പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

തിരുവനന്തപുരത്ത് ഫുഡ് ഫോർട്ടിഫിക്കേഷൻ മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ CSIR-NIIST-ഉം ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സും കൈകോർക്കുന്നു

പോസ്റ്റഡ് ഓണ്‍: 25 SEP 2026 2:33PM by PIB Thiruvananthpuram

ഫുഡ് ഫോർട്ടിഫിക്കേഷൻ ഇന്നൊവേഷൻ, റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ (CEFIRT) സ്ഥാപിക്കുന്നതിനായി CSIR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST), ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡുമായി (TCPL) കൈകോർക്കുന്നു. തിരുവനന്തപുരം തോന്നയ്ക്കലിലുള്ള ബയോ 360 ​​ലൈഫ് സയൻസസ് പാർക്കിലെ CSIR-NIIST ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ് (ITE) ഹബ്ബിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുക.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, സി.എസ്.ഐ.ആർ ഡയറക്ടർ ജനറൽ ഡോ. എൻ. കലൈശെൽവി എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന 85-ാമത് CSIR സ്ഥാപക ദിനാഘോഷ ചടങ്ങിൽ വെച്ച് ഇതുസംബന്ധിച്ച ധാരണാപത്രം (MoU) കൈമാറി. CSIR-NIIST ഡയറക്ടർ ഡോ. സി. അനന്ദരാമകൃഷ്ണൻ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് (TCPL) ആർ.ടി.ഡി ബിസിനസ് പ്രസിഡന്റ് പാർത്ഥ ബിശ്വാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഭക്ഷണവും പോഷകാഹാരവുമായി ബന്ധപ്പെട്ട് നൂതനവും വ്യാപ്തിയുള്ളതും സ്വാധീനമുള്ളതുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ശാസ്ത്രീയ വൈദഗ്ധ്യവും വ്യവസായ ശേഷിയും ഒന്നിച്ച് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം സി.എസ്.ഐ.ആർ - എൻ.ഐ.ഐ.എസ്.ടി (CSIR-NIIST) ഡയറക്ടർ ഡോ. സി. അനന്ദരാമകൃഷ്ണൻ ചൂണ്ടിക്കാണിച്ചു.

കൂടുതൽ വിശാലമായ സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്ന ഫലപ്രദമായ ഫുഡ് ഫോർട്ടിഫിക്കേഷൻ രീതികൾ വികസിപ്പിക്കുന്നതിന് വ്യവസായ നേതൃത്വത്തിലുള്ള നവീകരണവും സഹകരണത്തോടെയുള്ള ഗവേഷണവും വളരെ പ്രധാനമാണെന്ന് ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ഗ്ലോബൽ ചീഫ് ആർ&ഡി ഓഫീസർ ശ്രീ. വികാസ് ഗുപ്ത  അഭിപ്രായപ്പെട്ടു.

ഭക്ഷ്യ സമ്പുഷ്ടീകരണ മേഖലയിലെ ഗവേഷണം, നവീകരണം, സാങ്കേതികവിദ്യ വികസനം, അത് പ്രയോഗതലത്തിൽ എത്തിക്കൽ എന്നിവയിൽ ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് CEFIRT-ന്റെ സ്ഥാപനം. ഭക്ഷ്യ ഉല്പന്നങ്ങൾ, പോഷകാഹാരം, ഉല്പന്ന നവീകരണം എന്നിവയിലെ TCPL-ന്റെ വ്യവസായ പരിചയവും CSIR-NIIST-യുടെ ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യവും ഈ കേന്ദ്രം ഒന്നിച്ചു കൊണ്ടുവരും.

2026 ഫെബ്രുവരി 23-ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത തോന്നയ്ക്കലിലെ CSIR-NIIST ITE ഹബ്ബിന്റെ വികസനത്തിലെ ഒരു നിർണായക ഘട്ടത്തിലാണ് പുതു സംരംഭം ആരംഭിക്കുന്നത്. ശാസ്ത്രീയ ഗവേഷണങ്ങളെ പ്രായോഗിക സാങ്കേതികവിദ്യകളാക്കി മാറ്റാനും, സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും, ഗവേഷണ സ്ഥാപനങ്ങളും വ്യവസായ മേഖലയും മറ്റ് പങ്കാളികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുമുള്ള ഒരു വേദിയായാണ് ITE ഹബ്ബ് വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷ്യ സമ്പുഷ്ടീകരണ മേഖലയിൽ ഗവേഷണം, നവീകരണം, സാങ്കേതികവിദ്യാ വികസനം, കൈമാറ്റം, സംരംഭകത്വം എന്നിവയ്ക്കായി ഒരു പ്രത്യേക വേദി ഒരുക്കിക്കൊണ്ട് CEFIRT-ന്റെ സ്ഥാപനം ഈ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഭക്ഷ്യ സമ്പുഷ്ടീകരണ മേഖലയിലെ നവീകരണം, ഗവേഷണം, പരിശീലനം എന്നിവയ്ക്കുള്ള ഒരു ദേശീയ വേദിയായാണ് CEFIRT വിഭാവനം ചെയ്തിരിക്കുന്നത്. ധാന്യങ്ങൾ, ഉപ്പ്, പാൽ, സസ്യ എണ്ണകൾ തുടങ്ങിയ പ്രധാന ആഹാരസാധനങ്ങൾക്കായി നൂതനമായ ഫോർട്ടിഫിക്കേഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനൊപ്പം, പോഷക സമ്പുഷ്ടവും പ്രത്യേക പോഷകഗുണങ്ങളുള്ളതുമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലും ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. പോഷകങ്ങൾ അടങ്ങിയിരിക്കുന്ന അളവ് മനസ്സിലാക്കൽ, ഗുണനിലവാരം ഉറപ്പാക്കൽ, പോഷകങ്ങളുടെ സ്ഥിരതയും ശരീരത്തിന് അവ ആഗിരണം ചെയ്യാനുള്ള ശേഷിയും വിലയിരുത്തൽ എന്നിവയ്ക്കായി വിപുലമായ സൗകര്യങ്ങളും വൈദഗ്ധ്യവും കേന്ദ്രം ലഭ്യമാക്കും. കൂടാതെ, ഭക്ഷണത്തിൽ പോഷകങ്ങൾ ചേർക്കുന്നതിലും അവ സംസ്കരിക്കുന്നതിലും സൂക്ഷിച്ചുവെക്കുന്നതിലും നേരിടുന്ന പ്രധാന വെല്ലുവിളികൾക്ക് പരിഹാരം കാണും.

വ്യവസായ-അക്കാദമിക് സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട്, ശാസ്ത്രീയ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള കൂട്ടായ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് (R&D) CEFIRT സൗകര്യമൊരുക്കും. ഇത് സാങ്കേതികവിദ്യ വികസനം, വിശകലന പരിശോധനകൾ , സ്ഥിരീകരണം, ഉല്പാദന ശേഷി ഉയർത്തൽ , സാങ്കേതികവിദ്യാ കൈമാറ്റം, വാണിജ്യവൽക്കരണം എന്നിവയ്ക്ക് പിന്തുണ നൽകും. കൂടാതെ, ഗവേഷകർ, വിദ്യാർത്ഥികൾ, വ്യവസായ മേഖലയിലെ പ്രൊഫഷണലുകൾ എന്നിവർക്കായി വിദഗ്ധ പരിശീലനങ്ങളും സാങ്കേതിക പ്രോഗ്രാമുകളും കേന്ദ്രം ലഭ്യമാക്കും. ഇതുവഴി ഭക്ഷ്യ സമ്പുഷ്ടീകരണത്തിലും പോഷകാഹാര ശാസ്ത്രത്തിലുമുള്ള അറിവും പ്രാപ്തിയും കൂടുതൽ വർദ്ധിപ്പിക്കാനും സാധിക്കും.

ഇന്ത്യയുടെ പോഷകാഹാര സുരക്ഷയെ പിന്തുണച്ചുകൊണ്ട്, പോഷകങ്ങളുടെ സ്ഥിരത, സുരക്ഷിതത്വം, ഗുണനിലവാരം, ശരീരത്തിന് അവ ആഗിരണം ചെയ്യാനുള്ള ശേഷി  ഉപഭോക്താക്കളുടെ സ്വീകാര്യത എന്നിവയ്ക്ക് മുൻഗണന നൽകി, സമ്പുഷ്ടീകരിച്ചതും പോഷകഗുണം വർദ്ധിപ്പിച്ചതുമായ ഭക്ഷണങ്ങൾക്കായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും പ്രായോഗികവുമായ പരിഹാരങ്ങൾ CEFIRT വികസിപ്പിക്കും.

CSIR-NIIST–TCPL പങ്കാളിത്തത്തിലൂടെ, ഭക്ഷ്യ സമ്പുഷ്ടീകരണ മേഖലയിലെ നവീകരണം, ഗവേഷണം, പരിശീലനം, സാങ്കേതികവിദ്യാ പ്രയോഗം എന്നിവയ്ക്ക് സുസ്ഥിരമായ ഒരു വേദി CEFIRT നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട പോഷകാഹാരം, ഭക്ഷ്യ ഗുണനിലവാരം, ഭക്ഷ്യസുരക്ഷ എന്നിവ കൈവരിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങൾക്ക് ഇത് വലിയ സംഭാവനകൾ നൽകും.

***

NK


( റിലീസ് ഐ.ഡി: 2314826) സന്ദര്‍ശക കൗണ്ടര്‍ : 67
ഈ റിലീസ് വായിക്കുക: English