പോസ്റ്റഡ് ഓണ്:
14 SEP 2026 3:23PM by PIB Thiruvananthpuram

കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയത്തിന് കീഴിലെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പത്തനംതിട്ട ജില്ലയിൽ പുതിയതായി ആരംഭിച്ച ആധാർ സേവാ കേന്ദ്രത്തിൻ്റെ (എഎസ്കെ) ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ നിസാമുദ്ദീൻ എ നിർവ്വഹിച്ചു. സംസ്ഥാനത്തെ മൂന്നാമത്തെ ആധാർ സേവാ കേന്ദ്രം പത്തനംതിട്ട ജില്ലയിൽ ആരംഭിച്ചത് ജില്ലയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ജനങ്ങളുടെ ആവിശ്യങ്ങൾ എളുപ്പത്തിൽ സഫലീകരിക്കാൻ കഴിയുന്ന തരത്തിൽ കേന്ദ്രം പ്രവർത്തിക്കുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.
യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സെക്ഷൻ ഓഫീസർ സോഫ്ജി എസ് ഭദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
_20260914152756_facbe8.jpeg)
പത്തനംതിട്ട പ്രസ്ക്ലബിനു സമീപം അസനാലിയത്ത് നേഹ ബിൽഡിംഗിലാണ് കേന്ദ്രം പ്രവർത്തിക്കുക. ജില്ലയിലെ ജനങ്ങൾക്ക് ആധാറുമായി ബന്ധപ്പെട്ട എല്ലാസേവനങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് ലഭിക്കും. എൻറോൾമെന്റ്, അപ്ഡേഷൻ സേവനങ്ങൾക്കു പുറമേ, ആധാർ ഉടമകളുടെ പരാതികൾ സ്വീകരിച്ച് റീജിയണൽ ഓഫീസ് വഴി പരിഹരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് തടസ്സമില്ലാത്ത സേവനം നൽകുന്നതിനായി നാല് ആധാർ കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. പന്ത്രണ്ട് ജീവനക്കാരും കേന്ദ്രത്തിലുണ്ട്. പൊതു അവധി ദിനങ്ങൾ ഒഴികെ ഞായറാഴ്ച ഉൾപ്പെടെ മറ്റെല്ലാ ദിനങ്ങളിലും രാവിലെ ഒൻപതു മുതൽ വൈകിട്ട് 5.30വരെ ആധാർ സേവാ കേന്ദ്രത്തിൽ സേവനം ലഭ്യമാണ്. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി ഫാത്തിമ സുലൈമാൻ, പ്രൊജക്ട് മാനേജർ ശ്രീ ടി ശിവൻ, ആധാർ സേവാ കേന്ദ്രം ജില്ലാ മാനേജർ ശ്രീ അജേഷ് കുമാർ, ബി.എൽ.എസ് റീജിയണൽ ഹെഡ് ശ്രീ നരേഷ് ടി എന്നിവർ പങ്കെടുത്തു.
_20260914152818_a066c5.jpeg)
ഭിന്നശേഷി സൗഹൃദപരമായ വീൽചെയർ സൗകര്യം, പ്രത്യേക വിശ്രമമുറികൾ തുടങ്ങിയവ യുഐഡിഎഐ ആധാർ കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. ബി.എൽ.എസ് ഇന്റർനാഷണൽ (M/s BLS International) കമ്പനിക്കാണ് കേന്ദ്രത്തിന്റെ ദൈനംദിന പ്രവർത്തനച്ചുമതല.
പത്തനംതിട്ടയിലെ കേന്ദ്രം നിലവിൽ വന്നതോടെ യു.ഐ.ഡി.എ.ഐ നേരിട്ട് നടത്തുന്ന 3 ആധാർ സേവാ കേന്ദ്രങ്ങളാണ് കേരളത്തിൽ പ്രവർത്തനസജ്ജമായിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലായി 11 കേന്ദ്രങ്ങൾ കൂടി തുറക്കുന്നതോടെ സംസ്ഥാനത്തെ ആകെ എ.എസ്.കെകളുടെ എണ്ണം 14 ആയി ഉയരും.
പൊതുജനങ്ങൾക്ക് യു.ഐ.ഡി.എ.ഐയുടെ പോർട്ടൽ https://bookappointment.uidai.gov.in വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് സേവനങ്ങൾ പ്രയോജനപ്പെടുത്താം.
***
SK