പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

നൈപുണ്യ വികസന രംഗത്തെ ബി.പി.സി.എല്ലിൻ്റെ പ്രതിബദ്ധത മാതൃകാപരമെന്ന് കേന്ദ്രമന്ത്രി ജയന്ത് ചൗധരി

പോസ്റ്റഡ് ഓണ്‍: 19 SEP 2026 4:17PM by PIB Thiruvananthpuram

കൊച്ചി, 2026 സെപ്റ്റംബർ 19: കൊച്ചിയിലെ സ്കിൽ ഡെവലപ്‌മെൻ്റ്  ഇൻസ്റ്റിറ്റ്യൂട്ടിലൂടെ (എസ്.ഡി.ഐ.) കഴിഞ്ഞ ഒരു പതിറ്റാണ്ടായി നൈപുണ്യ വികസന രംഗത്ത് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎല്‍) നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ വകുപ്പ് സഹമന്ത്രിയും (സ്വതന്ത്ര ചുമതല) കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുമായ ശ്രീ ജയന്ത് ചൗധരി വ്യക്തമാക്കി. യുവജനങ്ങളെ ശാക്തീകരിക്കുന്നതിന് എല്ലാവരെയും ഉൾക്കൊള്ളുന്നതും വ്യവസായ ലോകത്തിൻ്റെ   ആവശ്യങ്ങൾക്ക് അനുയോജ്യവുമായ ഭാവി അധിഷ്ഠിത പരിശീലനമാണ് സ്ഥാപനത്തില്‍ നൽകുന്നതെന്നും ഇത് ഏറെ ആകർഷകമാണെന്നും  എസ്.ഡി.ഐ.   സന്ദർശിച്ച അദ്ദേഹം പറഞ്ഞു.

 

 

കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ സെക്രട്ടറി ശ്രീ സുജിത് കുമാറും മന്ത്രിക്കൊപ്പം എസ്ഡിഐ സന്ദര്‍ശിച്ചു.  

 

ബി.പി.സി.എൽ. എക്സിക്യൂട്ടീവ് ഡയറക്ടറും (കൊച്ചി റിഫൈനറി) നിയുക്ത ഡയറക്ടറുമായ (റിഫൈനറി) ശ്രീ ചാക്കോ എം. ജോസ്, ബി.പി.സി.എൽ. ജനറൽ മാനേജർ (എച്ച്.ആർ.) ശ്രീ മേഘനാഥൻ, എസ്.ഡി.ഐ. കൊച്ചി സി.ഇ.ഒ. ശ്രീ ശിവകുമാർ ജി.എസ്. എന്നിവർ ചേർന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. ബി.പി.സി.എല്ലിലെയും കേന്ദ്ര-സംസ്ഥാന നൈപുണ്യ വികസന മേഖലയിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.  

 

 

ബി.പി.സി.എല്ലിൻ്റെ നേതൃത്വത്തിൽ കൊച്ചി സ്കിൽ ഡെവലപ്‌മെൻ്റ്  സൊസൈറ്റി 2016-ൽ സ്ഥാപിച്ച എസ്.ഡി.ഐ. കൊച്ചി, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ പ്രധാന കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത സംരംഭങ്ങളിലൊന്നാണ്.

 

ഇതുവരെ ഇവിടെനിന്ന് പരിശീലനം പൂർത്തിയാക്കിയ ഏകദേശം 2,100 പേർക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയവർക്ക് 98 ശതമാനം തൊഴില്‍ ലഭ്യതയും ഇൻസ്റ്റിറ്റ്യൂട്ട് ഉറപ്പാക്കി.  

 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുള്ള നൈപുണ്യ പരിശീലനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേവലം 5,000 രൂപ  എന്ന നാമമാത്ര നിരക്കിലാണ് ആറുമാസത്തെ സമ്പൂർണ റസിഡൻഷ്യൽ പരിശീലന പരിപാടി എസ്.ഡി.ഐ. കൊച്ചി നൽകുന്നത്.

 

വ്യവസായ മേഖലയുടെ നിലവിലെ ആവശ്യകതകൾ മുൻനിർത്തി ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, ഇൻഡസ്ട്രിയൽ വെൽഡർ, ഇലക്ട്രോണിക് മാനുഫാക്ചറിങ്, ഫിറ്റർ ഫാബ്രിക്കേഷൻ, പ്രോസസ് ഇൻസ്ട്രുമെൻ്റ്  ഓപ്പറേറ്റർ തുടങ്ങിയ കോഴ്സുകളാണ് ഇവിടെ നൽകിവരുന്നത്.

 

ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടുന്ന കേൾവി പരിമിതിയുള്ള വിദ്യാർത്ഥികളുമായി മന്ത്രി സംവദിച്ചു. അവരുടെ ആത്മവിശ്വാസത്തെയും അർപ്പണബോധത്തെയും അഭിനന്ദിച്ച അദ്ദേഹം സ്വയംപര്യാപ്തത കൈവരിക്കുന്നതിന് എല്ലാവരെയും ഉൾക്കൊള്ളുന്ന നൈപുണ്യ വികസനം അനിവാര്യമാണെന്ന് വ്യക്തമാക്കി.  

 

എസ്.ഡി.ഐ.യുടെ പ്രവർത്തന മാതൃകയെ പ്രശംസിച്ച മന്ത്രി വൈദഗ്ധ്യമുള്ളതും   സ്വയംപര്യാപ്തവുമായ  ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഗവണ്‍മെൻ്റും വ്യവസായ മേഖലയും പരിശീലന സ്ഥാപനങ്ങളും തമ്മിൽ കൂടുതൽ ശക്തമായ സഹകരണം വേണമെന്നും ആഹ്വാനം ചെയ്തു.

 

****


( റിലീസ് ഐ.ഡി: 2312407) സന്ദര്‍ശക കൗണ്ടര്‍ : 24
ഈ റിലീസ് വായിക്കുക: English