പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

മഹാരാഷ്ട്രയിലെ തീരദേശ കുടുംബങ്ങൾക്ക് കൈത്താങ്ങായി സിഎംഎഫ്ആർഐ; അഞ്ച് ലക്ഷം കല്ലുമ്മക്കായ വിത്തുകൾ കൈമാറി

പോസ്റ്റഡ് ഓണ്‍: 24 OCT 2026 2:30PM by PIB Thiruvananthpuram

കൊച്ചി: മഹാരാഷ്ട്രയിലെ തീരദേശമേഖലയിൽ വസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഹാച്ചറിയിൽ ഉൽപാദിപ്പിച്ച അഞ്ച് ലക്ഷം കല്ലുമ്മക്കായ വിത്തുകളും ഒരു ലക്ഷം ഓയിസ്റ്റർ വിത്തുകളും മഹാരാഷ്ട്രയിലെ കർഷകർക്ക് കൈമാറി. ഇതോടെ, ഈ വർഷം ആകെ 10 ലക്ഷം കല്ലുമ്മക്കായ വിത്തുകളാണ് സിഎംഎഫ്ആർഐ മഹാരാഷ്ട്രയിലെ ഗോത്രവർഗ മത്സ്യത്തൊഴിലാളികൾക്ക് എത്തിച്ചു നൽകിയത്.

 



 

പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയുടെ ഭാഗമായി സിഎംഎഫ്ആർഐ വിഴിഞ്ഞം റീജണൽ സെൻ്ററിലെ ഹച്ചറിയിലാണ് 2 മുതൽ 4 മില്ലീമീറ്റർ വരെ വലുപ്പമുള്ള കല്ലുമ്മക്കായ വിത്തുകൾ ഉൽപാദിപ്പിച്ചത്. ഓയിസ്റ്റർ വിത്തുകൾ ഉൽപാദിപ്പിച്ചത് സിഎംഎഫ്ആർഐയുടെ മദ്രാസ് സ്റ്റേഷനിലാണ്.

കല്ലുമ്മക്കായ-ഓയിസ്റ്റർ കൃഷികൾക്ക് കരുത്ത് പകരുകയും അതുവഴി തീരദേശ കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെയും ഗോത്രവിഭാഗങ്ങളുടെയും വരുമാന മാർഗ്ഗങ്ങൾ വൈവിധ്യവൽകരിക്കാനും ശാസ്ത്രീയ തീരദേശ അക്വാകൾച്ചർ രീതികൾ പ്രചരിപ്പിക്കാനും സഹായിക്കുന്നതാണ് ഈ ഗവേഷണ നേട്ടമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.

 



 

കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിൻ്റെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. എം.കെ. അനിലിൻ്റെ നേതൃത്വത്തിലുള്ള സിഎംഎഫ്ആർഐ ഗവേഷക സംഘം മഹാരാഷ്ട്ര മാംഗ്രൂവ് സെല്ലിലെ 30 ഉദ്യോഗസ്ഥർക്ക് ഈ മേഖലയിൽ പരിശീലനം നൽകുകയും ചെയ്തു. വിത്തുൽപാദനം, കക്കവർഗ കൃഷിരീതികൾ സാങ്കേതികവിദ്യകൾ എന്നിവയിലായിരുന്നു പരിശീലനം. ഇവരിലൂടെ സാധാരണ കർഷകർക്ക് സിഎംഎഫ്ആർഐയുടെ കൃഷി സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയിലെ മാംഗ്രൂവ് ആൻഡ് മറൈൻ ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ ഫൗണ്ടേഷനാണ് വിത്തുവിതരണവും സാങ്കേതിക മാർഗനിർദ്ദേശങ്ങളും കർഷക പങ്കാളിത്തവും ഏകോപിപ്പിക്കുന്നത്.  

 



 

കുറഞ്ഞ നിക്ഷേപവും പ്രവർത്തനച്ചെലവും മാത്രം ആവശ്യമായി വരുന്ന കക്കവർഗയിനങ്ങളുടെ കൃഷി തീരദേശ ഉപജീവനം മെച്ചപ്പെടുത്തുന്നതിനും പാരിസ്ഥിതിക ആരോഗ്യം നിലനിർത്തുന്നതിനും ഏറെ സഹായകരമാണ്.

 



 

ജല ഗുണനിലവാരവും പാരിസ്ഥിതിക സാഹചര്യങ്ങളും അനുകൂലമാണെങ്കിൽ, സ്ഥാപിച്ചു കഴിഞ്ഞാൽ ഇവയ്ക്ക് കുറഞ്ഞ പരിപാലനം മാത്രം മതി. കണ്ടൽക്കാടുകളോട് ചേർന്നുള്ള തീരദേശ മേഖലകളിൽ, സുസ്ഥിരമായ വരുമാനം നേടാനാവുന്ന കൃഷിയാണിത്. ഫിൽട്ടർ ഫീഡറുകളായ ഈ ജീവികൾ ജലത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

 

****


( റിലീസ് ഐ.ഡി: 2327930) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English