പോസ്റ്റഡ് ഓണ്‍:
27 OCT 2026 8:46PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിൻ്റെ രണ്ടുദിവസത്തെ ഔദ്യോഗിക നെതർലാൻഡ്സ് സന്ദർശനം വിജയകരമായി പൂര്‍ത്തിയായി. റോട്ടർഡാം തുറമുഖ സന്ദർശനം, മുതിർന്ന ഡച്ച് ഗവണ്മെൻ്റ് പ്രതിനിധികളുമായും പാർലമെൻ്റ് അംഗങ്ങളുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ചകള്‍, ഇന്ത്യൻ പ്രവാസി സമൂഹവുമായി ആശയവിനിമയം തുടങ്ങി വിപുലമായ പരിപാടികളാണ് ഒക്ടോബർ 25, 26 തീയതികളിലെ ഔദ്യോഗിക സന്ദര്‍ശനത്തിൻ്റെ ഭാഗമായി നടത്തിയത്.
ഇന്ത്യയും നെതർലാൻഡ്സും തമ്മിലെ സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളിലെയും സംരംഭങ്ങൾ തമ്മിലെ വ്യാപാര-നിക്ഷേപ സാധ്യതകൾ വിപുലീകരിക്കുന്നതിനും സന്ദർശനം മുൻഗണന നൽകി. അറുപതോളം പേരടങ്ങുന്ന ഇന്ത്യൻ വ്യവസായ പ്രതിനിധി സംഘവും കേന്ദ്രമന്ത്രിയെ അനുഗമിച്ചു.
ഒക്ടോബർ 25-ന് റോട്ടർഡാം തുറമുഖ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ബൗഡെവിൻ സിമോൺസിനൊപ്പം യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായ റോട്ടർഡാം സന്ദർശിച്ചാണ് ശ്രീ ഗോയൽ ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിച്ചത്. യൂറോപ്യൻ വിപണിയിലേക്കുള്ള ഇന്ത്യൻ ഉല്പന്നങ്ങളുടെ പ്രധാന പ്രവേശന കവാടമെന്ന നിലയിലും ആഗോള വിതരണ ശൃംഖലയുടെ നിർണായക കേന്ദ്രമെന്ന നിലയിലും റോട്ടർഡാം തുറമുഖത്തിൻ്റെ തന്ത്രപരമായ പ്രാധാന്യം സന്ദർശനത്തിൽ എടുത്തുപറഞ്ഞു. റോട്ടർഡാം തുറമുഖവും ഇന്ത്യൻ തുറമുഖങ്ങളും തമ്മിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ചചെയ്തു. തുടർന്ന് ആംസ്റ്റർഡാമിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കേന്ദ്രമന്ത്രി ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുകയും ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക-സാംസ്കാരിക-ജനകീയ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രവാസികൾ വഹിക്കുന്ന പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.
ഒക്ടോബർ 26-ന് നെതർലാൻഡ്സ് വിദേശ വ്യാപാര-വികസന സഹകരണ മന്ത്രി ശ്രീ ജോർഡ് ജോർഡ്സ്മ, സാമ്പത്തിക കാര്യ-കാലാവസ്ഥാ നയ മന്ത്രി ശ്രീമതി ഹെലീൻ ഹെർബർട്ട് എന്നിവരുമായി ശ്രീ ഗോയല്‍ ഉഭയകക്ഷി ചർച്ചകൾ നടത്തി. വിപുലമായ വ്യാപാരം, പ്രതിരോധശേഷിയാര്‍ന്ന വിതരണ ശൃംഖല എന്നിവയ്ക്ക് ഒപ്പം ഇന്ത്യയിലെ നിർമ്മാണം, ഗവേഷണ-വികസനം, അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗ ഊര്‍ജം, ചരക്കുനീക്കം, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നീ മേഖലകളിലെ കൂടുതൽ ഡച്ച് നിക്ഷേപമടക്കം വിഷയങ്ങൾ ചർച്ചയായി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം സെമികണ്ടക്ടർ, ഹരിത ഹൈഡ്രജൻ, സംശുദ്ധ ഊർജം, നിർണായക ധാതുക്കൾ, നൂതന നിർമ്മാണം എന്നീ മേഖലകളിലെ സഹകരണവും യോഗം വിശദമായി ചർച്ച ചെയ്തു.
ഇന്ത്യയിലെയും നെതർലാൻഡ്സിലെയും 200-ഓളം വ്യവസായ പ്രതിനിധികൾ പങ്കെടുത്ത ഇന്ത്യ-നെതർലാൻഡ്സ് ബിസിനസ് ഫോറത്തിന് ശ്രീ ഗോയലും ശ്രീ ജോർഡ്സ്മയും സംയുക്തമായി അധ്യക്ഷത വഹിച്ചു. ഇന്ത്യയും നെതർലാൻഡ്സും തമ്മില്‍ കൂടുതൽ മെച്ചപ്പെടുത്തിയ തന്ത്രപരമായ പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും സമൃദ്ധമായ ഭാവിക്ക് വഴിയൊരുക്കുന്ന വലിയ അവസരങ്ങളാണ് തുറന്നുനൽകുന്നതെന്ന് ഫോറത്തെ അഭിസംബോധന ചെയ്ത ശ്രീ ഗോയൽ പറഞ്ഞു. ബിസിനസ് ഫോറത്തിന് ശേഷം ഹൈടെക്-നൂതനാശയങ്ങൾ, സേവന മേഖലകളും അനുബന്ധ മേഖലകളും, കാര്‍ഷിക-ഭക്ഷ്യമേഖലയും ഭക്ഷ്യ സംസ്കരണവും, ചരക്കുനീക്കവും വിതരണ ശൃംഖലാ ഗതാഗത സൗകര്യങ്ങളും, സുസ്ഥിരതയും പുനരുപയോഗ ഊർജവും, നിർമ്മാണം, ഔഷധമേഖല, തുണിത്തരങ്ങൾ, എൻജിനീയറിങ് ഉല്പന്നങ്ങൾ എന്നീ രംഗങ്ങള്‍ കേന്ദ്രീകരിച്ച് ഡച്ച് വ്യവസായികളുമായി മന്ത്രിയെ അനുഗമിച്ച ഇന്ത്യൻ പ്രതിനിധി സംഘം വട്ടമേശ ചർച്ചകൾ നടത്തി.
നൂർദ്-ഹോളണ്ട് പ്രവിശ്യയുടെ കിങ്സ് കമ്മീഷണർ ശ്രീ ആർതർ വാൻ ഡിജ്ക്, ഡച്ച് വിദേശ വ്യാപാര-വികസന സഹകരണ ജനപ്രതിനിധി സഭാ സമിതി അംഗങ്ങള്‍, യൂറോപ്യൻ കാര്യങ്ങളുമായി ബന്ധപ്പെട്ട സെനറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുമായും മന്ത്രി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി. ഇന്ത്യയില്‍ ത്വരിതഗതിയില്‍ നടക്കുന്ന അടിസ്ഥാന സൗകര്യ വികസനം, ആഗോള നിർമ്മാണ കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ച, ഹൈടെക് സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. സ്വതന്ത്ര വ്യാപാര കരാർ ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥകൾക്ക് നൽകുന്ന നേട്ടങ്ങളും അദ്ദേഹം വ്യക്തമാക്കി.
സെമികണ്ടക്ടർ മേഖലയിലെ പ്രമുഖരായ എഎസ്എംഎൽ, നെക്സ്പീരിയ, ഗ്രീൻ ഹൈഡ്രജൻ-പുനരുപയോഗ ഇന്ധന പദ്ധതികൾ വികസിപ്പിക്കുന്ന പവർ-ടു-എക്സ്, ഇങ്ക്ക ഗ്രൂപ്പ് (ഐക്കിയ) എന്നിവയുൾപ്പെടെ പ്രമുഖ ഡച്ച് കമ്പനികളുടെ സിഇഒമാരുമായും പ്രതിനിധികളുമായും ശ്രീ ഗോയൽ കൂടിക്കാഴ്ചകൾ നടത്തി. സെമികണ്ടക്ടർ സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, ചരക്കുനീക്കം, ഊർജ-വ്യാവസായിക പരിഹാരങ്ങൾ, സാങ്കേതികവിദ്യ, വൻകിട റീട്ടെയിൽ ശൃംഖലകൾ തുടങ്ങിയ മേഖലകളിലെ നിക്ഷേപ-പങ്കാളിത്ത സാധ്യതകൾ യോഗം വിലയിരുത്തി. എച്ച്എസ്ബിസി നെതർലാൻഡ്സുമായി ചേർന്ന് ഹേഗിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച 15 പ്രമുഖ ഡച്ച് കമ്പനികളുടെ സിഎക്സ്ഒമാർ പങ്കെടുത്ത വട്ടമേശ യോഗത്തിലും കേന്ദ്രമന്ത്രി പങ്കെടുത്തു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും പരിഷ്കരണ മുന്നേറ്റങ്ങളും വിശദീകരിച്ച അദ്ദേഹം ഇന്ത്യയിൽ നിക്ഷേപം നടത്താനും സംയുക്ത നിർമ്മാണത്തിലും നൂതനാശയ വികസനത്തിലും പങ്കാളികളാകാനും ഡച്ച് കമ്പനികളെ ക്ഷണിച്ചു.
2026 മെയ് മാസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നെതർലാൻഡ്സ് സന്ദർശന വേളയിൽ പ്രഖ്യാപിച്ച തന്ത്രപരമായ പങ്കാളിത്തത്തിൻ്റെയും സ്വതന്ത്ര വ്യാപാര കരാറിൻ്റെയും പശ്ചാത്തലത്തിൽ ഇന്ത്യ-നെതർലാൻഡ്സ് ഉഭയകക്ഷി ബന്ധത്തിന് പുതിയ ദിശാബോധവും കരുത്തും പകരുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദർശനം.
***