പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ലക്ഷദ്വീപിനെ സമ്പൂർണ സാക്ഷരത കൈവരിച്ച കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു
പ്രത്യേക അധ്യാപന, മൂല്യനിർണയ യജ്ഞങ്ങൾക്കൊടുവിൽ യോഗ്യരായ എല്ലാ പഠിതാക്കളും സാക്ഷരതാ വിലയിരുത്തൽ പരീക്ഷയിൽ വിജയിച്ചു;
പ്രാരംഭ സർവേയിൽ നിരക്ഷരരായ 1,113 മുതിർന്ന വ്യക്തികളെ കണ്ടെത്തിയിരുന്നു
പോസ്റ്റഡ് ഓണ്‍:
12 OCT 2026 6:09PM by PIB Thiruvananthpuram
കവരത്തി, 11 ഒക്ടോബർ 2026: ‘ഉല്ലാസ് – നവഭാരത് സാക്ഷരതാ പരിപാടി’യിലൂടെ സമ്പൂർണ സാക്ഷരത കൈവരിച്ച ലക്ഷദ്വീപിനെ, നൂറു ശതമാനം സാക്ഷരത നേടിയ കേന്ദ്രഭരണ പ്രദേശമായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഞായറാഴ്ച പ്രഖ്യാപിച്ചു.
കവരത്തിയിലെ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ, വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അഡ്മിനിസ്ട്രേറ്റർ നിർവഹിച്ചു.
വിദ്യാഭ്യാസ വകുപ്പിൻ്റെ കണക്കനുസരിച്ച്, ദ്വീപുകളിലുടനീളം നടത്തിയ പ്രാരംഭ സർവേയിൽ നിരക്ഷരരായ 1,113 മുതിർന്ന വ്യക്തികളെ കണ്ടെത്തിയിരുന്നു. തുടർന്ന്, ഇവർക്ക് അടിസ്ഥാന സാക്ഷരതയും സംഖ്യാജ്ഞാനവും ഉറപ്പാക്കുന്നതിനായി തീവ്രമായ അധ്യാപന, മൂല്യനിർണയ യജ്ഞങ്ങൾ സംഘടിപ്പിച്ചു.
നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ സാധിക്കാത്തതോ അവിടെയെത്തുന്നതിൽ വിമുഖത കാണിക്കുന്നതോ ആയ പഠിതാക്കൾക്കായി വീടുകളിലെത്തി നേരിട്ട് മൂല്യനിർണയം നടത്താൻ അധ്യാപകരും സൂപ്പർവൈസർമാരും സന്നദ്ധരായി മുന്നോട്ടുവന്നു. യോഗ്യരായ എല്ലാ പഠിതാക്കളും മൂല്യനിർണയ പ്രക്രിയ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തുടർ മൂല്യനിർണയങ്ങളും പുനഃപരീക്ഷകളും സംഘടിപ്പിച്ചു.
യോഗ്യരായ എല്ലാ പഠിതാക്കളും ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമറസി അസസ്മെൻ്റ് ടെസ്റ്റ് (FLNAT) വിജയിച്ചതായും, ഇതിലൂടെ 'ഉല്ലാസ്' പദ്ധതിക്ക് കീഴിൽ സമ്പൂർണ സാക്ഷരതാ പദവി കൈവരിക്കാൻ ലക്ഷദ്വീപിന് സാധിച്ചതായും വകുപ്പ് അറിയിച്ചു.
ദ്വീപുകളിലുടനീളം മുതിർന്ന ആളുകൾക്കിടയിലെ സാക്ഷരതാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ലക്ഷദ്വീപ് ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, അധ്യാപകർ, സന്നദ്ധപ്രവർത്തകർ, താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ജീവനക്കാർ എന്നിവർ ഏകോപിതമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്.
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേന്ദ്രാവിഷ്കൃത പദ്ധതിയായി നടപ്പാക്കുന്ന 'ഉല്ലാസ്', 15 വയസ്സും അതിനുമുകളിലും പ്രായമുള്ള നിരക്ഷരരായ വ്യക്തികൾക്ക് അടിസ്ഥാന സാക്ഷരതയും സംഖ്യാജ്ഞാനവും ആജീവനാന്ത പഠനാവസരങ്ങളും ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.
ചടങ്ങിൽ, ആന്ത്രോത്തിലെ സോളാർ പവർ പ്ലാൻ്റ്, കിൽത്താൻ, കടമത്ത്, ചെത്‌ലത്ത് എന്നിവിടങ്ങളിലെ പെട്രോളിയം ഔട്ട്‌ലെറ്റുകൾ, കിൽത്താൻ, മിനിക്കോയ്, കവരത്തി, ചെത്‌ലത്ത്, അമിനി എന്നിവിടങ്ങളിലെ നന്ദ് ഘറുകൾ എന്നിവയുടെ ഉദ്ഘാടനവും അഡ്മിനിസ്ട്രേറ്റർ നിർവഹിച്ചു. കൂടാതെ, കേന്ദ്ര സർക്കാർ പദ്ധതികൾക്ക് കീഴിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സഹായ ഉപകരണങ്ങളും വിതരണം ചെയ്തു.
*****
( റിലീസ് ഐ.ഡി: 2322399)
സന്ദര്‍ശക കൗണ്ടര്‍ : 10