നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

100 ഹോട്ട്‌സ്‌പോട്ട് ജില്ലകളിലെ തീർപ്പാകാതെ കിടക്കുന്ന ക്രിമിനൽ കേസുകൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ നാഷണൽ ലോ യൂണിവേഴ്സിറ്റികളുടെ സഹായം തേടുന്നു

പോസ്റ്റഡ് ഓണ്‍: 14 OCT 2026 8:43PM by PIB Thiruvananthpuram
ജില്ലാകോടതികളിലും കീഴ്ക്കോടതികളിലും തീർപ്പാകാതെ കിടക്കുന്ന കേസുകൾ പരിഹരിക്കുന്നതിനുള്ള നിർണായക നീക്കമെന്ന നിലയിൽ, വലിയ തോതിൽ കേസുകൾ കെട്ടിക്കിടക്കുന്ന പ്രത്യേക ശ്രദ്ധ ആവശ്യമുള്ള (hotspot) ജില്ലകൾ കണ്ടെത്തി, ലക്ഷ്യബോധത്തോടെ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം തീരുമാനിച്ചു. അതനുസരിച്ച്, കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്‌വാളിൻ്റെ നിർദ്ദേശപ്രകാരം, ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്ന  രാജ്യത്തെ 100 ജുഡീഷ്യൽ ജില്ലകൾ കേന്ദ്രീകരിച്ച്, നിയമ വകുപ്പ് രാജ്യവ്യാപകമായ ഗവേഷണാധിഷ്ഠിത ദൗത്യത്തിന് തുടക്കമിട്ടു. 
 
രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന 5.8 കോടിയിലധികം കേസുകളിൽ ഭൂരിഭാഗവും ജില്ലാ, കീഴ്ക്കോടതികളിലാണ്. കൂടാതെ, കണ്ടെത്തിയ 100 ജില്ലകളിൽ , കെട്ടിക്കിടക്കുന്ന കേസുകളുടെ പകുതിയിലധികവും ജില്ലാ കോടതികളിലാണ്.

പദ്ധതിയുടെ ഭാഗമായി, 16 സംസ്ഥാനങ്ങളിലെ 19 
നാഷണൽ ലോ യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർമാരുമാരുടെ യോഗം വിളിച്ചുചേർത്തു. വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം ചേർന്നത്. നിയമ-നീതിന്യായ വകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കേന്ദ്ര ജസ്റ്റിസ് വകുപ്പ് സെക്രട്ടറി, ഡയറക്ടർ ജനറൽ (അവാർഡ്‌സ്), ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് (BPR&D) ഡയറക്ടർ ജനറൽ, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) ഡയറക്ടർ ജനറൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ നേരിട്ട് യോഗത്തിൽ പങ്കെടുത്തു.

ചർച്ചകൾക്കിടയിൽ, തുടർനടപടികളുടെ പ്രസക്തി നഷ്ടപ്പെട്ട കേസുകൾ 
(infructuous cases) കണ്ടെത്തൽ, കേസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കൽ (case profiling), ബദൽ പരിഹാര മാർഗ്ഗങ്ങൾ (ADR), കേസ് മാറ്റിവെക്കലുകൾ (adjournments) നിയന്ത്രിക്കൽ, കുറ്റസമ്മതം നടത്തി ശിക്ഷയിൽ ഇളവ് നേടൽ (plea bargaining), മധ്യസ്ഥത വഴിയുള്ള ഒത്തുതീർപ്പുകൾ, സംക്ഷിപ്‌ത വിചാരണാ നടപടികൾ (summary trial) തുടങ്ങിയ വിവിധ ബദൽ മാർഗ്ഗങ്ങൾ ചർച്ച ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലെ കേസുകൾ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച്, താഴെത്തട്ടിലുള്ള വിശകലനം നടത്തുന്നതിനും ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള സാധ്യമായ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി നാഷണൽ ലോ യൂണിവേഴ്സിറ്റികൾക്ക് അവരുടെ സൗജന്യ നിയമസഹായ ക്ലബ്ബുകളെ(pro bono clubs)യും ഗവേഷകരെയും വിദ്യാർത്ഥികളെയും ഫലപ്രദമായി വിനിയോഗിക്കാമെന്നും വ്യക്തമാക്കി.

മുന്നോട്ടുള്ള വഴിയെന്ന നിലയിൽ, ഓരോ ജില്ലയുടെയും സവിശേഷമായ അവസ്ഥ വിലയിരുത്തി കേസ് വൈകുന്നതിൻ്റെ പ്രധാന കാരണങ്ങൾ കണ്ടെത്താനും, ഈ 100 ജില്ലകൾക്കായി കേന്ദ്രീകൃത സമീപനം വികസിപ്പിക്കാനും കേസുകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കുന്നതിന് പ്രായോഗികമായ സംവിധാനങ്ങൾ നിർദ്ദേശിക്കാനും നാഷണൽ ലോ യൂണിവേഴ്സിറ്റികളോട് അഭ്യർത്ഥിച്ചു. രാജ്യസേവനത്തിനായി തങ്ങൾ സജ്ജരാണെന്നും, ഈ ദൗത്യത്തിൽ സജീവമായി പങ്കുചേരുമെന്നും എല്ലാ നാഷണൽ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർമാരും ഉറപ്പുനൽകി.

2047-ഓടെ എല്ലാവർക്കും പ്രാപ്യവും കാര്യക്ഷമവും ചെലവു കുറഞ്ഞതും നിഷ്പക്ഷവും വേഗത്തിലുള്ളതും ജനകീയവുമായ നീതിന്യായ വിതരണ സംവിധാനം ഉറപ്പാക്കുന്ന, വികസിത് ഭാരതം  സാധ്യമാക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ആവർത്തിച്ചു വ്യക്തമാക്കിയാണ്  ശ്രീ  അർജുൻ റാം മേഘ്‌വാൾ യോഗം ഉപസംഹരിച്ചത്.
 
****
 

( റിലീസ് ഐ.ഡി: 2323681) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी