പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സുസ്ഥിര ചെറുകിട മത്സ്യബന്ധനത്തിനായുള്ള ദേശീയ പ്രവർത്തന പദ്ധതി: കേരളത്തിൽ കൂടിയാലോചന നടത്തി

പോസ്റ്റഡ് ഓണ്‍: 10 OCT 2026 4:52PM by PIB Thiruvananthpuram

കൊച്ചി: ഇന്ത്യയുടെ സുസ്ഥിര ചെറുകിട മത്സ്യബന്ധനത്തിനായുള്ള ദേശീയ കർമപദ്ധതി (National Plan of Action for Securing Sustainable Small-Scale Fisheries – NPOA-SSF) രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മത്സ്യബന്ധന സമൂഹങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും മുൻഗണനകളും ഉൾപ്പെടുത്തുന്നതിനായി കൊച്ചിയിലെ ഐസിഎആർ– സിഫ്റ്റിൽ (ICAR-CIFT) ഇന്ന് കൂടിയാലോചന സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ അഭിപ്രായങ്ങൾ, ആശങ്കകൾ, ആവശ്യങ്ങൾ, മുൻഗണനകൾ എന്നിവ ദേശീയ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

 

സുസ്ഥിര ചെറുകിട മത്സ്യബന്ധനം ഉറപ്പാക്കുന്നതിനായി മത്സ്യത്തൊഴിലാളികളുടെയും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ തേടി ദേശീയ പ്രവർത്തന പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി കൂടിയാലോചനകൾ സംഘടിപ്പിച്ചുവരുന്നു. ബേ ഓഫ് ബംഗാൾ പ്രോഗ്രാം- ഇന്റർ-ഗവൺമെന്റൽ ഓർഗനൈസേഷൻ സംഘടനയാണ് (BOBP-IGO) കൂടിയാലോചനാ പ്രക്രിയയ്ക്ക് നേതൃത്വം നൽകുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്.

മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ യഥാർഥ ജീവിതസാഹചര്യങ്ങളും അവർ നേരിടുന്ന പ്രശ്നങ്ങളും ദേശീയ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇതിനായി തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമൂഹാധിഷ്ഠിത സംഘടനകളുടെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടത്തുന്നു. മത്സ്യത്തൊഴിലാളി സമൂഹങ്ങളിൽനിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ദേശീയ ദൗത്യസംഘം ഏകോപിപ്പിച്ച് സുസ്ഥിര ചെറുകിട മത്സ്യബന്ധനത്തിനായുള്ള ദേശീയ പ്രവർത്തന പദ്ധതി (NPOA-SSF) തയ്യാറാക്കും.രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിലും ദ്വീപ് പ്രദേശങ്ങളിലുമായി 20-ലധികം ഏകദിന കൂടിയാലോചനാ പരിപാടികൾ സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നു.

ചെറുകിട മത്സ്യബന്ധന മേഖലയിലെ പ്രധാന പ്രശ്നങ്ങളായ മത്സ്യസമ്പത്തിലേക്കുള്ള പ്രവേശനം, സുസ്ഥിര മത്സ്യബന്ധന പരിപാലനം, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ, ലിംഗസമത്വം, കാലാവസ്ഥാ വ്യതിയാനം, ദുരന്തസാധ്യതാ നിവാരണം തുടങ്ങിയ വിഷയങ്ങൾ നിർദിഷ്ട പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടും. മത്സ്യത്തൊഴിലാളികൾ, ബോട്ട് ജീവനക്കാർ, പങ്കാളിത്താടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, കുടിയേറ്റ മത്സ്യത്തൊഴിലാളികൾ, മത്സ്യവിൽപ്പനക്കാർ, ഉണക്കമത്സ്യ സംസ്കരണ മേഖലയിലുള്ളവർ, സ്ത്രീകൾ, യുവജനങ്ങൾ തുടങ്ങി മത്സ്യബന്ധന മേഖലയിലെ വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനാണ് കൂടിയാലോചന ലക്ഷ്യമിടുന്നത്.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO) തയ്യാറാക്കിയ സുസ്ഥിര ചെറുകിട മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുള്ള സ്വമേധയാ മാർഗനിർദേശങ്ങൾ (Voluntary Guidelines for Securing Sustainable Small-Scale Fisheries), ഇന്ത്യയുടെ ദേശീയ സമുദ്ര മത്സ്യബന്ധന നയം, 2017 (National Policy on Marine Fisheries, 2017) എന്നിവയ്ക്ക് അനുസൃതമായാണ് ഈ സംരംഭം മുന്നോട്ടുപോകുന്നത്. കൂടിയാലോചനയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും NPOA-SSF രൂപീകരണത്തിന് സഹായകമാകും.

പരിപാടിയുടെ ഉദ്ഘാടന സെഷനിൽ സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ; എക്സ്റ്റൻഷൻ ഇൻഫർമേഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. നികിത ഗോപാൽ; ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫിഷർ ഓർഗനൈസേഷൻസ് (FIFO) പ്രസിഡന്റ് ആൻഡ് സി.ഇ.ഒ.  വിൻസെന്റ് ജെയിൻ ജോസഫ് എന്നിവർ സംസാരിച്ചു.

മത്സ്യ മേഖലയിലെ വിവിധ വിഭാഗങ്ങളിൽനിന്നായി ഏകദേശം 50 പേർ പരിപാടിയിൽ പങ്കെടുത്തു. ചെറുകിട മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങളും മുൻഗണനകളും സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കാളികൾ പങ്കുവച്ചു.

NPOA-SSF-ന്റെ കരട് 2026 നവംബർ 21-ന് ലോക മത്സ്യബന്ധന ദിനത്തിൽ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് പൊതുജനാഭിപ്രായങ്ങൾ തേടുകയും കരട് അന്തിമമാക്കി 2027-ൽ ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുകയും ചെയ്യും.

 

***


( റിലീസ് ഐ.ഡി: 2321747) സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക: English