള ഗവേഷണത്തെയും സഹകരണത്തെയും എ.എൻ.ആർ.എഫ് പിന്തുണയ്ക്കുന്നു. കായിക ഉപകരണങ്ങൾ, അവയ്ക്കുള്ള അസംസ്‌കൃത വസ്തുക്കൾ, സുരക്ഷാ സാമഗ്രികൾ, ഉത്പാദന സാങ്കേതികവിദ്യകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മികവിൻ്റെ കേന്ദ്രങ്ങൾക്ക് ഈ പദ്ധതി നൽകുന്ന പിന്തുണക്കൊപ്പം, എ.എൻ.ആർ.എഫുമായുള്ള സഹകരണം കായിക സാമഗ്രി മേഖലയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കും.
  • സ്റ്റാർട്ടപ്പ് ഇന്ത്യ: പ്രാരംഭ മൂലധനം, നിക്ഷേപം, വായ്പാ ഗ്യാരണ്ടികൾ എന്നിവയിലൂടെ സ്റ്റാർട്ടപ്പ് ഇന്ത്യ പുതിയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നു. ആശയങ്ങൾ ലാഭകരമായ ബിസിനസുകളിലേക്ക് പുരോഗമിക്കാൻ സഹായിക്കുന്നു. 2026 മാർച്ച് 31 വരെ, ഇന്ത്യയിൽ 2.23 ലക്ഷത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നു, അവ 23.36 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഉപകരണങ്ങൾ, വസ്തുക്കൾ, നിർമ്മാണ പ്രക്രിയകൾ എന്നിവയിലെ നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വികസനം, പരിശോധന എന്നിവ മുതൽ സാധൂകരണം, വാണിജ്യവൽക്കരണം വരെയുള്ള കായിക സാമഗ്രി ഉത്പാദന പദ്ധതിയുടെ സമർപ്പിത സ്റ്റാർട്ടപ്പ് പിന്തുണ ഈ വിശാലമായ ആവാസവ്യവസ്ഥയുമായി ഏകോപിപ്പിക്കും.


കയറ്റുമതി പ്രോത്സാഹനം

 

  • കയറ്റുമതി പ്രോത്സാഹന ദൗത്യം: 2025-26 മുതൽ 2030-31 വരെ 25,060 കോടി രൂപ വകയിരുത്തുന്ന ഈ ദൗത്യം, പ്രത്യേകിച്ച് എം.എസ്.എം.ഇകൾക്കും ആദ്യമായി കയറ്റുമതി ചെയ്യുന്നവർക്കും കയറ്റുമതി ധനസഹായം, ഗുണനിലവാരം പാലിക്കൽ, ചരക്കുനീക്കം, വിപണി അഭിഗമ്യതാ പിന്തുണ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നു. ഇതിൻ്റെ രണ്ട് ഘടകങ്ങളായ നിർയാത് പ്രോത്സാഹനും (കയറ്റുമതി പ്രോൽസാഹനം) നിർയാത് ദിശയും (കയറ്റുമതി മാർഗ്ഗനിർദേശങ്ങൾ) കയറ്റുമതിക്കാർക്ക് ധനസഹായം പ്രാപ്യമാക്കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാനും വ്യാപാര മേളകൾ, ഉപഭോക്തൃ-വ്യാപാരി കൂടിക്കാഴ്ചകൾ, വെയർഹൗസിംഗ് സൗകര്യങ്ങൾ എന്നിവയിലൂടെ വിദേശ ഉപഭോക്താക്കളുമായി ബന്ധപ്പെടാനും സഹായിക്കുന്നു. കായിക സാമഗ്രി ഉലത്പാദന പദ്ധതി ബ്രാൻഡ് ചെയ്യൽ, പ്രചാരണം, വിപണി വികസനം എന്നിവയ്ക്കായുള്ള ഈ വിശാലമായ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് ഇന്ത്യൻ ഉത്പാദകരെ അവരുടെ അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്താൻ സഹായിക്കും.


കായിക വികസനം

  • ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ: കായിക ഇനങ്ങളിലെ പങ്കാളിത്തം, പ്രതിഭകളെ വളർത്തൽ, പരിശീലനം, കായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് 'ഖേലോ ഇന്ത്യ' പിന്തുണ നൽകുന്നു; അതേസമയം, ശാരീരികക്ഷമതയും സജീവമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുകയാണ് 'ഫിറ്റ് ഇന്ത്യ' ചെയ്യുന്നത്. ഇന്ത്യയിലെ കായിക മേഖലയ്ക്കും അത്‌ലറ്റുകളുടെ വളർച്ചാ പരിപാടികൾക്കുമായി ഉയർന്ന ഗുണനിലവാരമുള്ളതും അന്തർദ്ദേശീയമായി സാക്ഷ്യപ്പെടുത്തിയതുമായ കായിക ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ശേഷി ശക്തിപ്പെടുത്തുന്നതിലൂടെ, ഈ നിർമ്മാണ പദ്ധതി മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്ക് കരുത്തേകും.

 

ഖേലോ ഇന്ത്യ പദ്ധതി

  • ആരംഭിച്ചത് 2017-ൽ: രാജീവ് ഗാന്ധി ഖേൽ അഭിയാൻ, നഗര കായിക അടിസ്ഥാന സൗകര്യ പദ്ധതി, ദേശീയ കായിക പ്രതിഭാ നിർണയ പദ്ധതി എന്നിവയെ കായിക വികസനത്തിനായുള്ള ഒരൊറ്റ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നു.

    അഞ്ച് സ്തംഭങ്ങൾ: പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിശീലന കേന്ദ്രങ്ങൾ; പരിശീലകർക്കും സഹായികളായ ജീവനക്കാരുടേയും കാര്യക്ഷമത വർദ്ധിപ്പിക്കൽ; കായിക ശാസ്ത്രവും സാങ്കേതികവിദ്യയും; മത്സരങ്ങളും ലീഗുകളും; കായിക അടിസ്ഥാന സൗകര്യങ്ങൾ.

    2026 ജൂലൈ വരെയുള്ള നേട്ടങ്ങൾ: 3,176 കോടി രൂപ നിക്ഷേപത്തിൽ 349 കായിക അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അംഗീകാരം; 1,067 ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ; 267 അക്കാദമികൾക്ക് പിന്തുണ; പരിശീലനം, കായിക ഉപകരണങ്ങൾ, വൈദ്യസഹായം, പ്രതിമാസ അലവൻസ് എന്നിവയിലൂടെ 2,745 ഖേലോ ഇന്ത്യ കായിക താരങ്ങൾക്ക് പിന്തുണ.

 

നയപരമായ ഏകോപനം

  • ഖേലോ ഭാരത് നീതി 2025: സംരംഭകത്വം, നിക്ഷേപം, കായിക മേഖലയിലെ സ്റ്റാർട്ടപ്പുകൾ എന്നിവയിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകുന്ന ഒന്നായി കായിക മേഖലയെ ഈ നയം അംഗീകരിക്കുന്നു. ഉൽപ്പാദനം, നൂതനത്വം, തൊഴിലവസരങ്ങൾ, കയറ്റുമതി എന്നിവയുമായി കായിക വികസനത്തെ ബന്ധിപ്പിക്കുന്നതിലൂടെ ഈ സമീപനത്തിന് ഉത്പാദന പദ്ധതി പിന്തുണ നൽകുന്നു.



 

ഖേലോ ഭാരത് നീതി 2025

  • ദേശീയ കായിക നയം: 'വികസിത ഇന്ത്യ' എന്ന കാഴ്ചപ്പാടിന് അനുസൃതമായി, രാഷ്ട്രനിർമ്മാണം, സാമ്പത്തിക വളർച്ച, സാമൂഹിക ഉൾപ്പെടുത്തൽ എന്നിവയ്ക്കായി കായിക മേഖലയെ ഉപയോഗപ്പെടുത്തുന്നു.

    അടിത്തട്ടു മുതൽ ഉന്നതതലം വരെ: പ്രതിഭകളെ നേരത്തെ കണ്ടെത്തി പരിപോഷിപ്പിക്കുക, മത്സര ലീഗുകൾ സംഘടിപ്പിക്കുക, ഗ്രാമീണ-നഗര മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക.

    കായിക വിനോദം എല്ലാവർക്കും: ദേശീയ വിദ്യാഭ്യാസ നയം 2020-ൻ്റെ ഭാഗമായി സ്‌കൂൾ പാഠ്യപദ്ധതിയിൽ കായിക വിനോദങ്ങളെ ഉൾപ്പെടുത്തുക; സ്ത്രീകൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ, ഗോത്രവർഗ്ഗ സമൂഹങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക.

 

ഉത്പാദന അധിഷ്ഠിത പ്രോത്സാഹന പദ്ധതികൾ: ഉൽപ്പാദന മേഖലയുടെ വളർച്ചയ്ക്ക് പിന്തുണ


14 മേഖലകളിലായി ഉത്പാദനത്തിലും വിൽപ്പനയിലുമുണ്ടാകുന്ന വർദ്ധനവിന് പ്രതിഫലം നൽകുന്ന പദ്ധതികളാണ് 'ഉത്പാദന അധിഷ്ഠിത പ്രോത്സാഹന പദ്ധതികൾ' ഇവ നിക്ഷേപങ്ങളെയും മത്സരക്ഷമമായ ഉൽപ്പാദന പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.

2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം, ഈ പദ്ധതികൾ വഴി:

 

  • 2.6 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിച്ചു.
  • 23.8 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനവും വിൽപ്പനയും കൈവരിച്ചു.
  • 15.5 ലക്ഷം കോടിയിലധികം രൂപയുടെ കയറ്റുമതിയെ പിന്തുണച്ചു.
  • 14.6 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

 


മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭര ഭാരതം, 2047 ഓടെ വികസിത ഇന്ത്യ: ആഭ്യന്തര ഉൽപ്പാദനം വിപുലീകരിക്കുന്നതിലൂടെയും, മൂല്യവർദ്ധനവ് വർദ്ധിപ്പിക്കുന്നതിലൂടെയും, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും ഈ പദ്ധതി മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭര ഭാരതം എന്നിവയെ പിന്തുണയ്ക്കുന്നു. നിക്ഷേപം, തൊഴിൽ, കയറ്റുമതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, 2047 ഓടെ വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിനും ഇത് സംഭാവന നൽകുന്നു.

കായിക സാമഗ്രികൾക്കായുള്ള ആഗോള കേന്ദ്രമെന്ന ലക്ഷ്യത്തിലേക്ക്

കായിക സാമഗ്രികളുടെ രൂപകൽപ്പന, വികസനം, നിർമ്മാണം എന്നിവയിൽ ആഗോളതല മത്സരക്ഷമതയുള്ള ഒരു കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെയും, നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, ആഗോള വിപണികളിലുടനീളം അഭിഗമ്യത വിപുലീകരിക്കുന്നതിലൂടെയും, ഇത് വളർച്ചയ്ക്കും തൊഴിലിനും കയറ്റുമതിക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ, ഒരു മുൻനിര കായിക രാഷ്ട്രമായി ഉയരണമെന്ന ഇന്ത്യയുടെ അഭിലാഷത്തെ ഇത് പിന്തുണയ്ക്കുകയും ചെയ്യും.


അവലംബം

Click here to see pdf

 

****

 


( റിലീസ് ഐ.ഡി: 2330331) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati