PIB Backgrounder
azadi ka amrit mahotsav

ബാങ്കേഴ്സ് ബുക്സ് തെളിവ് നിയമം, 2026

പോസ്റ്റഡ് ഓണ്‍: 30 SEP 2026 5:41PM by PIB Thiruvananthpuram

ബാങ്കിങ് രേഖകൾ തെളിവായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിയമവ്യവസ്ഥയെ 2026 -ലെ ബാങ്കേഴ്സ് ബുക്സ് തെളിവ് നിയമം ആധുനികവൽക്കരിക്കുന്നു. 2026 ഒക്ടോബർ 1 ന് പ്രാബല്യത്തിൽ വരുന്ന ഈ നിയമം 1891-ലെ ബാങ്കേഴ്സ് ബുക്സ് തെളിവ് നിയമത്തിന് പകരമാണ്. ഭൗതിക, ഇലക്ട്രോണിക്, ഡിജിറ്റൽ രേഖകളെ ഉൾക്കൊള്ളുന്നതിനൊപ്പം അവയുടെ ആധികാരികത ഉറപ്പാക്കാനും സാക്ഷ്യപ്പെടുത്താനും ഏകീകൃത വ്യവസ്ഥകളടങ്ങുന്ന  സാങ്കേതികവിദ്യാ ഭേദമന്യേ ബാധകമാകുന്ന ഒരു ചട്ടക്കൂട് ഈ നിയമം അവതരിപ്പിക്കുന്നു. ബാങ്കിങ് രേഖകള്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ സുരക്ഷ നിയമം ശക്തിപ്പെടുത്തുന്നു. ബാങ്ക് കക്ഷിയല്ലാത്ത കേസുകളിൽ ബാങ്ക് രേഖകൾ തെളിയിക്കാനോ സാക്ഷ്യപ്പെടുത്താനോ വേണ്ടി മാത്രം ബാങ്ക് ഉദ്യോഗസ്ഥർ പതിവായി കോടതി നടപടികളിൽ ഹാജരാകേണ്ടി വരുന്നതിൽ നിന്നും നിയമം അവർക്ക് സംരക്ഷണം നൽകുന്നു. വികസിക്കുന്നതും ഡിജിറ്റൽവൽക്കരിക്കപ്പെട്ടതുമായ സാമ്പത്തിക ആവാസവ്യവസ്ഥയെ പിന്തുണച്ച് നിർദിഷ്ട ധനകാര്യ മേഖലാ സ്ഥാപനങ്ങളിലേക്ക് നിയമവ്യവസ്ഥകൾ വ്യാപിപ്പിക്കാനും നിയമം അനുമതി നൽകുന്നു.

ബാങ്കിങ് രേഖകൾക്കായി ഒരു ആധുനിക നിയമ ചട്ടക്കൂട്

ഇന്ത്യയുടെ ബാങ്കിങ്-ധനകാര്യ മേഖലയെ ശക്തിപ്പെടുത്താനും വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനും ഗവണ്മെൻ്റ് നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. സമ്പദ്‌ വ്യവസ്ഥയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ നിയമങ്ങളും നിയന്ത്രണങ്ങളും ആധുനികവൽക്കരിക്കുന്നതിലും ഈ ശ്രമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ബാങ്കേഴ്സ് ബുക്സ് തെളിവ് നിയമം 2026 ഒക്ടോബർ 1 ന് പ്രാബല്യത്തിൽ വരികയും 1891-ലെ ബാങ്കേഴ്സ് ബുക്സ് തെളിവ് നിയമത്തിന് പകരമായി മാറുകയും ചെയ്യുന്നു.

നിയമപരമായ നടപടിക്രമങ്ങളിൽ ബാങ്ക് രേഖകൾ തെളിവായി സ്വീകരിക്കുന്നതിന് നിയമം വ്യക്തവും പുതുക്കിയതുമായ ചട്ടങ്ങൾ  നൽകുന്നു. ബാങ്കിങ് രേഖകൾ തെളിവായി ഹാജരാക്കേണ്ടി വരുന്ന കോടതി കേസുകൾ, അന്വേഷണങ്ങൾ, മധ്യസ്ഥ നടപടികൾ, മറ്റ് അന്വേഷണ നടപടികൾ എന്നിവക്കെല്ലാം ഇത് ബാധകമാണ്. 

ബാങ്കേഴ്സ് ബുക്സ് തെളിവ് നിയമം 2026: വിശദാംശങ്ങള്‍

സമകാലിക ഡിജിറ്റൽ ബാങ്കിങ് രീതികൾക്കനുസൃതമായി ബാങ്കിങ് രേഖകൾ തെളിവായി സ്വീകരിക്കുന്നതിനുള്ള ആധുനിക ചട്ടക്കൂടാണ് ബാങ്കേഴ്സ് ബുക്സ് തെളിവ് നിയമം 2026 നൽകുന്നത്. ഏത് നിയമ നടപടിക്രമങ്ങളിലും മധ്യസ്ഥ നടപടികളിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത-2023 പ്രകാരമോ നിലവിലെ മറ്റേതെങ്കിലും നിയമപ്രകാരമോ തെളിവെടുപ്പ് നടത്തുന്നതോ തെളിവെടുപ്പ് നടത്താൻ സാധ്യതയുള്ളതോ ആയ   അന്വേഷണങ്ങളിലും ഈ നിയമം ഉപയോഗിക്കും. ഈ നിയമപ്രകാരം: 

  • "ബാങ്ക്", "ബാങ്കർ" എന്നാൽ ബാങ്കിങ് ബിസിനസ് നടത്തുന്ന ഏതെങ്കിലും കമ്പനിയോ കോർപ്പറേഷനോ ധനകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സ്ഥാപനമോ സ്ഥാപന വിഭാഗമോ (ഈ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാക്കിയവ) ഏതെങ്കിലും പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്കോ മണി ഓർഡർ ഓഫീസോ ആണ്.

  • "ബാങ്കേഴ്സ് ബുക്കുകൾ" എന്നതിൽ ലെഡ്ജറുകൾ, ഡേ-ബുക്കുകൾ, ക്യാഷ്-ബുക്കുകൾ, അക്കൗണ്ട് ബുക്കുകൾ എന്നിവയും ബാങ്കിൻ്റെ സാധാരണ ബിസിനസ് നടപടികളിൽ ഉപയോഗിക്കുന്ന മറ്റ് രേഖകളും ഉൾപ്പെടുന്നു. ഇവ എഴുത്തു രൂപത്തിലോ ഭൗതിക രൂപത്തിലോ സൂക്ഷിക്കാം, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ‍ഡാറ്റാ സ്റ്റോറേജ്  സംവിധാനങ്ങളിലും സൂക്ഷിക്കാം.

നിയമത്തിൻ്റെ ആവശ്യകത

ബാങ്കിങ് സംവിധാനങ്ങൾ പൂർണമായും കടലാസ് അധിഷ്ഠിതമായിരുന്ന 1891-ലെ കൊളോണിയൽ കാലഘട്ടത്തിലാണ് ബാങ്കേഴ്സ് ബുക്സ് തെളിവ് നിയമം രൂപീകരിച്ചത്. ഇന്ന് സമ്പദ്‌ വ്യവസ്ഥയെ ഡിജിറ്റൽവൽക്കരിക്കുന്നതിൽ മുന്നേറുകയാണ് രാജ്യം. ബാങ്കിങ് - സാമ്പത്തിക ഇടപാടുകൾ പ്രധാനമായും നയിക്കപ്പെടുന്നത് ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ്; മൊബൈൽ ഫോണിലെ  ലളിതമായ ഒരു ക്ലിക്കിലൂടെ ഇവ പലപ്പോഴും സാധ്യവുമാണ്. ഇത്തരം സാഹചര്യത്തിൽ ഈ പുരോഗതികൾക്കൊപ്പം മുന്നേറുന്നതിന് ഇന്ത്യയുടെ നിയമ ചട്ടക്കൂടും വികസിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പ്രധാന സവിശേഷതകൾ

  • ഭൗതിക, ഡിജിറ്റൽ ബാങ്കിങ് സംവിധാനങ്ങളിലുടനീളം സൂക്ഷിച്ചിരിക്കുന്ന രേഖകളെ ഉൾപ്പെടുത്തി ബാങ്കിങ്  രേഖകൾക്കായി ഒരു സമകാലിക തെളിവ് ചട്ടക്കൂട് നിയമം സ്ഥാപിക്കുന്നു.

  • ഭൗതിക, ഇലക്ട്രോണിക് രേഖകളുടെ കൃത്യമായ സാക്ഷ്യപ്പെടുത്തലിന് വ്യവസ്ഥ ചെയ്ത് ബാങ്കേഴ്സ് ബുക്കുകളുടെ ഏകീകൃത ആധികാരികത ഉറപ്പാക്കലും സാക്ഷ്യപ്പെടുത്തലും ഇത് സാധ്യമാക്കുന്നു.

  • ബാങ്കേഴ്സ് ബുക്കുകൾ ഹാജരാക്കുന്നതിലെ വ്യക്തതയും നടപടിക്രമ സുരക്ഷയും നിയമം ശക്തിപ്പെടുത്തുന്നു. ബാങ്ക് കക്ഷിയല്ലാത്ത നടപടികളിൽ രേഖകൾ ഹാജരാക്കുന്നതിനോ സാക്ഷി പറയുന്നതിനോ ബാങ്ക് ഉദ്യോഗസ്ഥർ പതിവായി ഹാജരാകേണ്ടി വരുന്നതിൽ നിന്നും ഇത് അവർക്ക് സംരക്ഷണം നൽകുന്നു.

  • ഇന്ത്യയിൽ ധനകാര്യ മേഖല വികസിക്കുന്നതിനനുസരിച്ച് നിയമപരിധി വ്യാപിപ്പിക്കാൻ സഹായകവും മാറ്റങ്ങൾ ഉൾക്കൊള്ളാൻ പര്യാപ്തവുമായ ഒരു ചട്ടക്കൂടാണ് ഇത് നൽകുന്നത്. 


നിയമപരമായ നടപടിക്രമങ്ങളിൽ ഇലക്ട്രോണിക് രേഖകൾ തെളിവായി സ്വീകരിക്കുന്നതിനുള്ള മുൻവ്യവസ്ഥയെന്ന നിലയിൽ അവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും പരിശോധിക്കുന്നതിനും കർശന-സമകാലിക സുരക്ഷാ മാനദണ്ഡങ്ങൾ നിയമം വ്യവസ്ഥ ചെയ്യുന്നു.

 

 

ബാങ്കേഴ്സ് ബുക്സ് തെളിവ് നിയമം 2026 പ്രകാരമുള്ള പ്രധാന മാറ്റങ്ങൾ

രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളിലൂടെ ബാങ്കിങ് രേഖകൾ തെളിയിക്കുന്നതിനുള്ള 1891-ലെ നിയമത്തിൻ്റെ അടിസ്ഥാന തെളിവ് ചട്ടക്കൂട് 2026-ലെ നിയമം നിലനിർത്തുന്നുണ്ട്. ഇലക്ട്രോണിക്, ഡിജിറ്റൽ ബാങ്കിങ് രേഖകളെ ഉൾക്കൊള്ളുന്ന സാങ്കേതികവിദ്യാ ഭേദമന്യേയുള്ള സംവിധാനത്തിലൂടെ നിലവിലെ ചട്ടക്കൂടിനെ ഇത് ആധുനികവൽക്കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഇലക്ട്രോണിക് രേഖകള്‍ തെളിവായി അംഗീകരിക്കൽ:

പുതിയ നിയമപ്രകാരം, ചില നിബന്ധനകൾക്ക് വിധേയമായി ഒരു ബാങ്കേഴ്സ് ബുക്കിൻ്റെ ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ രേഖ തെളിവായി സ്വീകരിക്കാവുന്നതും സാധുതയുള്ളതും നിയമപരമായി പ്രാബല്യത്തിലുള്ളതുമായിരിക്കും.  

നിബന്ധനകള്‍: 

  • പ്രസ്തുത പകർപ്പ് അത്തരം വിവരങ്ങളുടെയോ അക്കൗണ്ട് രേഖപ്പെടുത്തലുകളുടെയോ ശരിയായ പകർപ്പായിരിക്കണം; കൂടാതെ അത്തരം രേഖകളെ കൃത്യമായി പ്രതിനിധീകരിക്കുന്നതോ അവയിൽ നിന്ന് ഉചിതമായി ലഭ്യമാക്കിയതോ ആയിരിക്കണം

  • ‍‍‍ഡാറ്റയിൽ അനധികൃത മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കണം.

  • സംവിധാനത്തിൻ്റെ കൃത്യതയെയും സുരക്ഷിതത്വത്തെയും  ബാധിക്കുന്ന തിരിമറികളോ മറ്റ് സംഭവങ്ങളോ കണ്ടെത്താത്തതായിരിക്കണം.

സാക്ഷ്യപ്പെടുത്തൽ പ്രക്രിയയെ ഏകീകരിക്കുന്ന ഈ മാറ്റം മാനുവൽ, ഡിജിറ്റൽ, ഇലക്ട്രോണിക് ഒപ്പുകളിലൂടെ ആധികാരികത ഉറപ്പാക്കാൻ അനുവദിക്കുകയും ചെയ്യുന്നു.

ബാങ്കേഴ്സ് ബുക്കുകൾ ഹാജരാക്കാൻ നിർബന്ധിക്കുന്നത് സംബന്ധിച്ച്:

 

  • യഥാർത്ഥ ബാങ്കേഴ്സ് ബുക്കുകൾ നേരിട്ട് ഹാജരാക്കാതെ തന്നെ സാക്ഷ്യപ്പെടുത്തിയ പകർപ്പിലൂടെ നിയമപരമായ നടപടിക്രമങ്ങളിൽ ബാങ്കേഴ്സ് ബുക്കിലെ ഉള്ളടക്കം തെളിയിക്കാമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
  • അതനുസരിച്ച്, പ്രത്യേകിച്ച് ബാങ്ക് ഒരു കക്ഷിയല്ലാത്ത നടപടികളിൽ ബാങ്കേഴ്സ് ബുക്ക് ഹാജരാക്കാനോ രേഖകൾ തെളിയിക്കുന്നതിന് സാക്ഷിയായി ഹാജരാകാനോ ഒരു ബാങ്ക് ഉദ്യോഗസ്ഥനെ സാധാരണ ഗതിയിൽ നിർബന്ധിക്കാൻ കഴിയില്ല.
  • എന്നിരുന്നാലും പ്രത്യേക കാരണം രേഖപ്പെടുത്തിയ കോടതിയുടെ രേഖാമൂലമുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ സാക്ഷിയായി ഹാജരാകാനോ ബാങ്കേഴ്സ് ബുക്ക് ഹാജരാക്കാനോ ആവശ്യപ്പെടാവൂ എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ഇനിപ്പറയുന്ന സന്ദർഭങ്ങളെയാണ് പ്രത്യേക കാരണങ്ങളായി നിയമം വ്യക്തമാക്കുന്നത്: 

 

(i) രേഖപ്പെടുത്തലിൻ്റെയോ വിവരത്തിൻ്റെയോ കൃത്യതയോ ആധികാരികതയോ സംശയത്തിലാകുമ്പോൾ.

(ii) ഏതെങ്കിലും സംഭവം മൂലം രേഖകൾ സൂക്ഷിക്കുന്നതിലെ പതിവ് സ്വഭാവത്തിനോ സ്വാഭാവികതക്കോ തടസ്സം നേരിടുമ്പോൾ.

(iii) ബാങ്കേഴ്സ് ബുക്കുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പരിശോധിക്കുന്നതോ ഹാജരാക്കുന്നതോ സംബന്ധിച്ച് മുൻപുണ്ടായ കോടതി ഉത്തരവ് ബാങ്ക് പാലിക്കാതിരിക്കുമ്പോൾ.

മറ്റ് ധനകാര്യ മേഖലാ സ്ഥാപനങ്ങളിലേക്കുള്ള വ്യാപനം:

 

  • ബാങ്കിങ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കും ഏതൊരു പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്കിനും മണി ഓർഡർ ഓഫീസിനുമാണ് 1891-ലെ നിയമം ബാധകമായിരുന്നത്. 2026-ലെ നിയമവും ഈ വ്യവസ്ഥ നിലനിർത്തുന്നു.
  • എന്നിരുന്നാലും വിജ്ഞാപനത്തിലൂടെ ധനകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനത്തിലേക്കോ സ്ഥാപന വിഭാഗത്തിലേക്കോ ഇതിലെ വ്യവസ്ഥകൾ വ്യാപിപ്പിക്കാൻ  ഗവണ്മെൻ്റിന് നിയമം കൂടുതൽ അധികാരം നൽകുന്നു. വിജ്ഞാപനത്തിൽ നിബന്ധനകളും ഒഴിവാക്കലുകളും ഭേദഗതികളും വ്യക്തമാക്കാൻ ഗവണ്മെൻ്റിന് സാധിക്കും.

 

ഉപസംഹാരം

ബാങ്കിങ് രേഖകളെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട് ആധുനികവൽക്കരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ബാങ്കേഴ്സ് ബുക്സ് തെളിവ് നിയമം 2026 അടയാളപ്പെടുത്തുന്നത്. തെളിവ് വ്യവസ്ഥകളെ സാങ്കേതിക മുന്നേറ്റങ്ങളുമായും മാറുന്ന സാമ്പത്തിക ആവശ്യങ്ങളുമായും പൊരുത്തപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ കാര്യക്ഷമതയും വിശ്വാസ്യതയും പൊരുത്തപ്പെടാനുള്ള ശേഷിയും ഇത് ശക്തിപ്പെടുത്തുന്നു. സ്ഥാപനങ്ങളെ ശാക്തീകരിക്കുകയും ഇന്ത്യയുടെ വളർച്ചാ പാതയെ പിന്തുണയ്ക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഗവണ്മെൻ്റിൻ്റെ നിരന്തര പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

 

അവലംബം

Ministry of Law and Justice

https://egazette.gov.in/WriteReadData/2026/275446.pdf

https://financialservices.gov.in/sites/default/files/Act-Policies/2026-01/The-Bankers-Book-Evidence-Act-1891.pdf 

https://www.pib.gov.in/PressReleaseDetail.aspx?PRID=2309122&reg=3&lang=1  

Others

https://newsonair.gov.in/parliament-passes-bankers-books-evidence-bill-to-recognise-digital-banking-records-as-legal-evidence 

https://ddindia.co.in/2026/08/rajya-sabha-passes-bankers-books-evidence-bill-2026-to-recognise-digital-banking-records/

click here to see pdf

 

****

 


( റിലീസ് ഐ.ഡി: 2318551) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , हिन्दी , Bengali