പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഡാനിഷ് കമ്പനിയായ സ്വിറ്റ്‌സർ A/S നു വേണ്ടി 70 ടൺ 'ബോള്ളാർഡ് പുൾ' ശേഷിയുള്ള മൂന്ന് 'ട്രാൻസ്‌വേഴ്‌സ് 2600E' ടഗ്‌ബോട്ടുകളുടെ നിർമ്മാണം കൊച്ചിൻ ഷിപ്പ്‌യാർഡ് ആരംഭിച്ചു
പോസ്റ്റഡ് ഓണ്‍:
08 OCT 2026 4:50PM by PIB Thiruvananthpuram
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), സ്വിറ്റ്‌സർ A/S-ന് )വേണ്ടി അത്യാധുനിക ബാറ്ററി-വൈദ്യുത ടഗ്‌ബോട്ടുകളുടെ നിർമ്മാണം 2026 ഒക്ടോബർ 7-ന് ഔദ്യോഗികമായി ആരംഭിച്ചു. 70 ടൺ 'ബോളാർഡ് പുൾ' ശേഷിയുള്ളവയായിരിക്കും ഈ ടഗ്‌ബോട്ടുകൾ. കപ്പൽ നിർമ്മാണത്തിലെ ആദ്യ ഘട്ടമായ 'സ്റ്റീൽ-കട്ടിംഗ്' ചടങ്ങോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. സ്വിറ്റ്‌സറിൽ നിന്നുള്ള ജെൻസ് ഓവ് കൈംലർ റാസ്മുസൻ 'സ്റ്റീൽ-കട്ടിംഗ്' ചടങ്ങിന് നേതൃത്വം നൽകി. ഡോ. ഹരികൃഷ്ണൻ എസ് (ഡയറക്ടർ - ഓപ്പറേഷൻസ്), ശ്രീ. ഹരികുമർ എ (CEO, UCSL), ശ്രീ. ഷിറാസ് വി.പി. (എക്സിക്യൂട്ടീവ് ഡയറക്ടർ - ഷിപ്പ് ബിൽഡിംഗ്) എന്നിവർക്ക് പുറമെ CSL-ലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും, കപ്പലുകൾ ആവശ്യമായ സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ക്ലാസിഫിക്കേഷൻ സൊസൈറ്റിയായ അമേരിക്കൻ ബ്യൂറോ ഓഫ് ഷിപ്പിംഗിന്റെ (ABS) പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

നാല് പുതുതലമുറ ബാറ്ററി-വൈദ്യുത TRAnsverse 2600e ടഗ്ഗുകൾക്കായി ഒപ്പുവച്ച കഴിഞ്ഞ വർഷത്തെ കപ്പൽ നിർമ്മാണ കരാറിന് ശേഷം, CSL-ഉം Svitzer-ഉം തമ്മിലുള്ള പങ്കാളിത്തത്തിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ് ഈ ചടങ്ങ്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും ശക്തമായ വേലിയേറ്റ സാഹചര്യങ്ങളിലും തുറമുഖങ്ങളിലും ടെർമിനലുകളിലും വലിയ കപ്പലുകളെ സുരക്ഷിതമായി എത്തിക്കുന്നതിനാണ് ഈ ടഗ്‌ബോട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ഇന്ധനത്തിന് പകരം വൈദ്യുത ബാറ്ററികളിലാണ് അവ പ്രവർത്തിക്കുന്നത് എന്നതിനാൽ, പുനരുപയോഗിക്കാവുന്നതോ ഹരിത ഊർജ്ജ സ്രോതസ്സുകളിൽ നിന്നോ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് അവയുടെ ബാറ്ററികൾ ചാർജ് ചെയ്യുന്നതിനാൽ, നേരിട്ടുള്ള കാർബൺ ബഹിർഗമനം പൂജ്യം ആയിരിക്കും.

സിഎസ്എൽ (CSL) ഗ്രൂപ്പിന് നിലവിൽ ആകെ 23 ടഗ്‌ബോട്ടുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡറുകൾ ലഭിച്ചിട്ടുണ്ട് — 17 എണ്ണം ASTDS ടഗ്‌ബോട്ടുകളും 6 എണ്ണം പരിസ്ഥിതി സൗഹൃദ ടഗ്‌ബോട്ടുകളുമാണ്.
സ്വിറ്റ്‌സറുമായി ചേർന്ന് പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നാല് ടഗ്‌ബോട്ടുകൾ നിർമ്മിക്കാൻ കഴിഞ്ഞതിൽ CSL അഭിമാനിക്കുന്നുവെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ജോസ് വി ജെ പറഞ്ഞു. ഈ പങ്കാളിത്തം കാണിക്കുന്നത് രണ്ട് കമ്പനികളും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനും സമുദ്ര പ്രവര്‍ത്തനങ്ങളിലെ മലിനീകരണം കുറയ്ക്കാനും ആഗ്രഹിക്കുന്നുവെന്നാണ്. നൂതനവും പരിസ്ഥിതി സൗഹൃദവുമായ കപ്പലുകൾ നിർമ്മിക്കാൻ CSL സ്വന്തം കപ്പൽ നിർമ്മാണ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നു. വൈദ്യുത, ഹരിത ടഗ് ബോട്ടുകൾ നിർമ്മിക്കുന്നതിലൂടെ, CSL ഷിപ്പിംഗ് വ്യവസായത്തെ കാർബൺ ബഹിർഗമനം കുറച്ച് കൂടുതൽ സുസ്ഥിരമാക്കുന്നതിന് സഹായിക്കുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം (GTTP) പ്രകാരം CSL രണ്ട് ഹരിത ടഗ് ബോട്ടുകൾ കൂടി നിർമ്മിക്കുന്നുണ്ടെന്നും CSL- ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ജോസ് വി.ജെ പറഞ്ഞു. ഇത് പരിസ്ഥിതി സൗഹൃദ കപ്പൽ നിർമ്മാണത്തോടും സമുദ്ര വ്യവസായത്തോടും ഉള്ള കമ്പനിയുടെ പ്രതിബദ്ധത പ്രകടമാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
****
( റിലീസ് ഐ.ഡി: 2320796)
സന്ദര്‍ശക കൗണ്ടര്‍ : 7