പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച: യുണിസെഫിന്റെ മാധ്യമ ശിൽപശാല ഒക്ടോബർ 27ന് തിരുവനന്തപുരത്ത്


'കഥാഖ്യാനത്തിന് നിർമ്മിത ബുദ്ധി'യും ശില്പശാലയിൽ ചർച്ചാവിഷയം

പോസ്റ്റഡ് ഓണ്‍: 26 OCT 2026 1:36PM by PIB Thiruvananthpuram

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയും യുണിസെഫും സംയുക്തമായി 'കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച' എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകർക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാല 2026 ഒക്ടോബർ 27 (ചൊവ്വാഴ്ച) തിരുവനന്തപുരം ഹോട്ടൽ താജ് വിവാന്തയിൽ നടക്കും. രാവില 11.30-ഓടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. ഉദ്ഘാടന സെഷനിൽ യുണിസെഫ് കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റ് ശ്രീ ശ്യാം സുധീർ ബണ്ടി ആമുഖ പ്രഭാഷണം നടത്തും. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി ഐ ഐ എസ് സ്വാഗതം ആശംസിക്കും. 

ശിൽപശാലയിൽ ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ നെറ്റ്‌വർക്ക് പരിശീലകനും എ.ഐ. വിദഗ്ധനുമായ ശ്രീ മുരളീകൃഷ്ണ ചിന്നദുരൈ, ഫലപ്രദമായ കഥാഖ്യാനത്തിന് നിർമിതബുദ്ധിയുടെ ഉപയോഗം (Using AI for Effective Storytelling) എന്ന വിഷയത്തിൽ ക്ലാസെടുക്കും.

UNICEF ഇന്ത്യയിലെ ആരോ​ഗ്യ വിഭാഗം മേധാവിയും കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റുമായ ഡോ. വിവേക് വീരേന്ദ്ര സിങ് കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച (Introduction to Inclusive ECD) എന്ന വിഷയത്തെ പരിചയപ്പെടുത്തും. തിരുവനന്തപുരം ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ദീപ ഭാസ്‌കരൻ സ്പെക്ട്രം വൈകല്യങ്ങളുള്ള കുട്ടികളുടെ രക്ഷാകർതൃത്വ (Parenting children with Spectrum
Disabilities) ത്തെക്കുറിച്ച് സംസാരിക്കും.

കേരള ​ഗവൺമെന്റിന്റെ ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രേണു രാജ് ഐ എ എസ്, എല്ലാവരെയും ഉൾക്കൊള്ളുന്ന ആരോഗ്യസംവിധാനം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് (Building an inclusive Health
Systems) ആശയവിനിമയം നടത്തും. നാഷണൽ ഐ എ പി പ്രസിഡന്റ് ഡോ. നീലം കുട്ടികളിലെ സ്പെക്ട്രം വൈകല്യങ്ങളുടെ പരിശോധന, പരിചരണം, ചികിത്സ എന്നിവ മുഖ്യധാരയിലെത്തിക്കുന്നതിനെക്കുറിച്ച് (Mainstream Screening,
management and treatment of Spectrum Disabilities in Children) വിശദീകരിക്കും.

വൈകിട്ട് 3.40 ന് നടക്കുന്ന സമാപന സമ്മേളനത്തെ കേരള വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ അഭിസംബോധന ചെയ്യും. തുടർന്ന് വളർച്ചാ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളും പരിചരിക്കുന്നവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കും. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ശ്രീമതി പാർവതി വി. ഐ.ഐ.എസ് കൃതജ്ഞത രേഖപ്പെടുത്തും. 

കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച ഉറപ്പാക്കുന്നതിനും വികസന കാലതാമസങ്ങളും വൈകല്യങ്ങളും നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ പരിചരണവും പിന്തുണയും ലഭ്യമാക്കുന്നതിനും അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. 
ഇത്തരം കുട്ടികളെയും കുടുംബങ്ങളെയും ഉൾക്കൊള്ളുന്ന ആരോഗ്യ-പരിചരണ സംവിധാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനൊപ്പം, വിഷയത്തിൽ ഉത്തരവാദിത്തപൂർണമായ മാധ്യമ റിപ്പോർട്ടിങ് പ്രോത്സാഹിപ്പിക്കാനും ശിൽപശാല ലക്ഷ്യമിടുന്നു.

***

SK


( റിലീസ് ഐ.ഡി: 2328390) സന്ദര്‍ശക കൗണ്ടര്‍ : 22
ഈ റിലീസ് വായിക്കുക: English