സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലുടനീളമുള്ള 11,333 പുതിയ സൂക്ഷ്മ സംരംഭങ്ങൾക്ക് പിന്തുണയേകുന്നതിനായി, PMEGP പദ്ധതിക്ക് കീഴിൽ 1,000 കോടി രൂപയുടെ മാർജിൻ മണി സബ്‌സിഡിക്ക് അംഗീകാരം നൽകി കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക (MSME) മന്ത്രി ശ്രീ ജിതൻ റാം മാഞ്ചി

പോസ്റ്റഡ് ഓണ്‍: 28 OCT 2026 9:29PM by PIB Thiruvananthpuram
സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിലും പ്രാദേശിക സംരംഭകത്വം ശക്തിപ്പെടുത്തുന്നതിലും സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഭാരത സർക്കാരിന് കീഴിലുള്ള കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം (MSME). 'പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി' (PMEGP) പ്രകാരം 1,000 കോടി രൂപയുടെ 'മാർജിൻ മണി' (MM) സബ്‌സിഡി അനുവദിച്ചുകൊണ്ടാണ് മന്ത്രാലയം ഈ നേട്ടം കൈവരിച്ചത്.

ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ–3-ൽ മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ കേന്ദ്ര MSME മന്ത്രി ശ്രീ ജിതൻ റാം മാഞ്ചി സബ്‌സിഡി തുക അനുവദിച്ചു. MSME സഹമന്ത്രി സുശ്രീ ശോഭ കരന്തലജെ, മന്ത്രാലയം സെക്രട്ടറി ശ്രീ ഭരത് ഖേര, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (KVIC) CEO, നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ (NSIC) CMD, MSME  ഡെവലപ്‌മെന്റ് കമ്മീഷണർ ഓഫീസ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കാർഷികേതര മേഖലയിൽ പുതിയ സൂക്ഷ്മ സംരംഭങ്ങൾ സ്ഥാപിക്കുന്നതിലൂടെ സുസ്ഥിരമായ സ്വയംതൊഴിലിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഭാരത സർക്കാരിന്റെ പ്രധാന വായ്പാധിഷ്ഠിത സബ്‌സിഡി പദ്ധതികളിലൊന്നായ പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതിയിലൂടെ (PMEGP) ലക്ഷ്യമിടുന്നത്. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ (MSME) മേൽനോട്ടത്തിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (KVIC) ആണ് ദേശീയതലത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡുകൾ (KVIB), ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (DIC), കയർ ബോർഡ് തുടങ്ങിയ ഏജൻസികളും പദ്ധതി നടത്തിപ്പിൽ പങ്കാളികളാണ്. പുതിയ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ബാങ്കുകൾ അനുവദിക്കുന്ന പദ്ധതിവായ്പകളിൽ മാർജിൻ മണി (MM) സബ്‌സിഡി രൂപത്തിൽ അർഹരായ സംരംഭകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. സംരംഭങ്ങളുടെ ദീർഘകാല നിലനിൽപ്പും വളർച്ചയും ഉറപ്പാക്കുന്നതിനായി, ബോധവത്കരണം, മാർഗനിർദേശം, ശേഷി വികസനം, വിപണന ശൃംഖലകളുമായുള്ള ബന്ധം, നിരീക്ഷണം, തുടർപിന്തുണ എന്നിവയും നൽകിവരുന്നു. KVIC-യുടെ ഫീൽഡ് ഓഫീസുകളും മറ്റ് നിർവഹണ ഏജൻസികളും പ്രാദേശികതലത്തിലാണ് ഈ പിന്തുണ ഉറപ്പാക്കുന്നത്. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലും, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും, പ്രത്യേകിച്ച് രാജ്യത്തെ ഗ്രാമീണ മേഖലകളിലും പിന്നാക്ക പ്രദേശങ്ങളിലും സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഈ പദ്ധതി നിർണായക പങ്ക് വഹിക്കുന്നു.


2014-15 മുതൽ PMEGP മൂലമുണ്ടായ പരിവർത്തനാത്മകമായ ഗുണഫലങ്ങൾ

രാജ്യത്തെ ഏറ്റവും വിജയകരമായ തൊഴിൽ സൃഷ്ടി പദ്ധതികളിലൊന്നായി PMEGP (പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം) മാറിയിരിക്കുന്നു. 2014-15 സാമ്പത്തിക വർഷം മുതൽ, 70,000 കോടി രൂപയിലധികം വരുന്ന ബാങ്ക് വായ്പകളും 25,193 കോടി രൂപയിലധികം വരുന്ന മാർജിൻ മണി (MM) സബ്‌സിഡിയും മുഖേന 8.38 ലക്ഷത്തിലധികം സൂക്ഷ്മ സംരംഭങ്ങൾ സ്ഥാപിക്കാൻ PMEGP സഹായിച്ചു. ഇതിലൂടെ രാജ്യത്തുടനീളം ഏകദേശം 75 ലക്ഷം സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

PMEGP-യുടെ നേട്ടങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്നതും നീതിപൂർണ്ണവുമായ വികസനത്തോടുള്ള ശക്തമായ പ്രതിബദ്ധതയെ ആണ് പ്രതിഫലിപ്പിക്കുന്നത്. സഹായം ലഭിച്ച സംരംഭങ്ങളിൽ ഏകദേശം 80 ശതമാനവും ഗ്രാമീണ മേഖലകളിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഗുണഭോക്താക്കളിൽ ഏകദേശം 50 ശതമാനവും SC, ST, OBC വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഏകദേശം 40 ശതമാനം സംരംഭങ്ങളുടെയും ഉടമകൾ വനിതകളാണ്. സാമൂഹിക സർവ്വാശ്ലേഷിത്വം, വനിതകളുടെ നേതൃത്വത്തിലുള്ള വികസനം, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ  പദ്ധതി വഹിക്കുന്ന നിർണായക പങ്കാണ് ഇത് വ്യക്തമാക്കുന്നത്.

11,333 സംരംഭകർക്ക് പ്രയോജനപ്രദമാം വിധം 1,000 കോടി രൂപയുടെ സബ്‌സിഡി അനുവദിച്ചു

PMEGP പദ്ധതിക്ക് കീഴിൽ, 11,333 ഗുണഭോക്താക്കൾക്ക് സഹായം നൽകുന്നതിനായി 1,000 കോടി രൂപയുടെ സബ്‌സിഡി (Margin Money subsidy) അനുവദിച്ചു. വിവിധ മേഖലകളിൽ പുതിയ സൂക്ഷ്മ സംരംഭങ്ങൾ (micro-enterprises) ആരംഭിക്കുന്നതിനായി, ബാങ്കുകൾ വഴി ഏകദേശം 3,260 കോടി രൂപയുടെ വായ്പകൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്.

ഈ ഘട്ടത്തിൽ ആരംഭിക്കുന്ന സംരംഭങ്ങളിലൂടെ, രാജ്യത്തുടനീളമുള്ള ഗ്രാമീണ മേഖലകളിൽ പ്രധാനമായും 1.02 ലക്ഷത്തിലധികം സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭകത്വത്തെയും ലിംഗസമത്വത്തിലധിഷ്ഠിതമായ വളർച്ചയെയും പ്രോത്സാഹിപ്പിക്കുക; പട്ടികജാതി (SC), പട്ടികവർഗ (ST) വിഭാഗങ്ങൾ ഉൾപ്പെടെ സാമൂഹിക സമത്വം   ഉറപ്പാക്കുക; വടക്കുകിഴക്കൻ മേഖലകൾക്കും അഭിലാഷയുക്ത ജില്ലകൾക്കും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് പ്രാദേശികവും സന്തുലിതവുമായ വികസനം കൈവരിക്കുക എന്നിവയാണ് ഈ  പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

2026-27 സാമ്പത്തിക വർഷത്തിലെ മികച്ച പ്രകടനം

ഈ തുക അനുവദിക്കുന്നതിന് മുൻപായി, 2026-27 സാമ്പത്തിക വർഷം ഒക്ടോബർ മാസം വരെ, PMEGP പദ്ധതിയിലൂടെ 25,895 സൂക്ഷ്മ സംരംഭങ്ങൾക്ക് 794.52 കോടി രൂപയുടെ മാർജിൻ മണി (MM) സബ്‌സിഡി ലഭ്യമാക്കി പിന്തുണച്ചിരുന്നു. ഇപ്പോൾ അനുവദിച്ചിരിക്കുന്ന 1,000 കോടി രൂപയുടെ സബ്‌സിഡി വിഹിതം, രാജ്യത്തുടനീളം സംരംഭകത്വ വികസനത്തെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെയും ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്വയംപര്യാപ്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും തൊഴിലധിഷ്ഠിതവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന സർക്കാരിന്റെ ദർശനത്തെ ഇത്  ശക്തിപ്പെടുത്തും.

ഈ അവസരത്തിൽ സംസാരിച്ച കേന്ദ്രമന്ത്രി, സാമ്പത്തിക വളർച്ചയെ നയിക്കുന്നതിലും, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും, താഴെത്തട്ടിൽ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിലും സൂക്ഷ്മ സംരംഭങ്ങൾക്കുള്ള നിർണായക പങ്കിനെക്കുറിച്ച് വിശദീകരിച്ചു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് - പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ നിന്നുള്ളവർ, വനിതകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് - തങ്ങളുടെ സംരംഭകത്വ സ്വപ്നങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിന് ആവശ്യമായ സ്ഥാപനപരമായ പിന്തുണ  ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു.

സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിനും, പ്രാദേശിക ഉത്പാദനത്തെയും സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും, എല്ലാവരെയും ഉൾക്കൊള്ളുന്നതും വിപുലവുമായ സാമ്പത്തിക വികസനത്തിലൂടെ 'വികസിത ഭാരതം' (Viksit Bharat) എന്ന ദർശനത്തിന് ഗണ്യമായ സംഭാവന നൽകുന്നതിനുമായി, PMEGP-യുടെ വ്യാപ്തി വർദ്ധിപ്പിക്കാനും സംരംഭകത്വ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും MSME മന്ത്രാലയം സദാ പ്രതിജ്ഞാബദ്ധമാണ്.
 
SKY
 
********

( റിലീസ് ഐ.ഡി: 2329859) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी