പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി കലാമണ്ഡലം വിമല മേനോൻ
പോസ്റ്റഡ് ഓണ്‍:
23 JUN 2026 5:42PM by PIB Thiruvananthpuram

രാഷ്ട്രപതി ഭവനിൽ നടന്ന 2026 -ലെ രണ്ടാമത് പരമോന്നത സിവിലിയൻ ബഹുമതി സമർപ്പണ ചടങ്ങിൽ വിവിധ മേഖലകളിൽ നിസ്തുല സംഭാവനകൾ നൽകിയ പ്രമുഖർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു. രാജ്യത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളെ സമ്പന്നമാക്കിയ പ്രതിഭകളെ ആദരിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ, പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ രാഷ്ട്രപതിയിൽ നിന്നും പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.
സജീവസമ്പന്നമായ 65 വർഷത്തെ കലാജീവിതത്തിലൂടെ അധ്യാപിക, നർത്തകി, നൃത്തസംവിധായിക, സാംസ്കാരിക സംഘാടക, എഴുത്തുകാരി, കോസ്റ്റ്യൂം ഡിസൈനർ തുടങ്ങിയ പദവികളിൽ തന്റെ അസാധാരണ വ്യക്തിമുദ്ര പതിപ്പിക്കുകയും, ആധുനിക മോഹിനിയാട്ടവേഷവിധാനം, സൗന്ദര്യശാസ്ത്രം, പശ്ചാത്തല സംഗീത ഉപകരണങ്ങളുടെ വിന്യാസം, അവതരണ ശൈലി എന്നിവയിലെല്ലാം വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്ത അതുല്യ പ്രതിഭയാണ് കലാമണ്ഡലം വിമല മേനോൻ. 1942 ജനുവരി 7-ന് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നീ മൂന്ന് ക്ലാസിക്കൽ നൃത്തരൂപങ്ങളിലും അഗാധ പാണ്ഡിത്യമുള്ള അവർ, ഇന്ത്യയുടെ പരമ്പരാഗത നൃത്തരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 1972-ൽ 'കേരള നാട്യ അക്കാദമി' സ്ഥാപിക്കുകയും അതിന്റെ പ്രവർത്തനം മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 'കല എല്ലാവർക്കും വേണ്ടിയുള്ളതാണ്' എന്ന സന്ദേശവുമായി, അഞ്ച് തലമുറകളിലെ പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് നൃത്തപരിശീലനം നൽകിയ അവർ, പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുകയും അവരുടെ യാത്രാ-അവതരണ ചെലവുകൾ സ്വന്തം നിലയിൽ വഹിക്കുകയും ചെയ്തു. കേരളത്തിൽ കുച്ചിപ്പുഡി നൃത്തരൂപം ജനകീയമാക്കുന്നതിൽ മുൻകൈ എടുത്ത വിമല മേനോൻ, ക്ലാസിക്കൽ നൃത്തത്തെ സമാധാനത്തിന്റെയും ഒരുമയുടെയും സ്ത്രീശാക്തീകരണത്തിന്റെയും മാധ്യമമാക്കി മാറ്റുകയും യഥാർത്ഥ ഗുരുശിഷ്യബന്ധത്തിന്റെ മഹനീയ മാതൃക കാട്ടിത്തരുകയും ചെയ്തു. ഏകാംഗ പ്രകടനങ്ങളിൽ നിന്നും ഗ്രൂപ്പ് കൊറിയോഗ്രാഫിയിലേക്കുള്ള ചുവടുമാറ്റം, ഇടയ്ക്ക, തിമില, മദ്ദളം തുടങ്ങിയ കേരളീയ വാദ്യോപകരണങ്ങളുടെ സർഗ്ഗാത്മകമായ ഉപയോഗം, വൈവിധ്യമാർന്ന കൃതികളുടെ കൂട്ടിച്ചേർക്കലുകൾ എന്നിവയിലൂടെ മോഹിനിയാട്ടത്തിന്റെ വഴിത്താരയെ അവർ നവീകരിച്ചു. 'ലാസ്യ മോഹിനി', 'ഭരതനാട്യവും ശാസ്ത്രവും ചരിത്രവും' എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ അവർ, ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ, യു.എസ്.എ തുടങ്ങിയ ആഗോള വേദികളിൽ മോഹിനിയാട്ടത്തെ എത്തിക്കുന്നതിലും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ നയരൂപീകരണത്തിലും സിലബസ് പരിഷ്കരണത്തിലും ധീരമായ നേതൃത്വം നൽകി രാജ്യത്തിന്റെ ക്ലാസിക്കൽ കലാസംസ്കാരത്തെ കൂടുതൽ ശക്തമാക്കുന്നതിലും ശ്രദ്ധേയമായ പങ്കു വഹിച്ചു.
-SK-
( റിലീസ് ഐ.ഡി: 2277103)
സന്ദര്‍ശക കൗണ്ടര്‍ : 26