പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
പോസ്റ്റഡ് ഓണ്:
16 OCT 2026 4:28PM by PIB Thiruvananthpuram
സാങ്കേതികവിദ്യാധിഷ്ഠിതവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമായ ബിസിനസ് അന്തരീക്ഷത്തിൽ നേതൃത്വശേഷി ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന പരിചയസമ്പന്നരായ അന്താരാഷ്ട്ര പ്രൊഫഷണലുകൾക്കായി ആഗോള എംബിഎ (Global MBA) ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ), ആക്സെഞ്ചർ ലേൺവാന്റേജുമായി സഹകരിക്കുന്നു. പഠനം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവയിലൂടെ വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ പ്രതിഭകളെ വികസിപ്പിക്കുന്നതിനുള്ള വിപുലവും ബഹുവർഷ അടിസ്ഥാനത്തിലെ തന്ത്രപരവുമായ സഹകരണത്തിന്റെ ഭാഗമാണ് ഈ പരിപാടി .

2027 മാർച്ചിൽ ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന രണ്ടുവർഷത്തെ ആഗോള എംബിഎ പ്രോഗ്രാം, ഐഐഎം കോഴിക്കോടിന്റെ അക്കാദമിക വൈദഗ്ധ്യവും ആക്സെഞ്ചർ ലേൺവാന്റേജിന്റെ വ്യവസായ മേഖലയിലെ ഉൾക്കാഴ്ചകളും സംയോജിപ്പിക്കും. മാനേജ്മെന്റ്, നേതൃത്വം, സാങ്കേതികവിദ്യ, ആഗോള ബിസിനസ് എന്നീ മേഖലകളെ ഉൾക്കൊള്ളുന്ന സമഗ്രമായ പഠനാനുഭവം ഈ പരിപാടിയിലൂടെ ഉറപ്പാക്കും.പ്രധാനമായും മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന എക്സിക്യൂട്ടീവുകൾ, പ്രൊഫഷണലുകൾ, സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ കൊച്ചിയിൽ പുതുതായി സ്ഥാപിച്ച ഐഐഎം കോഴിക്കോടിന്റെ അർബൻ ലേണിങ് സെന്റർ കേന്ദ്രീകരിച്ചായിരിക്കും ആഗോള എംബിഎ പ്രോഗ്രാം പ്രവർത്തിക്കുക.
നാല് സെമസ്റ്ററുകളിലായി ഏകദേശം 650 മണിക്കൂർ പഠനം ഈ പ്രോഗ്രാമിൽ ഉൾപ്പെടും. ഓൺലൈൻ പഠനം, ക്യാമ്പസ് അധിഷ്ഠിത പഠനാനുഭവങ്ങൾ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി നടത്തുന്ന അന്താരാഷ്ട്ര ശിൽപ്പശാലകൾ എന്നിവ സംയോജിപ്പിച്ചായിരിക്കും പഠനം നടത്തുക. കോഴിക്കോട് ഐഐഎമ്മിലെ അധ്യാപകർ, വ്യവസായ പ്രമുഖർ, മേഖലാ വിദഗ്ധർ എന്നിവരിൽനിന്ന് പഠിക്കാൻ അവസരം ലഭിക്കും. സമകാലിക മാനേജ്മെന്റ് രീതികൾ, ബിസിനസ് പരിവർത്തനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ചുള്ള പരിചയവും പ്രോഗ്രാമിലൂടെ ലഭിക്കും.
വിവിധ മേഖലകൾ ആസ്പദമാക്കിയുള്ള പഠനവും വൈവിധ്യമാർന്ന കാഴ്ചപ്പാടുകളുടെ കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ആഗോള എംബിഎ പ്രോഗ്രാമിൽ പ്രോജക്ടുകൾ, കേസ് സ്റ്റഡികൾ, അക്കാദമിക ആശയങ്ങളെ പ്രായോഗിക ബിസിനസ് വെല്ലുവിളികളുമായി ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള പഠനാനുഭവങ്ങൾ എന്നിവ ഉൾപ്പെടുത്തും. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐഎം കോഴിക്കോട് എംബിഎ ബിരുദം നൽകുകയും അവർ സ്ഥാപനത്തിന്റെ പൂർവവിദ്യാർഥി സമൂഹത്തിൽ അംഗങ്ങളാകുകയും ചെയ്യും.
ഐഐഎം കോഴിക്കോടും ആക്സെഞ്ചർ ലേൺവാന്റേജും തമ്മിലുള്ള വിപുലമായ സഹകരണത്തിന്റെ ആദ്യപടിയാണ് ഈ പ്രോഗ്രാമിന്റെ സമാരംഭം. നാല് പ്രധാന മേഖലകളിലായിരിക്കും ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കുക: അക്കാദമിക വൈദഗ്ധ്യത്തെ അന്താരാഷ്ട്ര കാഴ്ചപ്പാടുകളുമായും വ്യവസായ പ്രസക്തിയുമായും സംയോജിപ്പിക്കുന്ന ആഗോള പഠന പ്രോഗ്രാമുകൾ; ഭാവിക്ക് അനുയോജ്യമായ കഴിവുകൾ വളർത്തുന്നതിനുള്ള പ്രതിഭാശേഷി വികസനവും നേതൃത്വ വികസനവും; തത്സമയ പ്രോജക്ടുകൾ, പ്രായോഗിക പരിചയമുള്ള വിദഗ്ധരുടെ പങ്കാളിത്തം, നൂതനാശയങ്ങൾ എന്നിവയിലൂടെയുള്ള വ്യവസായ സംയോജിത പഠനം; ബിസിനസ്, സാമൂഹിക മേഖലകളിൽ ഉയർന്നുവരുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള ഗവേഷണം, നൂതനാശയങ്ങൾ, സംരംഭകത്വം എന്നിവ.
പ്രോഗ്രാം ആരംഭിക്കുന്നതിനെക്കുറിച്ച് ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി ഇപ്രകാരം അഭിപ്രായപ്പെട്ടു :
“വ്യക്തമായ ദിശാബോധത്തോടൊപ്പം വിശകലനപരമായ കണിശത, നൂതനാശയങ്ങൾ, മനുഷ്യകേന്ദ്രീകൃത നേതൃത്വം എന്നിവയിലൂടെ സങ്കീർണതകളെ കൈകാര്യം ചെയ്യാനുള്ള കഴിവ് സമന്വയിപ്പിച്ചുകൊണ്ട് ‘ദീർഘവീക്ഷണമുള്ള പ്രായോഗികവാദികളെ’ (visionary pragmatists) രൂപപ്പെടുത്തുന്നതിനായാണ് ആഗോള എംബിഎ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൈരുദ്ധ്യമുള്ള മുൻഗണനകളെ സമന്വയിപ്പിക്കാനുള്ള കഴിവ് നേതൃത്വത്തിന് കൂടുതൽ ആവശ്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്, മികവും തുല്യതയും, വിവരാധിഷ്ഠിത തീരുമാനങ്ങളും സഹാനുഭൂതിയും, ലാഭക്ഷമതയും ലക്ഷ്യബോധവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് ആധുനിക ബിസിനസിലെ വൈരുധ്യങ്ങളെ കൈകാര്യം ചെയ്യാൻ ഈ പ്രോഗ്രാം പ്രൊഫഷണലുകളെ സജ്ജരാക്കും. പരമ്പരാഗത മാനേജ്മെന്റ് സമീപനങ്ങൾക്കപ്പുറം ചിന്തിക്കാനും സ്ഥാപനങ്ങൾക്കും സമൂഹത്തിനും ദീർഘകാല മൂല്യം സൃഷ്ടിക്കാനും കഴിയുന്ന നേതാക്കളെ വികസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.”
ആക്സെഞ്ചർ ലേൺവാന്റേജ് ഏഷ്യ–ഓഷ്യാനിയ, മിഡിൽ ഈസ്റ്റ് വിഭാഗം മാനേജിങ് ഡയറക്ടർ അനുരാഗ് ബൻസാൽ ഇങ്ങനെ പറഞ്ഞു:
“ബിസിനസ് സംവിധാനത്തിന്റെ വേഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, തന്ത്രജ്ഞത , സാങ്കേതികവിദ്യ, സർഗാത്മകശേഷി എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് മാറ്റങ്ങളെ അവസരങ്ങളാക്കി മാറ്റാൻ കഴിയുന്ന നേതാക്കളെയാണ് സ്ഥാപനങ്ങൾക്ക് ആവശ്യം. ഐഐഎം കോഴിക്കോടുമായുള്ള ഞങ്ങളുടെ സഹകരണത്തിലൂടെ, ആഗോളതലത്തിലെ അക്കാദമിക മികവിനെ യഥാർഥ വ്യവസായ അനുഭവങ്ങളിൽനിന്നുള്ള ഉൾക്കാഴ്ചകളുമായി സംയോജിപ്പിക്കുന്നു . ഇതിലൂടെ, കൂടുതൽ ആഗോളവൽക്കരിക്കപ്പെടുകയും സാങ്കേതികവിദ്യാധിഷ്ഠിതമാവുകയും ചെയ്യുന്ന സമ്പദ്വ്യവസ്ഥയിൽ നൂതനാശയങ്ങൾക്ക് നേതൃത്വം നൽകാനും മൂല്യം സൃഷ്ടിക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനും ആവശ്യമായ നേതൃത്വശേഷി വികസിപ്പിക്കാൻ പ്രൊഫഷണലുകളെ സഹായിക്കാനാകും.”
യോഗ്യതയും പ്രവേശനവും:
അപേക്ഷകർ കുറഞ്ഞത് 50 ശതമാനം ആകെ മാർക്കോടെ ബിരുദം നേടിയവരായിരിക്കണം. കൂടാതെ, ബിരുദാനന്തരമായി മാനേജീരിയൽ, സംരംഭകത്വ, പ്രൊഫഷണൽ മേഖലകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ആമുഖപ്രസ്താവനയുടെ (Statement of Purpose) വിലയിരുത്തലും അഭിമുഖവും ഉൾപ്പെടുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ വഴിയാണ് പഠിതാക്കളെ തിരഞ്ഞെടുക്കുന്നത്
****