പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
സുഗന്ധവ്യഞ്ജന മേഖലയ്ക്ക് കരുത്തേകാൻ 'ഭാരത് സ്പൈസ് മാപ്പ്': ലക്ഷ്യം സ്വയംപര്യാപ്തതയും ആഗോള വിപണിയും
പോസ്റ്റഡ് ഓണ്:
09 OCT 2026 6:45PM by PIB Thiruvananthpuram
കൊച്ചി, 9 ഒക്ടോബർ: ഇന്ത്യയുടെ സുഗന്ധവ്യഞ്ജന മേഖല ഉയർന്ന വിപണി മൂല്യമുള്ള മൂല്യവർദ്ധിതഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയത്തിലെ കാർഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പ് (DARE) അഡിഷണൽ സെക്രട്ടറിയും ഐ.സി.എ.ആറിന്റെ (ICAR) സെക്രട്ടറിയുമായ ശ്രീ ജ്ഞാനേന്ദ്ര ഡി. ത്രിപാഠി ഐ.എ.എസ്. അഭിപ്രായപ്പെട്ടു.
സ്പൈസസ് ബോർഡും ഐ.സി.എ.ആർ - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചും (IISR) സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിച്ച 'ഭാരത് സ്പൈസ് മാപ്പ്: ആത്മനിർഭരതയ്ക്കും ആഗോള വിപണികൾക്കുമായി ഇന്ത്യയുടെ സുഗന്ധവ്യഞ്ജന വൈവിധ്യം രേഖപ്പെടുത്തൽ' ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര-ആഗോള വിപണികളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് വിപ്ലവകരവും മൂല്യവർധിതവുമായ ഉൽപ്പന്നങ്ങൾ എത്തിക്കുന്ന പ്രധാന വിതരണക്കാരായി ഇന്ത്യൻ സുഗന്ധവ്യഞ്ജന രംഗം വളരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ സംസാരിച്ച സ്പൈസസ് ബോർഡ് സെക്രട്ടറി ശ്രീ എം. എസ്. മണിവണ്ണൻ ഐ.എ.എസ്., പദ്ധതിയുടെ ലക്ഷ്യങ്ങൾ വ്യക്തമാക്കി. "ഇന്ത്യയുടെ സുഗന്ധവ്യഞ്ജന സമ്പത്തിനെ ഭൂമിശാസ്ത്രപരമായി അടയാളപ്പെടുത്തുന്നതിനപ്പുറം, ആഗോള വിപണിക്ക് ആവശ്യമായ ഇനങ്ങളെ കണ്ടെത്താനും സംരക്ഷിക്കാനും മൂല്യവർധനവ് നടത്താനും സഹായിക്കുന്ന വിജ്ഞാന സംവിധാനം രൂപീകരിക്കുകയാണ് 'ഭാരത് സ്പൈസ് മാപ്പിന്റെ' ലക്ഷ്യം. ഇതിലൂടെ കർഷകർക്കും വ്യവസായ മേഖലയ്ക്കും പിന്തുണ നൽകാനും, അനാവശ്യ ഇറക്കുമതി കുറച്ച് കയറ്റുമതി വർദ്ധിപ്പിക്കാനും സാധിക്കും. ഉൽപ്പാദനത്തിൽ മാത്രമല്ല, ഗുണനിലവാരത്തിലും പുതിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വികസനത്തിലും ഇന്ത്യയെ ആഗോളതലത്തിൽ മുൻപന്തിയിലെത്തിക്കാൻ ഈ നീക്കം വഴിവെക്കും." അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഭാരത് സ്പൈസ് മാപ്പ്' പദ്ധതിയുടെ വ്യാപ്തി, പ്രവർത്തനരീതി എന്നിവയെക്കുറിച്ചും, ജിയോ-സ്പേഷ്യൽ സാങ്കേതികവിദ്യകളും വിവരശേഖരണവും പ്രയോജനപ്പെടുത്തി സുഗന്ധവ്യഞ്ജന മൂല്യശൃംഖല ശക്തമാക്കുന്നത് എങ്ങനെയെന്നും സെമിനാർ ചർച്ച ചെയ്തു. ആഭ്യന്തര വിഭവ ലഭ്യതയും ആഗോള വിപണിയിൽ ഇന്ത്യയുടെ മത്സരശേഷിയും മെച്ചപ്പെടുത്താനുള്ള സാധ്യതകളും യോഗം വിലയിരുത്തി. നയരൂപകർത്താക്കൾ, കാർഷിക ശാസ്ത്രജ്ഞർ, ഗവേഷകർ, കയറ്റുമതി വ്യാപാരികൾ വ്യവസായ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ സെമിനാറിൽ പങ്കെടുത്തു.
ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം ചെയർമാൻ നിശേഷ് ഷായുടെ അധ്യക്ഷതയിലാണ് 'റിഫോം ഉത്സവ് ഇനിഷ്യേറ്റീവ് ആന്റ് ഇന്റർവെൻഷൻസ് ഫോർ ജിയോസ്പേഷ്യൽ മാപ്പിംഗ്' എന്ന ആദ്യ സാങ്കേതിക സെഷൻ നടന്നത്. സുഗന്ധവ്യഞ്ജന മേഖലയുടെ കൃത്യമായ ആസൂത്രണത്തിന് ജിയോ-സ്പേഷ്യൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്തു. സ്പൈസസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ നിതിൻ ജോ ഭാരത് സ്പൈസ് മാപ്പ് പദ്ധതിയെക്കുറിച്ചും ബോർഡിന്റെ മറ്റ് പദ്ധതികളെക്കുറിച്ചും സംസാരിച്ചു. ഐ.ഐ.എസ്.ആർ (IISR) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി. ഇ. ഷീജ ഇന്ത്യയിലെ സുഗന്ധവ്യഞ്ജന വൈവിധ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.
നിലവിലെ വിവിധ ജിയോ-സ്പേഷ്യൽ പദ്ധതികളുടെ സാധ്യതകളും സെഷൻ വിലയിരുത്തി. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള പ്രതിനിധി ഡോ. രാധാകൃഷ്ണൻ ടി. കോംപ്രിഹെൻസീവ് റബ്ബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോമിന്റെ പ്രവർത്തനരീതി വിശദീകരിക്കുകയും സുഗന്ധവ്യഞ്ജന മേഖലയിൽ സമാനമായ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ബിസാഗ്-എൻ (BISAG-N) ഡയറക്ടർ ശ്രീ അജയ് പട്ടേൽ 'പി.എം ഗതിശക്തി' പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും സംയോജിത ആസൂത്രണത്തിൽ ജിയോ-സ്പേഷ്യൽ സാങ്കേതികവിദ്യയുടെ പങ്കിനെക്കുറിച്ചും സംസാരിച്ചു.
ഐ.ഐ.എസ്.ആർ ഡയറക്ടർ ഡോ. ആർ. ദിനേശിന്റെ അധ്യക്ഷതയിലാണ് രണ്ടാമത്തെ സാങ്കേതിക സെഷൻ നടന്നത്. മൂല്യവർദ്ധനവിനായി പ്രത്യേക ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന ഇനങ്ങളുടെ വ്യാവസായിക ആവശ്യകതയെക്കുറിച്ച് സെഷൻ ചർച്ച ചെയ്തു. അന്താരാഷ്ട്ര വിപണിക്ക് അനുയോജ്യമായ ഇനങ്ങൾ വികസിപ്പിക്കാനും, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ആവശ്യമായ നടപടികൾ യോഗം വിലയിരുത്തി.
മാനെ കാൻകോർ ഇൻഗ്രീഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഒയുമായ ശ്രീ ജീമോൻ കോര, സുഗന്ധതൈലങ്ങൾ, ഒലിയോറെസിനുകൾ, എക്സ്ട്രാക്ടുകൾ, ന്യൂട്രാസ്യൂട്ടിക്കലുകൾ എന്നിവയിലൂടെ കൈവരിക്കാവുന്ന ഉയർന്ന മൂല്യവർധനവിനെക്കുറിച്ചും ഇതിനാവശ്യമായ ഗുണമേന്മയുള്ള ഇനങ്ങളെക്കുറിച്ചും സംസാരിച്ചു. ആഭ്യന്തരആവശ്യങ്ങൾക്കും മൂല്യവർദ്ധന നടത്തിയശേഷമുള്ള കയറ്റുമതിക്കുമായി ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനുള്ള അവസരങ്ങളെക്കുറിച്ച് നെഡ്സ്പൈസ് പ്രൊസസിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സീനിയർ മാനേജർ ശ്രീ അരവിന്ദ് ജെ. ഷാ വിശദീകരിച്ചു.
ഹെർബൽ സുഗന്ധവ്യഞ്ജന മേഖലയിലെ വിജയകരമായ ഇടപെടലുകളെക്കുറിച്ചുള്ള പഠനം നീലഗിരിയിലെ ഹെൽത്ത് ഓഫ് പീപ്പിൾ & എൻവയോൺമെന്റ് (HOPE) സെക്രട്ടറി ശ്രീ ഉദയകുമാർ അവതരിപ്പിച്ചു. സർക്കാരും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണത്തിലൂടെ ആലപ്പി ടർമറിക്, കൊച്ചിൻ ജിഞ്ചർ എന്നീ മികച്ച ഇനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് കോഴിക്കോട് അരക്കനട്ട് ആന്റ് സ്പൈസസ് ഡെവലപ്മെന്റ് ഡയറക്ടറേറ്റ് (DASD) റിട്ട. ഡയറക്ടർ ഡോ. ഹോമി ചെറിയാൻ സംസാരിച്ചു.
സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ കൂടുതൽ സ്വയംപര്യാപ്തവും ഗുണമേന്മയുള്ളതും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ ഒരു സുഗന്ധവ്യഞ്ജന മേഖലയെ കെട്ടിപ്പടുക്കാൻ 'ഭാരത് സ്പൈസ് മാപ്പ്' പദ്ധതിയിലൂടെ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യത്തിനായി എല്ലാ മേഖലകളിൽ നിന്നുമുള്ള കൂട്ടായ പരിശ്രമവും സഹകരണവും തുടരണമെന്ന് അവർ ആവശ്യപ്പെട്ടു.
ശാസ്ത്രീയ വിജ്ഞാനവും ജിയോ-സ്പേഷ്യൽ സാങ്കേതികവിദ്യയും വ്യവസായ ആവശ്യകതകളും ഏകോപിപ്പിച്ച് സുഗന്ധവ്യഞ്ജന മേഖലയെ ശക്തിപ്പെടുത്താൻ ഭാരത് സ്പൈസ് മാപ്പ് വഴിതെളിയ്ക്കുമെന്ന് സെമിനാർ വിലയിരുത്തി. സുഗന്ധവ്യഞ്ജനങ്ങളുടെ ഇനം, ഗുണമേന്മ, നിറം, എരിവ് തുടങ്ങിയവ തിട്ടപ്പെടുത്തി കൃഷിമേഖലകളെ അടയാളപ്പെടുത്തുന്നത് വിപണിയിലെ വിവരലഭ്യത മെച്ചപ്പെടുത്തും. ഇത് മികച്ച ഇനങ്ങൾ തിരിച്ചറിയാനും, കയറ്റുമതിയും മൂല്യവർധനവും വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് സമ്മേളനം വ്യക്തമാക്കി. ശാസ്ത്രീയ വിവരങ്ങളും വിപണി ആവശ്യങ്ങളും ഏകോപിപ്പിച്ച് ആഗോളതലത്തിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ വിപണി വിപുലീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


***
( റിലീസ് ഐ.ഡി: 2321501)
സന്ദര്ശക കൗണ്ടര് : 23