PIB Backgrounder
പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന (പി.എം-അജയ്)
പോസ്റ്റഡ് ഓണ്‍:
28 SEP 2026 11:57AM by PIB Thiruvananthpuram
|
ഇന്ത്യയിലെ ജനസംഖ്യയുടെ 16.6 ശതമാനം വരുന്ന പട്ടികജാതി വിഭാഗ(എസ്.സി)ങ്ങൾ, സാമൂഹിക-സാമ്പത്തിക പുരോഗതിയിലും മുഖ്യധാരയിലേക്കുള്ള ഉൾച്ചേർക്കലിലേക്കും ചരിത്രപരമായി പല തടസ്സങ്ങളും നേരിട്ടിട്ടുണ്ട്. സാമൂഹിക നീതിയും തുല്യാവസരവും ഉറപ്പാക്കുന്നതിനും, ഇന്ത്യയുടെ വികസന പ്രയാണത്തിൽ ഇവരുടെ വിശാലമായ പങ്കാളിത്തം സാധ്യമാക്കുന്നതിനും ഈ അസമത്വങ്ങൾ പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വികസനരംഗത്തെ ഈ വിടവുകൾ തിരിച്ചറിഞ്ഞ്, പട്ടികജാതി വിഭാഗങ്ങളുടെ സമഗ്രവികസനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് 'പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന (പ്രധാനമന്ത്രി പട്ടികജാതി അഭിവൃദ്ധി പദ്ധതി /പി.എം-അജയ്) ആരംഭിച്ചു.
|
സമഗ്ര ശാക്തീകരണത്തിനായുള്ള ഒരു ദർശനം
2021-22 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച, നൂറു ശതമാനവും കേന്ദ്രാവിഷ്‌കൃതമായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന (പി.എം-അജയ് പദ്ധതി). സമഗ്രവും ഏകീകൃതവുമായ സമീപനത്തിലൂടെ പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ ശാക്തീകരണം കൈവരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പി.എം-അജയ് പദ്ധതിയുടെ വേഗത്തിലുള്ളതും ഗുണമേന്മയുള്ളതുമായ നടത്തിപ്പിനായി ഗവണ്മെന്റ് 'പി.എം-അജയ്' മൊബൈൽ ആപ്പും 'പി.എം-അജയ്' പോർട്ടലും ആരംഭിച്ചു.
പ്രധാനമന്ത്രി ആദർശ് ഗ്രാം യോജന(പ്രധാനമന്ത്രി ആദർശഗ്രാമം പദ്ധതി/ പി.എം.എ.ജി.വൈ), പട്ടിക ജാതി ഉപ പദ്ധതിക്കുള്ള പ്രത്യേക കേന്ദ്ര സഹായം (എസ്.സി.എ ടു എസ്.സി.എസ്.പി), ബാബു ജഗ്ജീവൻ റാം ഛാത്രാവാസ് യോജന ( ബി.ജെ.ആർ.സി.വൈ) എന്നീ മൂന്ന് മുൻകാല കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംയോജിത പദ്ധതിയാണ് പി.എം-അജയ്. സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന പി.എം-അജയ് പദ്ധതി, എല്ലാവർക്കും വികസനം ഉറപ്പാക്കുക എന്ന വിശാലമായ ലക്ഷ്യത്തെ താഴെ പറയുന്ന മൂന്ന് പ്രധാന ഉദ്ദേശ്യങ്ങളിലൂടെ പ്രായോഗിക നടപടികളാക്കി മാറ്റുന്നു:
* അധിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പട്ടികജാതി വിഭാഗങ്ങളുടെ ദാരിദ്ര്യം കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നൈപുണ്യ വികസനം, വരുമാനദായക പദ്ധതികൾ, മറ്റ് അനുബന്ധ സംരംഭങ്ങൾ എന്നിവയിലൂടെ ഇത് സാധ്യമാക്കാം. ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സുസ്ഥിരമായ വരുമാനം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗുണഭോക്താക്കളെ പ്രാപ്തരാക്കുന്നതിനും ഇത്തരം ഇടപെടലുകൾ സഹായിക്കുന്നു.
* പട്ടികജാതി വിഭാഗക്കാർ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ സേവനങ്ങളും ഉറപ്പാക്കിക്കൊണ്ട് സാമൂഹിക-സാമ്പത്തിക വികസന സൂചകങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിർണായകമായ വികസന വിടവുകൾ നികത്തുന്നതിനും, മികച്ച ജീവിതനിലവാരത്തിന് സഹായകമായ അവശ്യ സൗകര്യങ്ങൾ അഭിഗമ്യമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു.
*പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ സാക്ഷരത വർദ്ധിപ്പിക്കുന്നതിനും സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവരുടെ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇത് നടപ്പിലാക്കുന്നു. ഗുണനിലവാരമുള്ള സ്ഥാപനങ്ങളിലും റസിഡൻഷ്യൽ സ്‌കൂളുകളിലും, പ്രത്യേകിച്ച് അഭിലാഷ ജില്ലകൾ/ പട്ടികജാതി ഭൂരിപക്ഷമുള്ള ബ്ലോക്കുകൾ/ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മതിയായ താമസ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്.

പി.എം-അജയ് പദ്ധതിയിൽ നിന്ന് ആർക്കൊക്കെ പ്രയോജനം ലഭിക്കും?
പദ്ധതിയുടെ ആനുകൂല്യങ്ങൾ അർഹരായ വ്യക്തികളിലേക്കും സമൂഹങ്ങളിലേക്കും കൃത്യമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനായി, പി.എം-അജയ് പദ്ധതിയിൽ വ്യക്തമായി നിർവചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച്, താഴെ പറയുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അഭിഗമ്യത നിർണ്ണയിക്കുന്നത്:
* ജി.ഐ.എ (ഗ്രാന്റ്-ഇൻ-എയ്ഡ്) ഘടകത്തിന് കീഴിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോൾ, പ്രതിവർഷ വരുമാനപരിധി 2.50 ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങൾക്കോ വ്യക്തികൾക്കോ മുൻഗണന നൽകുന്നു. എസ്.സി ഭൂരിപക്ഷ വിഭാഗത്തിൽപെട്ട പട്ടികജാതി അംഗങ്ങൾക്കും ഇതിന് അർഹതയുണ്ട്.
* അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ പട്ടികജാതി ജനസംഖ്യ 40 ശതമാനമോ അതിൽ കൂടുതലോ ഉള്ളതും, ആകെ ജനസംഖ്യ അഞ്ഞൂറോ അതിൽ കൂടുതലോ ഉള്ളതുമായ ഗ്രാമങ്ങൾ ഈ പദ്ധതി പ്രകാരമുള്ള ഗ്രാന്റുകൾക്ക് അർഹമാണ്.
പി.എം-അജയ് കർമ്മപഥത്തിൽ

വികസനത്തിന്റെ വിവിധ വശങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി പി.എം-അജയ് പദ്ധതിയുടെ ഘടന മൂന്ന് വ്യത്യസ്ത ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്:
പട്ടികജാതി ആധിപത്യമുള്ള ഗ്രാമങ്ങളെ 'ആദർശ് ഗ്രാമം' ആയി വികസിപ്പിക്കൽ
അടിസ്ഥാന സൗകര്യങ്ങളിലെയും സേവനങ്ങളിലെയും നിർണായകമായ കുറവുകൾ പരിഹരിച്ചുകൊണ്ട്, പട്ടികജാതി (എസ്.സി) വിഭാഗക്കാർ ഭൂരിപക്ഷമുള്ള ഗ്രാമങ്ങളെ 'ആദർശ് ഗ്രാമങ്ങൾ' (മാതൃകാ ഗ്രാമങ്ങൾ) ആയി മാറ്റുന്നു. മാതൃകാ ഗ്രാമ പദ്ധതിക്ക് കീഴിൽ 47,243 ഗ്രാമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്; ഇതിലൂടെ രാജ്യത്തുടനീളമുള്ള 47.79 ലക്ഷത്തിലധികം പൗരന്മാർക്ക് പ്രയോജനം ലഭിക്കുന്നു. ആകെ 46,944 വികസന പ്രവൃത്തികൾ പൂർത്തീകരിച്ചു, ഒപ്പം 27,032 ഗ്രാമവികസന പദ്ധതികൾ (വി.ഡി.പികൾ) തയ്യാറാക്കുകയും ചെയ്തു. 2026 സെപ്റ്റംബർ 8 വരെയുള്ള കണക്കനുസരിച്ച്, 18,093 ഗ്രാമങ്ങളെ മാതൃകാ ഗ്രാമങ്ങൾ ആയി പ്രഖ്യാപിച്ചിട്ടുണ്ട്; പട്ടികജാതി ഭൂരിപക്ഷമുള്ള ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, അടിസ്ഥാന സേവനങ്ങൾ, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

|
ജനങ്ങൾക്ക് വിവിധങ്ങളായ അടിസ്ഥാന സേവനങ്ങൾ ലഭ്യമാകുന്ന ഗ്രാമമാണ് മാതൃകാ ഗ്രാമങ്ങൾ. ഇവിടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റപ്പെടുകയും അസമത്വങ്ങൾ നാമമാത്രമാക്കി കുറയ്ക്കുകയും ചെയ്യുന്നു. അന്തസ്സാർന്ന ജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളുടെ സാർവത്രിക അഭിഗമ്യതയും ഇത്തരം ഗ്രാമങ്ങൾ വിഭാവനം ചെയ്യുന്നു. ഓരോ പ്രദേശവാസിയ്ക്കും തങ്ങളുടെ പൂർണ്ണമായ സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താനുമുള്ള അനുകൂല സാഹചര്യം ഇത് സൃഷ്ടിക്കുന്നു..
|
സംസ്ഥാനങ്ങൾ/ ജില്ലകൾ എന്നിവയ്ക്ക് സാമൂഹിക-സാമ്പത്തിക പദ്ധതികൾക്കുള്ള സഹായധനം
പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുള്ള ജില്ലാ/സംസ്ഥാനതല പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നു. ഇതിൽ ഉൾപ്പെടുന്നവ:
* നൈപുണ്യ വികസനവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെയുള്ള സമഗ്രമായ ഉപജീവന പദ്ധതികളിലൂടെ, ലക്ഷ്യം വെക്കുന്ന ജനവിഭാഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക.
* പട്ടികജാതി ഭൂരിപക്ഷമുള്ള ഗ്രാമങ്ങളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ അനുവദിച്ചുകൊണ്ട് സാമൂഹിക-സാമ്പത്തിക വികസന സൂചകങ്ങൾ മെച്ചപ്പെടുത്തുക.
* സാക്ഷരത വർദ്ധിപ്പിക്കുകയും ആവശ്യമെങ്കിൽ റസിഡൻഷ്യൽ സ്‌കൂളുകൾ അനുവദിച്ചുകൊണ്ട് പട്ടികജാതിക്കാരുടെ സ്‌കൂൾ പ്രവേശനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
2021-22 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ, ഗ്രാന്റ്‌സ്-ഇൻ-എയ്ഡ്' (സഹായധനം) ഘടകത്തിന് കീഴിൽ 1,730 കോടിയിലധികം രൂപ സംസ്ഥാനങ്ങൾക്ക് നേരിട്ട് അനുവദിച്ചിട്ടുണ്ട്. ഇത് 2.5 ലക്ഷത്തിലധികം വരുന്ന വ്യക്തിഗത ഗുണഭോക്താക്കൾക്കും ഗുണഭോക്താക്കളുടെ കൂട്ടായ്മകൾക്കും നൈപുണ്യ വികസനവും ഉപജീവനപിന്തുണയും ലഭ്യമാക്കുന്നു.
ഹോസ്റ്റലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും
പട്ടികജാതി (എസ്.സി) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടുന്നതിന് അവസരമൊരുക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗ്ഗങ്ങളിലൊന്നാണ് ഹോസ്റ്റലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും. രാജ്യത്തെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇത്തരം ഹോസ്റ്റലുകൾ വളരെയേറെ പ്രയോജനകരമാണ്. 2026 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച്, ആകെ 785 വിദ്യാർത്ഥി ഹോസ്റ്റലുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 264 വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി രണ്ട് ഹോസ്റ്റൽ പദ്ധതികൾ (ഒന്ന് പെൺകുട്ടികൾക്കും മറ്റൊന്ന് ആൺകുട്ടികൾക്കും) നിർമ്മിക്കുന്നതിന്, 2026-27 സാമ്പത്തിക വർഷത്തേക്ക് ഗവണ്മെന്റ് 61.46 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചു.
ശാക്തീകരണത്തിലുള്ള നിക്ഷേപം
ഏതൊരു ക്ഷേമസംരംഭത്തിന്റേയും ഫലപ്രദമായ നിർവഹണത്തിന് സുസ്ഥിരമായ സാമ്പത്തിക പിന്തുണ ആവശ്യമാണ്. പി.എം-അജയ് പദ്ധതിക്ക് കീഴിലുള്ള ധനസഹായ സംവിധാനത്തെക്കുറിച്ചുള്ള ഒരു അവലോകനം താഴെ അവതരിപ്പിച്ചിരിക്കുന്നു.
ധനസഹായം - ഒറ്റനോട്ടത്തിൽ
|
ധനസഹായ രീതി
|
നൂറു ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതി
|
|
സംസ്ഥാന/ കേന്ദ്രഭരണപ്രദേശ വിഹിതം
|
ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്കോ കേന്ദ്രഭരണപ്രദേശങ്ങൾക്കോ അധിക വിഭവങ്ങൾ ഉപയോഗിച്ച് ഈ പദ്ധതിയെ ശക്തിപ്പെടുത്താവുന്നതാണ്.
|
|
ഘടകങ്ങൾ തിരിച്ചുള്ള വകയിരുത്തൽ
|
- 50 % വരെ - തിരഞ്ഞെടുത്ത മാതൃകാ ഗ്രാമങ്ങളിൽ വികസന വിടവുകൾ നികത്തുന്നതിനുള്ള പ്രവർത്തനങ്ങൾ.
- 5% വരെ - കേന്ദ്രതലത്തിൽ ടി.എസ്.ജി (സാങ്കേതിക സഹായ സംഘം), പി.ഐ.യു (പദ്ധതി നിർവഹണ യൂണിറ്റുകൾ) എന്നിവയും, സംസ്ഥാന-ജില്ലാ തലങ്ങളിൽ പി.ഐ.യുകളും സജ്ജീകരിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി.
- 2% വരെ - ഹോസ്റ്റലുകളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും- കേന്ദ്ര സ്ഥാപനങ്ങൾക്കായി വിനിയോഗിക്കുന്നതിനും, മന്ത്രാലയം നേരിട്ട് നടപ്പിലാക്കുന്ന ഏജൻസികൾക്ക് തുക കൈമാറുന്നതിനുമായി ഉപയോഗിക്കും.
- ബാക്കിയുള്ള ഫണ്ട് - ജില്ല/സംസ്ഥാന തലത്തിലെ പദ്ധതികൾക്കുള്ള ധനസഹായം; പട്ടികജാതി ജനസംഖ്യ, സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ പട്ടികജാതി ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക പദ്ധതിയിലെ സംസ്ഥാന എസ്.സി.എസ്.പി വിഹിതത്തിന്റെ അനുപാതം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് അനുവദിച്ചിരിക്കുന്നത്.
|
|
പരിപാലനം
|
ഈ പദ്ധതിക്ക് കീഴിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണം പൂർത്തിയായ ശേഷം, അവയുടെ പരിപാലനവും പ്രവർത്തനവും അതത് സംസ്ഥാന ഗവൺമെന്റുകളോ നിർവഹണ ഏജൻസികളോ നിർവ്വഹിക്കേണ്ടതാണ്.
|
|
കാര്യക്ഷമമായ ഭരണനിർവ്വഹണത്തിലേക്കൊരു ഡിജിറ്റൽ കുതിപ്പ്
അടുത്തിടെ പുറത്തിറക്കിയ' പി.എം-അജയ്' മൊബൈൽ ആപ്പും 'പി.എം-അജയ്'പോർട്ടലും രേഖാധിഷ്ഠിത പ്രവർത്തനരീതികളിൽ നിന്ന് തത്സമയ അടിസ്ഥാനത്തിലുള്ള സമ്പൂർണ്ണ ഡിജിറ്റൽ പ്രവർത്തനരീതിയിലേക്കുള്ള പരിവർത്തനമാണ് ലക്ഷ്യമിടുന്നത്. സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത എന്നീ തത്വങ്ങളിലാണ് മികച്ച ഭരണനിർവ്വഹണം കെട്ടിപ്പടുത്തിരിക്കുന്നത്.

പൊതുപദ്ധതികളുടെ ആസൂത്രണം, നിർവ്വഹണം, അവലോകനം എന്നിവയിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ വലിയ പരിവർത്തനം വരുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയിലൂന്നിയ ഭരണനിർവ്വഹണം വിവരലഭ്യത മെച്ചപ്പെടുത്തുകയും, അവലോകനം ശക്തിപ്പെടുത്തുകയും, വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് ഏകോപനം, സുതാര്യത, പദ്ധതി നടത്തിപ്പിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ വളർച്ചാപ്രയാണത്തിലെ അടുത്ത അധ്യായം
'2047 ഓടെ വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം, വികസനത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തണമെന്നും എല്ലാവർക്കും പുരോഗതിക്കുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്നുമുള്ള തത്വത്തിൽ അധിഷ്ഠിതമാണ്. സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ, ഗുണമേന്മയുള്ള വിദ്യാഭ്യാസം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ലക്ഷ്യബോധത്തോടെയുള്ള ഇടപെടലുകളിലൂടെ, പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസപരമായ ശാക്തീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പി.എം-അജയ് സുപ്രധാന പങ്ക് വഹിക്കുന്നു. പദ്ധതി വിപുലീകരണം തുടരുന്നതിനൊപ്പം, സാങ്കേതികവിദ്യയുടെ വർധിത ഉപയോഗം, ശക്തമായ അവലോകന സംവിധാനങ്ങൾ, ഗുണഭോക്താക്കളിലേക്ക് നേരിട്ട് ആദ്യാവസാന സേവനം എത്തിക്കുന്നതിലെ കൃത്യമായ ശ്രദ്ധ എന്നിവ പദ്ധതിയുടെ കാര്യക്ഷമതയും വ്യാപ്തിയും വർധിപ്പിക്കുന്നു. വ്യക്തികളെയും സമൂഹങ്ങളെയും അവരുടെ പൂർണ്ണ സാധ്യതകൾ തിരിച്ചറിയാൻ ശാക്തീകരിച്ചും, ഇന്ത്യയുടെ വികസനപ്രയാണത്തിൽ സജീവമായി പങ്കുചേരാൻ പ്രാപ്തരാക്കിയും, കൂടുതൽ സമഗ്രവും നീതിപൂർവ്വകവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നത് പി.എം.അജയ് തുടരും.
അവലംബം
Ministry of Social Justice and Empowerment:
https://socialjustice.gov.in/
https://socialjustice.gov.in/schemes/104
https://socialjustice.gov.in/writereaddata/UploadFile/71441776233188.pdf
https://pmajay.dosje.gov.in/
https://pmajay.dosje.gov.in/Writereaddata/Guidelines.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2265530®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2285859®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2268689®=48&lang=1
https://www.indiabudget.gov.in/doc/eb/sbe93.pdf
Ministry of Finance:
https://www.indiabudget.gov.in/doc/OutcomeBudgetE2026_2027.pdf
myScheme:
https://www.myscheme.gov.in/schemes/pmajay-ag
Click here to see pdf
*****
( റിലീസ് ഐ.ഡി: 2316929)
സന്ദര്‍ശക കൗണ്ടര്‍ : 4