പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഇന്ത്യൻ കാർഷിക കയറ്റുമതി: വ്യാപ്തിയുടെയും കരുത്തിൻ്റെയും വിജയത്തിൻ്റെയും പ്രയാണം
വളർച്ചയുടെയും അതിജീവനത്തിൻ്റെയും ആഗോള സാന്നിധ്യത്തിൻ്റെയും 12 വർഷങ്ങൾ
കയറ്റുമതി സൗകര്യങ്ങള്‍ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് കയറ്റുമതി പരിശോധനാ സമിതി പുതിയ സാങ്കേതികവിദ്യാധിഷ്ഠിത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തി വരികയാണെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ശ്രീ. ഉജ്ജ്വൽ കുമാർ ഘോഷ്
प्रविष्टि तिथि:
10 JUN 2026 3:11PM by PIB Thiruvananthpuram
2026 ജൂൺ 10, കൊച്ചി: ഇന്ത്യയുടെ കാർഷിക കയറ്റുമതി 2014-15 സാമ്പത്തിക വർഷത്തെ 32.08 ബില്യൺ യു.എസ് ഡോളറിൽ നിന്ന് 2025-26 സാമ്പത്തിക വർഷം 52.55 ബില്യൺ യു.എസ് ഡോളറിൻ്റെ റെക്കോഡ് നേട്ടത്തിലേക്ക് ഉയർന്നത് കഴിഞ്ഞ പതിറ്റാണ്ടില്‍ രാജ്യം കൈവരിച്ച സുപ്രധാന പരിവർത്തനത്തെയും സുസ്ഥിര പുരോഗതിയെയും പ്രതിഫലിപ്പിക്കുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വാണിജ്യ വകുപ്പ് ദക്ഷിണ മേഖലയിലെ ബന്ധപ്പെട്ട പ്രതിനിധികളുമായി കൊച്ചിയിൽ നടത്തിയ സംവേദനാത്മക പരിപാടിയിലാണ് ഈ നേട്ടം എടുത്തുപറഞ്ഞത്. വാണിജ്യ വകുപ്പിലെയും കയറ്റുമതി പരിശോധനാ സമിതിയിലെയും ഉദ്യോഗസ്ഥരും കയറ്റുമതി പ്രോത്സാഹന സമിതി പ്രതിനിധികളും കാർഷിക കയറ്റുമതി മേഖലയിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യയുടെ കാർഷിക കയറ്റുമതി 2025-26 സാമ്പത്തിക വർഷത്തിലും അതിൻ്റെ മുന്നേറ്റ പാത തുടർന്നുവെന്നും ഇത് 2024-25 സാമ്പത്തിക വർഷത്തെ 51.12 ബില്യൺ യു.എസ് ഡോളറിൽ നിന്ന് 2.8 ശതമാനം വർധിച്ച് 52.55 ബില്യൺ യു.എസ് ഡോളറിലെത്തിയെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ശ്രീ. ഉജ്ജ്വൽ കുമാർ ഘോഷ് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. മൂല്യവര്‍ധിത കാർഷികോല്പന്നങ്ങൾ, സമുദ്രോല്പന്ന കയറ്റുമതി, സംസ്കരിച്ച ഭക്ഷ്യോല്പന്നങ്ങൾ എന്നിവയിലുണ്ടായ വർധനയാണ് ഈ വളർച്ചയ്ക്ക് കാരണമായതെന്നും ഇത് രാജ്യത്തെ കാർഷിക കയറ്റുമതി വിപണിയുടെ വർധിച്ചുവരുന്ന ആഗോള മത്സരശേഷിയെയും വൈവിധ്യവൽക്കരണത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2025-26 സാമ്പത്തിക വർഷം 11.5 ബില്യൺ യു.എസ്. ഡോളറിൻ്റെ കയറ്റുമതിയോടെ അരി ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക കയറ്റുമതി ഉല്പന്നമായി തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. 13.4 ശതമാനത്തിൻ്റെ ശക്തമായ വളർച്ച രേഖപ്പെടുത്തിയ സമുദ്രോല്പന്ന കയറ്റുമതി 2024-25 സാമ്പത്തിക വർഷത്തെ 7.4 ബില്യൺ യു.എസ്. ഡോളറിൽ നിന്ന് 2025-26 സാമ്പത്തിക വർഷം 8.4 ബില്യൺ യു.എസ്. ഡോളറായി ഉയർന്നു. അതേസമയം സുഗന്ധവ്യഞ്ജന കയറ്റുമതി 4.3 ബില്യൺ യു.എസ്. ഡോളറിൻ്റെ കയറ്റുമതിയോടെ ശക്തമായ പ്രകടനം നിലനിർത്തി.
ഇന്ത്യന്‍ കാർഷിക മേഖലയുടെ അതിജീവനശേഷി പ്രകടമാക്കുന്ന ഈ നേട്ടങ്ങൾ ഉല്പന്ന ഗുണനിലവാരം മെച്ചപ്പെടുത്താനും കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും വിപണി ലഭ്യത ഉയര്‍ത്താനും മൂല്യവർധിത കാർഷിക ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും നടത്തിവരുന്ന ശ്രമങ്ങളുടെ വിജയത്തെ അടിവരയിടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വ്യാപാരമേഖലയിലെ മാറിവരുന്ന ചലനാത്മകത, വികസിച്ചുകൊണ്ടിരിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലും ഇന്ത്യയിലെ കാർഷിക കയറ്റുമതിക്കാർ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതില്‍ ശ്രദ്ധേയമായ കഴിവ് പ്രകടിപ്പിച്ചതായും ഇത് ആഗോള വിപണിയിൽ കാർഷികോല്പന്നങ്ങളുടെ വിശ്വസ്ത വിതരണക്കാരെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുകെ, യൂറോപ്യൻ യൂണിയൻ, ന്യൂസിലാൻഡ്, ഒമാൻ, ഓസ്‌ട്രേലിയ, യു.എ.ഇ., യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര കൂട്ടായ്മ രാജ്യങ്ങള്‍ എന്നിവരുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ ഇന്ത്യയുടെ കാർഷിക കയറ്റുമതി വിപുലീകരണത്തിനും വൈവിധ്യവൽക്കരണത്തിനും സുപ്രധാന അവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ശ്രീ. ഘോഷ് എടുത്തുപറഞ്ഞു. ഈ കരാറുകൾക്ക് കീഴിലെ മെച്ചപ്പെട്ട വിപണി ലഭ്യത വിവിധ ഉല്പന്നങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെമ്മീൻ, മൂല്യവർധിത സമുദ്രവിഭവങ്ങൾ എന്നിവയടക്കം സമുദ്രോല്പന്നങ്ങൾ; ബസുമതി, ബസുമതി ഇതര പ്രീമിയം അരികൾ; സുഗന്ധവ്യഞ്ജനങ്ങൾ; ആരോഗ്യസംരക്ഷണ ഭക്ഷ്യവിഭവ ചേരുവകൾ; പരമ്പരാഗത ഭക്ഷ്യോല്പന്നങ്ങള്‍; ഓർത്തഡോക്സ്, സ്പെഷ്യാലിറ്റി ഇനങ്ങള്‍ ഉള്‍പ്പെടെ ചായ; പഴങ്ങൾ, പച്ചക്കറികൾ, ചെറുധാന്യാധിഷ്ഠിത ഉല്പന്നങ്ങൾ; മാംസം; ജൈവ ഉല്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവിഭവങ്ങള്‍ എന്നിവക്കാണ് പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുന്നത്.
സ്വതന്ത്ര വ്യാപാര കരാറുകളില്‍ നിന്നും മറ്റ് കയറ്റുമതി പ്രോത്സാഹന സംരംഭങ്ങളിൽ നിന്നുമുണ്ടാകുന്ന അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതിന് രാജ്യത്തെ കയറ്റുമതിക്കാരെ പ്രാപ്തരാക്കാന്‍ വാണിജ്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ.ഘോഷ് ആവർത്തിച്ചു. ഈ ശ്രമങ്ങൾക്ക് അനുബന്ധമായി മെച്ചപ്പെട്ട വ്യാപാര ധനസഹായ ലഭ്യത, വിപണി പ്രവേശന പിന്തുണ, ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍, ഉറവിടം കണ്ടെത്തുന്ന സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗവണ്മെൻ്റ് സംരംഭങ്ങൾ ഇന്ത്യയുടെ കാർഷിക കയറ്റുമതി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഇന്ത്യൻ കാർഷിക, ഭക്ഷ്യോല്പന്നങ്ങളുടെ ആഗോള മത്സരശേഷി വർധിപ്പിക്കുകയും ചെയ്തു. വിപണി വൈവിധ്യവൽക്കരണം സുഗമമാക്കുക, മൂല്യവർധന പ്രോത്സാഹിപ്പിക്കുക, ഗുണനിലവാര മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുക, ആഗോള മൂല്യശൃംഖലകളിൽ ഇന്ത്യൻ ഉല്പന്നങ്ങളുടെ മികച്ച സംയോജനം ഉറപ്പാക്കുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന് കീഴിൽ കയറ്റുമതി വളർച്ച ത്വരിതപ്പെടുത്താനും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യാപാര സംരംഭങ്ങളെ ശാക്തീകരിക്കാനും 'നിര്യാത് പ്രോത്സാഹൻ', 'നിര്യാത് ദിശ' എന്നീ ഇരട്ട സംരംഭങ്ങൾക്ക് കേന്ദ്രഗവണ്മെൻ്റ് തുടക്കം കുറിച്ചിട്ടുണ്ട്. ‘നിര്യാത് പ്രോത്സാഹൻ’ താങ്ങാവുന്ന വ്യാപാര ധനസഹായവും വായ്പാ പിന്തുണയും ഉറപ്പാക്കുമ്പോള്‍ വിപണി ലഭ്യത, അംഗീകാരവും നിയമപാലനവും, ബ്രാൻഡിങ്, ലോജിസ്റ്റിക്സ് സഹായം എന്നിവയാണ് ‘നിര്യാത് ദിശ’ നൽകുന്നത്. ഇന്ത്യയുടെ കയറ്റുമതി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും ആഗോള മത്സരശേഷി മെച്ചപ്പെടുത്താനും പുതിയ അന്താരാഷ്ട്ര അവസരങ്ങൾക്ക് വ്യാപാരസംരംഭങ്ങളെ പ്രാപ്തരാക്കാനും ഇവ ലക്ഷ്യമിടുന്നു.
ആഗോള വിപണികൾ കൂടുതൽ കർശന ഭക്ഷ്യസുരക്ഷാ-ഗുണനിലവാര വ്യവസ്ഥകൾ തുടരുന്ന സാഹചര്യത്തിൽ വരും വർഷങ്ങളിൽ ഇന്ത്യയുടെ കാർഷിക കയറ്റുമതി നിലനിർത്താനും വികസിപ്പിക്കാനും ആരോഗ്യ-സസ്യാരോഗ്യ സംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കുന്നത് നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമുദ്രോല്പന്നങ്ങളിലെ ആൻ്റിബയോട്ടിക് അവശിഷ്ട നിയന്ത്രണം, അരിയിലെ കീടനാശിനി അവശിഷ്ടങ്ങളും അഫ്ലാടോക്സിനുകളും ഫലപ്രദമായി കൈകാര്യം ചെയ്യല്‍, സുഗന്ധവ്യഞ്ജനങ്ങളിലും ചായയിലും ശക്തമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ, പഴങ്ങൾക്കും പച്ചക്കറികൾക്കും സസ്യാരോഗ്യവുമായി ബന്ധപ്പെട്ട ശക്തമായ നടപടികൾ ഉറപ്പാക്കല്‍ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. വിപണി ലഭ്യത മെച്ചപ്പെടുത്താനും ഉപഭോക്താക്കളുടെ മാറിവരുന്ന പ്രതീക്ഷകൾ നിറവേറ്റാനും ഗുണമേന്മയേറിയ കാർഷികോല്പന്നങ്ങളുടെ വിശ്വസ്ത വിതരണക്കാരെന്ന നിലയിൽ ഇന്ത്യയുടെ കീര്‍ത്തി കൂടുതൽ കരുത്തുറ്റതാക്കാനും നാം പരിശ്രമിക്കേണ്ടതുണ്ട്. ഇതിനായി കാർഷിക മൂല്യശൃംഖലയിലുടനീളം ഉറവിടം കണ്ടെത്തുന്ന സംവിധാനങ്ങൾ, സുസ്ഥിരതാ ശീലങ്ങൾ, പരിസ്ഥിതി സൗഹൃദ രീതികള്‍ എന്നിവ വർധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയുടെ കയറ്റുമതി ഗുണനിലവാരം ഉറപ്പാക്കുന്ന സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും ഇന്ത്യൻ ഉല്പന്നങ്ങളില്‍ ആഗോള ആത്മവിശ്വാസം വർധിപ്പിക്കുന്നതിലും കയറ്റുമതി പരിശോധനാ സമിതി നിർണായക പങ്കുവഹിച്ചതായി ശ്രീ ഘോഷ് പറഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടിനിടെ അംഗീകൃത ലബോറട്ടറികളുടെ എണ്ണം 2014-15 സാമ്പത്തിക വർഷത്തെ 22-ൽ നിന്ന് 2025-26 സാമ്പത്തിക വർഷം 89 ആയി ഉയര്‍ന്നു. അതേസമയം അംഗീകൃത കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം 645-ൽ നിന്ന് 1,499 ആയി വര്‍ധിച്ചു. ഇക്കാലയളവില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ അംഗീകരിച്ച കയറ്റുമതി സർട്ടിഫിക്കറ്റുകളുടെ എണ്ണം 60,978-ൽ നിന്ന് 1.7 ലക്ഷത്തിലധികമായി. ഇന്ത്യയുടെ പരിശോധനാ സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങളില്‍ കൂടിവരുന്ന അന്താരാഷ്ട്ര വിശ്വാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
കയറ്റുമതി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, നിയമപാലനത്തിലെ കാര്യക്ഷമത വർധിപ്പിക്കുക, ഇന്ത്യൻ കാർഷിക-ഭക്ഷ്യ കയറ്റുമതിയുടെ ആഗോള മത്സരശേഷി മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കയറ്റുമതി പരിശോധനാ സമിതി ഏര്‍പ്പെടുത്തിയ ഏതാനും നിയന്ത്രണ പരിഷ്കാരങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നിലവിലെ പരിശോധന, സർട്ടിഫിക്കറ്റ് സംവിധാനങ്ങൾ കൂടുതൽ വിപുലീകരിച്ച് പരമ്പരാഗത രീതികൾക്ക് പകരം പുതിയ സാങ്കേതികവിദ്യാധിഷ്ഠിത നിയന്ത്രണ സംവിധാനങ്ങളിലേക്ക് മാറാനാണ് ഈ പരിഷ്കാരങ്ങള്‍ ലക്ഷ്യമിടുന്നത്. മുൻപത്തെ പ്രവർത്തന മികവ് വിലയിരുത്തി പരിശോധനകളുടെ എണ്ണം ക്രമീകരിക്കുന്ന 'റിസ്ക് ബേസ്ഡ് ഇന്‍സ്പെക്ഷന്‍ സിസ്റ്റം (RBIS), സാംപിളുകളുടെ പരിശോധനയും റിപ്പോർട്ടിങും എളുപ്പമാക്കുന്ന 'ലബോറട്ടറി ഇൻഫർമേഷൻ മാനേജ്മെൻ്റ് സിസ്റ്റം' (LIMS), പരിശോധനാ സമയം ഗണ്യമായി കുറയ്ക്കുന്ന ദ്രുത പരിശോധനാ സാങ്കേതികവിദ്യകൾ എന്നിവയാണ് ഇതിലെ പ്രധാന സംരംഭങ്ങൾ.
കയറ്റുമതി പരിശോധനയും സര്‍ട്ടിഫിക്കേഷന്‍ ചട്ടക്കൂടും ശക്തിപ്പെടുത്തുന്ന നിരവധി പരിഷ്കരണ നടപടികൾ നിലവിൽ ചർച്ചയിലാണ്. നിയമങ്ങൾ കൃത്യമായി പാലിക്കുന്ന കയറ്റുമതിക്കാർക്ക് അംഗീകാര-സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ ലളിതമാക്കുക, സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കാന്‍ ഡിജിറ്റല്‍വല്‍ക്കരണം വ്യാപിപ്പിക്കുക, പ്രക്രിയാധിഷ്ഠിതമായി ഗുണനിലവാരം ഉറപ്പാക്കുന്ന കൂടുതല്‍ സംവിധാനങ്ങൾ അവലംബിക്കുക, വ്യാപാരം സുഗമമാക്കാന്‍ പ്രവർത്തനപരമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക എന്നിവ ഇതിലുള്‍പ്പെടുന്നു. വ്യാപാര നടപടികള്‍ എളുപ്പമാക്കാനും നിയമപരമായ ബാധ്യതകൾ ലഘൂകരിക്കാനും നിയന്ത്രണ മേൽനോട്ടം നിലനിർത്തി അന്താരാഷ്ട്ര വിപണികളിലേക്ക് അതിവേഗ പ്രവേശനത്തിന് പിന്തുണ നല്‍കാനും നിർദിഷ്ട പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നു.
LPSS/SKY
********
(रिलीज़ आईडी: 2271104)
आगंतुक पटल : 49
इस विज्ञप्ति को इन भाषाओं में पढ़ें:
English