ഇന്ത്യ അധ്യക്ഷത വഹിച്ച 14-ാമത് ബ്രിക്സ് ശാസ്ത്ര വകുപ്പ് മന്ത്രിമാരുടെ യോഗത്തിൻ്റെ സമാപന സമ്മേളനത്തിൽ, കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര വകുപ്പ് (സ്വതന്ത്ര ചുമതല) സഹമന്ത്രിയും പി.എം.ഒ, ഉദ്യോഗസ്ഥ, പൊതുപരാതികൾ, പെൻഷൻ, ആറ്റോമിക് എനർജി, ബഹിരാകാശ വകുപ്പ് സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് 'ചെന്നൈ പ്രഖ്യാപനം' ഏകകണ്ഠേന അംഗീകരിച്ചതായി പ്രഖ്യാപിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയിൽ ഫലപ്രദവും പ്രതിരോധശേഷിയുള്ളതും ഭാവി സജ്ജവുമായ ഒരു ചട്ടക്കൂട് നിർമ്മിക്കാനുള്ള ബ്രിക്സിൻ്റെ പ്രതിജ്ഞാബദ്ധത ഇത് വീണ്ടും ഉറപ്പിക്കുന്നു.
ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയ്ക്ക് കീഴിൽ അംഗീകരിച്ച ചെന്നൈ സമവായം, ശാസ്ത്ര-സാങ്കേതിക-നവീകരണ (STI) സഹകരണത്തിൻ്റെ കേന്ദ്രമായി മാനവികതയ്ക്ക് പ്രഥമസ്ഥാനം നൽകുന്ന സമീപനമാണ് മുൻപോട്ടു വെക്കുന്നത്. സുസ്ഥിര വികസനം, പ്രതിരോധശേഷിയുള്ളതും മികച്ചതുമായ വളർച്ച, സാമൂഹിക ഉൾക്കൊള്ളൽ, ബ്രിക്സ് രാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയുടെയും നൂതനാശയത്തിൻ്റെയും ഉപയോഗം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.
കൂടുതൽ പ്രതിരോധശേഷിയുള്ളതും സമഗ്രവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയുടെ പങ്ക് ചർച്ചകളിൽ ഉയർന്നുവന്നതായി കേന്ദ്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. നിർമ്മിത ബുദ്ധി, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് എന്നിവ മുതൽ ക്വാണ്ടം ടെക്നോളജികൾ, വികസിത പദാർത്ഥങ്ങൾ, ബയോടെക്നോളജി, ആരോഗ്യം, കാലാവസ്ഥ, സുസ്ഥിരത എന്നിവ വരെയുള്ള ചർച്ചകളുടെ വ്യാപ്തി, കൂട്ടായ പ്രവർത്തനത്തിലൂടെ ബ്രിക്സ് രാജ്യങ്ങൾക്ക് പരിഹരിക്കാൻ കഴിയുന്ന പൊതുവായ അവസരങ്ങളെയും വെല്ലുവിളികളെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
14 പ്രമേയാധിഷ്ഠിത പ്രവർത്തന സമിതികൾ, ബ്രിക്സ് യുവ ശാസ്ത്രജ്ഞ ഫോറത്തിൻ്റെ 11 പതിപ്പുകൾ, യംഗ് ഇന്നൊവേറ്റേഴ്സ് പ്രൈസിൻ്റെ 9 പതിപ്പുകൾ, ഗവേഷണം, നൂതനാശയം, മുൻനിര പദ്ധതി വിജ്ഞാപനം ഉൾപ്പെടെയുള്ള ബ്രിക്സ് എസ്ടിഐ ചട്ടക്കൂട് പരിപാടിയുടെ 9 പതിപ്പുകൾ എന്നിവയിലൂടെയുള്ള നിരന്തരമായ സഹകരണ പ്രവർത്തനങ്ങളിലൂടെ ബ്രിക്സ് ശാസ്ത്ര-സാങ്കേതിക സഹകരണത്തിൻ്റെ വളർച്ചയും ആഴവുമാണ് ചെന്നൈ സമവായം രേഖപ്പെടുത്തുന്നത്. ഈ വളർച്ച ബ്രിക്സ് എസ്ടിഐ പങ്കാളിത്തത്തിലെ ശക്തിയെയും നിക്ഷേപത്തെയും തുടർച്ചയായ പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നതായി പ്രഖ്യാപനത്തിൽ വിവരിക്കുന്നു.
PQUH.jpeg)
ഇന്ത്യയുടെ അധ്യക്ഷതയിൽ "പ്രതിരോധശേഷി, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമ്മിതി" എന്ന പ്രമേയം വ്യക്തമായ പങ്കാളിത്തങ്ങളായും ശക്തമായ ഗവേഷണ ശൃംഖലകളായും ശാസ്ത്രജ്ഞരുടെ വിനിമയമായും പൊതു ഗവേഷണ അടിസ്ഥാന സൗകര്യമായും യുവ ഗവേഷകർക്കും കണ്ടുപിടുത്തക്കാർക്കും കൂടുതൽ അവസരങ്ങളായും മാറണമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ബ്രിക്സ് എസ്ടിഐ മുൻഗണനകൾ അവലോകനം ചെയ്യാനും ലളിതമാക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചെന്നൈ സമവായം സ്വാഗതം ചെയ്യുകയും കൂടുതൽ ഭാവി-സജ്ജമായ എസ്ടിഐ സഹകരണ ചട്ടക്കൂടിലേക്കുള്ള കൂടിയാലോചനാ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു.
മന്ത്രിതല യോഗത്തിൽ നിന്ന് ഉയർന്നുവരുന്ന സഹകരണത്തിൻ്റെ ഒരു പ്രധാന മേഖല പൊതു ഗവേഷണ അടിസ്ഥാന സൗകര്യവും മെഗാ-സയൻസ് പദ്ധതികളുമാണ്. കർമ്മ പദ്ധതിയും പ്രവർത്തക സമിതിയുടെ മാനദണ്ഡങ്ങളും ഉൾപ്പെടെ, ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ, മെഗാ-സയൻസ് പ്രോജക്ടുകൾ എന്നിവയെക്കുറിച്ചുള്ള ബ്രിക്സ് പ്രവർത്തക സമിതിയുടെ ഫലങ്ങളെ ചെന്നൈ സമവായം സ്വാഗതം ചെയ്യുന്നു. ഒപ്പം, ബ്രിക്സ് ആഗോള ഗവേഷണ വികസിത അടിസ്ഥാന സൗകര്യ ശൃംഖല (BRICS GRAIN) പ്രവർത്തനക്ഷമമാക്കുന്നതിലേക്കുള്ള പുരോഗതിയും ഇത് രേഖപ്പെടുത്തുന്നു. ഗവേഷണ സൗകര്യങ്ങളിലേക്ക് കൂടുതൽ പ്രാപ്യത, അവയുടെ ഉപയോഗത്തിലുള്ള പൊതുവായ സമീപനങ്ങൾ, ഗവേഷകരുടെ ചലനാത്മകത, വൻകിട ഗവേഷണ അടിസ്ഥാന സൗകര്യ അനുബന്ധ സഹകരണം എന്നിവ ഈ ചട്ടക്കൂട് വിഭാവനം ചെയ്യുന്നു.
ബ്രിക്സ് ആഗോള ഗവേഷണ വികസിത അടിസ്ഥാന സൗകര്യ ശൃംഖല (BRICS GRAIN) ഉൾപ്പെടെ, ഗവേഷണ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള കൂടുതൽ പ്രാപ്യത, സംയുക്ത ഗവേഷണം, നൂതന സാങ്കേതികവിദ്യയുടെ വികസനം, ഗവേഷകരുടെ ചലനാത്മകത, ശേഷി വികസനം എന്നിവയ്ക്കായി ഈ കർമ്മ പദ്ധതി ഒരു പ്രായോഗിക ചട്ടക്കൂട് നൽകുന്നു.
ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ജ്ഞാന സംഭരണത്തിനും പങ്കിടലിനുമുള്ള ഘടനാപരമായ പ്ലാറ്റ്‌ഫോം എന്ന നിലയിൽ 'ബ്രിക്സ് സയൻസ് ആൻഡ് റിസർച്ച് റെപ്പോസിറ്ററി'യെയും ചെന്നൈ സമവായം സ്വാഗതം ചെയ്യുന്നു. ദേശീയ നിയന്ത്രണങ്ങൾക്കും ഡാറ്റാ ഗവേണൻസ് ആവശ്യകതകൾക്കും വിധേയമായി, വിജ്ഞാന വിനിമയം, ഓപ്പൺ സയൻസ്, ബ്രിക്സ് ഗവേഷണ ശേഷികളുടെ ഉയർന്ന ദൃശ്യപരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ശാസ്ത്ര സ്ഥാപനങ്ങൾ, ഗവേഷകർ, ഗവേഷണ ഫലങ്ങൾ, ഡാറ്റാസെറ്റുകൾ, അടിസ്ഥാന സൗകര്യങ്ങൾ, സഹകരണ അവസരങ്ങൾ എന്നിവ മാപ്പ് ചെയ്യാൻ കഴിയുന്ന ഒരു ഡിജിറ്റൽ പൊതു ഉൽപ്പന്നം എന്ന ആശയത്തെയും ഇതിൻ്റെ കരട് ചട്ടക്കൂട് വിഭാവനം ചെയ്യുന്നു.
ബ്രിക്സ് എസ്ടിഐയുടെ ജനങ്ങളുമായും അഭിരുചികളുമായും ബന്ധപ്പെട്ട തലത്തിനും സഹകരണത്തിൽ ശക്തമായ ഊന്നൽ ലഭിച്ചിട്ടുണ്ട്. യുവ ശാസ്ത്രജ്ഞർക്കിടയിൽ കൂടുതൽ വിനിമയങ്ങൾ ചെന്നൈ സമവായം പ്രോത്സാഹിപ്പിക്കുകയും ബ്രിക്സ് യുവ ശാസ്ത്രജ്ഞ ഫോറം, ബ്രിക്സ് യംഗ് ഇന്നൊവേറ്റർ പ്രൈസ് എന്നിവയ്ക്ക് കീഴിലുള്ള തുടർച്ചയായ പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, ആദ്യഘട്ട നിക്ഷേപകർ എന്നിവർക്കിടയിൽ ശക്തമായ പങ്കാളിത്തം, യുവ കണ്ടുപിടുത്തക്കാരുടെയും ഗവേഷകരുടെയും സഹകരണം, പ്രസക്തമായ വിപണികളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കായുള്ള ബ്രിക്സ് എസ്ടിഐ സംരംഭക പങ്കാളിത്തത്തിന് കീഴിലുള്ള പുരോഗതിയെയും ഇത് അംഗീകരിക്കുന്നു.

ആദ്യകാല, വളർച്ചാ ഘട്ടങ്ങളിലുള്ള സ്റ്റാർട്ടപ്പുകൾക്കുള്ള ധനസഹായം ത്വരിതപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത അംഗീകരിക്കുന്നതോടൊപ്പം, ബ്രിക്സ് യൂത്ത് സ്റ്റാർട്ടപ്പ് പ്ലാറ്റ്‌ഫോമിനെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. അനുയോജ്യമായ ഇടങ്ങളിൽ എസ്ടിഐ ട്രാക്കുമായി ഏകോപിപ്പിച്ച്, ബ്രിക്സ് വ്യവസായ മന്ത്രിമാരുടെ പ്രഖ്യാപനത്തിൽ ഒരു 'ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഫണ്ട്' പരിഗണിക്കുന്നത് സംബന്ധിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്.
സംയുക്ത പ്രോജക്ടുകൾ, പൊതു പ്ലാറ്റ്‌ഫോമുകൾ, ഏകോപിത വിജ്ഞാപനം, തുറസായ ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള ശക്തമായ സംവിധാനങ്ങളോടെ, ബ്രിക്സ് എസ്ടിഐ പങ്കാളിത്തം നിരന്തരമായ സംഭാഷണങ്ങൾക്കപ്പുറം പ്രായോഗിക ഫലങ്ങളിലേക്ക് നീങ്ങണമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ബ്രിക്സ് വികാസം പ്രാപിക്കുമ്പോൾ, ഉയർന്നുവരുന്ന അതിനൂതന സാങ്കേതികവിദ്യകൾ എല്ലാവർക്കും പ്രാപ്യവും മിതമായ നിരക്കിലുള്ളതും ഉത്തരവാദിത്വപൂർവവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കപ്പെടുന്നതുമായി മാറണം. കൂടാതെ അതിൻ്റെ എസ്ടിഐ സഹകരണം ഗ്ലോബൽ സൗത്തിൻ്റെ മുൻഗണനകളെ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ്, നിർമ്മിത ബുദ്ധി, ജൈവസങ്കേതികവിദ്യ, മാനവ ആരോഗ്യം, മെറ്റീരിയൽസ് സയൻസ്, നാനോടെക്നോളജി, ഫോട്ടോണിക്സ്, അസ്ട്രോണമി, ജിയോസ്പേഷ്യൽ ടെക്നോളജികൾ, പുനരുപയോഗ ഊർജ്ജം, സമുദ്ര-ധ്രുവ ശാസ്ത്രം, പ്രകൃതിദുരന്ത നിവാരണം, സാമൂഹ്യ ശാസ്ത്രം, ഹ്യുമാനിറ്റീസ് എന്നിവയുൾപ്പെടെ ഉയർന്നുവരുന്നതും തന്ത്രപരവുമായ വിശാലമായ മേഖലകളിലുടനീളം ചെന്നൈ സമവായം ഈ സമീപനം മുന്നോട്ട് കൊണ്ടുപോകുന്നു. ക്വാണ്ടം സാങ്കേതികവിദ്യകളിലെ തുടർച്ചയായ സഹകരണത്തെയും പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. ഒപ്പം ശാസ്ത്രജ്ഞർ, അക്കാദമിക് സ്ഥാപനങ്ങൾ, നൂതനാശയ സമൂഹങ്ങൾ എന്നിവർക്കിടയിലുള്ള പ്രായോഗിക ഇടപെടലുകളെയും സംയുക്ത ഗവേഷണ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പ്രവർത്തന സമിതികൾ, സ്റ്റിയറിംഗ് കമ്മിറ്റി, മുതിർന്ന ഔദ്യോഗിക തല പ്രവർത്തനങ്ങൾ, യുവ ശാസ്ത്രജ്ഞ ഫോറം, യംഗ് ഇന്നൊവേറ്റർ പ്രൈസ്, മറ്റ് പ്രമേയാധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവയ്ക്ക് തുടർച്ച നൽകിക്കൊണ്ട് 2026-2027 കാലയളവിലേക്കുള്ള 'ബ്രിക്സ് എസ്ടിഐ ആക്റ്റിവിറ്റി കലണ്ടറും' മന്ത്രിതല യോഗം അംഗീകരിച്ചു. 2027-ൽ ചൈനയുടെ അധ്യക്ഷതയിൽ അടുത്ത മന്ത്രിതല യോഗം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ, ബ്രിക്സ് എസ്ടിഐ മന്ത്രിതല പ്രവർത്തന പദ്ധതി അടുത്ത അധ്യക്ഷ രാജ്യത്തിന് കൈമാറുന്നതും ചെന്നൈ സമവായം രേഖപ്പെടുത്തുന്നു.
മന്ത്രിതല യോഗത്തിനായുള്ള സംഭാവനകൾക്ക് ബ്രിക്സ് മന്ത്രിമാർ, പ്രതിനിധി സംഘങ്ങൾ, വിദഗ്ധർ, സഹപ്രവർത്തകർ എന്നിവർക്ക് ഡോ. ജിതേന്ദ്ര സിംഗ് നന്ദി അറിയിക്കുകയും ഇന്ത്യയുടെ ബ്രിക്സ് എസ്ടിഐ അധ്യക്ഷത അർത്ഥവത്തായതും ഫലാധിഷ്ഠിതവുമാക്കുന്നതിൽ ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ശാസ്ത്രീയ മികവ്, സാങ്കേതിക പുരോഗതി, പൊതു സമൃദ്ധി എന്നിവയ്ക്കുള്ള ഒരു പ്ലാറ്റ്‌ഫോമായി ബ്രിക്സിനെ നയിക്കാൻ പ്രതിരോധശേഷി, നൂതനാശയങ്ങൾ, സഹകരണം, സുസ്ഥിരത എന്നിവയുടെ മനോഭാവം തുടർന്നും സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പൊതു ഗവേഷണം, ശാസ്ത്രീയ അടിസ്ഥാന സൗകര്യം, നൂതനാശയങ്ങളുടെ ആവാസവ്യവസ്ഥ, പ്രതിഭകളുടെ ചലനാത്മകത, ആഗോള വെല്ലുവിളികൾക്കുള്ള കൂട്ടായ പ്രതികരണങ്ങൾ എന്നിവയെ അനുബന്ധമാക്കിയുള്ള ബ്രിക്സ് എസ്ടിഐ സഹകരണം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് ചെന്നൈ സമവായം അംഗീകരിക്കപ്പെട്ടതോടെ യാഥാർത്ഥ്യമാകുന്നത്. ഇന്ത്യയുടെ അധ്യക്ഷതയിൽ, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയെ ഗ്ലോബൽ സൗത്തിലുടനീളം പ്രതിരോധശേഷി, സുസ്ഥിര വികസനം, പൊതു പുരോഗതി എന്നിവയ്ക്കുള്ള ഉപകരണങ്ങളാക്കി മാറ്റിക്കൊണ്ട്, ബ്രിക്സ് എസ്ടിഐ പങ്കാളിത്തം പരസ്പരബന്ധിതവും പ്രായോഗികവും ഭാവി സജ്ജവുമായ ഒരു സഹകരണ ഘട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.