പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ ടി. സിദ്ദിഖിനെ സന്ദർശിച്ചു; ഇടുക്കിയിലെ കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു

പോസ്റ്റഡ് ഓണ്‍: 29 JUL 2026 8:09PM by PIB Thiruvananthpuram

തിരുവനന്തപുരം, ജൂലൈ 29: സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ കൃഷി വകുപ്പ് മന്ത്രി ശ്രീ ടി. സിദ്ദിഖിനെ സന്ദർശിച്ച് ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന  കർഷകർ, പ്രത്യേകിച്ച് ഏലക്ക കർഷകർ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചർച്ച ചെയ്തു.

 

ഈ സന്ദർശനത്തിൽ ഇടുക്കിയിലെ സുഗന്ധവ്യഞ്ജന കൃഷിയെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾക്കിടയിലും കൂടുതൽ സുസ്ഥിരവും മത്സരക്ഷമവുമാക്കുന്നതിനുള്ള വിവിധ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ നിവേദനം മന്ത്രിക്ക് കൈമാറി.

 

സ്പൈസസ് ബോർഡിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് കാർഡമം രജിസ്ട്രേഷൻ നിർബന്ധമായതിനാൽ  അർഹരായ എല്ലാ കർഷകർക്കും വേഗത്തിൽ കാർഡമം രജിസ്ട്രേഷൻ അനുവദിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് ചെയർപേഴ്സൺ പ്രത്യേകമായി അഭ്യർഥിച്ചു. രജിസ്ട്രേഷൻ നടപടികൾ ലളിതവും വേഗത്തിലുമാകുന്നതിലൂടെ കൂടുതൽ കർഷകർക്ക് കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭ്യമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.

 

കാലാവസ്ഥാ വ്യതിയാനം, വരൾച്ച, ജലക്ഷാമം, മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുക, രാസകീടനാശിനികളുടെ അമിത ഉപയോഗം, കാട്ടുമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലം ഇടുക്കിയിലെ കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ചെയർപേഴ്സൺ മന്ത്രിയെ അറിയിച്ചു. മിസ്റ്റ് ഇറിഗേഷൻ, കമ്മ്യൂണിറ്റി ജലസേചന പദ്ധതികൾ, മഴവെള്ള സംഭരണം, ജൈവ നിയന്ത്രണ മാർഗങ്ങളുടെ പ്രോത്സാഹനവും  ലഭ്യതയും, കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങൾ, വിള ഇൻഷുറൻസ് പദ്ധതി പരിഷ്‌കരണം, കാലാവസ്ഥാ സൗഹൃദ കൃഷിരീതികളുടെ വ്യാപനം എന്നിവയ്ക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ അഭ്യർഥിച്ചു. കൂടാതെ കാട്ടുമൃഗ ശല്യം തടയുന്നതിനായി സൗരവേലി, സമയബന്ധിത നഷ്ടപരിഹാരം, മറ്റ് പ്രതിരോധ നടപടികൾ എന്നിവ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

 

യോഗത്തിൽ ഇൻഡോർ സാഫ്രൺ കൃഷിയുടെ സാധ്യതകളും അതിന്റെ മൂല്യവർധിത ഉൽപ്പന്ന വികസനത്തിനുള്ള അവസരങ്ങളും വിശദമായി ചർച്ച ചെയ്തു. കേരളത്തിൽ ശാസ്ത്രീയ രീതിയിൽ ഇൻഡോർ സാഫ്രൺ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് ഉയർന്ന വരുമാനമുള്ള പുതിയ കൃഷി മേഖലയായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ മന്ത്രിയക്ക്  മുന്നിൽ അവതരിപ്പിച്ചു.

 

കേരളത്തിലെ കർഷകരുടെ സമഗ്ര ക്ഷേമത്തിനായി സ്പൈസസ് ബോർഡും സംസ്ഥാന കാർഷിക വകുപ്പും സംയുക്തമായി കർഷക പരിശീലനം, സുസ്ഥിര കൃഷിരീതികൾ, മൂല്യവർധിത ഉൽപ്പന്ന വികസനം, സാങ്കേതികവിദ്യ കൈമാറ്റം, വിപണന പിന്തുണ തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും ചെയർപേഴ്സൺ അഭ്യർഥിച്ചു.

 

ചെയർപേഴ്സൺ ഉന്നയിച്ച വിഷയങ്ങൾ മന്ത്രി ശ്രദ്ധാപൂർവം കേൾക്കുകയും കർഷക സമൂഹത്തിന്റെ താൽപര്യം മുൻനിർത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

 

****


( റിലീസ് ഐ.ഡി: 2291382) സന്ദര്‍ശക കൗണ്ടര്‍ : 34
ഈ റിലീസ് വായിക്കുക: English