പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം തന്നെ കൈകളിലേക്ക്


'അഷ്വേർഡ് നെക്സ്റ്റ് ഡേ ഡെലിവറി' സേവനോദ്ഘാടനം ഒക്ടോബർ 9 ന്

സ്മിത് മച്ഛാറിന് ആദരമായി പ്രത്യേക തപാൽ കവർ

ലോക തപാൽ ദിനത്തിൽ ശുചീകരണ തൊഴിലാളികൾക്കും ആദരം

പോസ്റ്റഡ് ഓണ്‍: 08 OCT 2026 2:50PM by PIB Thiruvananthpuram

ലോക തപാൽ ദിനാഘോഷങ്ങളുടെയും ദേശീയ തപാൽ വാരാഘോഷത്തിന്റെയും ഭാഗമായി, ഉപഭോക്താക്കൾക്കായി ഏറ്റവും വേഗമേറിയതും വിശ്വസനീയവുമായ പുതിയ തപാൽ വിതരണ സേവനത്തിന് കേരള തപാൽ സർക്കിൾ തുടക്കം കുറിക്കുന്നു. കേരളത്തിലെ ആറ് കോർപ്പറേഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് അടുത്ത ദിവസം തന്നെ തപാൽ ഉരുപ്പടികൾ എത്തുക്കുമെന്ന് ഉറപ്പുനൽകുന്ന 'അഷ്വേർഡ് നെക്സ്റ്റ് ഡേ ഡെലിവറി'  സേവനമാണ് തപാൽ വകുപ്പ് ആരംഭിക്കുന്നത്. 

2026 ഒക്ടോബർ ഒൻപതിന് തിരുവനന്തപുരം കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ സേവനോദ്ഘാടനം നിർവ്വഹിക്കും. കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ. അമിതാഭ് സിംഗ് ഐപിഒഎസ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.
തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ. വി. വി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

കേരളത്തിലെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളായ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകൾക്കിടയിൽ ബുക്ക് ചെയ്ത സ്പീഡ് പോസ്റ്റ് പാഴ്സലുകളും സ്പീഡ് പോസ്റ്റ് രേഖകളും അടുത്ത പ്രവൃത്തി ദിവസം ലഭ്യമാക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം–കണ്ണൂർ റൂട്ടിൽ വകുപ്പ് നടപ്പിലാക്കിയ വിപുലമായ റോഡ് ഗതാഗത സൗകര്യം വഴിയാണ് ഈ സേവനം സാധ്യമാക്കിയിരിക്കുന്നത്. ഇത് സമയനഷ്ടം കുറയ്ക്കുന്നതോടൊപ്പം വഴിമധ്യേയുള്ള ഇന്റഗ്രേറ്റഡ് ഡെലിവറി സെന്ററുകളിലും തപാൽ ഓഫീസുകളിലും രണ്ടാം ഘട്ട ഡെലിവറി ഉറപ്പാക്കുകയും ചെയ്യുന്നു. പദ്ധതിയെ കുറിച്ച് എ. ഡി. മെയിൽസ് സി. ഒ. ശ്രീ. ബൈജുകുമാർ ബി. എൽ. വിവരിക്കും.

സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൻ്റെ ഭാ​ഗമായി "സഫായ് മിത്രങ്ങൾ - ശുചിത്വത്തിന്റെ കാവൽക്കാർ" എന്ന പ്രമേയത്തിൽ പ്രത്യേക കവർ പ്രകാശനം ചെയ്യും. ചടങ്ങിൽ ശുചീകരണ തൊഴിലാളികളെ ആദരിക്കും. 

കേരള സർക്കിൾ ഡിപിഎസ് (എച്ച്ക്യു) ശ്രീ. എൻ. ആർ. ഗിരി ഐപിഒഎസ് സ്വാഗതം ആശംസിക്കും. തിരുവനന്തപുരം നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്സ് ശ്രീമതി ഗോവാഡ നവ്യ ശ്രീ ഐപിഒഎസ് ചടങ്ങിൽ നന്ദി പറയും.

തുടർന്ന് കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ. അമിതാഭ് സിംഗ് ഐപിഒഎസ് വാർത്താ സമ്മേളനം നടത്തും.

ദേശീയ തപാൽ വാരാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 12 മുതൽ 15 വരെയുള്ള തീയതികളിൽ വിപുലമായ ആഘോഷങ്ങളും കേരള തപാൽ സർക്കിൾ സംഘടിപ്പിക്കുന്നുണ്ട്.

സ്മിത് മച്ഛാറിന് ആദരമായി പ്രത്യേക തപാൽ കവർ പുറത്തിറക്കും

ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിൻ്റെ കുത്തേറ്റിട്ടും ധൈര്യം കൈവിടാതെ പോരാടിയ ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ആദരമായി പ്രത്യേക തപാൽ കവറും കേരള തപാൽ സർക്കിൾ പുറത്തിറക്കും. "ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആദരിക്കുന്നു - സമാനതകളില്ലാത്ത ധീരതയ്ക്കും നിസ്വാർത്ഥ സേവനത്തിനും അഭിവാദ്യം" എന്ന പ്രമേയത്തിലാണ് പ്രത്യേക കവർ പ്രകാശനം. രാജ്യത്ത് തന്നെ ആദ്യമായാണ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇത്തരമൊരു ആദരം ഒരുക്കുന്നത്.

***

SK


( റിലീസ് ഐ.ഡി: 2320708) സന്ദര്‍ശക കൗണ്ടര്‍ : 20
ഈ റിലീസ് വായിക്കുക: English