PIB Backgrounder
azadi ka amrit mahotsav

ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലൂടെ ഭരണനിർവഹണ ശാക്തീകരണം

പരസ്പര ബന്ധിതവും പൗരകേന്ദ്രീകൃതവുമായ ഇന്ത്യയുടെ നിർമ്മിതി

प्रविष्टि तिथि: 12 AUG 2026 6:20PM by PIB Thiruvananthpuram

ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളിലൂടെ ഇന്ത്യയുടെ ഭരണനിർവഹണം ഒരു മൗലിക പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. മുൻപ് കടലാസ് രേഖകളെയും ഓഫീസുകളെയും വലിയതോതില്‍ നേരിട്ട് ആശ്രയിച്ചിരുന്ന പൊതുസേവനങ്ങൾ ഇന്ന് സംയോജിത ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ലഭ്യമാണ്. കഴിഞ്ഞ 12 വർഷത്തിനിടെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം രാജ്യത്തെ പൗരന്മാരെയും ഗവണ്മെൻ്റുകളെയും സ്ഥാപനങ്ങളെയും അഭൂതപൂർവമായി പരസ്പരം ബന്ധിപ്പിച്ചു. ഇത് ഭരണനിർവഹണം കൂടുതൽ വേഗമേറിയതും സുതാര്യവും പൗരന്മാരുടെ ആവശ്യങ്ങളോട് കൂടുതൽ പ്രതികരിക്കുന്നതുമാക്കി മാറ്റി.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ അടിത്തറയായും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിൻ്റെ (ജിഡിപി) 12 മുതല്‍ 14 ശതമാനം വരെ സംഭാവന ചെയ്യുന്നത് ഡിജിറ്റൽ സാമ്പത്തിക രംഗമാണ്. അടുത്ത പതിറ്റാണ്ടിൽ ഇത് 20 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു. 'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ഡിജിറ്റൽ എക്കോണമി റിപ്പോർട്ട് 2026' പ്രകാരം ലോകത്തെ അഞ്ചാമത് വലിയ ഡിജിറ്റല്‍ സാമ്പത്തിക ശക്തിയും G20 രാജ്യങ്ങളിൽ നാലാമത് വലിയ സാമ്പത്തിക ശക്തിയുമാണ് ഇന്ത്യ. രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഡിജിറ്റൽ ഭരണനിർവഹണത്തിലെ തുടർച്ചയായ വികാസം സേവന വിതരണം ശക്തിപ്പെടുത്തുകയും സാമ്പത്തിക അവസരങ്ങളൊരുക്കുകയും വികസിത ഇന്ത്യയെന്ന കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ ഡിജിറ്റൽ സ്വാശ്രയത്വ രംഗത്തെ പ്രധാന നാഴികക്കല്ലുകൾ

ഇന്ത്യയുടെ സ്വാശ്രയത്വത്തെ മുന്നോട്ട് നയിക്കുന്ന ഇലക്ട്രോണിക്സ് നിർമ്മാണം 

'മെയ്ക്ക് ഇൻ ഇന്ത്യ' കാഴ്ചപ്പാടിലൂന്നി ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. ഉല്പാദന അനുബന്ധ പ്രോത്സാഹന (പിഎല്‍ഐ) പദ്ധതി, ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിര്‍മ്മാണ പദ്ധതി (ഇസിഎംഎസ്), ഇന്ത്യ അര്‍ധചാലക ദൗത്യം (ഐഎസ്എം), പരിഷ്കരിച്ച ഇലക്ട്രോണിക്സ് നിര്‍മ്മാണ ക്ലസ്റ്ററുകള്‍ (EMC 2.0) എന്നിവയടക്കം മുൻനിര സംരംഭങ്ങൾ രാജ്യത്തെ തദ്ദേശീയ നിർമ്മാണത്തിന് കരുത്തേകിയിട്ടുണ്ട്.  

  • ഇലക്ട്രോണിക്സ് ഉല്പാദനത്തിൽ 7 മടങ്ങ് വളർച്ച: ഇലക്ട്രോണിക്സ് ഉല്പാദനം 2014–15 ലെ 1.9 ലക്ഷം കോടി രൂപയിൽ നിന്ന് 2025–26 ൽ 13.11 ലക്ഷം കോടി രൂപയായി വർധിച്ചു.

  • ഇലക്ട്രോണിക്സ് കയറ്റുമതിയിൽ 11 മടങ്ങ് വർധന: ഇതേ കാലയളവിൽ ഇലക്ട്രോണിക്സ് കയറ്റുമതി 38,000 കോടി രൂപയിൽ നിന്ന് 4.24 ലക്ഷം കോടി രൂപയായി ഉയർന്നു.

  • മൂന്നാമത്തെ വലിയ കയറ്റുമതി മേഖല: 2025-26 സാമ്പത്തിക വർഷം കയറ്റുമതി 4,796 കോടി യു.എസ് ഡോളറിലെത്തിയതോടെ ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾ  ഇന്ത്യയുടെ മൂന്നാമത് വലിയ കയറ്റുമതി വിഭാഗമായി മാറി.

  • തൊഴിലവസരങ്ങളും സ്ത്രീ പങ്കാളിത്തവും: ഇലക്ട്രോണിക്സ് നിർമ്മാണ ആവാസവ്യവസ്ഥ ഏകദേശം 25 ലക്ഷം തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നു; തൊഴിൽ ശക്തിയുടെ 30 ശതമാനത്തോളം സ്ത്രീകളാണ്.

ഇന്ത്യയുടെ അര്‍ധചാലക ആവാസവ്യവസ്ഥയുടെ നിർമ്മിതി

ഇന്ത്യയുടെ അര്‍ധചാലക മേഖലയെ ശക്തിപ്പെടുത്തുന്നതിന് 1.27 ലക്ഷം കോടി രൂപ സാമ്പത്തിക വിഹിതത്തോടെ 'സെമികോൺ 2.0' പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യ അര്‍ധചാലക ദൗത്യം ആദ്യഘട്ടത്തിന് കീഴിൽ 1.64 ലക്ഷം കോടി രൂപ ചെലവില്‍ 12 അര്‍ധചാലക യൂണിറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ മൂന്ന് നിർമ്മാണ കേന്ദ്രങ്ങൾ വാണിജ്യോല്പാദനം ആരംഭിച്ചുകഴിഞ്ഞു, മറ്റൊരു യൂണിറ്റ് ഈ വർഷം പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൊബൈൽ ഫോണുകൾ: വളർച്ചയുടെ സുപ്രധാന ചാലകശക്തി
  • ആഗോള മൊബൈൽ നിർമ്മാണ കേന്ദ്രം: ഇന്ത്യ നിലവില്‍ ലോകത്തെ രണ്ടാമത് വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ്. 2014-15 സാമ്പത്തിക വർഷം കയറ്റുമതിയിൽ 153-ാം സ്ഥാനത്തായിരുന്ന മൊബൈൽ ഫോണ്‍ 2025-26 സാമ്പത്തിക വർഷം ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉല്പന്നമായി മാറി.

  • മൊബൈൽ ഫോൺ ഉല്പാദനത്തിൽ 33 മടങ്ങ് വർധന: ഉല്പാദനം 2014–15 ലെ 18,000 കോടി രൂപയിൽ നിന്ന് 2025–26 ൽ 6.27 ലക്ഷം കോടി രൂപയായി ഉയർന്നു.

  • മൊബൈൽ ഫോൺ കയറ്റുമതിയിൽ 165 മടങ്ങ് വളർച്ച: ഇതേ കാലയളവിൽ കയറ്റുമതി 1,500 കോടി രൂപയിൽ നിന്ന് 2.59 ലക്ഷം കോടി രൂപയായി വർധിച്ചു.

  • തൊഴിലവസരങ്ങളും സ്ത്രീ പങ്കാളിത്തവും: മൊബൈൽ നിർമ്മാണ മേഖലയിലെ 12 ലക്ഷം തൊഴിലാളികളില്‍ ഏകദേശം 70 ശതമാനവും സ്ത്രീകളാണ്.

മികച്ച ടെലികമ്യൂണിക്കേഷൻ അടിസ്ഥാന സൗകര്യങ്ങൾ

  • ടെലിഫോൺ കണക്ഷനുകള്‍: രാജ്യത്തെ ടെലിഫോൺ കണക്ഷനുകൾ 2014 ലെ 93.3 കോടിയിൽ നിന്ന് 2026 ജൂൺ അവസാനത്തോടെ 134.8 കോടിയിലധികമായി വർധിച്ചു.

  • ഉയർന്ന ടെലിഫോണ്‍ സാന്ദ്രത: ടെലിഫോണ്‍ സാന്ദ്രത 2014 ലെ 75.23 ശതമാനത്തിൽ നിന്ന് 2026 ജൂൺ അവസാനത്തോടെ 94.31 ശതമാനമായി വളർന്നു.

  • വയർലെസ് മൊബൈൽ വരിക്കാർ: 2026 ജൂണിൽ സജീവ വയർലെസ് മൊബൈൽ വരിക്കാരുടെ എണ്ണം 1,201.06 ദശലക്ഷത്തിലെത്തി.

ഇൻ്റർനെറ്റും ഡിജിറ്റൽ സമ്പര്‍ക്ക സൗകര്യങ്ങളും 

  • ഇൻ്റർനെറ്റ് ഉപയോക്താക്കളിൽ നാല് മടങ്ങ് വർധന: ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 2014 ലെ 25.15 കോടിയിൽ നിന്ന് 2026 മാർച്ച് അവസാനത്തോടെ 109.2 കോടിയിലധികമായി ഉയർന്നു.

  • കുറഞ്ഞ നിരക്കില്‍ മൊബൈൽ ഡാറ്റ:  2014-ൽ ഒരു ജിബിക്ക് 308 രൂപയായിരുന്ന വയര്‍ലെസ് ഡാറ്റ നിരക്ക് 2026-ൽ 7.51 രൂപയായി കുത്തനെ കുറഞ്ഞു. ഇത് ഡിജിറ്റൽ സേവനങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കി.

  • മൊബൈൽ ബ്രോഡ്‌ബാൻഡ് വേഗം: 'ഊക്‌ല'യുടെ ആഗോള വേഗനിര്‍ണയ സൂചിക പ്രകാരം ശരാശരി മൊബൈൽ ബ്രോഡ്‌ബാൻഡ് ഡൗൺലോഡ് വേഗം 2022 മാർച്ചിലെ 13.67 Mbps-ല്‍നിന്ന് 2025 ഡിസംബറിൽ 132.00 Mbps ആയി വര്‍ധിച്ചു.  

  • രാജ്യവ്യാപക 5G വിന്യാസം: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 99.9% ജില്ലകളിലും ഇപ്പോൾ 5G സേവനങ്ങൾ ലഭ്യമാണ്. 2026 ജൂണിൽ രാജ്യത്തെ 5G മൊബൈല്‍ ടവറുകളുടെ എണ്ണം 5.63 ലക്ഷത്തിലെത്തി.

  • ഗ്രാമീണ മൊബൈൽ ലഭ്യതയുടെ വിപുലീകരണം: ബിഎസ്എൻഎൽ ഉള്‍പ്പെടെ ടെലികോം സേവന ദാതാക്കള്‍ ചേർന്ന് രാജ്യത്തെ 6.31 ലക്ഷം ഗ്രാമങ്ങളിൽ ഇപ്പോൾ 4G സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

  • ഭാരത്‌നെറ്റ് സംരംഭത്തിന് കീഴിലെ കണക്റ്റിവിറ്റി: 2026 ജൂൺ വരെ ലഭ്യമായ കണക്കനുസരിച്ച്, 8.5 ലക്ഷത്തിലധികം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ പിന്തുണയോടെ 2.21 ലക്ഷം ഗ്രാമപഞ്ചായത്തുകൾ സേവനസജ്ജമാണ്.

  • പി.എം-വാണി: പൊതു ഡാറ്റാ കേന്ദ്രങ്ങളുടെയും (പിഡിഒ) മറ്റ് ശൃംഖലകളുടെയും പങ്കാളിത്തത്തിലൂടെ കുറഞ്ഞ നിരക്കിൽ പൊതു വൈ-ഫൈ സേവനം പി.എം-വാണി നൽകുന്നു. 2026 ഫെബ്രുവരി 28 വരെ രാജ്യവ്യാപകമായി നാല് ലക്ഷത്തിലധികം വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. 2026 മെയ് മാസം കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ ക്യുആർ കോഡ് അധിഷ്ഠിത സ്ഥിരീകരണം, 15, 30, 60 മിനിറ്റ് വൈ-ഫൈ പ്ലാനുകൾ, ഏകീകൃത ഹോട്ട്‌സ്‌പോട്ട് പേരുകള്‍ എന്നിവ സാധ്യമാക്കുന്നു.

6G യുഗത്തിനൊരുങ്ങി ഇന്ത്യ  

സ്വദേശി ഗവേഷണം, ബൗദ്ധിക സ്വത്തവകാശം, മാനദണ്ഡ വികസനം, ടെലികോം മേഖലയിലെ വരുംതലമുറ നൂതനാശയങ്ങള്‍ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2030-ഓടെ ഇന്ത്യയെ 6G സാങ്കേതികവിദ്യയിലെ ആഗോള നേതൃനിരയിലെത്തിക്കാന്‍ ‘ഭാരത് 6G വിഷൻ’ ലക്ഷ്യമിടുന്നു.

 

UPI: സുഗമമായ ഡിജിറ്റൽ പണമിടപാടുകൾക്ക് കരുത്തേകുന്നു

 

ആഗോളതല തത്സമയ ഡിജിറ്റൽ പണമിടപാടുകളുടെ എണ്ണത്തിൽ  ഏകദേശം 50 ശതമാനവും UPI വഴിയാണ്. ഇത് ലോകത്തെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനമാക്കി UPI-യെ മാറ്റുന്നു.
 

  • ഇടപാടുകളുടെ വ്യാപ്തി: 2025–26 സാമ്പത്തിക വർഷം 314.23 ലക്ഷം കോടി രൂപ മൂല്യംവരുന്ന 24,161.69 കോടി ഇടപാടുകളാണ് UPI വഴി നടന്നത്.  

  • ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പണമിടപാട് ശൃംഖല: 55.49 കോടിയിലധികം പേര്‍ക്കും 6.5 കോടി വ്യാപാരികൾക്കും സേവനം നൽകുന്ന UPI 731 ബാങ്കുകളെ ഒരു പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിക്കുന്നു.

  • രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിലെ UPI വിഹിതം: 2025–26 സാമ്പത്തിക വർഷം ഇന്ത്യയിലെ ആകെ ഡിജിറ്റൽ പണമിടപാടുകളില്‍ 85 ശതമാനവും UPI വഴിയായിരുന്നു.

  • പ്രതിമാസ ഇടപാടുകളിൽ വൻ വർധന: 2016-ലെ 0.01 കോടി പ്രതിമാസ ഇടപാടുകള്‍ 2025-ഓടെ 2,000 കോടിയിലധികമായി കുത്തനെ ഉയർന്നത് UPI-യുടെ അതിവേഗ ജനപ്രീതി വ്യക്തമാക്കുന്നു.

  • UPI ആഗോളതലത്തിലേക്ക്: കംബോഡിയ, സിംഗപ്പൂർ, യു.എ.ഇ, ഫ്രാൻസ്, മൗറീഷ്യസ് തുടങ്ങി 11 വിദേശ രാജ്യങ്ങളിൽ ഇപ്പോൾ UPI സേവനങ്ങൾ ലഭ്യമാണ്.

 

ഡിജിറ്റൽ വാണിജ്യം  

  • ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC): വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും പരസ്പരം ബന്ധിപ്പിക്കുന്ന തുറന്ന ഡിജിറ്റൽ വാണിജ്യ ആവാസവ്യവസ്ഥ ONDC വികസിപ്പിക്കുന്നു. 

  • 2026 ജൂൺ വരെ 20 കോടിയിലധികം ഉപഭോക്താക്കളും 5 ലക്ഷം വിൽപ്പനക്കാരും 1,000 നഗരങ്ങളിൽ സാന്നിധ്യവും പ്രതിമാസം ഏകദേശം 90 ലക്ഷം ഇടപാടുകളും ONDC കൈവരിച്ചു.

  • 'ഇ-സരസ്', 'ഇന്ത്യ- ഹാൻഡ്‌മേഡ്' എന്നിവയുമായി സംയോജിപ്പിച്ചതോടെ 11-ലധികം ആപ്പുകളിലൂടെ സ്വയംസഹായ സംഘങ്ങള്‍, നെയ്ത്തുകാർ, കരകൗശല വിദഗ്ധര്‍ എന്നിവർക്ക് വിശാല വിപണി ഉറപ്പാക്കി. ഒപ്പം 'സഹായക് വാട്ട്‌സ്ആപ്പ് ബോട്ട്' 5 ഭാഷകളിൽ ചെറുകിട സംരംഭകർക്ക് പിന്തുണ നൽകുന്നു.

 

  • ഗവണ്മെൻ്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM): ഗവണ്മെൻ്റ് സംഭരണ പ്രക്രിയകളെ കൂടുതൽ സുതാര്യവും കാര്യക്ഷമവും കടലാസ് രഹിതവുമാക്കാൻ GeM സഹായിച്ചു.

 

  • 2026 ജൂൺ വരെ ആകെ ചരക്ക് മൂല്യം 18.4 ലക്ഷം കോടി രൂപ കടന്നു. ഇതിൽ 2025–26 സാമ്പത്തിക വർഷത്തെ മാത്രം തുക 5 ലക്ഷം കോടി രൂപയാണ്. കൂടാതെ 11 ലക്ഷത്തിലേറെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഗവണ്മെൻ്റ് വിപണിയിലേക്ക് പ്രവേശനം ലഭിച്ചു.

 

  • സ്വായത്ത് (സ്റ്റാര്‍ട്ടപ്പ് റണ്‍വേ ഫോര്‍ വിമന്‍ ആന്‍ഡ് യൂത്ത്-ലെഡ് എൻ്റര്‍പ്രൈസസ്): സ്റ്റാർട്ടപ്പുകൾക്കും വനിതകളും യുവാക്കളും നയിക്കുന്ന സംരംഭങ്ങൾക്കും ഗവണ്മെൻ്റ് സംവിധാനങ്ങളിലേക്ക് നേരിട്ട് ഉല്പന്നങ്ങൾ വിൽക്കാൻ അവസരമൊരുക്കുന്നതിലൂടെ പങ്കാളിത്തത്തിലധിഷ്ഠിതമായ ഗവണ്മെൻ്റ് സംഭരണം 'സ്വായത്ത്' ഉറപ്പാക്കുന്നു.  

  • 2025–26 സാമ്പത്തിക വർഷത്തോടെ വനിതകള്‍ നേതൃത്വം നല്‍കുന്ന വ്യാപാര സംരംഭങ്ങള്‍ 83,323 കോടി രൂപയുടെയും സ്റ്റാർട്ടപ്പുകൾ 54,005.8 കോടി രൂപയുടെയും ആകെ ഓർഡർ മൂല്യം കൈവരിച്ചു.

 

ഗവണ്മെൻ്റ് ടു സിറ്റിസൺ (G2C) സേവനങ്ങളിൽ വിപ്ലവം സൃഷ്ടിക്കുന്ന ഇ-ഭരണനിര്‍വഹണ സംരംഭങ്ങൾ

  • ഡിജിലോക്കർ: കടലാസ് രേഖകൾക്ക് പകരം ഡിജിലോക്കർ സുരക്ഷിത ഡിജിറ്റൽ വാലറ്റ് നൽകുന്നു. 2026 ജൂലൈ 31 ലെ കണക്കനുസരിച്ച് 72 കോടിയിലധികം ഉപയോക്താക്കൾ ഇതിൽ രജിസ്റ്റർ ചെയ്യുകയും 934 കോടിയിലധികം രേഖകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

  • ഉമങ് (UMANG): ഗവണ്മെൻ്റ് സേവനങ്ങളുടെ ഏകീകൃത ഡിജിറ്റൽ വേദിയായി ഉമങ് മാറിക്കഴിഞ്ഞു. 2017-ല്‍ ലഭ്യമായിരുന്ന 166 സേവനങ്ങള്‍ 2026 ജൂലൈ 23-ഓടെ 2,585 സേവനങ്ങളായി ഉയര്‍ത്തി. ഇടപാടുകള്‍  4.6 കോടിയിൽ നിന്ന് 798 കോടിയിലധികമായി വർധിച്ചത് ഇതിൻ്റെ വ്യാപക സ്വീകാര്യത വ്യക്തമാക്കുന്നു.

  • ആധാർ: സുരക്ഷിത തത്സമയ ഡിജിറ്റൽ സ്ഥിരീകരണത്തിന് ബയോമെട്രിക് അധിഷ്ഠിത വിശ്വസനീയ ഡിജിറ്റൽ തിരിച്ചറിയല്‍ സംവിധാനം ആധാറിലൂടെ ഒരുക്കി. ആധാർ കാർഡുകളുടെ വിതരണം 2010-11 ലെ 0.42 കോടിയിൽ നിന്ന് 2026 ജൂലൈ വരെ 145 കോടിയിലധികമായി ഉയർന്നു.

  • പൊതു സേവന കേന്ദ്രങ്ങള്‍ (CSC): ഗവണ്മെൻ്റ് -ടു-സിറ്റിസൺ (G2C) ഇ-സേവനങ്ങൾ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന നേരിട്ടുള്ള സേവന കേന്ദ്രങ്ങളായി ഇവ പ്രവർത്തിക്കുന്നു. ഗവണ്മെൻ്റ് ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യകത ഇതിലൂടെ കുറയ്ക്കുന്നു. 2026 ജൂൺ വരെ ലഭ്യമായ കണക്കനുസരിച്ച് 5.16 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങളാണ്  രാജ്യത്തുടനീളം പ്രവർത്തിക്കുന്നത്.  

  • നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT): ആധാറുമായി ബന്ധിപ്പിച്ച DBT സംവിധാനത്തിലൂടെ 56 മന്ത്രാലയങ്ങൾക്ക് കീഴിലെ 318 പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നു. DBT വഴി രാജ്യത്തുടനീളം 52 ലക്ഷം കോടിയിലേറെ രൂപ ഇതുവരെ നേരിട്ട് കൈമാറിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് നയിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങള്‍ 

  • ദീക്ഷ: പാഠ്യപദ്ധതി അധിഷ്ഠിത ഉള്ളടക്കങ്ങൾ, ക്യു.ആർ കോഡ് അടങ്ങിയ പാഠപുസ്തകങ്ങൾ, അധ്യാപക പരിശീലനം, എല്ലാവർക്കും പ്രാപ്യമായ പഠന വിഭവങ്ങൾ എന്നിവ ദീക്ഷ നൽകുന്നു. 2026 ഓഗസ്റ്റ് 10-ലെ കണക്കനുസരിച്ച് 2.35 കോടി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും പ്രതിദിനം 3.58 ലക്ഷം സജീവ ഉപയോക്താക്കളും ഇതിനുണ്ട്.

  • സ്വയം (SWAYAM): ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ കോഴ്സുകൾ 'സ്വയം' പ്ലാറ്റ്‌ഫോം നല്‍കുന്നു. 2026 ഓഗസ്റ്റ് 10-ലെ കണക്കനുസരിച്ച് 6.5 കോടിയിലധികം പേര്‍ ചേര്‍ന്ന 20,000-ത്തിലധികം കോഴ്സുകൾ വിവിധ വിഷയങ്ങളിലായി ഇതിലുണ്ട്.

  • സ്വയംപ്രഭ: ജിസാറ്റ്-15  ഉപഗ്രഹം വഴി 40  DTH ചാനലുകൾ ഉപയോഗിച്ച് 24 മണിക്കൂറും ഗുണനിലവാരമേറിയ വിദ്യാഭ്യാസ പരിപാടികൾ സംപ്രേഷണം ചെയ്യുന്നു. ഇൻ്റർനെറ്റ് സൗകര്യമില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് പഠനം സാധ്യമാക്കുന്ന സംവിധാനമാണിത്.  

  • പി.എം ഇ-വിദ്യ: തടസ്സമില്ലാത്തതും സമഗ്രവുമായ പഠനം ഉറപ്പാക്കാൻ ദീക്ഷ, സ്വയം, സ്വയം പ്രഭ, കമ്യൂണിറ്റി റേഡിയോ, വിദ്യാഭ്യാസ ടെലിവിഷൻ എന്നിവയെ പി.എം ഇ-വിദ്യ ഒന്നിപ്പിക്കുന്നു.

  • ഓട്ടോമേറ്റഡ് പെർമനൻ്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR): അക്കാദമിക രേഖകൾ സൂക്ഷിക്കാനും സാക്ഷ്യപ്പെടുത്താനുമായി ആവിഷ്കരിച്ച 'അപാർ' സംവിധാനം വിദ്യാർത്ഥികൾക്ക് ഒരു സവിശേഷ ഡിജിറ്റൽ അക്കാദമിക് ഐഡി നൽകുന്നു. 2026 ജൂൺ വരെ 33.74 കോടിയിലധികം അപാർ ഐഡികളാണ് നിർമ്മിക്കപ്പെട്ടത്.  

 

പരീക്ഷാ തട്ടിപ്പുകൾക്കെതിരെ ശക്തമായ ചട്ടക്കൂട്

പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ 'പൊതുപരീക്ഷാ (ക്രമക്കേടുകള്‍ തടയല്‍) ഭേദഗതി ബിൽ, 2026' ജൂലൈ 31-ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. കടുത്ത ശിക്ഷകളും സമയബന്ധിത നീതി നിർവഹണ സംവിധാനവുമാണ് ബിൽ നിർദേശിക്കുന്നത്. ഇതനുസരിച്ച്  തട്ടിപ്പ് നടത്തുന്ന വ്യക്തികൾക്ക് 5 മുതൽ 10 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും, പരീക്ഷ നടത്തുന്ന സേവന ദാതാക്കള്‍ക്ക്  5 കോടി രൂപ വരെ പിഴയും 8 വർഷത്തെ വിലക്കും നേരിടേണ്ടിവരും. അതേസമയം, സംഘടിത പരീക്ഷാ തട്ടിപ്പ് സംഘങ്ങൾക്ക് 7 മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് 10 കോടി രൂപ പിഴയും ലഭിക്കും. രണ്ട്  മാസത്തിനകം അന്വേഷണവും,  കുറ്റപത്രം സമർപ്പിച്ച് 3 മാസത്തിനകം വിചാരണയും പൂർത്തിയാക്കണം. ഹൈക്കോടതിയിലെ അപ്പീലുകൾ സ്വീകരിച്ച് മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്നും ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നു.  

ഇന്ത്യയുടെ ഡിജിറ്റൽ തൊഴിൽ ശക്തിക്ക് കരുത്തേകുന്ന സംരംഭങ്ങള്‍

  • ഫ്യൂച്ചർസ്കിൽസ് പ്രൈം: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമകാലിക ഡിജിറ്റൽ ലോകത്തിന് അനിവാര്യമായ അത്യാധുനിക നൈപുണ്യങ്ങൾ പഠിതാക്കൾക്ക് പകർന്നുനൽകുന്ന സംരംഭമാണിത്. 2026 ഓഗസ്റ്റ് 10-ലെ കണക്കനുസരിച്ച് ഡിജിറ്റൽ നൈപുണ്യവികസനത്തിന് 34 ലക്ഷത്തിലധികം പേര്‍ ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  • സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്: നൈപുണ്യ വികസനം, ഡിജിറ്റൽ പഠനം, തൊഴിലവസരങ്ങൾ എന്നിവയെ ഇത് ഒരൊറ്റ വേദിയിലേക്ക് കൊണ്ടുവരുന്നു. 2026 ഓഗസ്റ്റ് 2-ലെ കണക്കനുസരിച്ച് 2.01 കോടി രജിസ്ട്രേഷനുകളും സ്വന്തം സൗകര്യത്തിനനുസരിച്ച് പഠിക്കാവുന്ന 3,643 കോഴ്സുകളുമടങ്ങുന്ന ഈ പ്ലാറ്റ്‌ഫോം 10 ലക്ഷത്തിലധികം അവസരങ്ങൾ സൃഷ്ടിച്ചു.  

  • ദേശീയ ഇലക്ട്രോണിക്സ് വിവരസാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ട് (NIELIT): അവെയർനസ് ഇൻ കംപ്യൂട്ടർ കോൺസെപ്റ്റ്സ്, കോഴ്സ് ഓൺ കംപ്യൂട്ടർ കോൺസെപ്റ്റ്സ് എന്നിവയടക്കം ഡിജിറ്റൽ സാക്ഷരത, നൈപുണ്യ വികസന പരിപാടികൾ രാജ്യത്തെ 56 കേന്ദ്രങ്ങളിലൂടെയും 9,000-ത്തിലധികം പങ്കാളിത്ത സ്ഥാപനങ്ങളിലൂടെയും NIELIT നൽകുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 31.92 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്കാണ് പരിശീലനം നൽകിയത്.  

  • ഇന്ത്യ എഐ ദൗത്യം: നിര്‍മ്മിതബുദ്ധി (എഐ) മേഖലയിലെ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ഉത്തരവാദിത്തപൂര്‍ണ എഐ ഉപയോഗം എന്നിവ ഇന്ത്യ എഐ ദൗത്യം ശക്തിപ്പെടുത്തുന്നു. 'ഇന്ത്യ എഐ കോശ്'  പോലുള്ള സംരംഭങ്ങളിലൂടെ സ്‌കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ എന്നിവയിലുടനീളം എഐ നൈപുണ്യം ഈ ദൗത്യം പ്രോത്സാഹിപ്പിക്കുന്നു.

ഇന്ത്യയുടെ വളരുന്ന ഡിജിറ്റൽ മുന്നേറ്റം

ഗവണ്മെൻ്റുമായും സമ്പദ്‌ വ്യവസ്ഥയുമായും രാജ്യത്തെ ജനങ്ങളും വ്യാപാര സംരംഭങ്ങളും സ്ഥാപനങ്ങളും ആശയവിനിമയം നടത്തുന്ന രീതി മാറ്റിമറിക്കുകയാണ് ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റം. ദ്രുതഗതിയില്‍ വികസിക്കുന്ന ഡിജിറ്റൽ അന്തരീക്ഷം അതിവേഗ സേവനങ്ങളും ഉയർന്ന സുതാര്യതയും വിപുലമായ സേവന ലഭ്യതയും സാധ്യമാക്കുന്നു. ഡിജിറ്റൽ പൊതു അടിസ്ഥാസൗകര്യ നവീകരണത്തിനും സംരംഭകത്വത്തിനും സമഗ്ര വളർച്ചയ്ക്കും ഇത് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു. നവ സാങ്കേതികവിദ്യകളുടെ വർധിച്ചുവരുന്ന ഉപയോഗം വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുകയും ഇന്ത്യയുടെ ആഗോള ഡിജിറ്റൽ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഡിജിറ്റൽ ശേഷികൾ ഭരണനിർവഹണത്തെ കൂടുതൽ കാര്യക്ഷമവും പൗര കേന്ദ്രീകൃതവുമാക്കുന്നു. ഈ മാറ്റം സാങ്കേതികവിദ്യയെ സാമ്പത്തിക അവസരങ്ങളുടെയും സാമൂഹ്യ വികസനത്തിൻ്റെയും സുപ്രധാന ചാലകശക്തിയാക്കി മാറ്റുന്നു. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട  'വികസിത ഇന്ത്യ' കെട്ടിപ്പടുക്കാന്‍ ഈ പുരോഗതി കരുത്തേകുന്നു.  

അവലംബം:

Empowering Governance through Digital Infrastructure

***


(रिलीज़ आईडी: 2298753) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali