PIB Backgrounder
AIമുതൽ EVവരെ: സാങ്കേതികവിദ്യ എങ്ങനെയാണ് നഗര ശുചിത്വത്തിൽ മാറ്റം കൊണ്ടുവരുന്നത്
പോസ്റ്റഡ് ഓണ്‍:
01 OCT 2026 1:01PM by PIB Thiruvananthpuram
2014 ഒക്ടോബർ 2-ന്നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കുക എന്ന ലളിതമായൊരു ആശയത്തോടെയാണ് സ്വച്ഛ് ഭാരത് മിഷന് തുടക്കമായത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കുക, ശുചിത്വം എന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാക്കുക എന്നിവയായിരുന്നു അത്. ചൂലുകളും മാലിന്യക്കുപ്പകളും ജനപങ്കാളിത്തവും കൊണ്ട് ആരംഭിച്ച ഈ ദൗത്യം വൈകാതെ ഒരു ജനകീയ പ്രസ്ഥാനമായി മാറി. ഇന്ന് ആ പ്രസ്ഥാനം ഒരു പുത്തൻ സാങ്കേതികവിദ്യയെ സ്വീകരിക്കുകയാണ്. നഗര ശുചിത്വ പരിപാലനം ഇപ്പോൾ ഡിജിറ്റലും സെൻസറധിഷ്ഠിതവുംവൈദ്യുതീകരിക്കപ്പെട്ടതുമായി മാറിക്കൊണ്ടിരിക്കുന്നു. ഡിജിറ്റൽ ഡാഷ്‌ബോർഡുകൾ സേവനങ്ങൾ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാക്കുന്നു. തൊഴിലാളികൾക്ക് കടന്നുചെല്ലാൻ അത്യധികം അപകടകരമായ സ്ഥലങ്ങളിലേക്ക് എ.ഐ. സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾ കടന്നുവരുന്നു. ഇലക്ട്രിക് വാഹനങ്ങൾ മാലിന്യ ശേഖരണത്തിന് കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ ചലനാത്മകത നൽകുന്നു. ചൂലിൽ നിന്ന് റോബോട്ടുകളിലേക്കുള്ള ഈ മാറ്റത്തിലൂടെ സാങ്കേതികവിദ്യ സ്വച്ഛതയ്ക്ക് കൂടുതൽ സ്മാർട്ടായ ഒരു രൂപം നൽകുന്നു.അങ്ങനെ വൃത്തിയുള്ള നഗരങ്ങളുംകൂടുതൽ സുരക്ഷിതമായ തൊഴിലിടങ്ങളുംകൂടുതൽ കാര്യക്ഷമമായ സേവനങ്ങളും യാഥാർത്ഥ്യമാകുന്നു.
റായ്പൂരിന്റെ ഡിജിറ്റൽ മുന്നേറ്റം: ക്യൂവിന് പകരം ഡാഷ്‌ബോർഡ്
മുമ്പ്സെപ്റ്റിക് ടാങ്ക് ശുചീകരണ സേവനങ്ങൾക്കായി റായ്പൂരിലെ പ്രദേശവാസികൾക്ക് മുൻസിപ്പൽ ഓഫീസിൽ നേരിട്ടെത്തേണ്ടിവന്നിരുന്നു. എന്നാൽ പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ അവർക്ക് ഓൺലൈനായിത്തന്നെ ഡീസ്ലഡ്ജിംഗ്സേവനങ്ങൾക്കായി അപേക്ഷിക്കാം.ഇത് നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത കുറയ്ക്കുകയും കാത്തിരിപ്പുസമയം ഒഴിവാക്കുകയും ചെയ്യുന്നു.
അർബൻ പ്ലാറ്റ്‌ഫോം ഫോർ ഡെലിവറി ഓഫ് ഓൺലൈൻ ഗവേണൻസ് (UPYOG) അടിത്തറയാക്കി റായ്പൂർ മുൻസിപ്പൽ കോർപ്പറേഷൻ ഒരു പുതിയ ഡിജിറ്റൽ ഫീക്കൽ സ്ലഡ്ജ് മാനേജ്‌മെന്റ് (FSM) ഡാഷ്‌ബോർഡ് മാതൃക അവതരിപ്പിച്ചു. സെപ്റ്റിക് ടാങ്ക് ശുചീകരണ സേവനങ്ങൾ ബുക്ക് ചെയ്യാനുംപണമടയ്ക്കാനുംഅതിന്റെ ഘട്ടങ്ങൾ ഡിജിറ്റലായി അറിയാനും പ്രദേശവാസികൾക്ക് ഈ സംവിധാനം ഉപയോഗിക്കാം. ഈ പ്ലാറ്റ്‌ഫോം കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം (MoHUA), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സ് (NIUA), നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ (NUDM) എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
വളരെ ലളിതമായ രീതിയിലാണ് ഈ പ്രക്രിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു പ്രദേശവാസി തങ്ങളുടെ മൊബൈൽ നമ്പറോ പ്രോപ്പർട്ടി ഐഡിയോ നൽകിയാൽസിസ്റ്റം സ്വയം മേൽവിലാസം കണ്ടെത്തുന്നതാണ്. ഒരൊറ്റ പേജുള്ള ഫോം വഴി ശുചീകരണ സേവനങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കും. എന്നാൽ യഥാർത്ഥ മാറ്റം സംഭവിക്കുന്നത് ഈ സ്‌ക്രീനിന് പിന്നിലാണ്.

ഒരിക്കൽ അപേക്ഷ സമർപ്പിച്ചാൽസേവന പുരോഗതി തത്സമയം നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുന്നു. “ഒരു അപേക്ഷ, ഒരു ട്രിപ്പ്” എന്ന സമീപനം മെച്ചപ്പെട്ട ആസൂത്രണത്തിന് പിന്തുണ നൽകുന്നു. ജോലി പൂർത്തിയാക്കിയ ശേഷം ഡ്രൈവർമാർ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതോടെ സേവനം ഡിജിറ്റലായി സാക്ഷ്യപ്പെടുത്താനും സാധിക്കുന്നു. വാഹനങ്ങൾ നിരീക്ഷിക്കാനും വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും ഈ ഡാഷ്‌ബോർഡ് നഗരസഭയെ സഹായിക്കുന്നു. ശുചീകരണ തൊഴിലാളികളെ സംബന്ധിച്ചിടത്തോളംഅപകടകരമായ ജോലികളെ സമീപിക്കുന്ന രീതിയിലും സാങ്കേതികവിദ്യ മാറ്റം വരുത്തുന്നുണ്ട്. ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനം നേരിട്ടുള്ള മാൻഹോൾ ശുചീകരണത്തിൽ നിന്ന് യന്ത്രവൽകൃത ശുചീകരണത്തിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കുന്നു. ഇത് അപകടസാധ്യത കുറയ്ക്കുകയും കൂടുതൽ സുരക്ഷിതമായ ജോലിരീതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെലളിതമായ ഒരു ഡാഷ്‌ബോർഡെന്ന് തോന്നിക്കുന്ന ഈ സംവിധാനം കേവലം കടലാസുജോലികൾ ഇല്ലാതാക്കുന്നതിനേക്കാൾ വലിയ കാര്യമാണ് ചെയ്യുന്നത്. ഇത് പൗരനെയും സേവന ദാതാവിനെയും നഗരസഭാ സംവിധാനത്തെയും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കോർത്തിണക്കുന്നു. റായ്പൂരിൽഅപേക്ഷ മുതൽ സേവനം വരെയുള്ള യാത്ര ഇപ്പോൾ കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന ഒരു ഡിജിറ്റൽ പ്രക്രിയയായി മാറിക്കൊണ്ടിരിക്കുകയാണ്.
ജി-സ്പൈഡർ (G-SPIDER): കനാലിനുള്ളിലെ ദൗത്യമേറ്റെടുത്ത് ഒരു റോബോട്ട്
തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്ആമയിഴഞ്ചാൻ കനാൽ തമ്പാനൂർ റെയിൽവേ പരിസരത്തുകൂടി ഭൂഗർഭ പാതയിലൂടെയാണ് ഒഴുകുന്നത്. മൂടപ്പെട്ട ഈ ഭാഗത്ത് ലംബമായ വിടവ്കുറവാണെന്നതിനൊപ്പംനിരന്തരമായ നീരൊഴുക്കുമുള്ളതിനാൽ തൊഴിലാളികൾക്ക് സുരക്ഷിതമായി ഇറങ്ങാനുള്ള വഴികളില്ല. അതുകൊണ്ടുതന്നെഇത്തരം അടഞ്ഞ ഇടങ്ങളിൽ പരമ്പരാഗത ശുചീകരണ രീതികൾ പ്രയോഗിക്കുന്നത് അത്യധികം പ്രയാസകരമാണ്.
ഈ ദുർഘടമായ സ്ഥലം വൃത്തിയാക്കാൻ തിരുവനന്തപുരം നഗരസഭ ഒരു റോബോട്ടിനെ എത്തിച്ചിരിക്കുകയാണ്. റോബോട്ടിക് മാൻഹോൾ ക്ലീനറായ 'ബാൻഡികൂട്ടി'ന്റെ നിർമ്മാതാക്കളും ടെക്‌നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരുമായജെൻറോബോട്ടിക് ഇന്നൊവേഷൻസ്വികസിപ്പിച്ചെടുത്തജി-സ്പൈഡർഎന്ന എ.ഐ. അധിഷ്ഠിത കനാൽ ശുചീകരണ സംവിധാനമാണ് നഗരസഭ ഇവിടെ വിന്യസിച്ചിരിക്കുന്നത്.

കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ കണ്ടെത്തുന്നതിനുംവിലയിരുത്തുന്നതിനുംനീക്കം ചെയ്യുന്നതിനുമായി ഈ റോബോട്ട് മെഷീൻ വിഷനും സെൻസർ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. തത്സമയ നീരൊഴുക്കിന്റെ സ്ഥിതിക്കും മാറിയ മാലിന്യസ്വഭാവത്തിനും ഘടനാപരമായ വെല്ലുവിളികൾക്കും അനുസൃതമായി പ്രവർത്തിക്കാൻ ഇതിന് സാധിക്കും. ഇതിന്റെ ഫൈവ്-ഡിഗ്രീസ്-ഓഫ്-ഫ്രീഡം സംവിധാനവും ജീവികളുടെ കൈകളുടെ ഘടനയ്ക്ക് സമാനമായ ക്ലോയും ഉപയോഗിച്ച് പലതരത്തിലുള്ളതും ക്രമരഹിതവുമായ അവശിഷ്ടങ്ങൾ കോരിയെടുക്കുന്നു. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന മാലിന്യങ്ങൾ തുടർന്ന് നേരിട്ട് നിർദ്ദിഷ്ട ശേഖരണ വാഹനങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നു.
യന്ത്രവൽക്കരണത്തിനപ്പുറം വലിയൊരു പ്രാധാന്യം ഇതിനുണ്ട്. വിഷവാതകങ്ങൾ, മലിനജലം, അപകടകരമായ മാലിന്യങ്ങൾ എന്നിവയുമായി തൊഴിലാളികൾ നേരിട്ട് സമ്പർക്കത്തിൽ വരുന്നത് പരമാവധി കുറയ്ക്കുന്നതിലൂടെ ജി-സ്പൈഡർ (G-SPIDER) അവരുടെ സുരക്ഷ വർധിപ്പിക്കുന്നു. ഉയർന്ന ജലനിരപ്പുള്ളപ്പോഴും നിരന്തര നീരൊഴുക്കുള്ള സാഹചര്യങ്ങളിലും കൃത്യമായ സമയക്രമത്തിലും വ്യവസ്ഥാപിതമായും കനാൽ ശുചീകരണം നടത്താൻ ഇതിന് സാധിക്കും.
ഇത് ജി-സ്പൈഡറിനെ വെറുമൊരു ശുചീകരണ യന്ത്രമെന്നതിനേക്കാൾ ഉപരിയാക്കുന്നു. മനുഷ്യർ നേരിട്ട് ഇറങ്ങുന്നത് ഗുരുതരമായ സുരക്ഷാഭീഷണിയുയർത്തുന്ന സാഹചര്യങ്ങളിൽ സാങ്കേതികവിദ്യ എങ്ങനെ ശുചീകരണ ജോലികൾ സാധ്യമാക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു. ഈ മാതൃക കൂടുതൽ സാധ്യതകളിലേക്കും വിരൽ ചൂണ്ടുന്നു. ഉയർന്ന അപകടസാധ്യതയുള്ള മറ്റ് കനാലുകളിലും ഡ്രെയിനേജ് ശൃംഖലകളിലും നടപ്പിലാക്കാൻ സാധിക്കുന്ന തരത്തിലുള്ളതും അനുകരണീയവുമായ ഒരു മാതൃകയാണ് തിരുവനന്തപുരത്തെ ഈ പ്രവർത്തനം കാണിച്ചുതരുന്നത്.
മാലിന്യ ശേഖരണ വാഹനങ്ങൾക്ക് ഇലക്ട്രിക് അപ്‌ഗ്രേഡ്
ദിനംപ്രതിയുള്ള മാലിന്യ ശേഖരണ വാഹനങ്ങളും ഇപ്പോൾ വൃത്തിയുള്ള നഗരം എന്ന മാറ്റത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗുണ്ടൂർ, ചെന്നൈ, ഇൻഡോർ എന്നീ നഗരങ്ങളിലുടനീളം വാതിൽപടി മാലിന്യ ശേഖരണത്തിനായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.ഇത് സ്മാർട്ട് മാലിന്യ സംസ്കരണത്തോടൊപ്പം പരിസ്ഥിതി സൗഹൃദ ഗതാഗതത്തെയും സമന്വയിപ്പിക്കുന്നു.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ നഗരത്തിൽ 200-ലധികം ഇലക്ട്രിക് ഓട്ടോകൾ നഗരത്തിലുടനീളമുള്ള വാതിൽപടി മാലിന്യ ശേഖരണത്തിന് കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ ചലനാത്മകത നൽകിയിട്ടുണ്ട്. ഓരോ വാഹനത്തിലും ജി.പി.എസ് (GPS) ട്രാക്കിംഗ് സംവിധാനം സജ്ജീകരിച്ചിട്ടുള്ളതിനാൽ മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാൻ സാധിക്കും. ഈ പദ്ധതിയിലൂടെ പ്രതിവർഷം 71,000 ലിറ്ററിലധികം ഡീസലിന്റെ ഉപയോഗമാണ് ഒഴിവാകുന്നത്. കൂടാതെഒരു ദശാബ്ദത്തിനുള്ളിൽ ഹരിതഗൃഹ വാതക ഉദ്‌വമനത്തിൽ 21,000 ടണ്ണിന്റെ കുറവുവരുത്തുമെന്നും കണക്കാക്കപ്പെടുന്നു.

തമിഴ്‌നാട്ടിലെ ചെന്നൈ ദിനംപ്രതിയുള്ള മാലിന്യ ശേഖരണ സംവിധാനത്തിലേക്ക് ഇലക്ട്രിക് വാഹനങ്ങളെ നേരിട്ട് ഉൾപ്പെടുത്തി. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ 15 സോണുകളിലായി വാതിൽപടി മാലിന്യ ശേഖരണത്തിനായി 5,478 ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-റിക്ഷകൾ വിന്യസിച്ചിട്ടുണ്ട്. ഡീസൽ ശേഖരണ വാഹനങ്ങൾക്ക് പകരമായി പ്രതിദിനം 40 കിലോമീറ്ററോളം സഞ്ചരിക്കുന്ന ഈ ഇ-റിക്ഷകൾ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു. ഈ വാഹനനിര പ്രതിദിനം 41 ടൺ കാർബൺ ഉദ്‌വമനം കുറയ്ക്കുന്നു.ഇത് പ്രതിവർഷം 15,160 ടണ്ണിന്റെ കുറവാണ് ഉണ്ടാക്കുന്നത്.
എന്നാൽ ഈ മാറ്റം പരിസ്ഥിതി സൗഹൃദ വാഹനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ശേഖരണ പ്രക്രിയയിൽത്തന്നെ മാലിന്യ വേർതിരിക്കൽ സാധ്യമാക്കാനായി ഓരോ ഇ-റിക്ഷയിലും ജൈവ, അജൈവ, അപകടകരമായ മാലിന്യങ്ങൾക്കായി പ്രത്യേക പെട്ടികൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ വാഹനങ്ങൾ ഇപ്പോൾ 24,621 തെരുവുകളിലും 21 ലക്ഷത്തിലധികം വീടുകളിലും എത്തുന്നു.ഒപ്പം വാഹനങ്ങളിലെ ഓഡിയോ സിസ്റ്റങ്ങൾ വഴി പ്രദേശങ്ങളിൽ മാലിന്യ വേർതിരിക്കലിനെക്കുറിച്ചുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ പദ്ധതി 6,000-ത്തിലധികം ആളുകൾക്ക് തൊഴിലും നൽകുന്നുണ്ട്.
മധ്യപ്രദേശിലെ ഇൻഡോർ നഗരം മാലിന്യ ശേഖരണത്തെ പുനരുപയോഗ ഊർജ്ജവുമായി ബന്ധിപ്പിച്ച് ഈ ഇലക്ട്രിക് മാറ്റത്തെ ഒരുപടി കൂടി മുന്നോട്ട് കൊണ്ടുപോയി. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ വാതിൽപടി മാലിന്യ ശേഖരണത്തിനായി 100 ഇലക്ട്രിക് വാഹനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (ICCC) വഴിയുള്ള തത്സമയ ജി.പി.എസ് ട്രാക്കിംഗ് കൃത്യമായ നിരീക്ഷണത്തിനും സേവന സുതാര്യതയ്ക്കും പിന്തുണ നൽകുന്നു. ഈ പദ്ധതിയിലൂടെ പ്രതിവർഷം കാർബൺ ഉദ്‌വമനത്തിൽ 24,918 ടൺ കുറവുണ്ടാകുമെന്നും ഇന്ധന, പരിപാലന ചെലവുകളിൽ വർഷം തോറും 5.97 കോടി രൂപ ലാഭിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കൂടാതെഓരോന്നിലും 10 കിലോവാട്ട് സോളാർ പാനലുകൾ വീതം ഘടിപ്പിച്ച 20 സോളാർ ചാർജിംഗ് സ്റ്റേഷനുകളും നഗരം സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പ്രതിദിനം 800 മുതൽ 1,000 യൂണിറ്റ് വരെ ഹരിത ഊർജ്ജം ഉത്പാദിപ്പിക്കാനും ദിവസം 80 മുതൽ 100 വരെ വാഹനങ്ങൾ ചാർജ് ചെയ്യാനും സാധിക്കും. ഈനഗരങ്ങളിലുടനീളംമാലിന്യ ശേഖരണ വാഹനം എന്നത് വെറുമൊരു ഗതാഗത മാർഗ്ഗമെന്നതിനേക്കാൾ ഉപരിയായി മാറിക്കൊണ്ടിരിക്കുകയാണ്. അത് നഗര ശുചിത്വത്തിന്റെ കൂടുതൽ പരിസ്ഥിതി സൗഹൃദപരവും പരസ്പരം ബന്ധിപ്പിക്കപ്പെട്ടതും കൂടുതൽ കാര്യക്ഷമവുമായ ഒരു ഭാഗമായി മാറുകയാണ്.
അടുത്ത അധ്യായം: കൂടുതൽ സ്മാർട്ടും സുരക്ഷിതവുമായ സ്വച്ഛത
കൂടുതൽ സ്മാർട്ടായി ശുചീകരിക്കാനും സുരക്ഷിതമായി ജോലി ചെയ്യാനും വേഗത്തിൽ പ്രതികരിക്കാനും സാങ്കേതികവിദ്യ നഗര ശുചിത്വ പരിപാലനത്തിന് പുതിയ ഉപകരണങ്ങൾ നൽകുന്നു. ഡിജിറ്റൽ ഡാഷ്‌ബോർഡുകൾ, എ.ഐ. അധിഷ്ഠിത റോബോട്ടുകൾ എന്നിവ മുതൽ ഇലക്ട്രിക് മാലിന്യ ശേഖരണം വരെഈ നൂതന മാറ്റങ്ങൾ സാങ്കേതികവിദ്യയെ ദൈനംദിന സ്വച്ഛതയിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. അടുത്ത അധ്യായം എന്നത് ഈ നൂതന മാറ്റങ്ങളെ കൂടുതൽ നഗരങ്ങളിലേക്ക് എത്തിക്കുകയുംദൈനംദിന ജീവിതത്തിൽ അവ സ്വീകരിക്കുകയുംനഗര ശുചിത്വത്തെ കൂടുതൽ വൃത്തിയുള്ളതും സുരക്ഷിതവും ജനകീയവുമാക്കുകയും ചെയ്യുക എന്നതാണ്.
അവലംബം
Ministry of Housing and Urban Affairs
Click here to see pdf
*****
( റിലീസ് ഐ.ഡി: 2317740)
സന്ദര്‍ശക കൗണ്ടര്‍ : 7