പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

റിപ്പബ്ലിക് ദിന ക്യാമ്പ് 2027-ലേക്കുള്ള പ്രവേശന മത്സരങ്ങൾ കോഴിക്കോട് സമാപിച്ചു

പോസ്റ്റഡ് ഓണ്‍: 13 OCT 2026 8:41PM by PIB Thiruvananthpuram
കേരള, ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിൻ്റെ റിപ്പബ്ലിക് ദിന ക്യാമ്പ് (RDC) 2027-ലേക്കുള്ള ഇൻ്റർ-ഗ്രൂപ്പ് മത്സരങ്ങൾ കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പിന് കീഴിലുള്ള 30 കേരള ബറ്റാലിയൻ എൻ.സി.സി.യുടെ നേതൃത്വത്തിൽ കോഴിക്കോട് ഗ്രൂപ്പ് പരിശീലന കേന്ദ്രത്തിൽ 2026 ഒക്ടോബർ 5 മുതൽ 14 വരെ സംഘടിപ്പിച്ചു.
 
 
 
കേരള, ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിന് കീഴിലുള്ള അഞ്ച് എൻ.സി.സി. ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ചെത്തിയ കേഡറ്റ് ടീമുകൾ ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തു. ഡ്രിൽ, സാംസ്കാരിക പരിപാടികൾ, ഫ്ലാഗ് ഏരിയ, ബെസ്റ്റ് കേഡറ്റ്, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം (YEP) തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി കേഡറ്റുകൾ മാറ്റുരച്ചു. എല്ലാ മത്സര ഇനങ്ങളിലും ഉയർന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾ അർപ്പണബോധം, അച്ചടക്കം, ഒത്തൊരുമ, മത്സരവീര്യം എന്നിവ പ്രകടിപ്പിച്ചു.
 
 
 
2027-ലെ റിപ്പബ്ലിക് ദിന ക്യാമ്പിൽ (RDC-2027) കേരള, ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിനെ പ്രതിനിധീകരിക്കാൻ അർഹരായ കേഡറ്റുകളെ തിരഞ്ഞെടുക്കുക, 2026–27 പരിശീലന വർഷത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ബാനറിനായുള്ള മത്സരത്തിൽ അഞ്ച് എൻ.സി.സി. ഗ്രൂപ്പുകളിൽ വിജയികളെയും റണ്ണേഴ്‌സ് അപ്പിനെയും കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
 
 
2026 ഒക്ടോബർ 13-ന് സമ്മാനദാന ചടങ്ങ് നടന്നു. ചടങ്ങിൽ കേരള, ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എ. രാഗേഷ് വ്യക്തിഗത ഇനങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും, ടീം ഇനങ്ങളിലെ വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്തു. അഞ്ച് ഗ്രൂപ്പുകളിൽ എറണാകുളം ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ മന്ത്രിയുടെ ബാനറിനായുള്ള ചാമ്പ്യൻഷിപ്പ് ട്രോഫി സ്വന്തമാക്കി. കൊല്ലം ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പങ്കെടുത്ത കേഡറ്റുകളുടെയും ടീമുകളുടെയും മികച്ച പ്രകടനം, അർപ്പണബോധം, മത്സരവീര്യം എന്നിവ ചടങ്ങിൽ അഭിനന്ദിക്കപ്പെട്ടു.
 
കേഡറ്റുകൾക്ക് അവരുടെ നേതൃപാടവം, ശാരീരികക്ഷമത, സാംസ്കാരിക പ്രതിഭ, ആശയവിനിമയ ശേഷി, സമഗ്രമായ മികവ് എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള വിലപ്പെട്ട വേദിയാണ് ഈ മത്സരം ഒരുക്കിയത്. ദേശീയതലത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ നാഷണൽ കേഡറ്റ് കോർപ്സിൻ്റെ ഉയർന്ന നിലവാരവും പാരമ്പര്യവും ഉയർത്തിപ്പിടിക്കാൻ പ്രാപ്തിയുള്ള മികച്ച കേഡറ്റുകളെ കണ്ടെത്തുന്നതിന് കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയ സഹായകമായി.
 
യുവജനങ്ങൾക്കിടയിൽ അച്ചടക്കം, നേതൃപാടവം, ദേശീയോദ്ഗ്രഥനം, സേവനമനോഭാവം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള എൻ.സി.സി.യുടെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ പരിപാടി പ്രതിഫലിപ്പിച്ചത്. കേഡറ്റുകളുടെ ആവേശകരമായ പങ്കാളിത്തവും പ്രശംസനീയമായ പ്രകടനങ്ങളും, ദേശീയതലത്തിലെ പ്രധാന പരിപാടികൾക്കായി കേഡറ്റുകളെ സജ്ജരാക്കുന്നതിൽ മത്സരത്തിൽ പങ്കെടുത്ത എൻ.സി.സി. ഗ്രൂപ്പുകളുടെ അർപ്പണബോധവും പരിശീലകസംഘത്തിൻ്റെ കൂട്ടായ പരിശ്രമങ്ങളും എടുത്തുകാട്ടി.
 
കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പിൻ്റെ മേൽനോട്ടത്തിൽ 30 കേരള ബറ്റാലിയൻ എൻ.സി.സി. വിജയകരമായി സംഘടിപ്പിച്ച ഈ മത്സരം, ആർ.ഡി.സി.-2027-ലേക്കുള്ള ഡയറക്ടറേറ്റിൻ്റെ തയ്യാറെടുപ്പുകളിലും 2026–27 വർഷത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ബാനറിനായുള്ള വാർഷിക വിലയിരുത്തലിലും നിർണായകമായ നാഴികക്കല്ലായി.
 
****

( റിലീസ് ഐ.ഡി: 2322989) സന്ദര്‍ശക കൗണ്ടര്‍ : 33
ഈ റിലീസ് വായിക്കുക: English