ബഹിരാകാശ വകുപ്പ്
ലോക ബഹിരാകാശ വാരാഘോഷം: തുമ്പയിൽ നിന്ന് രോഹിണി (RH200) സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിച്ചു
പോസ്റ്റഡ് ഓണ്‍:
09 OCT 2026 4:59PM by PIB Thiruvananthpuram
ലോക ബഹിരാകാശ വാരാഘോഷങ്ങളുടെ ഭാഗമായി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ (VSSC) തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ (TERLS) നിന്ന് രോഹിണി (RH200) സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിച്ചു.

വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ 2500-ലധികം ആളുകളാണ് തുമ്പയിൽ എത്തിയത്.

കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ വിഎസ്എസ്‌സി (VSSC), ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC), ഐ.എസ്.ആർ.ഒ ഇന്നർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (IISU), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (IIST) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "റോക്കറ്റ് റെവല്യൂഷൻ" എന്ന പ്രമേയത്തിൽ ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോക ബഹിരാകാശ വാരം ആഘോഷിക്കുന്നത്.
ഒക്ടോബർ 6-ന് എൽ.പി.എസ്.സി. വലിയമലയിൽ നടന്ന ചടങ്ങിൽ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. “ബയോ ആസ്ട്രോനോട്ടിക്സിലെ മാറ്റങ്ങൾ” എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.

വി.എസ്.എസ്.സി ഡയറക്ടർ ഡോ. രാജീവ് യു.പി., വലിയമല എൽ.പി.എസ്.സി. ഡയറക്ടർ ശ്രീ എൻ. ജയൻ, ഐ.ഐ.എസ്.യു. ഡയറക്ടർ ശ്രീ ജോജി ജെ. ചമൻ, ഐ.ഐ.എസ്.ടി. വൈസ് ചാൻസലർ ഡോ. ദീപാങ്കർ ബാനർജി, വി.എസ്.എസ്.സി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജയകുമാർ എം., ഉദ്ഘാടന സമിതി അൾട്ടർനേറ്റ് ചെയർപേഴ്സൺ ശ്രീ അജിത് ബി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും ബഹിരാകാശ ശാസ്ത്രത്തിലുള്ള താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ നാല് കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞർ നയിക്കുന്ന ഓൺലൈൻ, ഓഫ്‍ലൈൻ സംവാദാത്മക പ്രഭാഷണങ്ങളും വാരാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6-ന് തിരുവനന്തപുരം കട്ടേല ഡോ. എ.എം.എം.ആർ. എച്ച്.എസ്.എസ് സ്കൂളിൽ വി.എസ്.എസ്.സി. അസോസിയേറ്റ് ഡയറക്ടർ ഡോ. ദീപീന്ദ്രൻ ബി. നിർവ്വഹിച്ചു.

വി.എസ്.എസ്.സി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജയകുമാർ എം, സ്കൂൾ പ്രിൻസിപ്പൽ ശ്രീ അരുൺ കുമാർ വൈ.ഡി., ഹെഡ്മാസ്റ്റർ ശ്രീ രവികുമാർ കെ., ലെക്ചർ അറ്റ് സ്കൂൾസ് കമ്മിറ്റി അൾട്ടർനേറ്റ് ചെയർപേഴ്സൺ ശ്രീ ആനന്ദ് പി.എം. എന്നിവർ പങ്കെടുത്തു.
ഒക്ടോബർ 7-ന് ഐ.ഐ.എസ്.യുവിൽ നടന്ന ചടങ്ങിൽ “അന്യഗ്രഹ ലോകങ്ങൾക്കായുള്ള തിരച്ചിൽ” (The great search for alien worlds) എന്ന വിഷയത്തിൽ ഐ.ഐ.എസ്.ടി. പ്രൊഫസർ ഡോ. ആനന്ദ് നാരായണൻ പ്രഭാഷണം നടത്തി. ഐ.ഐ.എസ്.യു. ഡയറക്ടർ ശ്രീ ജോജി ജെ. ചമൻ, അസോസിയേറ്റ് ഡയറക്ടർ ശ്രീമതി ഉഷ കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾക്കായി വീഡിയോ മത്സരങ്ങൾ ഉൾപ്പെടുന്ന “യുവർ സ്പേസ്” (Your Space) പരിപാടിയും പൊതുജന പങ്കാളിത്ത പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഒക്ടോബർ 10-ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വെച്ച് നടക്കുന്ന പൊതുജന പങ്കാളിത്ത പരിപാടിയിൽ എൽ.പി.എസ്.സി. ഡെപ്യൂട്ടി ഡയറക്ടർ ശ്രീ കിരൺ മോഹൻ “ബിയോണ്ട് ദി പേൽ ബ്ലൂ ഡോട്ട് (Beyond the Pale Blue Dot)” എന്ന വിഷയത്തിൽ സംസാരിക്കും.
തുടർന്ന് തിരുവനന്തപുരം ഐസർ (IISER) ഡയറക്ടർ പ്രൊഫ. ശ്രീനിവാസ മൂർത്തി ശ്രീനിവാസലു, ആസ്ട്രോ ബയോളജിയെക്കുറിച്ച് ഐ.ഐ.എസ്.ടിയിൽ പ്രഭാഷണം നടത്തും.
ലോക ബഹിരാകാശ വാരാഘോഷങ്ങളുടെ സമാപന സമ്മേളനം ഒക്ടോബർ 14-ന് നടക്കും. വി.എസ്.എസ്.സി. ഡയറക്ടർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഐ.ഐ.എസ്.ടി. വൈസ് ചാൻസലർ സമാപന സന്ദേശം നൽകും. എൽ.പി.എസ്.സി., ഐ.ഐ.എസ്.യു. ഡയറക്ടർമാർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.
***
SK
( റിലീസ് ഐ.ഡി: 2321385)
സന്ദര്‍ശക കൗണ്ടര്‍ : 50