പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ ഉൾപ്പെടുത്തി അന്തർ-സംസ്ഥാന പ്രസരണ ശൃംഖല വികസിപ്പിക്കുന്നതിനുള്ള 'ഗ്രീൻ എനർജി കോറിഡോർ ഘട്ടം-III' പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പോസ്റ്റഡ് ഓണ്‍: 30 SEP 2026 3:13PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഗ്രീൻ എനർജി കോറിഡോർ ഘട്ടം-III (GEC-III) പദ്ധതിക്ക് അംഗീകാരം നൽകി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 135 ജിഗാവാട്ട് വരെയുള്ള പുനരുപയോഗ ഊർജ്ജം വിതരണം ചെയ്യുന്നതിനായി ഇന്ത്യയുടെ അന്തർ-സംസ്ഥാന പ്രസരണ ശൃംഖലയെ (InSTS) ശാക്തീകരിക്കുന്ന ചരിത്രപരമായ ഒരു ചുവടുവെപ്പാണിത്.

പുനരുപയോഗ ഊർജ്ജത്തിന്റെ അനിശ്ചിതത്വം, ശൃംഖലയിലെ തിരക്ക് , തിരക്കേറിയ സമയങ്ങളിലെ വൈദ്യുതി ലഭ്യതക്കുറവ് എന്നിവ പരിഹരിക്കുന്നതിനും, സൗരോർജ്ജം ലഭിക്കാത്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഗ്രീഡ് വഴക്കത്തിനായി 50 GWh ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ പുനരുപയോഗ ഊർജ്ജ ഉത്പാദകരുടെ ഭാഗത്തോ മറ്റ് പ്രധാന കേന്ദ്രങ്ങളിലോ സ്ഥാപിക്കുന്നതിനും ഈ പദ്ധതി വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉള്ളിൽ ഊർജ്ജ വിതരണവും ഗ്രിഡ് സംയോജനവും സുഗമമാക്കാൻ ഈ പദ്ധതി സഹായിക്കും.

2032-33 സാമ്പത്തിക വർഷത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ആകെ ചെലവ് 1,86,405 കോടി രൂപയാണ്. ഇതിൽ ജി.ഇ.സി-III (GEC-III) ന് കീഴിലുള്ള അന്തർ-സംസ്ഥാന പ്രസരണ ശൃംഖലയുടെ (InSTS) വികസനത്തിനായി 1,36,378 കോടി രൂപയും, 50 GWh ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾക്കായി (BESS) 50,000 കോടി രൂപയും ഉൾപ്പെടുന്നു. ആകെ 54,082 കോടി രൂപയുടെ കേന്ദ്ര സാമ്പത്തിക സഹായമാണ് പദ്ധതിക്ക് നൽകുന്നത്. ഈ കേന്ദ്ര സാമ്പത്തിക സഹായം അന്തർ-സംസ്ഥാന പ്രസരണ നിരക്കുകൾ കുറയ്ക്കുന്നതിനും തന്മൂലം വൈദ്യുതി നിരക്ക് നിയന്ത്രിച്ചു നിർത്തുന്നതിനും സഹായിക്കും. അങ്ങനെ, കേന്ദ്ര ഗവൺമെൻ്റിൻ്റെ ഈ പിന്തുണ അന്തിമ ഉപഭോക്താക്കളായ ഇന്ത്യയിലെ സാധാരണക്കാർക്ക് ആത്യന്തികമായി പ്രയോജനം ചെയ്യും.

അന്തർ-സംസ്ഥാന പ്രസരണ ശൃംഖല (InSTS) വിഭാഗത്തിന് കീഴിലുള്ള എല്ലാ പുതിയ പദ്ധതികളും താരിഫ് അധിഷ്ഠിത മത്സര ലേല (TBCB) രീതിയിലൂടെയായിരിക്കും നടപ്പിലാക്കുക. അതേസമയം, നിലവിലുള്ള പദ്ധതികളുടെ നവീകരണവും ശൃംഖല ശക്തിപ്പെടുത്തൽ പ്രവൃത്തികളും കോസ്റ്റ് പ്ലസ് അടിസ്ഥാനത്തിൽ (CPB) നടപ്പിലാക്കും. സംസ്ഥാന പ്രസരണ യൂട്ടിലിറ്റികൾക്കായിരിക്കും പദ്ധതിയുടെ പൂർണ്ണമായ നിർവ്വഹണ ചുമതല. ട്രാൻസ്മിഷൻ സർവീസ് പ്രൊവൈഡർമാർ (TSPs) 'ബിൽഡ്-ഓൺ-ഓപ്പറേറ്റ്-മെയ്ന്റയിൻ' (BOOM) മാതൃകയിൽ ടി.ബി.സി.ബി വഴി പങ്കാളികളാകും.

2035-ഓടെ 900 ജിഗാവാട്ട് (GW) നോൺ-ഫോസിൽ ഇന്ധന ശേഷി കൈവരിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഈ പദ്ധതി സഹായിക്കും. കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ ദീർഘകാല ഊർജ്ജ സുരക്ഷയ്ക്ക് സംഭാവന നൽകാനും പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. ഊർജ്ജ മേഖല, നിർമ്മാണ മേഖല, കൺസ്ട്രക്ഷൻ വ്യവസായം എന്നിവയിൽ വലിയ തോതിലുള്ള പ്രത്യക്ഷ-പരോക്ഷ തൊഴിലവസരങ്ങൾ ഇത് സൃഷ്ടിക്കും. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിന്റെ നിർമ്മാണവും വിന്യാസവും ആഭ്യന്തര ഊർജ്ജ സംഭരണ വ്യവസായത്തിൽ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ, പങ്കാളികളായ സംസ്ഥാനങ്ങളിലുടനീളം പ്രവർത്തനം, പരിപാലനം, ഗ്രിഡ് മാനേജ്മെന്റ് എന്നിവയിൽ ദീർഘകാല നൈപുണ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിക്ക് സാധിക്കും.

***

SK


( റിലീസ് ഐ.ഡി: 2316989) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati