പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി ഏഴാമത് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പല്‍ പുറത്തിറക്കി കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്
പോസ്റ്റഡ് ഓണ്‍:
29 JUL 2026 4:47PM by PIB Thiruvananthpuram
കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി നിർമ്മിക്കുന്ന എട്ട് കപ്പലുകളുടെ പരമ്പരയിലെ ഏഴാമത്തെ അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലായ 'മച്ചിലിപട്ടണം' പുറത്തിറക്കിയതോടെ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് കപ്പൽ നിർമാണ യാത്രയിലെ സുപ്രധാന നാഴികക്കല്ല് കൈവരിച്ചു.

ശ്രീമതി ഗുൽരുഖ് ആനന്ദ് കപ്പൽ പുറത്തിറക്കിയ ചടങ്ങിൽ വൈസ് അഡ്മിറൽ അതുൽ ആനന്ദ് മുഖ്യാതിഥിയായിരുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ ജോസ് വി.ജെ, ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. ഹരികൃഷ്ണൻ എസ്, ഡയറക്ടർ (സാങ്കേതികം) ശ്രീ രാജേഷ് ഗോപാലകൃഷ്ണൻ, HQSNC ചീഫ് സ്റ്റാഫ് ഓഫീസര്‍ (ട്രെയിനിങ്) റിയർ അഡ്മിറൽ ദീപക് സിംഗാൾ VSM, ചീഫ് വിജിലന്‍സ് ഓഫീസര്‍ ഡോ. സി. പാണ്ഡി സെൽവ ദുരൈ, ദക്ഷിണ നാവിക കമാൻഡിലെയും പ്രതിരോധ മന്ത്രാലയത്തിന്റെ സംയോജിത നാവിക ആസ്ഥാനത്തെയും മുതിർന്ന ഉദ്യോഗസ്ഥർ, യുദ്ധക്കപ്പല്‍ നിര്‍മാണ സൂപ്രണ്ട് (കൊച്ചി) കമ്മഡോർ അനൂപ് മേനോൻ, ക്ലാസിഫിക്കേഷൻ സൊസൈറ്റി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഏഴാമത്തെ കപ്പല്‍ പുറത്തിറക്കിയത് അഭിമാനകരമായ ഈ പദ്ധതിയുടെ സ്ഥിരതയാർന്ന പുരോഗതി അടിവരയിടുകയും രാജ്യത്തിന്റെ നാവിക പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ കൊച്ചിൻ ഷിപ്പ്‌യാർഡും ഇന്ത്യൻ നാവികസേനയും തമ്മിലെ സഹകരണത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഗുണനിലവാരം, സുരക്ഷ, സമയബന്ധിത പൂർത്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് കപ്പൽ നിർമിക്കുന്നത്. പ്രതിരോധ ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, തദ്ദേശീയ നാവിക കപ്പൽനിർമ്മാണ ശേഷി വർദ്ധിപ്പിക്കുക എന്നീ ഗവൺമെന്റ് കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്നതില്‍ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് നേട്ടം.
തീരദേശ ജലാശയങ്ങളിലെ അന്തര്‍വാഹിനി പ്രതിരോധ പ്രവർത്തനങ്ങൾ, തീവ്രത കുറഞ്ഞ സമുദ്ര പ്രവര്‍ത്തനങ്ങള്‍ (LIMO), ജലാന്തര നിരീക്ഷണം ഉൾപ്പെടെ മൈൻ വിന്യാസ പ്രവർത്തനങ്ങൾ എന്നിവ ഏറ്റെടുക്കാൻ രൂപകല്പന ചെയ്തവയാണ് ഈ അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലുകള്‍. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ കിഴക്കൻ തീരത്തെ പുരാതന തുറമുഖ നഗരമായ 'മച്ചിലിപട്ടണം' എന്ന പേരാണ് യാർഡ് ബിൽഡ് നമ്പർ 529 ന് നൽകിയിരിക്കുന്നത്.
78.0 മീറ്റർ നീളവും 11.36 മീറ്റർ വീതിയുമുള്ള കപ്പലിന്റെ ആഴപരിധി ഏകദേശം 2.7 മീറ്ററാണ്. 900 ടണ്ണോളം ഭാരംവരുന്ന കപ്പലിന് പരമാവധി 25 നോട്ട് വേഗവും 1800 നോട്ടിക്കൽ മൈൽ സഞ്ചാരശേഷിയുമുണ്ട്. ഗവൺമെന്റിന്റെ 'ആത്മനിർഭർ ഭാരത്' നയത്തിനനുസൃതമായി ജലാന്തര നിരീക്ഷണത്തിന് തദ്ദേശീയമായി വികസിപ്പിച്ച് നിർമിച്ച അത്യാധുനിക ഹൾ മൗണ്ടഡ് സോണാറും ലോ ഫ്രീക്വൻസി വേരിയബിൾ ഡെപ്ത് സോണാറും ഘടിപ്പിക്കാവുന്ന തരത്തിലാണ് കപ്പലുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.
****
( റിലീസ് ഐ.ഡി: 2291265)
സന്ദര്‍ശക കൗണ്ടര്‍ : 17