വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
2026-ൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ്, പത്താം പതിപ്പിന്റെ പ്രമേയം കേന്ദ്ര വാർത്താവിനിമയ മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ പ്രകാശനം ചെയ്തു: 'അതിരുകളില്ലാത്ത മുന്നേറ്റം'
प्रविष्टि तिथि:
29 JUL 2026 9:39PM by PIB Thiruvananthpuram
2026-ൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) പത്താം പതിപ്പിന്റെ പ്രമേയമായി "അതിരുകളില്ലാത്ത മുന്നേറ്റം" എന്ന ആശയം കേന്ദ്ര വാർത്താവിനിമയ വകുപ്പിന്റെയും വടക്കുകിഴക്കൻ മേഖലാ വികസനത്തിന്റെയും ചുമതലയുള്ള മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ പ്രഖ്യാപിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ടെക്നോളജി ഫോറമായി അറിയപ്പെടുന്ന ഈ പരിപാടി 2026 ഒക്ടോബർ 7 മുതൽ 10 വരെ ന്യൂഡൽഹിയിലെ യശോഭൂമിയിൽ (ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്റർ) നടക്കും.
കേന്ദ്ര വാർത്താവിനിമയ, ഗ്രാമവികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി വിശിഷ്ടാതിഥിയായി പങ്കെടുത്തു. വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) സെക്രട്ടറി ശ്രീ അമിത് അഗർവാൾ സന്നിഹിതനായിരുന്നു.
"അതിരുകളില്ലാത്ത മുന്നേറ്റം" എന്ന പ്രമേയം സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയുടെ ഗുണങ്ങൾ പരമ്പരാഗത അതിർ വരമ്പുകൾ മറികടന്ന് സമസ്ത മേഖലകളിലും സമൂഹങ്ങളിലും എത്തിച്ചേരുന്ന ഡിജിറ്റൽ ഭാവി കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നു. പരീക്ഷണങ്ങൾക്കപ്പുറം പരിവർത്തനാത്മക സാങ്കേതികവിദ്യകളും പരിഹാരങ്ങളും സ്വീകരിക്കേണ്ടതിന്റെയും അവയുടെ വ്യാപക സ്വീകാര്യത, സമന്വയം, സ്വാധീനം എന്നിവ വൻതോതിൽ സാധ്യമാക്കേണ്ടതിന്റെയും ആവശ്യകത അടിവരയിടുന്നു.

നൂതനാശയങ്ങളെ സ്വതന്ത്രമായി വികസിക്കാനും, സർവ്വാശ്ലേഷിയായ വികസനത്തെ പിന്തുണയ്ക്കാനും, രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക, സാമൂഹിക പുരോഗതിക്ക് സംഭാവന നൽകാനും പ്രാപ്തമാക്കുന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് സർക്കാർ, വ്യവസായമേഖല, സാങ്കേതിക കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യ ദാതാക്കൾ, ഉപഭോക്താക്കൾ എന്നിവ സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും പ്രമേയം ഊന്നിപ്പറയുന്നു.
ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും സുരക്ഷിതവും വളർച്ചാധിഷ്ഠിതവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ ദർശനത്തെ പ്രതിഫലിപ്പിക്കുന്ന നാല് പ്രധാന സ്തംഭങ്ങളിലൂന്നിയാണ് ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2026 ന്റെ പത്താം പതിപ്പ് സംഘടിപ്പിക്കുന്നത് :
1. സൃഷ്ടി – നൂതനാശയങ്ങൾ വളർത്തിയെടുക്കുന്നതിലും, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും, പുതുതലമുറ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ രൂപപ്പെടുത്തുന്ന പരിഹാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2. സുരക്ഷ – സുരക്ഷിതവും, സ്ഥിരതയാർന്നതും, വിശ്വസനീയവുമായ ഡിജിറ്റൽ സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
3. സശക്ത് – പൗരന്മാർ, ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, സമൂഹങ്ങൾ എന്നിവയെ ശാക്തീകരിക്കുന്നതിനും എല്ലാവർക്കും ഡിജിറ്റൽ അവസരങ്ങളിലേക്ക് തുല്യ പ്രവേശനം ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
4. സംവർദ്ധൻ – സാമ്പത്തിക വളർച്ച, നിക്ഷേപം, സംരംഭകത്വം, തൊഴിലവസരങ്ങൾ, ആഗോള സാങ്കേതികവിദ്യാ നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ വളർച്ച എന്നിവയിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കുള്ള പങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഭൂമിശാസ്ത്രപരമോ മേഖലാപരമോ ആയ അതിർവരമ്പുകളാൽ പരിമിതപ്പെടുത്താതെ, നൂതനാശയങ്ങൾ, കണക്റ്റിവിറ്റി, ഡിജിറ്റൽ പരിവർത്തനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ നാല് സ്തംഭങ്ങളും സംയുക്തമായി "അതിരുകളില്ലാത്ത മുന്നേറ്റം" എന്ന ആശയത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നു. സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ എല്ലാ വ്യവസായങ്ങളിലേക്കും പ്രദേശങ്ങളിലേക്കും സമൂഹങ്ങളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും സർവ്വസ്പർശിയും സർവ്വാശ്ലേഷിയുമായ വളർച്ച സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
ഡിജിറ്റൽ ശാക്തീകരണത്തിലും സാങ്കേതികവിദ്യയിലും അധിഷ്ഠിതമായ ഭാവിയിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും വിവിധ വ്യവസായങ്ങളിലും പ്രദേശങ്ങളിലും വളർച്ചയെ എങ്ങനെ പിന്തുണയ്ക്കുമെന്ന് ചർച്ച ചെയ്യുന്നതിനുള്ള വേദിയായി ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2026 മാറും. 5ജി, 6ജി, നിർമ്മിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ് ആൻഡ് എഡ്ജ് കമ്പ്യൂട്ടിംഗ്, ഉപഗ്രഹ വാർത്താവിനിമയം, ഇലക്ട്രോണിക്സ്, ക്വാണ്ടം സാങ്കേതികവിദ്യകൾ,ഹരിത സാങ്കേതികവിദ്യകൾ തുടങ്ങിയ സാങ്കേതങ്ങളുടെ സംയോജനത്തെക്കുറിച്ച് ഈ പരിപാടിയിൽ ചർച്ച നടക്കും.
ഇന്ത്യയുടെ ടെലികോം മേഖല വലിയൊരു വിഭാഗം ജനങ്ങൾക്ക് കണക്റ്റിവിറ്റിഉറപ്പാക്കുന്നതിലുപരിയായി നൂതന സാങ്കേതികവിദ്യകളിലൂടെയും ഡിജിറ്റൽ പരിഹാരങ്ങളിലൂടെയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് പുരോഗമിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാർത്താവിനിമയ വകുപ്പിന്റെയും വടക്കുകിഴക്കൻ മേഖലാ വികസനത്തിന്റെയും ചുമതലയുള്ള മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ പ്രസ്താവിച്ചു. "അതിർത്തികളില്ലാത്ത മുന്നേറ്റം" എന്ന പ്രമേയം സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കുക, ലോകമെമ്പാടുമുള്ള വിപണികളിലേക്കും സമൂഹങ്ങളിലേക്കും ജനങ്ങളിലേക്കും എത്തിച്ചേരാൻ കഴിയുന്ന നൂതന പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നീ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു."
സാങ്കേതികവിദ്യയുടെ ഉപഭോക്താവ് എന്നതിൽ നിന്ന് ആഗോള വിപണിക്കായി നൂതന സാങ്കേതികവിദ്യകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും വിതരണം നിർവ്വഹിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമായി നാം മാറുകയാണ്. തദ്ദേശീയ ടെലികോം സാങ്കേതികവിദ്യകൾ, 6G വികസനം, ഡിജിറ്റൽ പബ്ലിക് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ പുരോഗതി "വോക്കൽ ഫോർ ലോക്കൽ" (ഇന്ത്യൻ ഉത്പന്നങ്ങളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കൽ) എന്നതിൽ നിന്ന് "ലോക്കൽ ഫോർ ഗ്ലോബൽ" (ഇന്ത്യൻ നൂതനാശയങ്ങൾ ലോകരാജ്യങ്ങളിലേക്ക്) എന്നതിലേക്കുള്ള പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. നൂതനശയങ്ങൾ, സാങ്കേതികവിദ്യ, ആഗോള നേതൃത്വം എന്നിവയിലൂടെ വികസിത ഇന്ത്യ (വികസിത് ഭാരത് 2047) കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന് അനുപൂരകമാണ് ഈ ദർശനം.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ടെലികോം മേഖലയുടെ ശ്രദ്ധേയമായ വളർച്ചയും നേട്ടങ്ങളും ഉയർത്തിക്കാട്ടിയ ഡോ. ചന്ദ്രശേഖർ പെമ്മസാനി വാർത്താവിനിമയ മേഖലയിൽ ഇന്ത്യയുടെ പുരോഗതി പ്രദർശിപ്പിക്കുന്നതിന് ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) ആഗോള വേദി ഒരുക്കുന്നുവെന്ന് വിശദീകരിച്ചു. സർക്കാരിന് വ്യത്യസ്ത പങ്കാളികളുമായി സഹകരിക്കാനും, സ്റ്റാർട്ടപ്പുകൾക്ക് അവരുടെ നൂതനാശയങ്ങളും ഉദ്യമങ്ങളും അവതരിപ്പിക്കാനും, നൂതന സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കാൻ നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ കണ്ടെത്താനും കഴിയും.
ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ പത്താം പതിപ്പിന്റെ പ്രാധാന്യവും അതിന്റെ പത്ത് വർഷത്തെ വിജയകരമായ പ്രയാണവും വിശദീകരിക്കവേ ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങൾ, പുരോഗതി, വളർച്ച എന്നിവ ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള വിശാലമായ ദർശനവും തന്ത്രവും ഈ പതിപ്പ് പിന്തുടരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര വാർത്താവിനിമയ വകുപ്പും (DoT) സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (COAI) സംഘടിപ്പിക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2026, ആഗോള, ഇന്ത്യൻ സാങ്കേതിക കമ്പനികൾ, ടെലികോം ഓപ്പറേറ്റർമാർ, നയരൂപകർത്താക്കൾ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവർ ഒത്തുചേരുന്നതിനുള്ള പൊതുവേദിയായി വർത്തിക്കും. പത്താം പതിപ്പ് മുൻകാല IMC പരിപാടികളുടെ വിജയം തുടരുകയും വാർത്താവിനിമയം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ എന്നിവയുടെ ഭാവി ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രമുഖ അന്താരാഷ്ട്ര വേദി എന്ന നിലയിലുള്ള അതിന്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യും.
പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങളും വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ പ്രയോഗങ്ങളും ഈ പരിപാടിയിൽ പ്രദർശിപ്പിക്കും. കമ്പനികൾക്കും നവസംരംഭകർക്കും പുതിയ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും, പരിഹാരങ്ങൾ മുന്നോട്ട് വയ്ക്കുന്നതിനും, വ്യവസായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിനും, നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും, അറിവ് പങ്കിടുന്നതിനും, സാങ്കേതിക നയങ്ങൾ ചർച്ച ചെയ്യുന്നതിനും ഇത് വേദിയൊരുക്കും. നിക്ഷേപകർ, ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, വ്യവസായ വിദഗ്ധർ, സാധ്യതയുള്ള ബിസിനസ്സ് പങ്കാളികൾ എന്നിവരുമായി ബന്ധപ്പെടാൻ സഹായിച്ചുകൊണ്ട് ASPIRE സ്റ്റാർട്ടപ്പ് പ്രോഗ്രാം പുതിയ സാങ്കേതിക സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കും.
നൂതന സാങ്കേതിക വികസനങ്ങൾ പ്രദർശിപ്പിക്കുക മാത്രമല്ല, ഈ നൂതനാശയങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനും വികസിപ്പിക്കാനും യഥാർത്ഥ ജീവിതത്തിൽ പ്രായോഗിക നേട്ടങ്ങൾ സൃഷ്ടിക്കാനും എങ്ങനെ ഉപയോഗിക്കാമെന്ന് പര്യവേക്ഷണം ചെയ്യുക എന്നതാണ് IMC 2026 ലക്ഷ്യമിടുന്നത്. പൗരന്മാരെ സഹായിക്കാനും, വ്യവസായങ്ങളെ ശക്തിപ്പെടുത്താനും, പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും, ഒരു മുൻനിര ആഗോള സാങ്കേതിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകാനും കഴിയുന്ന ശക്തവും സമഗ്രവുമായ ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സാങ്കേതികവിദ്യയിലൂടെ "നൂറ് കോടി ജനങ്ങളെക്കൂടി ബന്ധിപ്പിക്കുക" എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2026 ന്റെ പത്താം പതിപ്പ് കഴിഞ്ഞ പത്ത് വർഷത്തെ മുന്നേറ്റത്തെ ആഘോഷിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ ടെലികോം, ഡിജിറ്റൽ പരിവർത്തനത്തിനൊപ്പം നൂതനാശയങ്ങൾ, സഹകരണം, ആഗോള പങ്കാളിത്തം എന്നിവയ്ക്കുള്ള വേദിയായി IMC വളർന്നു. ഡിജിറ്റൽ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, ലോകമെമ്പാടും ഇന്ത്യൻ സാങ്കേതികവിദ്യകൾ, മാനദണ്ഡങ്ങൾ, പരിഹാരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക, പുതിയ അവസരങ്ങൾ സൃഷ്ടിക്കുക, ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തേക്ക് ഡിജിറ്റൽ നൂതനാശയങ്ങളുടെ സ്വാധീനം വികസിപ്പിക്കുക എന്നിവയാണ് IMC 2026 ലക്ഷ്യമിടുന്നത്.
ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ മുൻ പതിപ്പുകളെല്ലാം വൻ വിജയമായിരുന്നു - 1.4 ലക്ഷത്തിലധികം സന്ദർശകർ, 860 പ്രദർശകർ, 101 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 1,500 പ്രായോഗിക പരിഹാരങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. 465 സ്റ്റാർട്ടപ്പുകൾ പങ്കെടുത്തു, 52 മുഖ്യ പ്രഭാഷണങ്ങൾ, 12 വട്ടമേശ സമ്മേളനങ്ങൾ, 84 പാനൽ ചർച്ചകൾ എന്നിവയുൾപ്പെടെ 113 സെഷനുകളിലായി 918 പ്രഭാഷകർ പങ്കെടുത്തു.
*****
(रिलीज़ आईडी: 2291535)
आगंतुक पटल : 8