ധനകാര്യ മന്ത്രാലയം
ഭാവിയിലെ മുൻനിര സംരംഭങ്ങളെ സൃഷ്ടിക്കുന്നതിനായി ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന SME ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി രൂപയുടെ വിഹിതം അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം
പോസ്റ്റഡ് ഓണ്‍:
06 OCT 2026 3:14PM by PIB Thiruvananthpuram
ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വളർച്ചാധിഷ്ഠിത മൂലധനം ലഭ്യമാക്കുന്നതിനും നിർമ്മാണം, സേവനം, സാങ്കേതികവിദ്യ, നൂതനാശയ മേഖലകൾ, തന്ത്രപ്രധാനമായ മൂല്യ ശൃംഖലകൾ തുടങ്ങിയ മേഖലകളിൽ മുൻനിര ഇന്ത്യൻ സംരംഭങ്ങളുടെ വളർച്ച സാധ്യമാക്കുന്നതിനുമായി 2026-27 ലെ കേന്ദ്ര ബജറ്റിലെ 28-ാം ഖണ്ഡിക പ്രകാരം, SME ഗ്രോത്ത് ഫണ്ട് സ്ഥാപിക്കാൻ 10,000 കോടി രൂപയുടെ വിഹിതം അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. സൂക്ഷ്മ ചെറുകിട ഇടത്തരം (MSME) മേഖലയ്ക്ക് മൊത്തത്തിൽ ഇക്വിറ്റി, ലിക്വിഡിറ്റി, പ്രൊഫഷണൽ പിന്തുണ എന്നിവ നൽകുന്നതിനായി 2026-27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സമഗ്രമായ നടപടികളുടെ ഭാഗമാണിത്.
ഇക്വിറ്റി പിന്തുണ നൽകുന്ന ഫണ്ടുകൾ നിലവിലുണ്ടെങ്കിലും, അവയിൽ ഭൂരിഭാഗവും പ്രാരംഭ ഘട്ടത്തിലുള്ള സംരംഭങ്ങളിലും പ്രധാനമായും സൂക്ഷ്മ സംരംഭങ്ങളിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വളർച്ചാ ഘട്ടത്തിൽ ആവശ്യമായ ഇക്വിറ്റി മൂലധനത്തിന്റെ കാര്യത്തിൽ ഒരു ഘടനാപരമായ വിടവ് നിലനിൽക്കുന്നുണ്ട്.
ഇന്ത്യയുടെ സംരംഭകത്വ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക, വളർച്ചാ ഘട്ടത്തിലുള്ള സംരംഭങ്ങൾക്കായി ആഭ്യന്തര മൂലധന വിപണിയെ വിപുലീകരിക്കുക, ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള പുതിയ തലമുറ ഇന്ത്യൻ കമ്പനികളെ സൃഷ്ടിക്കുക എന്നിവയിലൂടെ 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയാണ് ഈ സുപ്രധാന സംരംഭം പ്രതിഫലിപ്പിക്കുന്നത്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ചെറുകിട ഇടത്തരം സംരംഭങ്ങൾ; തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കയറ്റുമതി, ഉൽപ്പാദനം, നൂതനാശയങ്ങൾ എന്നിവയിലും അവ നിർണായക പങ്ക് വഹിക്കുന്നു. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വായ്പ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, പ്രവർത്തനം വിപുലീകരിക്കുക, നൂതന ആശയങ്ങൾ നടപ്പിലാക്കുക, അന്താരാഷ്ട്ര തലത്തിലേക്ക് വളരുക, അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുക, ഏറ്റെടുക്കലുകൾ നടത്തുക, വ്യവസായ രംഗത്തെ മുൻനിരക്കാരായി മാറാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ആവശ്യമായ ദീർഘകാല റിസ്ക് ക്യാപിറ്റൽ ലഭ്യതയിൽ ഇപ്പോഴും ഒരു വിടവ് നിലനിൽക്കുന്നുണ്ട്. തെളിയിക്കപ്പെട്ട ബിസിനസ്സ് സാധ്യതകളും വളർച്ചാ ശേഷിയുമുള്ള മികച്ച ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചാ ഇക്വിറ്റി മൂലധനം നൽകിക്കൊണ്ട് ഈ നിർണായക സാമ്പത്തിക വിടവ് നികത്താനാണ് SME ഗ്രോത്ത് ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വളർച്ചാ യാത്രയിലെ നിർണായക ഘട്ടങ്ങളിൽ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പരിവർത്തനപരമായ സംവിധാനമായാണ് ഈ ഫണ്ട് വിഭാവനം ചെയ്തിരിക്കുന്നത്. SGF-ൽ നിന്നുള്ള വിഹിതത്തിന്റെ ഭൂരിഭാഗവും നിർമ്മാണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായിരിക്കും നൽകുക. ടയർ-II, ടയർ-III നഗരങ്ങളിലെ വ്യാവസായിക ക്ലസ്റ്ററുകളിൽ പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങളെയും (SME) ഈ ഫണ്ട് പരിഗണിക്കും.
ദീർഘകാലാടിസ്ഥാനത്തിലുള്ള മൂലധനം ലഭ്യമാക്കുന്നതിലൂടെ, തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സാങ്കേതികവിദ്യയിലും ഉൽപ്പാദന ശേഷിയിലും നിക്ഷേപം നടത്താനും അന്താരാഷ്ട്ര വിപണികളിലേക്ക് കടക്കാനും ആഗോള മൂല്യ ശൃംഖലകളുടെ ഭാഗമാകാനും തന്ത്രപരമായ നിക്ഷേപങ്ങൾ നടത്താനും ഇന്ത്യൻ SME-കളെ ഈ സംരംഭം പ്രാപ്തരാക്കും. അതത് മേഖലകളിൽ മുൻനിരയിലെത്താൻ ആവശ്യമായ വ്യാപ്തിയും നൂതന ആശയങ്ങൾ നടപ്പിലാക്കാനുള്ള ശേഷിയും മത്സരശേഷിയുമുള്ള ഇന്ത്യൻ കമ്പനികളുടെ ഒരു നിര കെട്ടിപ്പടുക്കുന്നത് വേഗത്തിലാക്കാൻ ഈ ഫണ്ടിന് കഴിയുമെന്ന് ഗവൺമെന്റ് പ്രതീക്ഷിക്കുന്നു.
പരിഷ്കാരങ്ങൾ, ഡിജിറ്റലൈസേഷൻ നടപടികൾ, വായ്പാ സഹായ സംവിധാനങ്ങൾ, ബിസിനസ്സ് സുഗമമാക്കാനുള്ള നടപടികൾ, പൊതു സംഭരണത്തിലെ പരിഷ്കാരങ്ങൾ, സ്റ്റാർട്ടപ്പ് പ്രോത്സാഹന പദ്ധതികൾ, ഉൽപ്പാദന-അധിഷ്ഠിത പ്രോത്സാഹന പദ്ധതികൾ എന്നിവയിലൂടെ SME മേഖലയെ ശക്തിപ്പെടുത്താനുള്ള ഗവൺമെന്റിന്റെ നിലവിലുള്ള ശ്രമങ്ങൾക്ക് SME ഗ്രോത്ത് ഫണ്ടിനോടുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത കരുത്തേകുന്നു.
ഈ സംരംഭത്തിൽ, SGF ചട്ടക്കൂടിന് കീഴിൽ രൂപീകരിച്ച 'ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടി'ലേക്ക് (AIF) ഇന്ത്യാ ഗവൺമെന്റ് ആകെ 10,000 കോടി രൂപ നൽകുന്നതിനുളള പ്രതിജ്ഞാബദ്ധത നൽകുന്നു. ഉൽപ്പാദന സംരംഭങ്ങളെ ശേഷി വർദ്ധിപ്പിക്കാനും അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കാനും വലിയ തോതിലുള്ള പ്രവർത്തനങ്ങൾ കൈവരിക്കാനും പ്രാപ്തരാക്കുന്നതിലൂടെ, പ്രവർത്തന വ്യാപ്തിയും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്താനും കയറ്റുമതി രംഗത്തെ മത്സരശേഷി വർദ്ധിപ്പിക്കാനും SGF സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടയർ-II, ടയർ-III നഗരങ്ങളിലേതുൾപ്പെടെയുള്ള വ്യാവസായിക ക്ലസ്റ്ററുകളിലെ നിക്ഷേപങ്ങൾ, പ്രാദേശിക തലത്തിൽ സന്തുലിതമായ വ്യാവസായിക വികസനത്തെ പിന്തുണയ്ക്കുകയും പ്രാദേശിക വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുകയും ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ഈ സംരംഭത്തിലൂടെ, ഇന്ത്യയിലെ സംരംഭകരെ ശാക്തീകരിക്കുന്നതിനും മത്സരശേഷിയുള്ള സംരംഭങ്ങളുടെ ഒരു പുതിയ തലമുറയെ വളർത്തുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഗവൺമെന്റ് വീണ്ടും ഉറപ്പിക്കുന്നു. ഉയർന്ന വളർച്ചാ സാധ്യതയുള്ള SME-കളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, മുൻനിര കമ്പനികളെ സൃഷ്ടിക്കാനും നൂതന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായവൽക്കരണം മുന്നോട്ട് കൊണ്ടുപോകാനും രാജ്യത്തുടനീളം ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ ഫണ്ട് സഹായിക്കും. 'വികസിത് ഭാരത് @ 2047' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ ഈ സംരംഭം ഒരു പ്രധാന ഘടകമായി വർത്തിക്കും.
***
SK
( റിലീസ് ഐ.ഡി: 2319654)
സന്ദര്‍ശക കൗണ്ടര്‍ : 3