കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ, ലിച്ചൻസ്റ്റൈൻ പ്രിൻസിപ്പാലിറ്റിയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യം, പരിസ്ഥിതി, സാംസ്കാരിക വകുപ്പ് മന്ത്രിയുമായ .സബീൻ മൊനൗനിയുമായി ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ലിച്ചൻസ്റ്റൈനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വ്യാപാര-നിക്ഷേപ സഹകരണത്തിനുള്ള പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനുമായിരുന്നു കൂടിക്കാഴ്ചയിൽ പ്രധാനമായും ശ്രദ്ധ നൽകിയത്.
ലിച്ചൻസ്റ്റൈൻ പ്രിൻസിപ്പാലിറ്റിയുടെ രാഷ്ട്രത്തലവനായ അലോയിസ് രാജകുമാരൻ 2026 ഒക്ടോബർ 25 മുതൽ 28 വരെ ഇന്ത്യ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയായിരുന്നു ഇത്. 2026-ൽ അദ്ദേഹം നടത്തുന്ന രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഈ വർഷം ഫെബ്രുവരിയിൽ ന്യൂഡൽഹി സന്ദർശിച്ചിരുന്നു.
ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചയും വികസിച്ചുകൊണ്ടിരിക്കുന്ന വിപണി സാധ്യതകളും നിലവിലുള്ള പരിഷ്കാരങ്ങളും ശ്രീ പ്രസാദ കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. ദീർഘകാല വളർച്ച ലക്ഷ്യമിടുന്ന ആഗോള ബിസിനസ് സംരംഭങ്ങൾക്ക് സുസ്ഥിരവും മത്സരക്ഷമവും വിപുലീകരണത്തിന് അനുയോജ്യവുമായ കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ബിസിനസ് ബന്ധങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും, ശക്തമായ ആഭ്യന്തര ആവശ്യകതയുടെയും ഉൽപ്പാദന-സേവന മേഖലകളിലെ വളർച്ചയുടെയും പിന്തുണയോടെ 2026–27 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ യഥാർഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 7.8 ശതമാനം വളർച്ച കൈവരിച്ചു.
ലിച്ചൻസ്റ്റൈനിൽ നിന്നുള്ള ഉന്നതതല ബിസിനസ് പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലിച്ചൻസ്റ്റൈൻ ആസ്ഥാനമായുള്ള കമ്പനികൾക്ക് ഇന്ത്യയിലെ പങ്കാളിത്തവും നിക്ഷേപവും വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ച് ശ്രീ പ്രസാദ ചർച്ച നടത്തി. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വിപണി, വൈദഗ്ധ്യമുള്ള തൊഴിൽശക്തി, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, അനുകൂലമായ നയപരമായ അന്തരീക്ഷം എന്നിവ പ്രയോജനപ്പെടുത്താൻ അദ്ദേഹം ലിച്ചൻസ്റ്റൈൻ വ്യവസായ സമൂഹത്തെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യൻ കമ്പനികളുമായി കൂടുതൽ നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും സ്ഥാപിക്കാനും അദ്ദേഹം ക്ഷണിച്ചു. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ഉൽപ്പാദനം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകളും ഇരുപക്ഷവും പരിശോധിച്ചു. ലിച്ചൻസ്റ്റൈൻ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്സ് (LCCI), എൽജിടി ഇന്ത്യ (LGT India), ഹിൽറ്റി (Hilti), സവന്ന സീഡ്സ് (Savannah Seeds), ലിച്ചൻസ്റ്റൈൻ ലാംഗ്വേജസ് (Liechtenstein Languages), ഓപ്പൺ കോസ്മോസ് ലിമിറ്റഡ് (Open Cosmos Ltd.), ലൈറ്റ്റോക്ക് (Lightrock) എന്നിവയുടെ പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു.
യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (EFTA) രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ലിച്ചൻസ്റ്റൈൻ. ഇന്ത്യ–EFTA വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (TEPA), ഇന്ത്യയും EFTA രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപെടലുകൾ കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള വിപുലമായ ചട്ടക്കൂട് ഒരുക്കുന്നു. 15 വർഷത്തിനുള്ളിൽ 100 ബില്യൺ യു.എസ്. ഡോളറിൻ്റെ നിക്ഷേപവും ഒരു ദശലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കലും സംബന്ധിച്ച ധാരണയും ഈ കരാറിലുണ്ട്. ഈ മാസം ആദ്യം ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ–EFTA പ്രോസ്പെരിറ്റി ഉച്ചകോടി 2026, ഇന്ത്യ–EFTA, ഇന്ത്യ–ലിച്ചൻസ്റ്റൈൻ സാമ്പത്തിക ബന്ധങ്ങൾക്ക് കൂടുതൽ ഉണർവ് നൽകി.
ഇന്ത്യ–EFTA വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ (TEPA) സൃഷ്ടിക്കപ്പെടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി സാമ്പത്തിക ബന്ധങ്ങൾ വർധിപ്പിക്കുന്നതിനും ശക്തവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ വ്യാപാര-നിക്ഷേപ പങ്കാളിത്തങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഇന്ത്യയുടെയും ലിച്ചൻസ്റ്റൈൻ്റെയും പൊതു പ്രതിജ്ഞാബദ്ധതയെ കൂടിക്കാഴ്ച വീണ്ടും സ്ഥിരീകരിച്ചു .