പോസ്റ്റഡ് ഓണ്‍:
28 OCT 2026 9:48PM by PIB Thiruvananthpuram
ഫിലിപ്പീൻസിലെ സെബുവിൽ ആസിയാൻ രാജ്യങ്ങളിലെയും പങ്കാളിത്ത രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ പതിമൂന്നാമത് യോഗത്തോടനുബന്ധിച്ച് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിങ് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ശ്രീ കാങ് ഷിൻ-ചുലുമായി ഫലപ്രദമായ ഉഭയകക്ഷി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ വിപുലീകരിക്കുന്ന പ്രതിരോധ സഹകരണം ഇരുവരും സമഗ്രമായി വിലയിരുത്തി.
സുതാര്യവും സ്വതന്ത്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പ്രാദേശിക മേഖലയെന്ന പൊതു കാഴ്ചപ്പാടിന് അടിവരയിട്ട് ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കൃത്യമായ കർമ്മപദ്ധതികളെക്കുറിച്ച് ശ്രീ രാജ്നാഥ് സിങും ശ്രീ കാങ് ഷിൻ-ചുലും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ കരുത്താര്‍ജിക്കുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തിയ നേതാക്കൾ സൈനിക സാങ്കേതികവിദ്യകൾ സംയുക്തമായി വികസിപ്പിക്കുന്നതിനും സംയുക്ത വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുന്നതിനും ശക്തമായ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പുതിയ സാധ്യതകൾ വിശദമായി വിലയിരുത്തി.
2026 ഒക്ടോബർ 28, 29 തീയതികളില്‍ ഫിലിപ്പീൻസിന്റെ അധ്യക്ഷതയിൽ ചേരുന്ന 13-ാമത് എഡിഎംഎം-പ്ലസ് യോഗത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ രാജ്യരക്ഷാ മന്ത്രിയാണ് നയിക്കുന്നത്. സുരക്ഷാ-തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്തുന്നതിന് ആസിയാൻ അംഗരാജ്യങ്ങളും ഇന്ത്യയും ദക്ഷിണ കൊറിയയും ഉൾപ്പെടെ എട്ട് സംഭാഷണ പങ്കാളിത്ത രാജ്യങ്ങളും ഒത്തുചേരുന്ന പ്രമുഖ വേദിയാണ് എഡിഎംഎം-പ്ലസ്.
*****