പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
CITES സംവിധാനം മുഖേന പ്രോവിഡന്റ് ഫണ്ട് (PF) ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO ) കൊച്ചി റീജിയണൽ ഓഫീസ് മികച്ച പ്രകടനം കാഴ്ചവച്ചു
പോസ്റ്റഡ് ഓണ്‍:
04 AUG 2026 9:18PM by PIB Thiruvananthpuram
സെൻട്രലൈസ്ഡ് ഐടി എനേബിൾഡ് സിസ്റ്റം (CITES) മുഖേന പ്രോവിഡന്റ് ഫണ്ട് (PF) ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO ) കൊച്ചി റീജിയണൽ ഓഫീസ് മികച്ച പ്രകടനം കാഴ്ചവച്ചു. PF അഡ്വാൻസുകൾക്കായി അപേക്ഷിക്കുന്ന 24,541 ഫോം-31 ക്ലെയിമുകളിൽ 81.9% സിസ്റ്റം സ്വയമേവ (ഓട്ടോ-സെറ്റിൽഡ്) അംഗീകരിച്ചു, 6.2% മാനുവലായി അംഗീകരിച്ചു. തത്ഫലമായി ആകെ അംഗീകാര നിരക്ക് 88.1% ആയി ഉയർന്നു. അന്തിമ PF സെറ്റിൽമെന്റിനായി ഉപയോഗിക്കുന്ന 4,287 ഫോം-19 ക്ലെയിമുകളിൽ 69.6% സ്വയമേവ അംഗീകരിച്ചു, 20.9% മാനുവലായി അംഗീകരിച്ചു. ആകെ അംഗീകാര നിരക്ക് 90.5% ആയി ഉയർന്നു. മെച്ചപ്പെട്ട ഈ സംവിധാനം കാരണം, അർഹമായ മിക്ക ക്ലെയിമുകളും അതേ ദിവസം തന്നെ തീർപ്പാക്കി.
ഇന്ത്യയിലുടനീളം, ഫോം-31 (പിഎഫ് അഡ്വാൻസ്) ക്ലെയിമുകളുടെ ഏകദേശം 84% ഉം ഫോം-19 (അന്തിമ പിഎഫ് സെറ്റിൽമെന്റ്) ക്ലെയിമുകളുടെ 50% ഉം EPFO സ്വയമേവ (ഓട്ടോ-സെറ്റിൽമെന്റ്) തീർപ്പാക്കുന്നു. ഫോം-19 ക്ലെയിമുകൾ സ്വയമേവ തീർപ്പാക്കുന്നതിൽ കൊച്ചി റീജിയണൽ ഓഫീസ് ദേശീയ ശരാശരിയേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും 69.6% ഓട്ടോ-സെറ്റിൽമെന്റ് നിരക്ക് കൈവരിക്കുകയും ചെയ്തു. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ശരിയായി പരിശോധിച്ചുറപ്പിക്കുകയും ആധാർ, പാൻ, മൊബൈൽ നമ്പർ എന്നിവയുമായി ബന്ധിപ്പിച്ചുകൊണ്ട് KYC വിശദാംശങ്ങൾ കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്.
പുതിയ EPFO 3.0 സംവിധാനത്തിന്റെ പൂർണ്ണ പ്രയോജനം നേടുന്നതിനായി EPFO അംഗങ്ങൾ അവരുടെ KYC വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ-I ശ്രീ ഉത്തം പ്രകാശ് നിർദ്ദേശിച്ചു . മുൻകൂർ പിൻവലിക്കലുകൾ മൂന്ന് വിഭാഗങ്ങളായി ചുരുക്കി EPFO 3.0 ക്ലെയിം പ്രക്രിയയെ ലളിതമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു: അവശ്യവസ്തുക്കൾ, ഭവനം, പ്രത്യേക ആവശ്യങ്ങൾ. എന്നിവയ്ക്ക് കുറഞ്ഞത് ഒരു വർഷത്തേക്ക് പ്രൊവിഡന്റ് ഫണ്ടിലേക്ക് സംഭാവന നൽകിയ അംഗങ്ങൾക്ക് അർഹതയുള്ള PF ബാലൻസിന്റെ 75% വരെ പിൻവലിക്കാമെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പേയ്‌മെന്റ് സംവിധാനം ഒരു പുതിയ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയിലുടനീളമുള്ള പെൻഷൻകാരെ സംബന്ധിച്ചിടത്തോളം പെൻഷൻ സേവനങ്ങൾ വേഗമേറിയതും കാര്യക്ഷമവും സുഗമവുമായി മാറും.
എംപ്ലോയീസ് എൻറോൾമെന്റ് കാമ്പെയ്ൻ (EEC) 2026, പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന (PMVBRY) എന്നിവയ്ക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ അർഹരായ തൊഴിലുടമകളോടും ജീവനക്കാരോടും അദ്ദേഹം ആഹ്വാനം ചെയ്തു. സെൻട്രലൈസ്ഡ് ഐടി എനേബിൾഡ് സിസ്റ്റം (CITES ) നടപ്പിലാക്കുന്നതിനെക്കുറിച്ച് വിശദീകരിക്കവേ, പുതിയ സംവിധാനം ആദ്യമായി അവതരിപ്പിച്ചപ്പോൾ ചില പ്രശ്നങ്ങൾ നേരിട്ടെങ്കിലും, അവ ക്രമേണ പരിഹരിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സുഗമമായ നിർവ്വഹണം ഉറപ്പാക്കുന്നതിനും, ന്യൂഡൽഹിയിലെ അഡീഷണൽ സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (നാഷണൽ ഡാറ്റ സെന്റർ) ശ്രീ ആൻഡ്രൂ പ്രഭുവിന്റെ മാർഗനിർദേശപ്രകാരം എല്ലാ തലങ്ങളിലുമുള്ള EPFO ഉദ്യോഗസ്ഥർക്കായി മൂന്ന് ദിവസത്തെ പരിശീലന പരിപാടി നടത്തിവരികയാണ്.
കൊച്ചിയിലെ EPFO റീജിയണൽ ഓഫീസ് നിലവിൽ 7.45 ലക്ഷത്തിലധികം അംഗങ്ങൾക്കും 1.15 ലക്ഷം പെൻഷൻകാർക്കും സേവനം നൽകുന്നു. ഇത് വേഗതയേറിയതും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സാമൂഹിക സുരക്ഷാ സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നു.
***
( റിലീസ് ഐ.ഡി: 2294618)
സന്ദര്‍ശക കൗണ്ടര്‍ : 25