പോസ്റ്റഡ് ഓണ്:
27 OCT 2026 8:30PM by PIB Thiruvananthpuram
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി ഇന്ന് ന്യൂഡൽഹിയിലെ ദ്വാരകയിലുള്ള സിബിഎസ്ഇ ഇൻ്റഗ്രേറ്റഡ് കോംപ്ലക്സിൽ, സിബിഎസ്ഇ എക്സ്പീരിയൻസ് സെൻ്റർ ഉദ്ഘാടനം ചെയ്തു. സിബിഎസ്ഇ ആസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രം പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന അനുഭവാധിഷ്ഠിത പഠനാന്തരീക്ഷം ഒരുക്കുന്നു. വിദ്യാഭ്യാസ മേഖലയുടെ പരിണാമത്തെക്കുറിച്ച് മനസ്സിലാക്കാനും, വളർന്നുവരുന്ന സാങ്കേതികവിദ്യകളുമായി ഇടപഴകാനും, ഭാവിയിലെ തൊഴിലവസരങ്ങളെക്കുറിച്ച് ധാരണ നേടാനും ഇത് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു.
പരീക്ഷയിലെ മാർക്കിന് അമിത പ്രാധാന്യം നൽകുന്നതിനും കാണാപാഠം പഠിക്കുന്നതിനും പകരം വിദ്യാർത്ഥികളുടെ വ്യക്തിഗത താൽപ്പര്യങ്ങളും കഴിവുകളും പഠനശേഷിയും തിരിച്ചറിയുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മാറേണ്ടതിൻ്റെ ആവശ്യകത ചടങ്ങിൽ സംസാരിച്ച ശ്രീ പ്രൾഹാദ് ജോഷി ഊന്നിപ്പറഞ്ഞു. പഠനം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങരുതെന്നും ആശയങ്ങൾ വ്യക്തമായി മനസ്സിലാക്കാനും നേടിയെടുത്ത അറിവ് പ്രയോജനപ്പെടുത്താനും യഥാർത്ഥ ജീവിതാനുഭവങ്ങളിലൂടെ ആത്മവിശ്വാസം വളർത്തിയെടുക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതായിരിക്കണം അതെന്നും അദ്ദേഹം വ്യക്തമാക്കി.
അനുഭവാധിഷ്ഠിതവും സമഗ്രവുമായ പഠനത്തിന് ഊന്നൽ നൽകുന്ന ദേശീയ വിദ്യാഭ്യാസ നയം 2020-ൻ്റെ (NEP 2020) ലക്ഷ്യങ്ങളെയാണ് സിബിഎസ്ഇ എക്സ്പീരിയൻസ് സെൻ്റർ പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സംരംഭങ്ങൾ വിദ്യാർത്ഥികളിൽ ജിജ്ഞാസ വളർത്താനും, സ്വതന്ത്രചിന്തയും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കാനും വെല്ലുവിളികളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ അവരെ പ്രാപ്തരാക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രായോഗിക പഠനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞ മന്ത്രി, വിദ്യാർത്ഥികൾ ശാസ്ത്രീയ ആശയങ്ങൾ പഠിക്കുക മാത്രമല്ല, നേരിട്ടുള്ള പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അവ മനസ്സിലാക്കണമെന്നും വ്യക്തമാക്കി. നൂതനാശയങ്ങളും ശാസ്ത്രീയ മനോഭാവവും വളർത്തുന്നതിൽ അടൽ ടിങ്കറിംഗ് ലാബുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, രാജ്യത്തുടനീളം 10,000 അടൽ ടിങ്കറിംഗ് ലാബുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും 50,000 ലാബുകൾ കൂടി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സമൂഹത്തിനും രാജ്യത്തിൻ്റെ വികസനത്തിനും അർത്ഥവത്തായ സംഭാവനകൾ നൽകാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും മൂല്യങ്ങളും യുവജനങ്ങൾക്ക് പകർന്നുനൽകുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് ശ്രീ പ്രൾഹാദ് ജോഷി അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ, ഉൽപ്പാദനം, നൂതനാശയങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യയ്ക്കുള്ള വർദ്ധിച്ചുവരുന്ന സാധ്യതകൾ എടുത്തുപറഞ്ഞ അദ്ദേഹം, ആഗോള തൊഴിൽരംഗത്തെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. അടുത്തിടെ ആരംഭിച്ച 'സേവാ ഫസ്റ്റ് ഇന്നൊവേഷൻ ചലഞ്ച്' സംരംഭത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, പ്രായോഗിക പരീക്ഷണങ്ങൾക്കും പ്രശ്നപരിഹാരത്തിനുമുള്ള അവസരങ്ങൾ അടുത്ത തലമുറയിലെ നൂതനാശയക്കാരെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സ്കൂൾ വിദ്യാഭ്യാസത്തെ കൂടുതൽ ആകർഷകവും പ്രായോഗികവും വിദ്യാർത്ഥികേന്ദ്രീകൃതവുമാക്കാൻ ഈ എക്സ്പീരിയൻസ് സെൻ്ററിന് കഴിയുമെന്ന ആത്മവിശ്വാസവും മന്ത്രി പ്രകടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജിജ്ഞാസയും സർഗ്ഗാത്മകതയും ആത്മവിശ്വാസവും വളർത്തുന്നത് 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സംഭാവന നൽകാൻ ഭാവിതലമുറയെ സജ്ജരാക്കുന്നതിൽ നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തുണ്ടായ മാറ്റങ്ങളുടെ ചരിത്രത്തിലൂടെയാണ് സിബിഎസ്ഇ എക്സ്പീരിയൻസ് സെൻ്റർ സന്ദർശകരെ നയിക്കുന്നത്. പ്രാചീന പാരമ്പര്യങ്ങളെ ആധുനിക പഠനരീതികളുമായും പുതിയ തൊഴിലവസരങ്ങളുമായും ഇത് ബന്ധിപ്പിക്കുന്നു. 6,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ കേന്ദ്രത്തിൽ 12 പ്രധാന മേഖലകളും 21 പ്രദർശന വിഭാഗങ്ങളുമുണ്ട്. ആർ.എഫ്.ഐ.ഡി അധിഷ്ഠിത സ്മാർട്ട് കാർഡുകൾ ഉപയോഗിച്ച് സന്ദർശകർക്ക് പ്രദർശനങ്ങളുമായി സംവദിക്കാനും, വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും, വ്യക്തിഗത പഠനവിവരങ്ങൾ നേടാനും ഗെയിം അധിഷ്ഠിത ലീഡർബോർഡുകളിൽ തങ്ങളുടെ പ്രകടനം വിലയിരുത്താനും സാധിക്കും.
സരസ്വതി നദിയെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ശബ്ദവിവരണത്തോടെയുള്ള 'ശിക്ഷാ കി കഹാനി' എന്ന ചിത്രത്തോടെയാണ് ഈ പഠനാനുഭവം ആരംഭിക്കുന്നത്. ഗുരുകുല സമ്പ്രദായവും നളന്ദ പോലെയുള്ള ചരിത്രപ്രസിദ്ധമായ പഠനകേന്ദ്രങ്ങളും മുതൽ ആധുനിക സ്കൂളുകളും ഡിജിറ്റൽ ക്ലാസ് മുറികളും വരെയുള്ള ഇന്ത്യയിലെ അറിവിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും പരിണാമം ഈ ചിത്രം വ്യക്തമാക്കുന്നു. ഒപ്പം, ഈ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിലും വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിലും ഇന്നത്തെ വിദ്യാർത്ഥികൾ വഹിക്കുന്ന പങ്കും ചിത്രം എടുത്തുകാട്ടുന്നു.
ചരിത്രപരമായ ചിത്രങ്ങളിലൂടെയും ചരിത്രരേഖകളിലൂടെയും സിബിഎസ്ഇയുടെ വളർച്ചയുടെ ചരിത്രംവ്യക്തമാക്കുന്ന പ്രത്യേക വിഭാഗവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 1935 മുതലുള്ള രേഖകൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ വിഭാഗം, സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ പരിണാമത്തിൽ ബോർഡ് വഹിച്ച പങ്കിലേക്ക് വെളിച്ചം വീശുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങളിലൂടെയുള്ള ഭൂമിയുടെ ചരിത്രം പരിചയപ്പെടുത്തുന്ന ദൃശ്യ-സംവേദനാത്മക ഭൗമശാസ്ത്ര കാലരേഖയിലൂടെ ഭൂമിയുടെ ചരിത്രത്തെക്കുറിച്ച് അറിയാനും ഈ കേന്ദ്രം വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നു.
ഭാവിയിലെ തൊഴിൽ മേഖലകളെ അടുത്തറിയാനുള്ള അവസരവും ഈ കേന്ദ്രം വിദ്യാർത്ഥികൾക്ക് ഒരുക്കുന്നുണ്ട്. 'കരിയർ എക്സ്പ്ലോറർ', 'ഫ്യൂച്ചർ ഓഫ് പ്രൊഫഷൻസ്', 'മാജിക് മിറർ: ഫ്യൂച്ചർ യു' തുടങ്ങിയ സംവേദനാത്മക പ്രദർശനങ്ങൾ വിവിധ തൊഴിൽസാധ്യതകൾ മനസ്സിലാക്കാനും, വരുംവർഷങ്ങളിൽ തൊഴിൽരംഗത്തുണ്ടാകാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് ധാരണ നേടാനും സന്ദർശകരെ സഹായിക്കും. ഡോ. ബി.ആർ. അംബേദ്കർ, ഡോ. എ.പി.ജെ. അബ്ദുൾ കലാം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളുമായി ഹോളോഗ്രാഫിക് സംവിധാനങ്ങളിലൂടെ സംവദിക്കാനുള്ള അവസരവും ഈ കേന്ദ്രത്തിലുണ്ട്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'എക്സാം വാരിയേഴ്സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പ്രത്യേക കിയോസ്ക്, പരീക്ഷകളെ കൂടുതൽ ആരോഗ്യകരമായ മനോഭാവത്തോടെ സമീപിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആത്മവിശ്വാസം, സമ്മർദ്ദം കൈകാര്യം ചെയ്യൽ, ക്രിയാത്മകമായ മനോഭാവം എന്നിവയുടെ പ്രാധാന്യവും ഇത് എടുത്തുകാട്ടുന്നു.
ചലനാധിഷ്ഠിത സംവേദനവും വിവിധ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള 'എഡ്യുവെഴ്സ്' ആണ് ഈ കേന്ദ്രത്തിലെ അവസാനത്തെ പ്രധാന ആകർഷണം. വനങ്ങൾ, സമുദ്രങ്ങൾ, ഹിമാലയം എന്നിവിടങ്ങളിൽനിന്ന് ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും സന്ദർശകരെ കൊണ്ടുപോകുന്ന ഈ അനുഭവം ഒടുവിൽ ഭൂമിയിലേക്ക് മടങ്ങിയെത്തുമ്പോൾ ലളിതവും എന്നാൽ സുപ്രധാനവുമായ ഒരു സന്ദേശം നൽകുന്നു: പ്രകൃതിയിലെ വിവിധ സംവിധാനങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു; ജീവസ്സുറ്റ ഈ ഭൂമിയുടെ ഭാഗമാണ് വ്യക്തിയും.
****