പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കണ്ണൂരിൽ പുതിയ ആധാർ സേവാ കേന്ദ്രം (ASK) പ്രവർത്തനം ആരംഭിച്ചു

കേരളത്തിലെ ജനങ്ങൾക്ക് ആധാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി യുഐഡിഎഐ സൗകര്യങ്ങൾ വിപുലീകരിക്കുന്നു

പോസ്റ്റഡ് ഓണ്‍: 29 OCT 2026 6:19PM by PIB Thiruvananthpuram
കണ്ണൂർ ജില്ലയിലെ ജനങ്ങൾക്ക്കൂടുതൽ സൗകര്യപ്രദമായ ആധാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പായി, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) 2026 ഒക്ടോബർ 29 വ്യാഴാഴ്ച കണ്ണൂരിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആധാർ സേവാ കേന്ദ്രം (ASK) പ്രവർത്തനസജ്ജമാക്കി.

കണ്ണൂർ അസിസ്റ്റന്റ് കളക്ടർ സ്വാതി എസ്. ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ആധാർ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. യുഐഡിഎഐ ബെംഗളൂരു റീജിയണൽ ഓഫീസിലെ ഡയറക്ടർ, സെക്ഷൻ ഓഫീസർ, മറ്റ് ഉദ്യോഗസ്ഥർ, ബി.എൽ.എസ്. ഇന്റർനാഷണൽ പ്രതിനിധികൾ, ആധാർ സേവാ കേന്ദ്രത്തിലെ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

യുഐഡിഎഐയുടെ പ്രവർത്തനങ്ങളെ അസിസ്റ്റന്റ് കളക്ടർ അഭിനന്ദിക്കുകയും ആധാർ സേവാ കേന്ദ്രം സന്ദർശിച്ച പ്രദേശവാസികളുമായും അവിടെയുണ്ടായിരുന്ന ജീവനക്കാരുമായും സംവദിക്കുകയും ചെയ്തു. ആധാർ എൻറോൾമെന്റ്, വിവരങ്ങൾ പുതുക്കൽ എന്നിവയുടെ നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുകയും കേന്ദ്രത്തിൽ ലഭ്യമാക്കുന്ന വിവിധ ആധാർ സേവനങ്ങൾ വിലയിരുത്തുകയും ചെയ്തു.

ആയിരക്കണക്കിന് താമസക്കാർക്ക് തടസ്സരഹിതമായ ആധാർ സേവനങ്ങൾ നൽകുന്നതിനായി എട്ട് പ്രവർത്തന കിറ്റുകളാണ് കണ്ണൂർ ആധാർ സേവാ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസങ്ങളിലും കേന്ദ്രം പ്രവർത്തിക്കുന്നതാണ്. ഇതിലൂടെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും ലഭിക്കും

ആധാർ എൻറോൾമെന്റ്, ജനസംഖ്യാപര - ബയോമെട്രിക് വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തൽ, പരാതികൾ പരിഹരിക്കൽ, മറ്റ് ആധാർ സംബന്ധമായ സേവനങ്ങൾ എന്നിവയെല്ലാം ഒരേ കേന്ദ്രത്തിൽ ലഭ്യമാക്കുന്നതാണ് ആധാർ സേവാ കേന്ദ്രം.

എൻറോൾമെന്റ്, വിവരങ്ങൾ പുതുക്കൽ തുടങ്ങിയ ഇടപാടുകൾക്ക് പുറമെ, ആധാർ ഉടമകളിൽനിന്ന് ലഭിക്കുന്ന പരാതികളും കണ്ണൂർ ആധാർ സേവാ കേന്ദ്രം സ്വീകരിക്കും. പരാതികൾ പരിഹരിക്കുന്നതിനായി അവ റീജിയണൽ ഓഫീസിലേക്ക് കൈമാറുകയും ചെയ്യും.

കണ്ണൂരിൽ ആധാർ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തതോടെ കേരളത്തിൽ യുഐഡിഎഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആധാർ സേവാ കേന്ദ്രങ്ങളുടെ എണ്ണം എട്ടായി. വിവിധ ജില്ലകളിലായി ആറ് ആധാർ സേവാ കേന്ദ്രങ്ങൾ കൂടി വരും ദിവസങ്ങളിൽ പ്രവർത്തനം ആരംഭിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് യുഐഡിഎഐ നേരിട്ട് നടത്തുന്ന ആധാർ സേവാ കേന്ദ്രങ്ങളുടെ ആകെ എണ്ണം 14 ആയി ഉയരും.

യുഐഡിഎഐയുടെ കീഴിൽ പ്രവർത്തിക്കുന്ന ആധാർ സേവാ കേന്ദ്രങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും ജനസൗഹൃദപരവുമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വീൽചെയർ ഉപയോഗിക്കുന്നവർക്ക് പ്രവേശന സൗകര്യം, എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ശുചിമുറികൾ, പരാതികൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്.

ആധാർ സേവനങ്ങൾക്കായി പൗരന്മാർക്ക് യുഐഡിഎഐയുടെ അപ്പോയിന്റ്മെന്റ് പോർട്ടൽ വഴി ഓൺലൈനായി മുൻകൂട്ടി സമയം ബുക്ക് ചെയ്യാനും കഴിയും.

ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ: [https://bookappointment.uidai.gov.in/)

ഈ ആധാർ സേവാ കേന്ദ്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ബി.എൽ.എസ്. ഇന്റർനാഷണൽ ലിമിറ്റഡാണ് നിർവഹിക്കുക.
 
*****

( റിലീസ് ഐ.ഡി: 2330149) സന്ദര്‍ശക കൗണ്ടര്‍ : 45
ഈ റിലീസ് വായിക്കുക: English