കോര്പ്പറേറ്റ്കാര്യ മന്ത്രാലയം
പോസ്റ്റഡ് ഓണ്:
08 OCT 2026 2:29PM by PIB Thiruvananthpuram
ന്യൂഡൽഹി, 07 ഒക്ടോബർ 2026: 2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) 107 പരിഹാര പദ്ധതികൾക്ക് (Resolution Plans) അംഗീകാരം നൽകി. ട്രൈബ്യൂണൽ സ്ഥാപിതമായതിനുശേഷം ഒരു പാദത്തിൽ അംഗീകരിക്കുന്ന ഏറ്റവും ഉയർന്ന എണ്ണത്തിലുള്ള പരിഹാര നിർദ്ദേശങ്ങളാണിത്. ഏതെങ്കിലും ഒരു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ (Q2) കണക്കെടുക്കുമ്പോഴും ഇതൊരു റെക്കോർഡാണ്; NCLT-യുടെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ത്രൈമാസ പ്രകടനമായി ഇത് മാറി.
മുൻവർഷങ്ങളിലെ സമാന പാദങ്ങളെ അപേക്ഷിച്ച് കാര്യമായ പുരോഗതിയാണ് ഈ പ്രകടനം സൂചിപ്പിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 60-ഉം, 2024-25-ൽ 57-ഉം, 2023-24-ൽ 82-ഉം, 2022-23-ൽ 47-ഉം, 2021-22-ൽ 20-ഉം പരിഹാര പദ്ധതികൾക്ക് (Resolution Plans) NCLT അംഗീകാരം നൽകിയിരുന്നു. അതിനാൽ, നിലവിലെ പാദത്തിൽ രേഖപ്പെടുത്തിയ 107 എന്ന കണക്ക് ട്രൈബ്യൂണലിന്റെ ഏറ്റവും മികച്ച ത്രൈമാസ പ്രകടനമാണ്.

ഈ പാദത്തിൽ അംഗീകരിച്ച 107 പരിഹാര പദ്ധതികളുടെ (Resolution Plans) ആകെ മൂല്യം 11,000 കോടി രൂപയിലധികമാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ അംഗീകരിച്ച 78 പദ്ധതികൾ കൂടി കണക്കിലെടുക്കുമ്പോൾ, 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ആകെ 185 പരിഹാര പദ്ധതികൾക്ക് ട്രൈബ്യൂണൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇതോടെ, 2026 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച് NCLT-യുടെ വിവിധ ബെഞ്ചുകൾ അംഗീകരിച്ച പരിഹാര പദ്ധതികളുടെ ആകെ എണ്ണം 1,735 ആയി.

പരിഹാര പദ്ധതികൾക്ക് (Resolution Plans) അംഗീകാരം തേടിയുള്ള അപേക്ഷകൾ തുടർച്ചയായി സമർപ്പിക്കപ്പെടുന്നതിനിടയിലും ട്രൈബ്യൂണൽ പ്രവർത്തനമികവ് നിലനിർത്തിപ്പോരുന്നു. പരിഹാര പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിലുണ്ടാകുന്ന കാലതാമസം പരിഗണിക്കുമ്പോൾ, 2026 ഏപ്രിൽ 29-ന് ബഹുമാനപ്പെട്ട സുപ്രീം കോടതി ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു: അന്ന് 363 അപേക്ഷകൾ NCLT-യുടെ അംഗീകാരം കാത്തിരിക്കുകയായിരുന്നു. 2026 സെപ്റ്റംബർ 30-ലെ കണക്കനുസരിച്ച്, 294 പരിഹാര പദ്ധതികൾ അംഗീകാരത്തിനുള്ള പരിഗണനയിലായിരുന്നു; കൂടാതെ, 41 പദ്ധതികളുടെ കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത് മാറ്റിവെച്ചിരിക്കുകയായിരുന്നു (orders reserved). ആ കാലയളവിൽ രണ്ട് ഘട്ടങ്ങളിലായി 335 നിർദ്ദേശങ്ങൾ നിലനിന്നിരുന്നു. 2026 ഏപ്രിലിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി ചൂണ്ടിക്കാണിച്ച സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ, അംഗീകാരം കാത്തിരിക്കുന്ന അപേക്ഷകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

പ്രകടനത്തിലുണ്ടായ ഈ പുരോഗതിക്കൊപ്പം, കേസ് കൈകാര്യം ചെയ്യുന്ന രീതി (case-flow management) ശക്തിപ്പെടുത്തുന്നതിനും രജിസ്ട്രി നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും ട്രൈബ്യൂണലിന് ലഭ്യമായ നീതിന്യായ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനുമായി സമീപ മാസങ്ങളിൽ ഒട്ടേറെ ഭരണപരവും സ്ഥാപനപരവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തീർപ്പാകാതെ കിടക്കുന്നവയുടെയും തീർപ്പാക്കിയവയുടെയും മേലുള്ള നിരീക്ഷണം ശക്തിപ്പെടുത്തൽ
ഇന്ത്യയിലുടനീളം 16 ബെഞ്ചുകളുള്ള NCLT, തങ്ങളുടെ എല്ലാ ബെഞ്ചുകളിലെയും കോടതികളിലെയും തീർപ്പാകാത്തതും തീർപ്പാക്കിയതുമായ കേസുകളുടെ എണ്ണം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കൂടുതൽ ശക്തമായ ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കേസുകളുടെ ബാഹുല്യത്തെക്കുറിച്ചും തീർപ്പാകാനുള്ള കേസുകളെക്കുറിച്ചും തത്സമയവും സമഗ്രവുമായ വിവരങ്ങൾ ഈ സംവിധാനം ട്രൈബ്യൂണലിന് കൈമാറുന്നു; കേസുകൾ എപ്പോൾ, എവിടെ പുനർവിതരണം ചെയ്യണമെന്ന് തീരുമാനിക്കാൻ ഇത് സഹായിക്കുന്നു. തൽഫലമായി, പരിമിതമായ നീതിന്യായ വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും കേസുകൾ തീർപ്പാക്കുന്നതിലെ വേഗതയും നടപടിക്രമങ്ങളും മെച്ചപ്പെടുത്താനും NCLT-ക്ക് സാധിക്കുന്നു.
കേസുകളുടെ ചിട്ടയായ ഷെഡ്യൂളിംഗും കാര്യക്ഷമമായ നടത്തിപ്പും
രജിസ്ട്രിയുടെ നടപടിക്രമങ്ങളിൽ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനും, വാദം കേൾക്കാനായി നിശ്ചയിച്ചിട്ടുള്ള കേസുകളുടെ പട്ടിക (Cause List) കൂടുതൽ ചിട്ടയായി തയ്യാറാക്കുന്നത് ഉറപ്പാക്കുന്നതിനുമായി NCLT പുതിയൊരു സംവിധാനം ഏർപ്പെടുത്തി. ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന കേസുകൾക്ക്, പ്രത്യേകിച്ച് പാപ്പരത്ത നിയമ (IBC) പ്രകാരമുള്ള കേസുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച വിഷയങ്ങൾക്കും പരിഹാര പദ്ധതികൾക്ക് (Resolution Plans) അംഗീകാരം തേടിയുള്ള അപേക്ഷകൾക്കും, അർഹമായ മുൻഗണന ലഭിക്കാനും ഈ സംവിധാനം സഹായിക്കുന്നു.
നിയമവിദഗ്ധരുമായി (Bar) നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഈ സംവിധാനം രൂപീകരിച്ചത്. കേസുകൾ ചിട്ടയായി പട്ടികപ്പെടുത്തുക, ജുഡീഷ്യൽ സമയം ഫലപ്രദമായി വിനിയോഗിക്കുക, കേസുകൾ വേഗത്തിൽ തീർപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആവശ്യമുള്ളയിടങ്ങളിൽ പ്രത്യേക ബെഞ്ചുകൾ രൂപീകരിക്കുക, തൊഴിൽഭാരം പുനർവിതരണം ചെയ്യുക, ലഭ്യമായ കോടതി സമയം പരമാവധി പ്രയോജനപ്പെടുത്തുക എന്നിവയ്ക്കുള്ള നടപടികളും ട്രൈബ്യൂണൽ സ്വീകരിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ നീതിനിർവഹണം കാര്യക്ഷമമാക്കുന്നു
പുരോഗതി പ്രാപിക്കുന്ന ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി, NCLT 'ഇ-ഇൻസ്പെക്ഷൻ' (e-Inspection), 'ഇ-സർട്ടിഫൈഡ് കോപ്പി' (e-Certified Copy) എന്നീ സേവനങ്ങൾ അവതരിപ്പിച്ചു. അഭിഭാഷകർക്കും കേസിലെ കക്ഷികൾക്കും മറ്റ് ബന്ധപ്പെട്ടവർക്കും കോടതി രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും എളുപ്പത്തിലും വേഗത്തിലും ഓൺലൈനായി ലഭ്യമാക്കാൻ ഈ സേവനങ്ങൾ സഹായിക്കുന്നു. സാങ്കേതികവിദ്യയിലൂടെ പ്രവർത്തനങ്ങൾ ആധുനികവത്ക്കരിക്കാനുള്ള ട്രൈബ്യൂണലിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സേവനങ്ങൾ; നവീകരിച്ച NCLT വെബ്സൈറ്റ്, നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ഇ-കോർട്ട്സ് 2.0' (e-Courts 2.0) പദ്ധതി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
സ്ഥാപനപരമായ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും
NCLT-യുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ, കനത്ത ജോലിഭാരവും കേസുകൾ കൈകാര്യം ചെയ്യാൻ ലഭ്യമായ അംഗങ്ങളുടെ പരിമിതമായ എണ്ണവും കണക്കിലെടുക്കേണ്ടതുണ്ട്. ട്രൈബ്യൂണലിൽ 62 അംഗങ്ങൾ വരെയാകാം എന്നാണ് വ്യവസ്ഥയെങ്കിലും, പ്രസിഡന്റിനെ കൂടാതെ നിലവിൽ 48 അംഗങ്ങൾ മാത്രമാണ് സേവനത്തിലുള്ളത്; അതായത് 14 ഒഴിവുകൾ നിലനിൽക്കുന്നു. അംഗങ്ങളുടെ ഈ കുറവ് കോടതികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്: 13 കോടതികൾ മുഴുവൻ സമയവും പ്രവർത്തിക്കുമ്പോൾ, 18 എണ്ണം അര ദിവസത്തേക്ക് മാത്രമാണ് പ്രവർത്തിക്കുന്നത്. കൂടാതെ, ഈ വർഷാവസാനത്തോടെ നാല് അംഗങ്ങൾ വിരമിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു; ഇത് ട്രൈബ്യൂണലിന്റെ പ്രവർത്തനശേഷിയെ കൂടുതൽ ബാധിച്ചേക്കാം.

NCLT-യിലെ ജുഡീഷ്യൽ, സാങ്കേതിക അംഗങ്ങളുടെ നിയമനം, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബഹുമാനപ്പെട്ട സുപ്രീം കോടതി സ്വമേധയാ പരിഗണനയ്ക്കെടുത്തിട്ടുണ്ട്. NCLT-യുടെ പ്രധാന ബെഞ്ചുകളിലും പ്രാദേശിക ബെഞ്ചുകളിലും ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനും, NCLT പ്രസിഡന്റുമായി ആലോചിച്ച് അടിയന്തരമായി ആവശ്യമുള്ള സൗകര്യങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാനും കേന്ദ്ര സർക്കാരിനോട് ബഹുമാനപ്പെട്ട സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
സ്ഥാപനപരമായ ഇത്തരം പരിമിതികൾക്കിടയിലും, ലഭ്യമായ നീതിന്യായ-അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിലും, കേസ് കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെടുത്തുന്നതിലും, ഒഴിവാക്കാവുന്ന കാലതാമസം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിലും ട്രൈബ്യൂണൽ ശ്രദ്ധ കേന്ദ്രീകരിച്ചുപോരുന്നു.
കേസുകൾ സമയബന്ധിതമായി തീർപ്പാക്കുക, കാര്യക്ഷമമായി കൈകാര്യം ചെയ്യുക, ലഭ്യമായ നീതിന്യായ-ഭരണപരമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട്, സ്ഥാപനപരമായ പുരോഗതി നിരന്തരം കൈവരിക്കുന്നതിൽ NCLT പ്രതിജ്ഞാബദ്ധമായി തുടരുന്നു.
*****