പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സെയ്‌ഷെൽസ് മന്ത്രിതല സംഘം സിഎംഎഫ്ആർഐയിൽ

പോസ്റ്റഡ് ഓണ്‍: 27 AUG 2026 5:50PM by PIB Thiruvananthpuram

 

കൊച്ചി: സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സെയ്‌ഷെൽസിൽ നിന്നുള്ള ഉന്നതതല പ്രതിനിധിസംഘം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സന്ദർശിച്ചു. സെയ്‌ഷെൽസ് ഫിഷറീസ്, കാർഷിക, ബ്ലൂ ഇക്കോണമി മന്ത്രി വാലസ് കോസ്‌ഗ്രോയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സിഎംഎഫ്ആർഐയിലെത്തിയത്.

 



 

കാലാവസ്ഥാ വ്യതിയാന പഠനങ്ങൾ, ഫിഷ് സ്റ്റോക് അസസ്‌മെന്റ്്, കടൽ പായലിൽ നിന്നുള്ള മൂല്യവർധിത ഉൽപാദനം, അലങ്കാരമത്സ്യ പ്രജനനം, ട്യൂണ മത്സ്യബന്ധനം, മാരികൾച്ചർ എന്നീ മേഖലകളിൽ സിഎംഎഫ്ആർഐ വികസിപ്പിച്ച സാങ്കേതിക വിദ്യകളും ഗവേഷണ പ്രവർത്തനങ്ങളും പ്രതിനിധിസംഘം വിലയിരുത്തി. കാർഷിക അനുബന്ധ മേഖലകളിൽ ഇന്ത്യയുമായി സഹകരണം ലക്ഷ്യമിട്ട്  കേന്ദ്ര സർക്കാരുമായും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലുമായും ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് മന്ത്രി വാലസ് കോസ്‌ഗ്രോ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് സിഎംഎഫ്ആർഐ സന്ദർശനം.

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് സ്ഥാപനത്തിന്റെ ഗവേഷണ പുരോഗതികളും സാങ്കേതിക നേട്ടങ്ങളും വിശദീകരിച്ചു.

 



 

സിഎംഎഫ്ആർഐ വികസിപ്പിച്ച ഡിജിറ്റൽ വിവരശേഖരണ കേന്ദ്രവും ആധുനിക സ്റ്റോക് അസസ്‌മെന്റ് രീതികളും സംഘം വിലയിരുത്തി. സുസ്ഥിര മത്സ്യബന്ധനവും ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ഇന്ത്യയുടെ നയരൂപീകരണ രീതികളെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു.

 



 

സാങ്കേതിക വിജ്ഞാന കൈമാറ്റം, നൈപുണ്യ ശേഷി വികസനം, സംയുക്ത ഗവേഷണങ്ങൾ എന്നിവയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകൾ യോഗം വിലയിരുത്തി. ഉന്നത ഫിഷറീസ്, നയരൂപീകരണ ഉദ്യോഗസ്ഥർ സെയ്‌ഷെൽസ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. സിഎംഎഫ്ആർഐ ശാസ്ത്രജ്ഞരും വകുപ്പ് മേധാവികളും ചർച്ചയിൽ പങ്കെടുത്തു.

 

***


( റിലീസ് ഐ.ഡി: 2303842) സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക: English