പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

'ഭാരത് സ്പൈസ് മാപ്പ്': സ്പൈസസ് ബോർഡ് ദേശീയ സെമിനാർ കൊച്ചിയിൽ

പോസ്റ്റഡ് ഓണ്‍: 08 OCT 2026 5:11PM by PIB Thiruvananthpuram

കൊച്ചി, 08 ഒക്ടോബർ: റിഫോം ഉത്സവിന്റെ (Reform Utsav) ഭാഗമായി ഇന്ത്യയിലെ സുഗന്ധവ്യഞ്ജന വൈവിധ്യങ്ങളുടെ സമഗ്രമായ ദേശീയ വിവരശേഖരണ പ്ലാൻ തയ്യാറാക്കുന്നതിനായി 'ഭാരത് സ്പൈസ് മാപ്പ്: ആത്മനിർഭരതയ്ക്കും ആഗോള വിപണികൾക്കുമായി ഇന്ത്യയുടെ സുഗന്ധവ്യഞ്ജന വൈവിധ്യം രേഖപ്പെടുത്തൽ' (Bharat Spice Map) എന്ന വിഷയത്തിൽ സ്പൈസസ് ബോർഡും ഐ.സി.എ.ആർ - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചും (IISR) സംയുക്തമായി സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 09-ന് കൊച്ചിയിലാണ് പരിപാടി.

സുഗന്ധവ്യഞ്ജന വിതരണ ശൃംഖലയിലെ വിവരലഭ്യതയിലുള്ള കുറവുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് 'ഭാരത് സ്പൈസ് മാപ്പ്' പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാന സുഗന്ധവ്യഞ്ജന വിളകളുടെ മേഖല തിരിച്ചുള്ളതും ഇനം തിരിച്ചുള്ളതുമായ ലഭ്യത, അവയുടെ ഗുണമേന്മ എന്നിവ കൃത്യമായി രേഖപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഗവേഷണം,  ഉൽപ്പാദനം, വിതരണം, സംസ്‌കരണം, മൂല്യവർധനവ്, കയറ്റുമതി പ്രോത്സാഹനം എന്നിവയിൽ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന സമഗ്രമായ വിവരശേഖരം (Knowledge base) സൃഷ്ടിക്കുന്നതിനും അതുവഴി ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെയും   മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ശ്രീ എം എസ് മണിവണ്ണൻ ഐ എ എസ്, സെക്രട്ടറി, സ്പൈസസ് ബോർഡ്, അഡ്വ.. സംഗീത വിശ്വനാഥൻ, ചെയർപേഴ്സൺ, സ്പൈസസ് ബോർഡ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ  കൃഷി-കർഷക ക്ഷേമ മന്ത്രാലയത്തിലെ കാർഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പ് (DARE) അഡിഷണൽ സെക്രട്ടറിയും ഐ.സി.എ.ആറിന്റെ (ICAR) സെക്രട്ടറിയുമായ ശ്രീ ജ്ഞാനേന്ദ്ര ഡി. ത്രിപാഠി ഐ.എ.എസ്. പാലാരിവട്ടം മൺസൂൺ എംപ്രസ് ഹോട്ടലിൽ വെച്ച് പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രൊജക്റ്റിന്റെ വ്യാപ്തി, പ്രവർത്തനരീതി, പ്രധാന ഘടകങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കയറ്റുമതിക്കാർ, നയരൂപീകരണ വിദഗ്ദ്ധർ, കാർഷിക ശാസ്ത്രജ്ഞർ, ഗവേഷകർ, കർഷകർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും. വിവരലഭ്യതയിലെ വിടവുകൾ, സാങ്കേതിക ആവശ്യകതകൾ, 'ഭാരത് സ്പൈസ് മാപ്പ്' വികസിപ്പിക്കുന്നതിൽ സഹകരിക്കേണ്ട മേഖലകൾ എന്നിവ തിരിച്ചറിയാൻ ഈ ചർച്ചകൾ സഹായിക്കും.

വിവിധ പ്രദേശങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഇനങ്ങളും അവയുടെ ഗുണമേന്മകളും കൃത്യമായി രേഖപ്പെടുത്തുന്നതിലൂടെ മൂല്യവർധന സാധ്യതകൾ മെച്ചപ്പെടുത്താനും ഇന്ത്യയുടെ കയറ്റുമതി മത്സരശേഷി വർധിപ്പിക്കാനും ഈ പദ്ധതി കളമൊരുക്കും. വിവിധ അന്താരാഷ്ട്ര വിപണികളുടെ ആവശ്യങ്ങൾക്കനുസരിച്ച് മൂല്യവർധനവിന് അനുയോജ്യമായ സുഗന്ധവ്യഞ്ജന ഇനങ്ങളെയും ഉൽപ്പാദന കേന്ദ്രങ്ങളെയും എളുപ്പത്തിൽ തിരിച്ചറിയാൻ ഈ വിവരശേഖരത്തിലൂടെ സാധിക്കും. ഇത്  കയറ്റുമതി പ്രോത്സാഹനത്തിനും ആഗോള വിപണിയിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിനും വഴിവെക്കും.

സുഗന്ധവ്യഞ്ജന ഉൽപ്പാദനത്തെക്കുറിച്ചും സംസ്ക്കരണത്തിനും മൂല്യവർദ്ധനവിനും ആവശ്യമായ വിഭവങ്ങൾ എവിടെ നിന്ന് കണ്ടെത്താമെന്നതിനെക്കുറിച്ചും കൃത്യമായ വിവരം  നൽകുന്നതിലൂടെ സുഗന്ധവ്യഞ്ജന മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനും ഈ പദ്ധതി സഹായിക്കും. കൃത്യമായ ഡാറ്റാബേസ് വഴി നിലവിൽ ഇറക്കുമതി ചെയ്യപ്പെടുന്ന വിവിധ ഇനം സുഗന്ധവ്യഞ്ജനങ്ങൾക്ക് പകരമായി  അനുയോജ്യമായ ആഭ്യന്തര സ്രോതസ്സുകൾ കണ്ടെത്താനും, ആഭ്യന്തര വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി വിദേശത്തുനിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കും.

 

****


( റിലീസ് ഐ.ഡി: 2320838) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English