PIB Backgrounder
azadi ka amrit mahotsav

ഉത്സവങ്ങൾ ആഘോഷിക്കാൻ ഹരിത വഴികൾ കണ്ടെത്തുമ്പോൾ

പോസ്റ്റഡ് ഓണ്‍: 28 SEP 2026 4:09PM by PIB Thiruvananthpuram

ഭാവങ്ങളിലും രൂപങ്ങളിലും വൈവിധ്യമാർന്നതാണെങ്കിലും ഇന്ത്യയിലെ ഉത്സവങ്ങൾ പങ്കുവെക്കുന്ന വികാരങ്ങളുടെ ഭാഷ ഒന്നാണ്. ഗണേശ ചതുർത്ഥി ഗണേശ ഭഗവാനെ നമ്മുടെ വീടുകളിലേക്കും നാട്ടിടങ്ങളിലേക്കും ആനയിക്കുമ്പോൾ, ദുർഗാപൂജ നടക്കുന്ന പന്തലുകൾ ഭക്തിയുടെയും കലാപരമായ മികവിൻ്റെയും വിസ്മയവേദികളായി മാറുന്നു. ദീപങ്ങളുടെ പൊൻവെളിച്ചവും പ്രാർത്ഥനകളും പുതിയ പ്രതീക്ഷകളുമായി ദീപാവലി വന്നെത്തുമ്പോൾ, നദീതീരങ്ങളിലെ ഘാട്ടുകളിൽ കുടുംബങ്ങളെ ഒന്നിപ്പിച്ച് സൂര്യഭഗവാന് പ്രണാമമർപ്പിക്കുന്ന പുണ്യനിമിഷങ്ങളാണ് ഛഠ് പൂജ സമ്മാനിക്കുന്നത്. വിശ്വാസത്തിലും കുടുംബബന്ധങ്ങളിലും സാമൂഹിക സൗഹാർദ്ദത്തിലും വേരൂന്നിയ ഈ ആഘോഷങ്ങൾ, അവ അരങ്ങേറുന്ന ഇടങ്ങളുമായി ആത്മബന്ധം പുലർത്തുന്നവ കൂടിയാണ്.

 

ഒരു ക്ഷേത്രത്തിൽ പൂക്കൾ അർപ്പിക്കപ്പെടുന്നു, ഒരു പന്തൽ ഭക്തിനിർഭരമായ ആരാധനാകേന്ദ്രമായി മാറുന്നു, ഒരു ഘാട്ട് പവിത്രമായ ആചാരങ്ങൾക്ക് വേദിയാകുന്നു. ഈ പാരമ്പര്യങ്ങൾ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുമ്പോൾ, ഇത്തരം പുണ്യസ്ഥലങ്ങൾ പരിപാലിക്കുക എന്നത് ആഘോഷങ്ങളുടെ തന്നെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. 2026 സെപ്റ്റംബർ 17-ന് തുടക്കം കുറിച്ച 'സ്വച്ഛത ഹി സേവ 2026' ലൂടെ ഈ മനോഭാവത്തിന് ദേശീയതലത്തിൽ വിശാലമായൊരു വേദി ഒരുങ്ങുകയാണ്. “ശുചിത്വത്തിൽ പങ്കാളിത്തം; ശുചിത്വ ഭാരതം, വികസിത ഭാരതം” എന്നതാണ് ഈ വർഷത്തെ പ്രചാരണത്തിൻ്റെ മുഖ്യ പ്രമേയം. ശുചിത്വപാലനത്തിൽ ഓരോരുത്തർക്കുമുള്ള പങ്കിട്ട ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുന്ന ഈ മുന്നേറ്റം, "ശുചിത്വോത്സവം, ഹരിതോത്സവം" എന്ന സന്ദേശത്തിലൂടെ ശുചിത്വമുള്ളതും പ്രകൃതിസൗഹാർദ്ദവുമായ ആഘോഷങ്ങൾക്കാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. ഇതോടൊപ്പം മാലിന്യം ഉറവിടത്തിൽത്തന്നെ തരംതിരിക്കൽ, മാലിന്യം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം ചെയ്യുക എന്ന (3R's) തത്ത്വം, വർത്തുള സമ്പദ്‌വ്യവസ്ഥ, മാലിന്യത്തിൽ നിന്ന് മൂല്യം സൃഷ്ടിക്കൽ തുടങ്ങിയ സംരംഭങ്ങൾക്കും ഈ പ്രചാരണം കരുത്തുപകരുന്നു.

 

ഇന്ത്യയുടെ ഉത്സവക്കാഴ്ചകളിലുടനീളം, ഈ ആശയം ഇതിനകം തന്നെ അർത്ഥവത്തായ രീതികളിൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. പൂജയ്ക്ക് ഉപയോഗിച്ച പുഷ്പങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി പുനരുപയോഗിക്കുന്നു, ഗണപതി ആഘോഷങ്ങളിൽ കളിമണ്ണിന് വീണ്ടും ഇടം ലഭിക്കുന്നു, ഉത്സവ പന്തലുകൾ നിർമ്മിക്കാൻ മുള ഉപയോഗിക്കുന്നു, ഭക്തർക്കായി ഛഠ് ഘാട്ടുകൾ വൃത്തിയായി സൂക്ഷിക്കുന്നു. ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങൾക്ക് വിശ്വാസത്തിലും സാമൂഹിക പങ്കാളിത്തത്തിലും അടിയുറച്ചുനിന്നുകൊണ്ട് തന്നെ കാലത്തിനനുസരിച്ച് എങ്ങനെ പരിണമിക്കാമെന്നും, വളർന്നുവരുന്ന പാരിസ്ഥിതിക ഉത്തരവാദിത്തബോധത്തെ എങ്ങനെ ഉൾക്കൊള്ളാമെന്നും ഈ കൂട്ടായ പരിശ്രമങ്ങൾ തെളിയിക്കുന്നു.

 

ഭക്തിസാന്ദ്രമായ പൂക്കൾക്ക് പുതുജീവൻ ലഭിക്കുമ്പോൾ

 

ഉജ്ജയിനിലെ പ്രഭാതങ്ങളിൽ, ആരാധനയ്ക്കായുള്ള പുഷ്പങ്ങളുമായി ആയിരക്കണക്കിന് ഭക്തരാണ് മഹാകാലേശ്വർ ക്ഷേത്രത്തിലേക്ക് എത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഈ പൂക്കൾ വിശ്വാസത്തിൻ്റെ അർപ്പണങ്ങളാണ്. പ്രതിദിനം 75,000 മുതൽ 1,00,000 വരെ ഭക്തരെത്തുന്ന ഈ ക്ഷേത്രത്തിൽ ദിവസവും 5 മുതൽ 6 ടൺ വരെ പുഷ്പമാലിന്യം ഉണ്ടാകുന്നുണ്ട്. ‘പുഷ്പാഞ്ജലി ഇക്കോനിർമ്മിത്’ എന്ന പേരിലുള്ള പ്രത്യേക വാഹനങ്ങൾ ഈ പൂക്കൾ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും, അവിടെ അവയെ കമ്പോസ്റ്റ്, ബ്രിക്വെറ്റുകൾ, ജൈവ ഇന്ധനങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.

ശിവ് അർപ്പൺ സ്വയംസഹായ സംഘത്തിലെ വനിതകൾക്ക്, ഉപേക്ഷിക്കപ്പെടുന്ന ഈ പൂക്കൾ ഉപജീവനമാർഗവും പുത്തൻ ലക്ഷ്യബോധവുമാണ് സമ്മാനിക്കുന്നത്. 2024-ൽ പൂക്കളുടെ അവശിഷ്ടങ്ങളെ 30 ദശലക്ഷത്തിലധികം അഗർബത്തികളും മറ്റ് പരിസ്ഥിതിസൗഹൃദ ഉൽപ്പന്നങ്ങളുമാക്കി മാറ്റിയതിലൂടെ, ഈ സംരംഭം സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം മാലിന്യത്തെ മൂല്യമുള്ള വിഭവമാക്കി മാറ്റുകയും ചെയ്തു. ഇത്തരത്തിൽ, ഭക്തിപൂർവ്വം അർപ്പിക്കുന്ന ഒരു പൂവിൻ്റെ യാത്ര അവിടെ അവസാനിക്കുന്നില്ല. മറിച്ച് പ്രാർത്ഥനകൾക്ക് ശേഷവും സംരംഭകത്വത്തിലൂടെയും ഉപജീവനത്തിലൂടെയും പാരിസ്ഥിതിക ഉത്തരവാദിത്തത്തിലൂടെയും അത് ഒരു പുതിയ ലക്ഷ്യം കണ്ടെത്തുകയാണ്.

 

ആഘോഷങ്ങൾ പാരിസ്ഥിതിക ഉത്തരവാദിത്തവുമായി കൈകോർക്കുമ്പോൾ

ദശലക്ഷക്കണക്കിന് ആളുകൾക്ക് ഗണേശ ചതുർത്ഥി എന്നത് അങ്ങേയറ്റം വ്യക്തിപരമായ ഒരു ആഘോഷമാണ്. സംഗീതത്തിൻ്റെയും പ്രാർത്ഥനകളുടെയും അകമ്പടിയോടെ ഗണേശ ഭഗവാൻ വീടുകളിലേക്ക് പ്രവേശിക്കുന്നു, കുടുംബത്തിലെ ഒരംഗമായി മാറുന്നു, ഒടുവിൽ അടുത്ത വർഷം തിരികെ വരാമെന്ന വാഗ്ദാനത്തോടെ നിമജ്ജനത്തിനായി യാത്രയാകുന്നു. ഈ വിടപറച്ചിൽ പവിത്രമാണ്, അതോടൊപ്പം നമ്മുടെ ജലാശയങ്ങളെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തവുമായി ഏറെ പ്രിയപ്പെട്ട ഒരു പാരമ്പര്യം ഒത്തുചേരുന്ന നിമിഷം കൂടിയാണിത്.

 

2024-ൽ നവി മുംബൈ ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനായി 136 കൃത്രിമ കുളങ്ങൾ നിർമ്മിക്കുകയും ഭക്തർക്ക് ഇതിനായി പ്രത്യേക ഇടങ്ങൾ ഒരുക്കി നൽകുകയും ചെയ്തു. സ്വാഭാവിക ജലാശയങ്ങൾ നേരിടുന്ന സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം, ഭക്തർക്ക് ഈ സൗകര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താനായി ഈ സ്ഥലങ്ങളുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും വാട്‌സ്ആപ്പിലൂടെയും പങ്കുവെച്ചു.

ഗണേശ വിഗ്രഹങ്ങൾക്കായി പരമ്പരാഗതവും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) ശിൽപ്പികൾക്ക് ഏകദേശം 500 ടൺ കളിമണ്ണ് സൗജന്യമായി വിതരണം ചെയ്തു. ഈ ശ്രമത്തിന് പിന്തുണയേകിക്കൊണ്ട്, പരിസ്ഥിതി സൗഹൃദ വിഗ്രഹങ്ങളും അലങ്കാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് 'ഇക്കോ-ബപ്പ' എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആഘോഷത്തിൻ്റെ സാംസ്കാരികവും ഭക്തിപരവുമായ സത്ത നിലനിർത്തിക്കൊണ്ടുതന്നെ സുസ്ഥിരമായ രീതികൾ സ്വീകരിക്കാൻ ഭക്തരെയും കരകൗശല വിദഗ്ദ്ധരെയും ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നു.

 

ഈ ആശയം യുവതലമുറയ്ക്കിടയിലും വലിയ സ്വീകാര്യത നേടി. പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ വിദ്യാർത്ഥികൾക്കായി പരിസ്ഥിതിസൗഹൃദ വിഗ്രഹ നിർമ്മാണ, അലങ്കാര മത്സരങ്ങൾ സംഘടിപ്പിച്ചു. കളിമണ്ണ്, പേപ്പർ മാഷെ, പ്രകൃതിദത്ത നാരുകൾ, പുനഃചംക്രമണം ചെയ്ത വസ്തുക്കൾ എന്നിവ ഉപയോഗിച്ച് വിഗ്രഹങ്ങൾ നിർമ്മിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും, അതുവഴി ആഘോഷങ്ങളിലേക്ക് പരിസ്ഥിതി സംരക്ഷണത്തിൻ്റെ ചിന്തകൾ കൊണ്ടുവരികയും ചെയ്തു. മഹാരാഷ്ട്രയിലെ താനെയിൽ ഏകദേശം 500 വിദ്യാർത്ഥികൾ 'ശാഡു' കളിമണ്ണ് ഉപയോഗിച്ച് ഗണപതി വിഗ്രഹങ്ങൾ നിർമ്മിക്കാൻ പഠിച്ചു. സർഗ്ഗാത്മകതയും കരകൗശല വൈദഗ്ധ്യവും വികസിപ്പിക്കുന്നതിനപ്പുറം, ഏറെ വിലമതിക്കപ്പെടുന്ന പാരമ്പര്യങ്ങളെ കൂടുതൽ പാരിസ്ഥിതിക കരുതലോടെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന ആശയം യുവമനസ്സുകളിലേക്ക് എത്തിക്കാനും ഈ സംരംഭങ്ങൾക്ക് സാധിച്ചു.

 

2023-ലെ നിമജ്ജന ചടങ്ങുകൾക്ക് പിന്നാലെയും ജനപങ്കാളിത്തത്തിൻ്റെ ഈ മനോഭാവം തുടർന്നു. 500-ലധികം വിദ്യാർത്ഥികൾ ഉൾപ്പെടെ 900-ലധികം വരുന്ന ശുചിത്വ സന്നദ്ധപ്രവർത്തകർ വെർസോവ ബീച്ച് വൃത്തിയാക്കാൻ രംഗത്തെത്തി. അവർ ഏകദേശം 80,000 കിലോഗ്രാം മാലിന്യം നീക്കം ചെയ്യുകയും പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച ഏകദേശം 7,400 ഗണേശ വിഗ്രഹങ്ങൾ ശേഖരിക്കുകയും ചെയ്തു. ഗണേശ ഭഗവാനോടുള്ള വിടപറച്ചിൽ സേവനത്തിനുള്ള മറ്റൊരു അവസരമായി മാറി.

 

ഹരിത പരിവർത്തനത്തിന് എപ്പോഴും പുതിയ എന്തെങ്കിലും തന്നെ വേണമെന്നില്ല. ചിലപ്പോഴൊക്കെ, സമൂഹങ്ങൾ തലമുറകളായി ഉപയോഗിച്ചുപോരുന്ന വസ്തുക്കളിലേക്ക് മടങ്ങുക എന്നതാണ് ഇതിനർത്ഥം.

 

അസമിലെ ദിഗ്‌ബോയിയിൽ 2023-ലെ ഗണേശ പൂജ മുള കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചത്. വിഗ്രഹങ്ങൾ, പ്രവേശന കവാടങ്ങൾ, പരമ്പരാഗത അലങ്കാരങ്ങൾ എന്നിവയ്ക്കും പരമ്പരാഗത തൊപ്പിയായ ജാപി, ഖോരാഹി കൊട്ടകൾ എന്നിവ നിർമ്മിക്കുന്നതിനും ഈ വസ്തു ഉപയോഗിച്ചു. പ്രാദേശിക പാരമ്പര്യത്തെയും പരിസ്ഥിതി സംരക്ഷണത്തെയും ഈ ആഘോഷം ഒന്നിപ്പിച്ചു.

 

തേങ്ങയുടെ തൊണ്ടും കളിമണ്ണും ഉപയോഗിച്ച് വിത്തുകൾ ഉൾപ്പെടുത്തിയ പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ നിർമ്മിച്ചുകൊണ്ട് ഡൽഹിയിൽ ഈ ആശയത്തിൻ്റെ മറ്റൊരു മാതൃക അവതരിപ്പിച്ചു. നിമജ്ജനത്തിന് ശേഷം മണ്ണിൽ അലിഞ്ഞുചേരുന്ന ഈ വിഗ്രഹങ്ങൾ, അതിലെ വിത്തുകൾ മുളച്ചുപൊന്തി ചെടികളായി വളരാൻ ഇടയാക്കുന്നു. ആചാരങ്ങൾ പാരമ്പര്യത്തിൽ അടിയുറച്ചുനിൽക്കുമ്പോൾ തന്നെ, ഈ വസ്തുക്കൾ വിഗ്രഹത്തിൻ്റെ യാത്ര പൂർത്തിയാക്കാൻ കൂടുതൽ സുസ്ഥിരമായ മറ്റൊരു വഴി തുറന്നുനൽകുന്നു.

 

പന്തൽ മുതൽ പ്രസാദം വരെ: കൂടുതൽ ഹരിതമായ ആഘോഷം

 

ഭക്തിയുടെയും സർഗ്ഗാത്മകമായ കലാവൈഭവത്തിൻ്റെയും സാമൂഹിക കൂട്ടായ്മയുടെയും ആഘോഷമാണ് ദുർഗാപൂജ. ദേവിയെ വരവേൽക്കുന്ന താൽക്കാലിക ഇടങ്ങളായി പന്തലുകൾ മാറുന്നു. ഇത്തരം ഇടങ്ങൾ ഒരുക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക അവബോധം കൂടുതൽ പ്രതിഫലിക്കുന്നു. തെർമോകോളും പ്ലാസ്റ്റിക്കും ഉപയോഗിക്കുന്നതിന് പകരം 2023-ൽ മുള, തടി, ചിരട്ട, തുണി, ചണം, കയർ, വൈക്കോൽ, പുല്ല്, ചൂരൽ, കടലാസ് എന്നിവ ഉപയോഗിക്കുകയും, വെള്ളത്തിൽ ലയിക്കുന്ന കളിമണ്ണിൽ തീർത്ത ദുർഗാ വിഗ്രഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു.

 

ഈ പരിശ്രമങ്ങൾ പന്തലുകൾക്കപ്പുറത്തേക്കും വ്യാപിച്ചു. ആളുകൾ കൂടുതൽ എത്തുന്ന ഇടങ്ങളിൽ നീലയും പച്ചയും നിറങ്ങളിലുള്ള മാലിന്യ നിക്ഷേപ പെട്ടികൾ സ്ഥാപിച്ചു. രാത്രികാല ശുചീകരണ യജ്ഞങ്ങൾ സംഘടിപ്പിക്കുകയും പ്ലാസ്റ്റിക് രഹിത അലങ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഡൽഹിയിലെ ചില പന്തലുകളുടെ നിർമ്മിതികൾക്കായി മുളയും കോട്ടൺ തുണികളുമാണ് പ്രധാനമായും തിരഞ്ഞെടുത്തത്.

 

പൂജയുമായി ബന്ധപ്പെട്ട വഴിപാട് സാധനങ്ങൾക്കും പുതുജീവൻ ലഭിച്ചു. പൂജയ്ക്ക് ശേഷം ശേഖരിച്ച പുഷ്പങ്ങളും മറ്റ് ജൈവ അവശിഷ്ടങ്ങളും കമ്പോസ്റ്റിംഗിനും മറ്റ് പ്രയോജനപ്രദമായ ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചു. പ്രസാദവും ലഘുഭക്ഷണങ്ങളും കടലാസ് പ്ലേറ്റുകളിലും വാഴയിലകളിലും ഇലപ്പാത്രങ്ങളിലും കളിമൺ തട്ടുകളിലുമാണ് വിളമ്പിയത്. ആഘോഷങ്ങളുടെ പരിചിതമായ ഘടകങ്ങൾ കൈവിടാതെ തന്നെ കൂടുതൽ പരിസ്ഥിതിസൗഹൃദമായ രീതികൾ എങ്ങനെ സ്വീകരിക്കാമെന്ന് ഇത് വ്യക്തമാക്കുന്നു.

 

ശുചിത്വത്തിൻ്റെ സത്ത ഉൾക്കൊണ്ടുകൊണ്ടുള്ള ദീപാവലി ആഘോഷം

 

ദീപാവലിക്ക് ശുചിത്വവുമായി അഭേദ്യമായി ബന്ധമുണ്ട്. വീടുകൾ വൃത്തിയാക്കുകയും പഴയ സാധനങ്ങൾ തരംതിരിച്ച് അടുക്കിവയ്ക്കുകയും പൂജകൾ നടത്തുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനും മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനുമായി കുടുംബങ്ങൾ ഒത്തുചേരുകയും ചെയ്യുന്നു. "സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി" പ്രചാരണം ഈ പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. മാലിന്യം വേർതിരിക്കൽ, മാലിന്യം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം ചെയ്യുക എന്ന (3R's) തത്ത്വങ്ങൾ, തദ്ദേശീയമായി നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഉപയോഗം, കൂടുതൽ ശുചിത്വമുള്ള ആഘോഷങ്ങൾ എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു.

 

മഹാരാഷ്ട്രയിലെ മീരാ ഭയന്ദറിൽ ഒരുക്കങ്ങളോടെയും സാമൂഹിക ശുചിത്വ പ്രവർത്തനങ്ങളോടെയുമാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ദീപാവലിക്ക് മുന്നോടിയായി സംഘടിപ്പിച്ച പ്രത്യേക ശുചീകരണ യജ്ഞത്തിൽ സഫായി മിത്രങ്ങൾ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയും ദേശീയ നായകന്മാരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പ്രതിമകൾ കഴുകി വൃത്തിയാക്കുകയും ഹരിതമേഖലകൾ പരിപാലിക്കുകയും ചെയ്തു.

 

രാജസ്ഥാനിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും, ദീപാവലി ശുചീകരണത്തിനിടെ ഉണ്ടാകുന്ന ഗാർഹിക മാലിന്യങ്ങൾ അടുത്തുള്ള 3R (റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ) കേന്ദ്രങ്ങളിൽ എത്തിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

 

2023-ൽ പുനരുപയോഗത്തിൻ്റെ ഈ മനോഭാവം ഉത്സവ സമ്മാനങ്ങളിലേക്കും വ്യാപിച്ചു. ഡൽഹിയിലെ നവജീവൻ വിഹാറിൽ നടന്ന ‘സ്വാപ്പ് ബിഫോർ യു ഷോപ്പ്-ഗിഫ്റ്റ് റിവൈവൽ മേള’യിൽ, ആളുകൾ ഉപയോഗിക്കാത്ത സമ്മാനങ്ങൾ തരംതിരിച്ച ഗിഫ്റ്റ് പൂളിലൂടെ പരസ്പരം കൈമാറി. ഒരൊറ്റ ദിവസം കൊണ്ട് രണ്ട് മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ 50 സമ്മാനങ്ങൾ ലഭിച്ചു.

 

അതേസമയം, ത്രിപുരയിലെ മേലാഘറിൽ സ്വയംസഹായ സംഘങ്ങളിലെ വനിതകൾ പരിസ്ഥിതിസൗഹൃദ ദീപാവലിക്കായി മൺചിരാതുകൾ നിർമ്മിച്ചു. കൂടാതെ, ഡൽഹിയിലെ ദീപ് മഹോത്സവ്, സ്വച്ഛ് ഉത്സവ്, വോട്ടർ ഉത്സവ് എന്നിവ ആഘോഷങ്ങളെ എങ്ങനെ മാലിന്യരഹിത അനുഭവമാക്കി മാറ്റാമെന്ന് തെളിയിച്ചു. തുണിയുടെ അവശിഷ്ടങ്ങൾ പുനരുപയോഗിക്കാവുന്ന തോരണങ്ങളായി മാറി. ഉപേക്ഷിച്ച കാർഡ്ബോർഡുകൾ സെൽഫി ഫ്രെയിമുകളായും, പഴയ ഐസ്ക്രീം സ്റ്റിക്കുകൾ തൂക്കിയിടുന്ന അലങ്കാര വസ്തുക്കളായും രൂപാന്തരപ്പെട്ടു. പരിചിതമായ ഒരു പാരമ്പര്യം സജീവമായി നിലനിർത്തുന്നതിനൊപ്പം കൂടുതൽ സുസ്ഥിരമായൊരു മാർഗം സ്വീകരിക്കാനും ഇവരുടെ പ്രവർത്തനങ്ങൾ വഴിയൊരുക്കി.

 

ദീപങ്ങൾ അണഞ്ഞതിനുശേഷവും

 

ഗുവാഹത്തിയിൽ ദീപാവലി ആഘോഷത്തിനുശേഷവും പരിപാലനത്തിൻ്റെ കഥ തുടർന്നു. പരമ്പരാഗത ദീപാവലി ആഘോഷങ്ങൾക്ക് ഉപയോഗിച്ച വാഴയിലകൾ പിന്നീട് ശേഖരിക്കുകയും ആനകൾക്കുള്ള തീറ്റയായി അയച്ചുകൊടുക്കുകയും ചെയ്തു.

 

രാജസ്ഥാനിലെ ഝാൽറപട്ടണിൽ ‘നിർമാല്യ വാഹൻ’ വാഹനങ്ങൾ ക്ഷേത്രങ്ങളിൽ നിന്ന് പൂമാലകളും മറ്റ് പൂജാദ്രവ്യങ്ങളും ശേഖരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന വസ്തുക്കൾ പിന്നീട് കമ്പോസ്റ്റാക്കി മാറ്റുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ ഉത്സവത്തിന് തൊട്ടുപിന്നാലെ പുലർച്ചെ 4 മണിക്ക് തന്നെ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ‘ക്ലീൻ അപ്പ് ടു ക്ലീൻ എയർ’ സംരംഭത്തിന് കീഴിൽ, ‘ശുചിത്വത്തിൽ നിന്ന് ശുദ്ധവായുവിലേക്ക്’ എന്ന സന്ദേശമുയർത്തി സ്പ്രിങ്ക്‌ളർ വാഹനങ്ങൾ മരങ്ങളും ചെടികളും നനച്ചു.

 

നദി പ്രാർത്ഥനയുടെ ഭാഗമാകുമ്പോൾ

 

പ്രകൃതിയുമായി ഇന്ത്യയ്ക്കുള്ള ആഴത്തിൽ വേരൂന്നിയ ആത്മബന്ധങ്ങളിൽ ഒന്നാണ് ഛഠ് പൂജ പ്രതിഫലിപ്പിക്കുന്നത്. ഗംഗ പോലുള്ള പുണ്യനദികളുടെ തീരങ്ങളുൾപ്പെടെയുള്ള ജലാശയങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ട് ഭക്തർ സൂര്യഭഗവാന് പ്രാർത്ഥനകൾ അർപ്പിക്കുന്നു. ഇവിടെ, ആഘോഷങ്ങൾക്കുള്ള ഒരു വേദി എന്നതിലുപരി ഘാട്ടുകൾ ആചാരത്തിൻ്റെ അവിഭാജ്യ ഘടകമായി മാറുകയാണ്.

 

ബിഹാറിലെ പട്നയിൽ, നിശ്ചയിച്ച ഘാട്ടുകളിൽ മുനിസിപ്പൽ കോർപ്പറേഷൻ മാലിന്യരഹിത ഛഠ് പൂജ സംഘടിപ്പിക്കുന്നു. വേർതിരിച്ച മാലിന്യ നിക്ഷേപ പെട്ടികൾ സ്ഥാപിക്കുകയും ആഘോഷവേളകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നു. ജൈവമാലിന്യം ജൈവവളമാക്കി മാറ്റുകയും പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുകയും ചെയ്യുന്നു. ഒപ്പം, വൃത്തിയുള്ളതും ശുചിത്വപൂർണ്ണവുമായ ഉത്സവ അന്തരീക്ഷം നിലനിർത്താൻ ഭക്തരെയും പൊതുസമൂഹത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി പൂജയ്ക്ക് ഒരു മാസം മുമ്പ് തന്നെ വിപുലമായ വിവര, വിദ്യാഭ്യാസ, ആശയവിനിമയ (IEC) പ്രചാരണവും സംഘടിപ്പിക്കുന്നു.

 

ഉത്സവം ആചരിക്കുന്ന ഇടങ്ങളുടെ ശുചിത്വവുമായി അതിൻ്റെ പവിത്രതയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ഈ സമീപനം വ്യക്തമാക്കുന്നു. നദി ആരാധനയുടെ ഭാഗമാകുമ്പോൾ, അതിൻ്റെ തീരങ്ങൾ പരിപാലിക്കുക എന്നത് ഭക്തിയുടെയും ആദരവിൻ്റെയും മറ്റൊരു പ്രകടനമായി മാറുന്നു.

 

നന്മയുടെ അടയാളങ്ങൾ അവശേഷിപ്പിക്കുന്ന ആഘോഷങ്ങൾ

 

പ്രാർത്ഥനകൾ, ചിരാതുകൾ, സംഗീതം, ആഘോഷിക്കാൻ ഒത്തുചേരുന്ന ആളുകൾ എന്നിവയാലാണ് ഒരു ഉത്സവം ഓർമ്മിക്കപ്പെടുന്നത്. എന്നിരുന്നാലും, ഓരോ ആഘോഷവും എന്തെങ്കിലുമൊക്കെ അവശേഷിപ്പിച്ചു പോകുന്നുമുണ്ട്. വൃത്തിയാക്കേണ്ട ഒരു തെരുവ്, ഒരു ഘാട്ടിൽ ഉപേക്ഷിക്കപ്പെട്ട പൂക്കൾ, ഒരു ജലാശയത്തിലെ വിഗ്രഹം, അല്ലെങ്കിൽ ജനക്കൂട്ടം പിരിഞ്ഞുപോയ ശേഷം ബാക്കിയാകുന്ന അലങ്കാരങ്ങൾ. എന്നാൽ ഇപ്പോൾ, അതിന് മറ്റൊന്നുകൂടി അവശേഷിപ്പിക്കാനാകുന്നു: കൂടുതൽ വൃത്തിയുള്ള ഒരു ഘാട്ട്, പുനഃചംക്രമണം ചെയ്ത ഒരു അലങ്കാരവസ്തു, കളിമണ്ണിൽ തീർത്ത ഒരു വിഗ്രഹം, ഒരു പുതിയ ചെടി, ഒരു ഉപജീവനമാർഗ്ഗം, അല്ലെങ്കിൽ കൂടുതൽ കരുതലോടെയും ഉത്തരവാദിത്തത്തോടെയും ആഘോഷിക്കാൻ പഠിച്ച ഒരു സമൂഹം.

 

ഇന്ത്യയുടെ ഉത്സവങ്ങൾ കൂടുതൽ ഹരിതമാക്കാൻ അവയുടെ വർണ്ണപ്പകിട്ടുകൾ ഒട്ടും നഷ്ടപ്പെടുത്തേണ്ടതില്ല. ചിരാതുകൾക്ക് ഇനിയും പ്രകാശം പരത്താം, മേളപ്പെരുക്കങ്ങൾ ഇനിയും മുഴങ്ങാം, പ്രാർത്ഥനകൾ ഇനിയും ഉയരങ്ങളിലേക്ക് എത്താം. ആഘോഷങ്ങൾ അവസാനിക്കുമ്പോൾ നാം എന്താണ് അവശേഷിപ്പിക്കുന്നത് എന്നതിൽ മാത്രമാണ് മാറ്റം വരേണ്ടത്. ആഘോഷങ്ങളുടെ സന്തോഷം ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുകയും, അവയുടെ ഭാരം ഭൂമിയിൽ അവശേഷിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഏതൊരു ആഘോഷവും യഥാർത്ഥത്തിൽ പൂർണ്ണമാകുന്നത്.

 

 

അവലംബം

Click here to see pdf

****

 


( റിലീസ് ഐ.ഡി: 2316708) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali