ജൽ ശക്തി മന്ത്രാലയം
അതിർത്തി കടന്നൊഴുകുന്ന നദികളുമായി ബന്ധപ്പെട്ട സഹകരണം ലക്ഷ്യമിട്ട് ഭൂട്ടാനും കേന്ദ്ര ജൽശക്തി മന്ത്രാലയവും ന്യൂഡൽഹിയിൽ ഉന്നതതല ഉഭയകക്ഷി യോഗം ചേർന്നു
प्रविष्टि तिथि:
07 AUG 2026 5:51PM by PIB Thiruvananthpuram
അതിർത്തി കടന്നൊഴുകുന്ന നദികളുമായി ബന്ധപ്പെട്ട സഹകരണം ലക്ഷ്യമിട്ട്, ഭൂട്ടാൻ സർക്കാരിൻ്റെ പ്രതിനിധി സംഘവും, കേന്ദ്ര ജൽശക്തി മന്ത്രാലയത്തിൻ്റെ പ്രതിനിധി സംഘവും തമ്മിലുള്ള ഉന്നതതല ഉഭയകക്ഷി യോഗം ഇന്ന് ന്യൂഡൽഹിയിൽ നടന്നു. ഭൂട്ടാൻ ഊർജ്ജ-പ്രകൃതിവിഭവ മന്ത്രി ലിയോൺപോ ജെം ഷെറിംഗ് നയിച്ച ഭൂട്ടാൻ പ്രതിനിധി സംഘവും, കേന്ദ്ര ജൽശക്തി മന്ത്രി ശ്രീ സി. ആർ. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘവുമാണ് യോഗത്തിൽ പങ്കെടുത്തത്.
ഉഭയകക്ഷി യോഗത്തിൽ, ജലവിഭവ മേഖലയിൽ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള നിലവിലെ സഹകരണം സംബന്ധിച്ച് ഇരുപക്ഷവും അവലോകനം ചെയ്തു. അതിർത്തി കടന്നൊഴുകുന്ന നദികളുടെ പരിപാലനം, പ്രളയ മുന്നറിയിപ്പും പ്രളയ നിയന്ത്രണവും, ജലശാസ്ത്ര വിവരങ്ങൾ പങ്കുവെക്കൽ, കൂടാതെ, പരസ്പര താൽപ്പര്യമുള്ള മറ്റ് മേഖലകൾ എന്നിവയ്ക്ക് ചർച്ചയിൽ ഊന്നൽ നൽകി. ഭാരത സർക്കാരുമായി സഹകരിച്ച് ഭൂട്ടാനിൽ നടപ്പിലാക്കുന്ന പുനത്സാങ്ചു-I ജലവൈദ്യുത പദ്ധതിയുടെ പുരോഗതി മന്ത്രിമാർ വിലയിരുത്തുകയും, പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു.
ഭൂട്ടാനിലെ നിലവിലുള്ള ജല-കാലാവസ്ഥാ ശൃംഖലയുടെ നവീകരണവും ശക്തിപ്പെടുത്തലും സംബന്ധിച്ച നിർദ്ദേശങ്ങളിലും, അതിർത്തി കടന്നൊഴുകുന്ന നദികളിലെ ജലശാസ്ത്ര വിവരങ്ങൾ പങ്കിടുന്നതിനുള്ള നിലവിലെ സംവിധാനത്തിൻ്റെ സഹകരണ പരിധി വിപുലീകരിക്കുന്നതിലും ഇരു പ്രതിനിധി സംഘങ്ങളും ക്രിയാത്മകമായ ചർച്ചകൾ നടത്തി.
അതിർത്തി കടന്നൊഴുകുന്ന ജലവിഭവങ്ങളുടെ സുസ്ഥിരവും പരസ്പര പ്രയോജനകരവുമായ പരിപാലനത്തിനുള്ള കൂട്ടായ പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചു. തുടർച്ചയായ സാങ്കേതിക സഹകരണം, പരസ്പര വിശ്വാസം, കൃത്യമായ സ്ഥാപന ഇടപെടലുകൾ എന്നിവയിലൂടെ ജലവിഭവ മേഖലയിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇരുപക്ഷവും ധാരണയായി.




***
(रिलीज़ आईडी: 2296343)
आगंतुक पटल : 6