പോസ്റ്റഡ് ഓണ്:
23 JUN 2026 5:26PM by PIB Thiruvananthpuram

സുപ്രീം കോടതി മുൻ ജഡ്ജിയും രാജ്യത്തെ ഏറ്റവും മികച്ച നിയമജ്ഞരിലൊരാളുമായ ജസ്റ്റിസ് (റിട്ട.) കെ. ടി. തോമസിന്, ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു. ചൊവ്വാഴ്ച വൈകിട്ട് രാഷ്ട്രപതിഭവനിൽ നടന്ന രണ്ടാമതു പൊതു പുരസ്കാര വിതരണ ചടങ്ങിലാണു ബഹുമതി സമ്മാനിച്ചത്.
1937 ജനുവരി 30-നു ജനിച്ച ജസ്റ്റിസ് തോമസ് കോട്ടയം സിഎംഎസ് കോളേജിൽ നിന്നാണു കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽനിന്നു ബിരുദം നേടിയ അദ്ദേഹം മദ്രാസ് സർവകലാശാലയിൽനിന്നു നിയമബിരുദവും കരസ്ഥമാക്കി. തുടർന്ന് കോട്ടയം ജില്ലാ-സെഷൻസ് കോടതികളിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്താണു നിയമജീവിതത്തിനു തുടക്കം കുറിച്ചത്.
അഭിഭാഷകനായി 17 വർഷത്തെ സേവനത്തിനു ശേഷം, കേരള ഹൈക്കോടതി നടത്തിയ തെരഞ്ഞെടുപ്പിലൂടെ അദ്ദേഹം ജില്ലാ-സെഷൻസ് ജഡ്ജിയായി നേരിട്ടു നിയമിതനാകുകയും നാലു വ്യത്യസ്ത ജില്ലകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. 1985-ൽ കേരള ഹൈക്കോടതി ജഡ്ജിയായി ഉയർന്ന അദ്ദേഹം പിന്നീട് 1995-ൽ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. 1996 മാർച്ചിൽ ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 2002-ൽ വിരമിക്കുന്നതുവരെ ആ പദവിയിൽ തുടർന്നു.
ക്രിമിനൽ നിയമം, നീതിന്യായ പരിഷ്കാരങ്ങൾ, പൊലീസ് പരിഷ്കാരങ്ങൾ,പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയിലെ അഴിമതിക്കെതിരായ പോരാട്ടം എന്നിവയ്ക്കു നൽകിയ സുപ്രധാനമായ സംഭാവനകളിലൂടെയാണു ജസ്റ്റിസ് തോമസ് വ്യാപകമായി അംഗീകരിക്കപ്പെടുന്നത്. സുപ്രീം കോടതിയിൽനിന്നു വിരമിച്ചതിനുശേഷം, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) അദ്ദേഹത്തിന്റെ നിർണായകമായ ക്രിമിനൽ നിയമവിധികളുടെ സമാഹാരം തയ്യാറാക്കി. രാജ്യത്തിന്റെ ക്രിമിനൽ നിയമശാസ്ത്രത്തിൽ വലിയ മാറ്റം കുറിച്ച തീരുമാനങ്ങളായാണ് ഈ വിധികളെ അതിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
വിശിഷ്ടമായ ഔദ്യോഗിക ജീവിതത്തിലുടനീളവും വിരമിച്ച ശേഷവും, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ ശ്രദ്ധേയങ്ങളായ നിരവധി പ്രഭാഷണങ്ങൾ ജസ്റ്റിസ് തോമസ് നടത്തിയിട്ടുണ്ട്. മുംബൈയിലെ നെഹ്റു സെന്ററിൽ “മതനിരപേക്ഷ ജനാധിപത്യത്തിലെ നിയമവാഴ്ച” എന്ന വിഷയത്തിൽ നടത്തിയ ജവാഹർലാൽ നെഹ്റു അനുസ്മരണപ്രഭാഷണം, ക്രിമിനൽ നിയമത്തിലെ പുതിയ പ്രവണതകളെക്കുറിച്ച് അലഹബാദിൽ നടത്തിയ ജസ്റ്റിസ് സർ സയിദ് മഹ്മൂദ് അനുസ്മരണപ്രഭാഷണം, വിജ്ഞാൻ ഭവനിൽ “അഴിമതിയുടെ ഘടന” എന്ന വിഷയത്തിൽ നടത്തിയ ഡോ. കോഹ്ലി അനുസ്മരണപ്രഭാഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കേരള ഗവണ്മെന്റ് സുപ്രധാനമായ നിരവധി പൊതുചുമതലകൾ അദ്ദേഹത്തെ ഏൽപ്പിച്ചു. സ്വാശ്രയ പ്രൊഫഷണൽ കോളേജുകൾക്കായുള്ള ഫീസ് നിർണയസമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഇരുനൂറോളം സ്ഥാപനങ്ങളുടെ ഫീസ് നിർണയം വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ സമിതിയായി ഇതു മാറി. കേരളത്തിലെ പൊലീസ് പരിഷ്കരണ കമ്മീഷന്റെ തലവനായും അദ്ദേഹം പ്രവർത്തിക്കുകയും നിശ്ചിത സമയപരിധിക്കുള്ളിൽ ദൗത്യം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിൽ സുതാര്യത ഉറപ്പാക്കുന്ന മേൽനോട്ട കമ്മീഷന്റെ ചെയർമാനായും ജസ്റ്റിസ് തോമസ് പിന്നീടു സേവനമനുഷ്ഠിച്ചു. കൂടാതെ, ദേശീയ തലത്തിലുള്ള പൊലീസ് പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ചുമതലകൾ ഇന്ത്യയുടെ സുപ്രീം കോടതി അദ്ദേഹത്തെ ഏൽപ്പിച്ചു. ഈ പൊതുചുമതലകൾക്കൊന്നും അദ്ദേഹം പ്രതിഫലം കൈപ്പറ്റിയില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം അധ്യക്ഷനായ കമ്മീഷനുകൾ സമർപ്പിച്ച ശുപാർശകൾ ബന്ധപ്പെട്ട ഗവണ്മെന്റുകൾ അംഗീകരിക്കുകയും ചെയ്തു.
ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി, സർവകലാശാലയുടെ ചാൻസലർ കൂടിയായ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് നിയമപരമായ കമ്മീഷനു രൂപംനൽകിയിരുന്നു. മറ്റു നിയമ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ അംഗങ്ങളായ ഈ കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് തോമസായിരുന്നു. കമ്മീഷൻ മുന്നോട്ടുവച്ച ശുപാർശകൾ പിന്നീട് അംഗീകരിക്കപ്പെടുകയും നടപ്പാക്കുകയും ചെയ്തു.
കേരള ഗവണ്മെന്റ് രൂപംനൽകിയ കേരള നിയമ പരിഷ്കരണ കമ്മീഷന്റെ ചെയർമാനായി, 2017 മുതൽ ജസ്റ്റിസ് തോമസ് സേവനമനുഷ്ഠിച്ചു വരികയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്മീഷൻ നിരവധി നിയമനിർമാണ നിർദ്ദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കുകയും, അവയിൽ പലതും പിന്നീടു കേരള നിയമസഭ നിയമമാക്കുകയും ചെയ്തു.
ഈ പുരസ്കാരം പ്രശസ്തനായ ഈ നിയമജ്ഞനു ലഭിക്കുന്ന ആദ്യ ദേശീയ ബഹുമതിയല്ല. പൊതുരംഗത്തും നിയമരംഗത്തും അദ്ദേഹം നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് 2007-ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിരുന്നു. മറ്റു നിരവധി ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഒരു ഫൗണ്ടേഷൻ പ്രഖ്യാപിച്ച ‘നിയമരത്ന പുരസ്കാര’വും ഇതിലുൾപ്പെടും. അന്നത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജവാഹർലാൽ ഗുപ്തയാണു പുരസ്കാരം സമ്മാനിച്ചത്.
നീതിന്യായ വ്യവസ്ഥ, നിയമ വിദ്യാഭ്യാസം, നിയമ പരിഷ്കരണം, പൊതുഭരണം എന്നീ മേഖലകളിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയ ജസ്റ്റിസ് കെ. ടി. തോമസിന്റെ മഹത്തായ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണു പത്മവിഭൂഷൺ പുരസ്കാരം.
-SK-