പോസ്റ്റഡ് ഓണ്‍:
02 SEP 2026 6:55PM by PIB Thiruvananthpuram
കൊച്ചി, 2026 സെപ്റ്റംബർ 02: പ്രമുഖ ആഗോള കപ്പൽ നിയന്ത്രണ - സഹായക സമുദ്ര സേവന ദാതാക്കളായ സ്വിറ്റ്സറിന്റെ നാല് അത്യാധുനിക ബാറ്ററി-ഇലക്ട്രിക് ടഗ് യാനങ്ങളുടെ നിർമാണം കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ ആരംഭിച്ചു. കൊച്ചിൻ ഷിപ്പ്യാർഡിലെ ഔദ്യോഗിക സ്റ്റീൽ കട്ടിങ് ചടങ്ങോടെയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ലോകത്ത് നിർമിക്കപ്പെടുന്ന ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ ടഗ് ബോട്ടുകളില്‍ ഉൾപ്പെടുന്നവയാണ് ഈ യാനങ്ങൾ.
നാല് വരുംതലമുറ ബാറ്ററി-ഇലക്ട്രിക് 'ട്രാൻസ്വേഴ്സ് 2600e' ടഗ് യാനങ്ങൾ നിർമിക്കാന്‍ കഴിഞ്ഞ വർഷം കൊച്ചിന് ഷിപ്പ്യാര്ഡും സ്വിറ്റ്സറും തമ്മിൽ ഒപ്പുവെച്ച കപ്പൽ നിർമ്മാണ കരാറിന്റെ തുടർച്ചയായാണ് ചടങ്ങ്. കുറഞ്ഞത് നാല് യാനങ്ങളുടെ നിർമാണം ഉറപ്പുനൽകുന്ന 2025 ഡിസംബറിലെ കരാർ ഇന്ത്യൻ സമുദ്രഗതാഗത വിതരണ ശൃംഖലാ മേഖലയില്‍ സ്വിറ്റ്സർ നടത്തുന്ന ഉയര്‍ന്ന നിക്ഷേപത്തിന്റെ പ്രതിഫലനമാണ്.
മാരിടൈം ഇന്ത്യ വിഷൻ 2030, മാരിടൈം അമൃത്കാൽ വിഷൻ 2047, കേന്ദ്രഗവണ്മെന്റിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി എന്നിവയുടെ ദേശീയ മുൻഗണനകൾക്ക് അനുസൃതമായി ഇന്ത്യയുടെ സമുദ്ര നിർമാണ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ കൊച്ചിന് ഷിപ്പ്യാര്ഡ്–സ്വിറ്റ്സർ സഹകരണം നിർണായക ചുവടുവയ്പ്പാണ്. സ്വിറ്റ്സറിന്റെ പ്രത്യേക മാനദണ്ഡങ്ങൾക്കനുസൃതമായി നിർമിക്കുന്ന ഈ അത്യാധുനിക യാനങ്ങള്‍ ഇന്ത്യയുടെ 'പരിസ്ഥിതി സൗഹൃദ ടഗ് ബോട്ട് പരിവര്‍ത്തന പദ്ധതി'യുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ പര്യാപ്തമാണ്. ഒപ്പം വൈദ്യുത പ്രൊപ്പൽഷൻ സംവിധാനം, ഉയർന്ന നിലവാരമുള്ള അത്യാധുനിക കപ്പൽ നിർമാണം എന്നിവയിൽ തദ്ദേശീയ ശേഷി വളർത്തിയെടുക്കാനും ഇത് സഹായിക്കും.
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ ജോസ് വി. ജെ., സ്വിറ്റ്സർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കാസ്പർ കാൾസെൻ, സ്വിറ്റ്സർ ഏഷ്യ, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിങ് ഡയറക്ടർ ഡെനിസ് കിർദാർ ട്രൂ എന്നിവരുൾപ്പെടെ സ്വിറ്റ്സറിന്റെ ഉന്നത നേതൃത്വവും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
നാല് സമ്പൂർണ ഇലക്ട്രിക് ട്രാൻസ്വേഴ്സ് 2600e തുറമുഖ ടഗ് യാനങ്ങളുടെ നിർമാണത്തിന് സ്വിറ്റ്സറുമായി കൈകോർക്കാനായത് കൊച്ചി കപ്പല്‍ നിര്‍മാണശാലയെ സംബന്ധിച്ച് അഭിമാനകരമായ നിമിഷമാണെന്ന് ചടങ്ങിൽ സംസാരിച്ച കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ ജോസ് വി. ജെ. പറഞ്ഞു. കൊച്ചി കപ്പല്‍ശാലയുടെ കപ്പൽ നിർമാണ ശേഷിയും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി പങ്കാളിത്തം കൂടുതൽ സുദൃഢമാക്കാൻ ആഗ്രഹിക്കുന്നുവെന്നും സമുദ്ര മേഖലയിലെ കാർബൺ ബഹിര്‍ഗമനം കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ കൊച്ചി കപ്പല്‍ശാല ഇതിലൂടെ നിർണായക പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതീവ ദുഷ്കരമായ തുറമുഖ ദൗത്യങ്ങള്‍ക്കായി വികസിപ്പിച്ച സ്വിറ്റ്സറിന്റെ വരുംതലമുറ ടഗ് ബോട്ട് രൂപകല്പനയുടെ ബാറ്ററി-ഇലക്ട്രിക് പതിപ്പാണ് ട്രാൻസ്വേഴ്സ് 2600e. ടഗ് യാനങ്ങളിലെ 'സ്വിസ് ആർമി നൈഫ്' എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന രൂപകല്പനയ്ക്ക് സങ്കീർണവും പരിമിതവുമായ ഇടങ്ങളിലും വിവിധ തരത്തിലും വലിപ്പത്തിലുമുള്ള കപ്പലുകൾക്കിടയിലും പ്രതികൂല കാലാവസ്ഥയിലും വേലിയേറ്റ സാഹചര്യങ്ങളിലുമെല്ലാം സുഗമമായി പ്രവർത്തിക്കാനാവും. ബാറ്ററി-ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനമുള്ള ഈ യാനങ്ങളിൽ ഹരിതോർജ സ്രോതസ്സുകൾ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ തുറമുഖ-ടെർമിനൽ കപ്പല്‍ നിയന്ത്രണ - സഹായക ദൗത്യങ്ങളില്‍ നേരിട്ടുള്ള കാർബൺ ബഹിര്‍ഗമനം പൂർണമായി ഒഴിവാക്കാനാവും.
ഉപഭോക്താക്കളുടെ പ്രവർത്തന പരിമിതികൾ ഇല്ലാതാക്കാനാണ് ട്രാൻസ്വേഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സ്വിറ്റ്സർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കാസ്പർ കാൾസെൻ പറഞ്ഞു. കപ്പലുകളുടെ ചലനം കൂടുതൽ വേഗത്തിലും കൃത്യതയോടെയും സാധ്യമാക്കുന്ന ഈ രൂപകല്പന ബെർത്ത് ശേഷിയും നങ്കൂര സമയപരിധിയും മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ യാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയോ പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുകയോ ചെയ്യാതെ തന്നെ നിലവിലെ ബെർത്തുകൾ, ചാനലുകൾ, പൈലറ്റുമാർ എന്നിവയെ തുറമുഖങ്ങൾക്ക് പരമാവധി ഉപയോഗപ്പെടുത്താനും ഇത് വഴിയൊരുക്കുന്നു. ഈ വിഭാഗത്തിലെ യാനങ്ങൾ ഉപയോഗിച്ച് ഇതിനകം 3,000-ത്തിലധികം വാണിജ്യ കപ്പല്‍ നിയന്ത്രണ - സഹായക ദൗത്യങ്ങള്‍ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നതിനാല് ഇത് തെളിയിക്കപ്പെട്ട സാങ്കേതികവിദ്യയാണ്. നിലവിൽ ലോകത്താകെ 18 ട്രാൻസ്വേഴ്സ് യാനങ്ങളുടെ നിർമാണം സ്വിറ്റ്സറിന് കീഴിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കപ്പല്‍ശാലയെ തിരഞ്ഞെടുക്കുന്നതിന് മുൻപ് ലോകത്തെ പ്രമുഖ കപ്പൽശാലകളെ വിലയിരുത്തിയിരുന്നുവെന്നും ലോകത്തെ ഏറ്റവും അത്യാധുനികമായ നാല് സമ്പൂർണ ഇലക്ട്രിക് ട്രാൻസ്വേഴ്സ് 2600e ഹരിത ടഗ് യാനങ്ങളുടെ നിർമാണം കൊച്ചിയിൽ ആരംഭിക്കുകയാണെന്നും സ്വിറ്റ്സർ ഏഷ്യ, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിങ് ഡയറക്ടർ ഡെനിസ് കിർദാർ ട്രൂ പറഞ്ഞു . നിര്‍മാണ സാങ്കേതിക ശേഷി ഇന്ത്യയിൽ നിലനില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 'പരിസ്ഥിതി സൗഹൃദ ടഗ് ബോട്ടുകളുടെ പരിവര്‍ത്തന പദ്ധതി, 'മാരിടൈം അമൃത് കാൽ വിഷൻ 2047' എന്നിവയുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ അത്യാധുനിക പരിസ്ഥിതി സൗഹൃദ ടഗ് യാനങ്ങളുടെ നിര്‍മാണത്തിലും ഇന്ത്യയുടെ സമുദ്ര ഗതാഗത വിതരണ ശൃംഖലാ മേഖലയിലും സ്വിറ്റ്സർ നടത്തുന്ന ഉയര്‍ന്ന നിക്ഷേപത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയുമായി പങ്കാളിത്തം കൂടുതൽ ദൃഢമാക്കാനും പരിസ്ഥിതി സൗഹൃദ ടഗ് ബോട്ടുകളുടെ നിർമ്മാണ ശൃംഖല വിപുലീകരിക്കാനും ലഭിച്ച അവസരം സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.
തദ്ദേശീയ കപ്പൽ നിർമാണ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ കേന്ദ്ര ഗവണ്മെന്റ് നൽകുന്ന സവിശേഷ ശ്രദ്ധയുടെ പശ്ചാത്തലത്തിലാണ് സ്റ്റീൽ കട്ടിങ് ചടങ്ങ് നടക്കുന്നത്. 2025–26 കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളുടെ തുടർച്ചയായി മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ഗവണ്മെന്റ് രാജ്യത്തെ കപ്പൽ നിർമാണ മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ലക്ഷ്യമിട്ട് നാല് സ്തംഭങ്ങളിലൂന്നിയ പ്രത്യേക തന്ത്രം ആവിഷ്കരിച്ചിരുന്നു.
ഈ ശ്രമങ്ങളുടെ ഭാഗമായി തദ്ദേശീയ കപ്പൽ നിർമാണ ശേഷി, സമുദ്ര ധനസഹായം, നൈപുണ്യ വികസനം എന്നിവ ശക്തിപ്പെടുത്തുന്നതിന് 69,725 കോടി രൂപയുടെ സമഗ്ര പാക്കേജിന് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ സമുദ്ര വികസന ലക്ഷ്യങ്ങളിൽ ഈ മേഖലയുടെ പങ്കിന് ഇത് കൂടുതൽ കരുത്തേകുന്നു.
സ്വിറ്റ്സറിനെക്കുറിച്ച്
1833-ൽ സ്ഥാപിതമായ സ്വിറ്റ്സറിന് പ്രമുഖ ആഗോള തുറമുഖ-ടെർമിനൽ അടിസ്ഥാന സൗകര്യ സേവന ദാതാവെന്ന നിലയിൽ 200 വർഷത്തോളം പ്രവർത്തന പാരമ്പര്യമുണ്ട്. 510 യാനങ്ങളുടെ ശക്തമായ വ്യൂഹവും ആഗോളതലത്തിലെ പ്രത്യേക ടീമിനെയും ഉപയോഗിച്ച് ചരക്കുനീക്കം തടസ്സമില്ലാതെ നിലനിർത്താനും വാണിജ്യ വളർച്ച ഉറപ്പാക്കാനും സമൂഹങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും സ്വിറ്റ്സറിന്റെ വിദഗ്ധ സംഘം നിരന്തരം പ്രവര്‍ത്തിക്കുന്നു. 38 രാജ്യങ്ങളിലെ 157 തുറമുഖങ്ങളിലും 46 ടെർമിനലുകളിലുമായി ഏകദേശം 2,000 ഉപഭോക്താക്കൾക്കാണ് കമ്പനിയുടെ 4,500 ജീവനക്കാർ സേവനം നൽകുന്നത്. സമുദ്ര യാത്രകളുടെ പ്രാരംഭ - അന്തിമ ഘട്ടങ്ങളിൽ സുരക്ഷിതവും വിശ്വസനീയവും സുസ്ഥിരവുമായ കപ്പല്‍ നിയന്ത്രണ - സഹായക പ്രവര്‍ത്തനങ്ങള്‍ ഇവർ ഉറപ്പാക്കുന്നു. കമ്പനിയുടെ സമഗ്ര കാർബൺ ബഹിര്‍ഗമന ലഘൂകരണ തന്ത്രത്തിന് കീഴിൽ സ്വന്തം പേറ്റന്റോടുകൂടിയ 'ഇക്കോ-ടോ' സംവിധാനങ്ങൾ, വരുംതലമുറ 'ട്രാൻസ്വേഴ്സ്' ഇലക്ട്രിക് ടഗ്ബോട്ടുകൾ തുടങ്ങിയ നൂതനാശയങ്ങളിലൂടെ കാർബൺ പുറന്തള്ളൽ കുറഞ്ഞ പ്രവർത്തനങ്ങളിലേക്ക് മാറുന്നതിന് സ്വിറ്റ്സർ സജീവ നേതൃത്വം നൽകിവരുന്നു.
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിനെക്കുറിച്ച്
1972-ൽ സ്ഥാപിതമായ കൊച്ചിന് ഷിപ്പ്യാര്ഡ് (സിഎസ്എൽ) കപ്പൽ നിർമാണവും അറ്റകുറ്റപ്പണിയും നടത്തുന്ന ഇന്ത്യയിലെ മുൻനിര സ്ഥാപനമാണ്. സിഎസ്എല്ലിന്റെ 63.33 ശതമാനം ഓഹരികളും നിലവിൽ കേന്ദ്ര ഗവണ്മെന്റ് ഉടമസ്ഥതയിലാണ്. കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം വൻകിട വാണിജ്യ-പ്രതിരോധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. സവിശേഷ വ്യാവസായിക ജ്ഞാനവും അത്യാധുനിക സ്രോതസ്സുകളുമുള്ള സിഎസ്എൽ കപ്പൽ നിർമാണത്തിലും അറ്റകുറ്റപ്പണിയിലും നിരന്തരം പുതിയ മികവുകൾ കൈവരിച്ചുവരുന്നു.
****