പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
യുവ സംഗം ഘട്ടം VI: 39 അംഗ കേരള–ലക്ഷദ്വീപ് സംഘം ജമ്മു, കാശ്മീർ, ലഡാക്കിലേക്ക് 3000 കിലോമീറ്റർ ദൈർഘ്യമുള്ള സാംസ്‌കാരിക യാത്രയ്ക്ക് പുറപ്പെട്ടു
പോസ്റ്റഡ് ഓണ്‍:
09 MAY 2026 2:20PM by PIB Thiruvananthpuram
മേയ് 09, 2026 | കോഴിക്കോട്/പാലക്കാട്: ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ‘യുവ സംഗം’ പദ്ധതിയുടെ ഭാഗമായി കേരളത്തിലും ലക്ഷദ്വീപിലും നിന്നുള്ള 39 വിദ്യാർത്ഥികൾ ജമ്മുവിലേക്കുള്ള ആവേശകരമായ ട്രെയിൻ യാത്രയോടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അനുഭവ യാത്രയ്ക്ക് തുടക്കമിട്ടു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ (EBSB) ക്യാംപെയ്‌നിൻ്റെ ഭാഗമായി നടക്കുന്ന യുവ സംഗം ഘട്ടം VI-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ജമ്മുവുമായി ചേർന്ന് വിദ്യാർത്ഥി കൈമാറ്റ പരിപാടി സംഘടിപ്പിക്കുകയാണ്.

ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിസ് ചാറ്റർജി വെള്ളിയാഴ്ച കോഴിക്കോട് വെച്ച് സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിലും ലക്ഷദ്വീപിലും നിന്നുള്ള തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ, ഐഐഎം കോഴിക്കോട് അധ്യാപകരുടെയും സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ, അടുത്ത 11 ദിവസങ്ങളിലായി (യാത്രാദിവസങ്ങൾ ഉൾപ്പെടെ) ജമ്മു, കാശ്മീർ, ലഡാക്ക് മേഖലകളിലെ സാംസ്‌കാരികവും സാമൂഹികവുമായ വൈവിധ്യങ്ങൾ പരിചയപ്പെടും.

ഉത്സാഹഭരിതരായ ഈ പ്രതിനിധി സംഘം, മെയ് 8/9 അർദ്ധരാത്രിയോടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ജമ്മു താവി റെയിൽവേ സ്റ്റേഷനിലേക്കുള്ള ട്രെയിനിൽ യാത്ര തിരിച്ചു. ഏകദേശം 60 മണിക്കൂർ ദൈർഘ്യമുള്ള ഈ യാത്ര 3000 കിലോമീറ്ററിലധികം ദൂരം ഉൾക്കൊള്ളുന്നതാണ്. യുവ സംഗം പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

പ്രൊഫ. ദേബാശിസ് ചാറ്റർജി സംഘത്തിന് ആശംസകൾ നേർന്ന് പറഞ്ഞു:
“ഭാവി തലമുറയുടെ മൂല്യങ്ങളെ വളർത്തിപ്പോറ്റുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈ പദ്ധതിയിൽ സജീവ പങ്കാളികളാകുന്നതിൽ ഐഐഎം കോഴിക്കോട് ഏറെ സന്തോഷിക്കുന്നു. യുവ സംഗം കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യയുടെ വൈവിധ്യങ്ങളെ ആഘോഷിക്കാനും രാജ്യത്തിൻ്റെ സാംസ്‌കാരിക സമ്പത്ത് അടുത്തറിഞ്ഞ് മനസ്സിലാക്കാനും ലഭിച്ച സ്വർണാവസരമാണ്. യുവ സംഗത്തിൻ്റെ 5P ആശയങ്ങളെ ആസ്പദമാക്കി നടക്കുന്ന ഈ അനുഭവയാത്ര, കേരളത്തിൻ്റെയും ലക്ഷദ്വീപിൻ്റെയും യുവ പ്രതിനിധികൾക്ക് തങ്ങളുടെ നാടിൻ്റെ പ്രത്യേകതകൾ പങ്കുവെച്ച് പരസ്പരബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
സംഘത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 38 വിദ്യാർത്ഥികളും ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തുനിന്നുള്ള ഒരാൾ ഉൾപ്പെടെ ആകെ 39 പേരുണ്ട്. ഇവരിൽ 21 പുരുഷ വിദ്യാർത്ഥികളും 18 വനിത വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ബിരുദ, ബിരുദാനന്തര, ഓഫ്-ക്യാംപസ് യുവജന വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ. സംഘത്തോടൊപ്പം ഐഐഎം കോഴിക്കോട് നിന്നുള്ള അഞ്ച് അധ്യാപകരും സ്റ്റാഫ് അംഗങ്ങളും ഉണ്ടാകും.
സംഘം മെയ് 11-ന് ജമ്മു താവി റെയിൽവേ സ്റ്റേഷനിലെത്തി അവിടെ നിന്ന് ഐഐഎം ജമ്മുവിലേക്ക് പോകും. തുടർന്ന് ഒരാഴ്ചക്കാലം ജമ്മു-കാശ്മീരിലെയും ലഡാക്കിലെയും വിവിധ പ്രമുഖരുമായി, ഐഐഎം ജമ്മു അധ്യാപകരുമായും വിദ്യാർത്ഥികളുമായും ഗവർണർ, മുഖ്യമന്ത്രി, മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായും ഇവർ ആശയവിനിമയം നടത്തും.
സലാൽ ഹൈഡ്രോ പ്രോജക്ട്, മുബാറക് മണ്ടി പാലസ്, ബാഹു ഫോർട്ട് & ബാഗ്-എ-ബാഹു ഗാർഡൻ, ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലമായ ചെനാബ് റെയിൽ ബ്രിഡ്ജ്, അമർ മഹൽ പാലസ് മ്യൂസിയം, മൻസാർ തടാകം, സനാസർ തടാകം, ഡോഗ്ര ആർട്ട് മ്യൂസിയം തുടങ്ങിയ ജമ്മു-കാശ്മീരിലെ വിവിധ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സംഘം സന്ദർശിക്കും. യുവ സംഗത്തിൻ്റെ 5P ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി ഇടങ്ങളിലേക്കും ഇവർ യാത്ര ചെയ്യും.
യുവ സംഗം ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ഒരു പ്രധാന പദ്ധതിയാണ്. ഒരു സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ നിന്നുള്ള വിദ്യാർത്ഥികളെയും യുവജനങ്ങളെയും മറ്റൊരു സംസ്ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ വിദ്യാഭ്യാസ-സാംസ്‌കാരിക പര്യടനങ്ങൾക്ക് അയക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ യാത്രകളിലൂടെ ‘പര്യടൻ’ (ടൂറിസം), ‘പരമ്പര’ (പാരമ്പര്യം), ‘പ്രഗതി’ (വികസനം), ‘പരസ്പര സമ്പർക്ക’ (ജന സമ്പർക്കം), ‘പ്രദ്യോഗികി’ (സാങ്കേതികത) എന്നീ അഞ്ച് പ്രധാന മേഖലകളിൽ യുവാക്കൾക്ക് ബഹുമുഖ പരിചയം ലഭ്യമാക്കുന്നു. 5 മുതൽ 7 ദിവസം വരെ (യാത്രാദിവസങ്ങൾ ഒഴികെ) നീളുന്ന ഈ പരിപാടിയിലൂടെ വിവിധ സംസ്ഥാനങ്ങളിലെ യുവാക്കൾക്ക് പരസ്പരം അടുത്തറിയാനും സാംസ്‌കാരിക വൈവിധ്യങ്ങളെ അനുഭവപരിചയത്തിലൂടെ മനസ്സിലാക്കാനും അവസരം ലഭിക്കും.
അതുപോലെ തന്നെ, ഐഐഎം ജമ്മുവിൻ്റെ നേതൃത്വത്തിൽ ജമ്മു-കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ നിന്നുള്ള 50 അംഗ സംഘം 2026 മെയ് 28 മുതൽ ജൂൺ 5 വരെ കേരളത്തിൽ എത്തി ഐഐഎം കോഴിക്കോട് ആതിഥേയത്വത്തിൽ ഏഴ് ദിവസത്തെ സന്ദർശനം നടത്തും. കേരളത്തിൻ്റെ സമ്പന്നമായ സംസ്കാരവും പ്രകൃതി സൗന്ദര്യവും അടുത്തറിയാൻ വിവിധ പഠന-പര്യടന പരിപാടികളും ഇവർക്കായി ഒരുക്കിയിട്ടുണ്ട്.
***
( റിലീസ് ഐ.ഡി: 2259332)
സന്ദര്‍ശക കൗണ്ടര്‍ : 108