പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
പരിധി വർധിപ്പിച്ചും ഡിജിറ്റൽ സേവനങ്ങള് വ്യാപിപ്പിച്ചും സാമൂഹ്യ സുരക്ഷാ വലയം വിപുലമാക്കി ഇ.പി.എഫ്.ഒ
പോസ്റ്റഡ് ഓണ്:
21 SEP 2026 5:54PM by PIB Thiruvananthpuram
കൊച്ചി: നിർബന്ധിത ഇ.പി.എഫ് പരിരക്ഷയുടെ നിയമപരമായ പ്രതിമാസ വേതന പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തിയത് കൂടുതൽ തൊഴിലാളികളെ സാമൂഹ്യ സുരക്ഷാ വലയത്തിലേക്ക് കൊണ്ടുവരുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. 2026 സെപ്റ്റംബർ 17 ന് പ്രാബല്യത്തിൽ വന്ന ഈ തീരുമാനം വഴി ജീവനക്കാർക്ക് ഇ.പി.എഫ്, ഇ.പി.എസ്, ഇ.ഡി.എൽ.ഐ എന്നീ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകും.
ആനുകൂല്യങ്ങൾ വേഗത്തിലും സുഗമമായും ലഭ്യമാക്കുന്ന നടപടികളും ഇ.പി.എഫ്.ഒ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അംഗങ്ങൾക്ക് വാർഷികാടിസ്ഥാനത്തിൽ 8.25 ശതമാനം പലിശയാണ് ലഭിക്കുന്നത്. ഒപ്പം ആകെ നിക്ഷേപത്തിന്റെ 75 ശതമാനം വരെ ഓൺലൈനായി പിൻവലിക്കാനും സാധിക്കും. അർഹമായ 5 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകൾ 'സൈറ്റ്സ്' പ്ലാറ്റ്ഫോം വഴി മൂന്ന് പ്രവൃത്തിദിനങ്ങൾക്കകം തനിയെ തീർപ്പാക്കി നൽകുന്നുണ്ട്.
തൊഴിൽ മേഖലയെ കൂടുതൽ ഔദ്യോഗികവൽക്കരിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രോത്സാഹനം നൽകുന്ന പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന ഈ നടപടികൾക്ക് കരുത്തേകുന്നു. നിശ്ചിത നിബന്ധനകൾക്ക് വിധേയമായി നിർമാണേതര മേഖലകളിൽ രണ്ട് വർഷത്തേക്കും നിർമാണ മേഖലകളിൽ നാല് വർഷത്തേക്കും അര്ഹമായ സ്ഥാപനങ്ങള്ക്ക് ഒരു ജീവനക്കാരന് പ്രതിമാസം 3,000 രൂപ വരെ ഇൻസെന്റീവ് ലഭിക്കും.
എറണാകുളം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ യു.എ.എൻ ഫേസ് ഓതന്റിക്കേഷൻ ടെക്നോളജി, ഉമാങ് ആപ്പ് തുടങ്ങിയവയിലൂടെ ഇ.പി.എഫ്.ഒ സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ കൊച്ചി മേഖലാ ഓഫീസ് നടപടികൾ സ്വീകരിച്ചുവരികയാണ്. ഒപ്പം പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് ബോധവൽക്കരണ പ്രവർത്തനങ്ങളും നടപ്പാക്കുന്നുണ്ട്.
തൊഴിലുടമകൾ കൃത്യസമയത്ത് ഇ.സി.ആർ ഫയൽ ചെയ്യണമെന്നും പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയുടെ നിബന്ധനകൾ പാലിക്കണമെന്നും നിർദേശമുണ്ട്. കുറഞ്ഞത് ആറുമാസമെങ്കിലും അധിക തൊഴിലവസരങ്ങൾ നിലനിർത്തുക, പുതിയ ജീവനക്കാർ നിർദിഷ്ട സാമ്പത്തിക സാക്ഷരതാ മൊഡ്യൂൾ പൂർത്തിയാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സാമൂഹ്യ സുരക്ഷാ പരിരക്ഷ വിപുലീകരിക്കുക, സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കുക, കൂടുതൽ തൊഴിലാളികളെ ഔദ്യോഗിക തൊഴിൽ മേഖലയുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇ.പി.എഫ്.ഒ-യുടെ ഈ നടപടികൾ.
****
( റിലീസ് ഐ.ഡി: 2313107)
സന്ദര്ശക കൗണ്ടര് : 27