പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാറിന് കീഴില്‍ രാജ്യത്തുനിന്നുള്ള ആദ്യ കയറ്റുമതി ചരക്കുകളിലൊന്ന് ഫ്ലാഗ് ഓഫ് ചെയ്ത് കേരളം
പോസ്റ്റഡ് ഓണ്‍:
16 OCT 2026 6:31PM by PIB Thiruvananthpuram
ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ കേരളത്തിൽ നിന്നുള്ള ആദ്യ കയറ്റുമതി ചരക്കിന്റെ ഫ്ലാഗ് ഓഫ് കൊച്ചി ജോയിന്റ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് സംഭരിച്ച സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ചരക്ക് സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് ന്യൂസിലാൻഡിലേക്ക് കയറ്റുമതി ചെയ്തത്. ചരിത്രപ്രധാന വ്യാപാര കരാർ നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യത്തുനിന്ന് അയക്കുന്ന ആദ്യ കയറ്റുമതി ചരക്കുകളിലൊന്നാണിത്.
_20261016193452_339ec8.jpeg)
2026 ഏപ്രിൽ 27-ന് ഒപ്പുവെച്ച ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ 2026 സെപ്റ്റംബർ 21-നാണ് ഇരുരാജ്യങ്ങളും അംഗീകരിച്ചത്. മെച്ചപ്പെട്ട വിപണി പ്രവേശനത്തിലൂടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകി 2026 ഒക്ടോബർ 20-ന് കരാർ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
_20261016193517_2b5cb1.jpeg)
കസ്റ്റംസ് കമ്മീഷണർ ഡോ. ടി. ടിജു, കൊച്ചി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ശ്രീ ഹസ്സൻ ഉസൈദ് എൻ.എ., ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീ രാജീവ്, ബ്യൂറോ ഓഫ് ഇമിഗ്രേഷനിലെയും കസ്റ്റംസിലെയും ഡിജിഎഫ്ടിയിലെയും ഉദ്യോഗസ്ഥർ, സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
_20261016200332_e691ff.jpeg)
കേരളത്തിന്റെ കയറ്റുമതി മേഖല ശക്തിപ്പെടുത്തേണ്ടതിന്റെയും കയറ്റുമതി അധിഷ്ഠിത സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച കസ്റ്റംസ് കമ്മീഷണർ ഡോ. ടി. ടിജു വ്യക്തമാക്കി. സുഗന്ധവ്യഞ്ജനങ്ങളുടെയും ഭക്ഷ്യോല്പാദന വസ്തുക്കളുടെയും കാര്യത്തിലടക്കം കേരളത്തിന്റെ കയറ്റുമതി കരുത്തും ന്യൂസിലാൻഡ് വിപണിയിലെ അവസരങ്ങളും തമ്മിലെ പാരസ്പര്യം അദ്ദേഹം എടുത്തുപറഞ്ഞു. നിലവിൽ ന്യൂസിലാൻഡ് വിപണിയിൽ ഇന്ത്യയുടെ വിഹിതം ഏകദേശം 1.5% മാത്രമാണെന്നും സ്വതന്ത്ര വ്യാപാര കരാർ ഫലപ്രദമായി പ്രയോജനപ്പെടുത്തി ഈ വിഹിതം ഗണ്യമായി വർദ്ധിപ്പിക്കാൻ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വ്യാപാര പങ്കാളിത്തങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിലും കയറ്റുമതി അവസരങ്ങൾ വിപുലീകരിക്കുന്നതിലുമുള്ള കരാറിന്റെ തന്ത്രപ്രധാന പ്രാധാന്യത്തെക്കുറിച്ച് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഫോറിന് ട്രേഡ് ശ്രീ ഹസ്സൻ ഉസൈദ് എൻ.എ. സംസാരിച്ചു. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഈ കരാറിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം നിലവിലെ സ്വതന്ത്ര വ്യാപാര കരാറുകൾ വഴിയുള്ള ആനുകൂല്യങ്ങൾ ഇന്ത്യൻ വ്യാപാരസംരംഭങ്ങള്‍ കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.
സ്വതന്ത്ര വ്യാപാര കരാറുകളിലെ ആനുകൂല്യങ്ങളെയും വ്യവസ്ഥകളെയും കുറിച്ച് കയറ്റുമതിക്കാർക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് എഫ്ഐഇഒ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ രാജീവ് വ്യക്തമാക്കി. അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശനം നേടാനും പുതിയ അവസരങ്ങൾ കണ്ടെത്താനും ഇത് വ്യാപാരികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലാഗ് ഓഫ് ചടങ്ങിന് മുന്നോടിയായി ഇന്ത്യ-ന്യൂസിലാൻഡ് കരാറിന് കീഴിൽ കേരളത്തിൽ നിന്നുള്ള ആദ്യ കയറ്റുമതി സ്ഥാപനമെന്ന നേട്ടം കൈവരിച്ചതിനും അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ സാമ്പത്തിക സാന്നിധ്യം ശക്തമാക്കുന്നതിന് നടത്തുന്ന നിരന്തര പരിശ്രമങ്ങൾക്കും സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് ഡോ. ടി. ടിജുവും ശ്രീ ഹസ്സൻ ഉസൈദ് എൻ.എ.യും ചേർന്ന് പ്രശംസാപത്രം സമ്മാനിച്ചു.
തുടർന്ന് ഡോ. ടി. ടിജു, ശ്രീ ഹസ്സൻ ഉസൈദ് എൻ.എ., ശ്രീ രാജീവ് എന്നിവർ ചേർന്ന് കയറ്റുമതി ചരക്ക് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിന്റെ കയറ്റുമതി ശേഷിയും പുതിയ വിപണിപ്രവേശനത്തിന് ഇന്ത്യയുടെ വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്തുന്നതിൽ കയറ്റുമതിക്കാരുടെ സജീവ ഇടപെടലുകളുടെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് ഈ നാഴികക്കല്ല്.
കേരളത്തിൽ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും സ്വതന്ത്ര വ്യാപാര കരാറുകൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ കയറ്റുമതി അധിഷ്ഠിത സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും കൊച്ചി ജോയിന്റ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഓഫീസിന്റെ പ്രതിബദ്ധത അടിവരയിടുന്നതാണ് സംരംഭം.
***
( റിലീസ് ഐ.ഡി: 2324517)
സന്ദര്‍ശക കൗണ്ടര്‍ : 15