PIB Backgrounder
azadi ka amrit mahotsav

നമ്മൾ പുറന്തള്ളുന്നതിൽ നിന്ന് പിറക്കുന്നത് പുത്തൻ സാധ്യതകൾ

അടുക്കള അവശിഷ്ടങ്ങൾ മുതൽ നഗരപ്രദേശങ്ങളിൽ വരെയുള്ള മാലിന്യത്തെക്കുറിച്ച് ഒരു പുനർവിചിന്തനം

പോസ്റ്റഡ് ഓണ്‍: 01 OCT 2026 1:40PM by PIB Thiruvananthpuram

2014-ൽ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ (എസ്.ബി.എം), ശുചിത്വം, മാലിന്യ സംസ്കരണം, ശീലങ്ങളിലെ മാറ്റം എന്നിവ ലക്ഷ്യമിട്ടുള്ള കൂടുതൽ വിപുലമായ ഒരു ജനകീയ മുന്നേറ്റമായി വികസിച്ചു കഴിഞ്ഞു. കൂട്ടായ ശുചിത്വ പ്രവർത്തനങ്ങൾക്കായി 2017-ൽ ഒരു വാർഷിക പ്രചാരണ പരിപാടിയായി തുടക്കം കുറിച്ച 'സ്വച്ഛതാ ഹി സേവ' (എസ്.എച്ച്.എസ്) വഴി കൂടുതൽ ജനപങ്കാളിത്തത്തിന് വേദിയൊരുക്കാനും ഈ ദൗത്യത്തിന് സാധിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, ഭംഗിയുള്ള പരിസരങ്ങൾ, മാലിന്യമുക്തമായ പൊതു ഇടങ്ങൾ എന്നിവയിലേക്ക് ഈ പ്രചാരണ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

ഇതോടൊപ്പം തന്നെ, മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്ന ആശയം ഇന്ത്യയിലുടനീളം മാലിന്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലും അത് കൈകാര്യം ചെയ്യുന്ന രീതിയിലും മാറ്റം വരുത്തുകയാണ്. ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളെ വീണ്ടെടുക്കാനും, പുനരുപയോഗിക്കാനും, പുനഃചംക്രമണം നടത്തി മൂല്യവത്തായ വസ്തുക്കളാക്കി മാറ്റാനും കഴിയുന്ന ഒരു വിഭവമായാണ് ഇത് പരിഗണിക്കുന്നത്. ചാക്രികത, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, സുസ്ഥിര മാലിന്യ സംസ്കരണം എന്നിവയുമായി കേന്ദ്ര ഗവണ്മെൻ്റ് ഈ സമീപനത്തെ സംയോജിപ്പിച്ചിരിക്കുന്നു. നഗര ശുചിത്വ ഭാരത ദൗത്യം രണ്ടാം ഘട്ടത്തിന് കീഴിൽ, ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ വേർതിരിക്കൽ, മാലിന്യ സംസ്കരണം, മാലിന്യത്തിൽ നിന്ന് മൂല്യവത്തായ വസ്തുക്കൾ വീണ്ടെടുക്കൽ എന്നിവ ശക്തിപ്പെടുത്താൻ നഗരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ മാറ്റം വൻകിട മാലിന്യ സംസ്കരണ പ്ലാൻ്റുകളിൽ മാത്രമല്ല, വീടുകളിലും സമൂഹങ്ങളിലും പ്രാദേശിക സ്ഥാപനങ്ങളിലും പ്രകടമാണ്.

 

മാറ്റത്തെ വീടുകളിൽ കൊണ്ടുവന്ന കമ്പോസ്റ്റ് ബിൻ

 

Vijaywada AP k Subbalakshmi senior citizen.jpg

 

അടുക്കള മാലിന്യം കമ്പോസ്റ്റാക്കി മാറ്റുക എന്നത് ഇന്ത്യൻ കുടുംബങ്ങളെ സംബന്ധിച്ച് ഒരു പുതിയ ആശയമല്ല. ഇന്നത്തെ മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ പുതിയ ഇടം കണ്ടെത്തുന്ന ഒരു ശീലമാണിത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള മുതിർന്ന പൗരയായ കെ. സുബ്ബലക്ഷ്മി, ഈ പരിചിതമായ ശീലം സ്വന്തം വീട്ടിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് കാണിച്ചുതരുന്നു. കൂടുതൽ പൗരന്മാരെ വീടുകളിൽ തന്നെ കമ്പോസ്റ്റ് നിർമ്മാണം ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി മുൻസിപ്പൽ കോർപ്പറേഷൻ അടുത്തിടെ ഇവരുടെ അനുഭവം പങ്കുവെക്കുകയുണ്ടായി. ഇവരുടെ അടുക്കളയിൽ ഉണ്ടാകുന്ന ഈർപ്പമുള്ള മാലിന്യം കമ്പോസ്റ്റാക്കി മാറ്റി സ്വന്തം പൂന്തോട്ടത്തിൽ ഉപയോഗിക്കുന്നു. അല്ലാത്തപക്ഷം വെറുതെ വലിച്ചെറിയപ്പെടുമായിരുന്ന ഈ മാലിന്യം ഇതുവഴി വീണ്ടും മണ്ണിലേക്ക് തന്നെ തിരിച്ചെത്തുന്നു.

ഇതിന് സമാനമായ ഒരു ശ്രമം കോവിഡ്-19 മഹാമാരിയുടെ കാലത്ത് ചണ്ഡീഗഢിലും ആരംഭിച്ചു. കമൽജീത് കൗർ ഡിയോൾ എന്ന വനിത അടുക്കളയിൽ നിന്നുള്ള ഈർപ്പമുള്ള മാലിന്യം വീട്ടിൽത്തന്നെ കമ്പോസ്റ്റാക്കാൻ തുടങ്ങി. ഒരു വീട്ടിലെ ശീലമായി തുടങ്ങിയ ഈ പ്രവർത്തനം, ക്രമേണ മറ്റുള്ളവരെയും വീടുകളിൽ തന്നെ കമ്പോസ്റ്റ് നിർമ്മാണം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളായി വളർന്നു. കൂടുതൽ വൃത്തിയുള്ളതും ഹരിതാഭവുമായ നഗരം കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യാൻ പൗരന്മാരെ പ്രചോദിപ്പിക്കാൻ അവരുടെ പരിശ്രമങ്ങൾക്ക് സാധിച്ചിട്ടുണ്ട്..

 

siddipet telangana swachh badi composting.jpg

 

ഈ വ്യക്തിഗത ശ്രമങ്ങൾ കൂടുതൽ വിപുലമായ പങ്കാളിത്തത്തിന് പ്രചോദനമായതോടെ, സംഘടിതമായ സാമൂഹിക പഠനത്തിലും ഈ ആശയത്തിന് ഇടം ലഭിച്ചു. തെലങ്കാനയിലെ സിദ്ധിപ്പേട്ടിലുള്ള 'സ്വച്ഛ് ബഡി' എന്ന സമർപ്പിത മാലിന്യ സംസ്കരണ പഠനകേന്ദ്രം ഗാർഹിക കമ്പോസ്റ്റിംഗ് മുതൽ സാമൂഹിക തലത്തിലുള്ള കമ്പോസ്റ്റിംഗ് വരെയുള്ള പ്രായോഗിക മാലിന്യ സംസ്കരണ രീതികളിൽ യുവജനങ്ങൾക്ക് നേരിട്ടുള്ള പരിശീലനം നൽകിവരുന്നു. ഈ സമീപനത്തെ മുൻനിർത്തി, ഉത്തരവാദിത്തമുള്ള മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും പ്രായോഗിക പഠനവും സമൂഹങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി 141 മുൻസിപ്പൽ മേഖലകളിൽ സമാനമായ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

അതിനാൽ, ഒരു ചെറിയ കമ്പോസ്റ്റ് ബിന്നിൽ നിന്ന് തുടങ്ങുന്ന പ്രവർത്തനത്തിന് വിപുലമായ സ്വാധീനം സൃഷ്ടിക്കാനാകും. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്ന ഈർപ്പമുള്ള മാലിന്യങ്ങളുടെ തുടർച്ചയായ ഒഴുക്ക് തടയുന്നതോടൊപ്പം ഇത് സസ്യങ്ങൾക്ക് പുതുജീവൻ നൽകുന്നു. അതിലുപരി, മാലിന്യം ഉത്ഭവിക്കുന്നിടത്തുനിന്ന് തന്നെ അതിൻ്റെ സംസ്കരണവും ആരംഭിക്കാൻ കഴിയുമെന്ന് ഇത് കാണിച്ചുതരുന്നു.

 

കളകൾ പുതിയ സാധ്യത തുറക്കുമ്പോൾ

 



 

ഗാർഹിക മാലിന്യങ്ങൾക്കപ്പുറം, കൈകാര്യം ചെയ്യാൻ ഏറെക്കാലമായി ബുദ്ധിമുട്ടുണ്ടായിരുന്ന വസ്തുക്കൾക്കും സമൂഹങ്ങൾ ഇപ്പോൾ ഉപയോഗങ്ങൾ കണ്ടെത്തുന്നുണ്ട്. അസമിലെ മോറിഗാവ് ജില്ലയിലുള്ള ബോർചില ഗ്രാമത്തിൽ, ജലാശയങ്ങൾക്ക് സമീപം താമസിക്കുന്ന ജനങ്ങൾക്ക് നിരന്തരമായ വെല്ലുവിളിയായി മാറിയ ഒരു സസ്യത്തിൽ ഈ സമീപനം പ്രാവർത്തികമാക്കുകയാണ്. പ്രാദേശികമായി 'പാനി മെറ്റേക്ക' എന്നറിയപ്പെടുന്ന കുളവാഴ (വാട്ടർ ഹയാസിന്ത്), ജലാശയങ്ങളിലുടനീളം അതിവേഗം പടർന്നുപിടിക്കുന്ന ഒരു അധിനിവേശ ജലസസ്യമാണ്. കാണാൻ ഭംഗിയുള്ളതാണെങ്കിലും നദികൾ, കുളങ്ങൾ, തടാകങ്ങൾ തുടങ്ങിയ ശുദ്ധ ജലാശയങ്ങളിൽ അമിതമായി വ്യാപിക്കുന്ന കുളവാഴ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു കളയായി മാറിയിരിക്കുന്നു. ഇതിൻ്റെ അമിതമായ വ്യാപനം മത്സ്യബന്ധനം, ഗതാഗതം, വിനോദം തുടങ്ങിയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും, ജലസ്രോതസ്സുകളുടെ ഉപയോഗക്ഷമത കുറയ്ക്കുകയും ചെയ്യുന്നു.

എന്നിരുന്നാലും, ബോർചില ഗ്രാമത്തിലെ സ്ത്രീകൾ കുളവാഴയെ ഒരു പുതിയ അവസരമാക്കി മാറ്റാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ്. ജലാശയങ്ങളിൽ അനാവശ്യമായി വളരുന്ന ഒന്നായി മാത്രം ഈ ചെടിയെ കാണുന്നതിന് പകരം, അവർ ഇതിനെ കരകൗശല വസ്തുക്കളാക്കി മാറ്റാൻ തുടങ്ങി. അസം സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യത്തിൻ്റെ പിന്തുണയോടെ നടപ്പിലാക്കുന്ന ഈ സംരംഭം, ഇതിൽ പങ്കാളികളാകുന്ന സ്ത്രീകൾക്ക് അധിക വരുമാനമാർഗ്ഗം സൃഷ്ടിച്ചിട്ടുണ്ട്. ഈ ജോലിയിലൂടെ പ്രതിമാസം കുറഞ്ഞത് 10,000 രൂപയെങ്കിലും അവർ സമ്പാദിക്കുന്നു. അങ്ങനെ ഒരിക്കൽ ജലാശയങ്ങൾക്ക് ഒരു പ്രശ്നമായി കണക്കാക്കപ്പെട്ടിരുന്ന ഒന്നിനെ ഉപജീവനത്തിനും സംരംഭകത്വത്തിനുമുള്ള ഒരു വിഭവമാക്കി മാറ്റിയിരിക്കുകയാണ്. വിഭവങ്ങൾ വീണ്ടെടുക്കുക എന്നത് കേവലം മാലിന്യ സംസ്കരണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മൂല്യവും ഉപജീവന അവസരങ്ങളും സൃഷ്ടിക്കുന്നതിലേക്ക് അത് വ്യാപിപ്പിക്കാനാകുമെന്നും ഈ അനുഭവം തെളിയിക്കുന്നു. അല്ലെങ്കിൽ വെറുമൊരു ബാധ്യതയായി അവശേഷിക്കുമായിരുന്ന വസ്തുക്കളെ ഉപകാരപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ, വിഭവങ്ങളുടെ കൂടുതൽ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാദേശിക സംരംഭങ്ങളെ പിന്തുണയ്ക്കാനും ഇത്തരം സംരംഭങ്ങൾക്ക് സാധിക്കും.

നാളികേര അവശിഷ്ടങ്ങൾക്ക് പുതിയ വിപണി

ഒരു അധിനിവേശ സസ്യത്തെ ഗ്രാമീണ ഉപജീവന മാർഗ്ഗമായി മാറ്റിയെടുത്തതിൽ നിന്ന്, നഗരങ്ങളിലെ മാലിന്യപ്രശ്നത്തിന് കാരണമാകുന്ന മറ്റൊരു വസ്തുവിലേക്ക് ഇപ്പോൾ ശ്രദ്ധ തിരിയുന്നു. പട്‌നയിൽ ചിരട്ടകൾ, ചകിരിനാരുകൾ, മറ്റ് നാളികേര അവശിഷ്ടങ്ങൾ എന്നിവ വീണ്ടെടുത്ത് ഉപകാരപ്രദമായ ഉൽപ്പന്നങ്ങളാക്കി സംസ്കരിച്ചുവരുന്നു. പ്രതിദിനം 25 മുതൽ 30 മെട്രിക് ടൺ വരെ ചിരട്ട മാലിന്യമാണ് നഗരത്തിൽ പുറന്തള്ളപ്പെടുന്നത്. ഇത് മുൻപ് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലേക്ക് എത്തുന്ന മാലിന്യത്തിൻ്റെ അളവ് വർദ്ധിപ്പിച്ചിരുന്നു. ഈ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നതിനായി, പട്‌ന മുൻസിപ്പൽ കോർപ്പറേഷൻ ദാനാപ്പൂർ മേഖലയിൽ ഒരു സംസ്കരണ കേന്ദ്രം സ്ഥാപിക്കുകയും, ഉപേക്ഷിക്കപ്പെടുന്ന നാളികേര അവശിഷ്ടങ്ങളെ മൂല്യവത്തായ വിഭവങ്ങളാക്കി മാറ്റുന്നതിനുള്ള വഴിയൊരുക്കുകയും ചെയ്തു.

 

പട്‌നയിലെ നാളികേര അവശിഷ്ട സംസ്കരണ പ്ലാൻ്റ്

മാലിന്യത്തെ കേവലം നിർമ്മാർജ്ജനം ചെയ്യേണ്ട വസ്തുവായി കാണാതെ, ഒരു വിഭവമായി കണക്കാക്കുന്ന സ്വച്ഛ് ഭാരത് മിഷന് കീഴിൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന ചിട്ടയായ മാലിന്യ സംസ്കരണ സമീപനത്തെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. നാളികേര അവശിഷ്ടങ്ങളിൽ നിന്ന് ഉപയോഗപ്രദമായ ഘടകങ്ങൾ വീണ്ടെടുത്ത്, കൃഷി, ഹോർട്ടികൾച്ചർ, മറ്റ് വാണിജ്യ ആവശ്യങ്ങൾ എന്നിവയിൽ പ്രയോജനപ്പെടുന്ന ഉൽപ്പന്നങ്ങളാക്കി അവയെ മാറ്റാനാണ് ഈ പ്ലാൻ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രതിദിനം 10 ടൺ പ്രാരംഭ സംസ്കരണ ശേഷിയുള്ള ഈ പ്ലാൻ്റ്,  ഒന്നിലധികം ഷിഫ്റ്റുകളിലായി പ്രവർത്തിപ്പിക്കുകയും, ക്രമേണ സംസ്കരണ ശേഷി പ്രതിദിനം 30 ടൺ വരെ ഉയർത്തുകയും ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

 



 

ചകിരിയിൽ നിന്ന് കയർ ഉൽപ്പാദനത്തിലേക്ക്  

നാളികേര അവശിഷ്ടങ്ങളിൽ വിവിധ ഘടകങ്ങൾ വീണ്ടെടുത്ത് ഉൽപ്പാദനക്ഷമമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. ഈർപ്പമുള്ള അവശിഷ്ടങ്ങൾ ഉയർന്ന ഗുണമേന്മയുള്ള ജൈവവളമായി സംസ്കരിക്കപ്പെടുന്നു; അതേസമയം, ചകിരിയെ നിർമ്മാണം, പാക്കേജിംഗ്, പായകൾ, കരകൗശല വസ്തുക്കൾ എന്നിവയിൽ ഉപയോഗപ്രദമായ കയറുകളാക്കി മാറ്റുന്നു. കൃഷി, ഹോർട്ടികൾച്ചർ മേഖലകളിലും നഴ്സറികളിലും റൂഫ്‌ടോപ്പ് ഗാർഡനുകളിലും ഉൾപ്പെടെ ചെടികൾക്ക് നടീൽ വസ്തുവെന്ന നിലയിൽ പ്രധാന്യം നേടിവരുന്ന ചകിരിച്ചോറാണ് മറ്റൊരു മൂല്യവത്തായ ഉൽപ്പന്നം.

ഈ വസ്തുക്കൾ വീണ്ടെടുത്ത് സംസ്കരിക്കുന്നതിലൂടെ, നീക്കം ചെയ്യേണ്ടി വരുന്ന നാളികേര അവശിഷ്ടങ്ങളുടെ അളവ് കുറയ്ക്കാനും മാലിന്യത്തിൽ നിന്ന് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളെ വീണ്ടും ഉൽപ്പാദനക്ഷമമായ ഉപയോഗത്തിലേക്ക് കൊണ്ടുവരാനും ഈ സംരംഭം വഴിതുറക്കുന്നു. ഈ സമീപനം പ്രാദേശിക ഉപജീവനത്തിനും തൊഴിലിനും അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ചാക്രിക സമ്പദ്‌ വ്യവസ്ഥയുടെ രീതികളെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.

 

മാലിന്യം പൊതു ഇടമായി മാറുമ്പോൾ

 



 

ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളെ നഗരങ്ങൾ നോക്കിക്കാണുന്ന രീതിയെയും 'മാലിന്യത്തിൽ നിന്ന് സമ്പത്ത്' എന്ന ആശയം മാറ്റിമറിക്കുന്നുണ്ട്. പാഴ്വസ്തുക്കളെ വെറും മാലിന്യമായി കാണുന്നതിന് പകരം, പൊതു ഇടങ്ങളിലും സാമൂഹിക സൗകര്യങ്ങളിലും അവ പുനരുപയോഗിക്കാനുള്ള വഴികൾ നഗരങ്ങൾ കണ്ടെത്തുന്നു. അത്തരമൊരു സമീപനമാണ് 'വേസ്റ്റ് ടു വണ്ടർ' പാർക്കുകളുടെ നിർമ്മാണം; ഇവിടെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾക്ക് പൊതു ഇടങ്ങളുടെയും വിനോദ ആകർഷണങ്ങളുടെയും ഭാഗമായി ഒരു പുതിയ ലക്ഷ്യം നൽകപ്പെടുന്നു. വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനും, പുനരുപയോഗിക്കാനും, അറ്റകുറ്റപ്പണി നടത്താനും, തുടർച്ചയായ ഉപയോഗത്തിനായി പുനഃചംക്രമണം ചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന ചാക്രിക സമ്പദ്‌ വ്യവസ്ഥയുടെ തത്വങ്ങളെയാണ് ഈ സമീപനം പ്രതിഫലിപ്പിക്കുന്നത്.

ഈ സമീപനത്തിൻ്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്ന് ചണ്ഡീഗഢ് മുന്നോട്ട് വെക്കുന്നുണ്ട്. അവിടുത്തെ റോക്ക് ഗാർഡൻ വ്യാവസായിക-ഗാർഹിക മാലിന്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്; ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കൾ ഒരു പൊതു ഇടത്തിൽ എങ്ങനെ സർഗ്ഗാത്മകമായി പുനരുപയോഗിക്കാമെന്ന് ഇത് തെളിയിക്കുന്നു. 1.75 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു 'വേസ്റ്റ് ടു വണ്ടർ' പാർക്കും ഈ നഗരം വികസിപ്പിച്ചിട്ടുണ്ട്. ഇരുമ്പ് ഷീറ്റുകൾ, കമ്പികൾ, ഫാനുകൾ, വാഹനങ്ങളുടെ ഘടകങ്ങൾ തുടങ്ങിയ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിൽ നിന്നാണ് ഈ പാർക്കിലെ നിർമ്മിതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 



 

മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച വ്യാവസായിക മാലിന്യങ്ങൾ, ലോഹ പാഴ്വസ്തുക്കൾ, ഉപേക്ഷിക്കപ്പെട്ട വാഹന ഭാഗങ്ങൾ എന്നിവ പുനരുപയോഗിച്ച് പ്രതിരൂപങ്ങളും മറ്റ് നിർമ്മിതികളും ഒരുക്കിയ ഡൽഹിയിലെ 'വേസ്റ്റ് ടു വണ്ടർ' പാർക്കിലൂടെ സമാനമായ സമീപനമാണ് ഡൽഹിയും സ്വീകരിച്ചിട്ടുള്ളത്. വിനോദത്തിനും നഗര സൗന്ദര്യവൽക്കരണത്തിനും അപ്പുറം, ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളെ
ഉൽപ്പാദനപരവും പൊതുജന ഉപയോഗത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാക്കാൻ കഴിയുമെന്ന് ഇത്തരം ഇടങ്ങൾ കാണിച്ചുതരുന്നു. ഇതിനുപുറമെ, 50 കിലോവാട്ട് മൊത്തം ശേഷിയുള്ള സോളാർ ട്രീകളും റൂഫ്‌ടോപ്പ് സോളാർ പാനലുകളും ഉൾപ്പെടുത്തി ശുദ്ധ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങളും ഈ പാർക്ക് സംയോജിപ്പിക്കുന്നു. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി, വിതരണ കമ്പനികൾക്ക് നൽകാൻ സാധിക്കും. ഇത് മാലിന്യത്തിൻ്റെയും പുനരുപയോഗ ഊർജ്ജത്തിൻ്റെയും ഉൽപ്പാദനക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അധിക വരുമാനം സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു മാർഗവും തുറക്കുന്നു.

 

മാലിന്യത്തിൽ നിന്ന് വിഭവത്തിലേക്ക്

ഉപയോഗശൂന്യമായി തള്ളിക്കളയുന്ന വസ്തുക്കൾ നേരിട്ട് അന്തിമ നിർമ്മാർജ്ജനത്തിന് അയക്കുന്നതിന് പകരം,  അവയെ എങ്ങനെ വീണ്ടെടുക്കാനും മറ്റ് ആവശ്യങ്ങൾക്കായി പ്രയോജനപ്രദമായ രീതിയിൽ തിരികെ കൊണ്ടുവരാനും കഴിയുമെന്ന് ഈ ഉദാഹരണങ്ങൾ തെളിയിക്കുന്നു. മാലിന്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമായേക്കാവുന്ന ഇത്തരം വസ്തുക്കളെ പൊതു ഇടങ്ങളുടെ ഭാഗമാക്കാനും സർഗാത്മക ആകർഷണങ്ങളാക്കി മാറ്റാനും, ചില സന്ദർഭങ്ങളിൽ സാമ്പത്തിക മൂല്യമുള്ള വിഭവങ്ങളായി മാറ്റിയെടുക്കാനും സാധിക്കും.

മാലിന്യത്തെ ഉപേക്ഷിക്കേണ്ട ഒന്നായി കാണുന്നതിൽ നിന്ന് അതിനെ ഒരു വിഭവമായി തിരിച്ചറിയുന്ന കാഴ്ചപ്പാടിലെ മാറ്റത്തോടെയാണ് 'മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്ക്' എന്ന സമീപനം ആരംഭിക്കുന്നത്. ശരിയായ തരംതിരിക്കൽ, വീണ്ടെടുക്കൽ, സംസ്കരണം എന്നിവയിലൂടെ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളെ ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ കഴിയും; ഇത് ശുചിത്വമുള്ള സമൂഹങ്ങൾ, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, ചാക്രിക സമ്പദ്‌ വ്യവസ്ഥയിലേക്കുള്ള പരിവർത്തനം എന്നിവയെ പിന്തുണയ്ക്കും.


അവലംബം 

 

Ministry of Housing & Urban Affairs

https://www.pib.gov.in/PressReleaseIframePage.aspx?PRID=2067772&lang=2&reg=3

https://www.pib.gov.in/PressReleasePage.aspx?PRID=2210020&lang=1&reg=6

https://www.pib.gov.in/PressReleasePage.aspx?PRID=2075883&lang=2&reg=3

 

PIB Backgrounder

https://www.pib.gov.in/PressNoteDetails.aspx?NoteId=160036&ModuleId=3&reg=48&lang=1

Click here to see pdf 

***


( റിലീസ് ഐ.ഡി: 2318098) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati