ഷിപ്പിങ് മന്ത്രാലയം
ഗുജറാത്തിലെ വഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
പോസ്റ്റഡ് ഓണ്‍:
05 MAY 2026 7:41PM by PIB Thiruvananthpuram
ഗുജറാത്തിലെ വഡിനാർ മേഖലയിൽ അത്യാധുനിക കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. ദേശീയതലത്തിൽ കപ്പൽ അറ്റകുറ്റപ്പണി മേഖലയുടെ വലിയൊരു വിപുലീകരണത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. 1,570 കോടി രൂപയുടെ സംയുക്ത നിക്ഷേപത്തോടെ ദീൻദയാൽ പോർട്ട് അതോറിറ്റിയും (DPA) കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (CSL) ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
650 മീറ്റർ ജെട്ടി, രണ്ട് വലിയ ഫ്ലോട്ടിങ് ഡ്രൈ ഡോക്കുകൾ, വർക്ക്‌ഷോപ്പുകൾ, അനുബന്ധ മറൈൻ ഇൻഫ്രാസ്ട്രക്ചർ എന്നിവ ഉൾപ്പെടുത്തി ഒരു ബ്രൗൺഫീൽഡ് കേന്ദ്രമായാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വഡിനാറിലെ സ്വാഭാവിക ആഴം, പ്രധാന കപ്പൽ പാതകളുമായുള്ള ബന്ധം, മുന്ദ്ര, കണ്ട്‌ല തുടങ്ങിയ പ്രധാന തുറമുഖങ്ങളോടുള്ള സാമീപ്യം എന്നിവ ഇതിനെ അറ്റകുറ്റപ്പണി പ്രവൃത്തികൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു. പ്രത്യേകിച്ചും വലിയ വാണിജ്യ കപ്പലുകളുടെ വിദേശ പതാകയുള്ള കപ്പലുകളുടെയും അറ്റകുറ്റപ്പണി പ്രവൃത്തികൾക്ക് ഇത് ഏറെ അനുയോജ്യമാണ്.
ഈ പദ്ധതി നൈപുണ്യ വികസനത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുന്നതിനൊപ്പം സമീപപ്രദേശങ്ങളിൽ സമുദ്ര അനുബന്ധ സേവനങ്ങളുടെയും എം.എസ്.എം.ഇകളുടെയും വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും.
സ്വാധീനം:
230 മീറ്ററിൽ കൂടുതൽ നീളമുള്ള വലിയ കപ്പലുകൾ അറ്റകുറ്റപ്പണി നടത്താൻ രാജ്യത്ത് നിലവിൽ മതിയായ ആഭ്യന്തര ശേഷിയില്ലാത്തതിനാൽ വഡിനാർ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം ഇന്ത്യയുടെ കപ്പൽ അറ്റകുറ്റപ്പണി അടിസ്ഥാന സൗകര്യങ്ങളിലെ വലിയൊരു കുറവ് നേരിട്ട് പരിഹരിക്കും. 300 മീറ്റർ വരെയുള്ള കപ്പലുകൾ അറ്റകുറ്റപ്പണി ചെയ്യാൻ സൗകര്യം ഒരുക്കുന്നതിലൂടെ വലിയ കപ്പലുകളുടെ ചെലവേറിയ അറ്റകുറ്റപ്പണികൾ ഇന്ത്യയ്ക്കുള്ളിൽ തന്നെ നടത്താൻ ഈ കേന്ദ്രത്തിന് സാധിക്കും. ഇത് വിദേശ കപ്പൽശാലകളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുകയും വിദേശനാണ്യ ചോർച്ച തടയുകയും ചെയ്യും.
മെച്ചപ്പെട്ട പ്രവർത്തന വേഗതയും പടിഞ്ഞാറൻ തീരത്ത് ശക്തിപ്പെടുത്തിയ അറ്റകുറ്റപ്പണി ശേഷിയും ഇന്ത്യൻ തുറമുഖങ്ങളുടെ മൊത്തത്തിലുള്ള മത്സരശേഷി വർധിപ്പിക്കും. കപ്പൽ അറ്റകുറ്റപ്പണി, ലോജിസ്റ്റിക്സ്, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലായി ഏകദേശം 290 പ്രത്യക്ഷ തൊഴിലവസരങ്ങളും 1100-ലധികം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിച്ചുകൊണ്ട് ഈ പദ്ധതി സുസ്ഥിരമായ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുമെന്നും ഒപ്പം വിപുലമായ ഒരു സമുദ്ര വ്യാവസായിക ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുമെന്നും പ്രതീക്ഷിക്കുന്നു.
ഈ ഉദ്യമം പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും മാരിടൈം ഇന്ത്യ വിഷൻ 2030, മാരിടൈം അമൃത് കാൽ വിഷൻ 2047 എന്നിവയ്ക്ക് കീഴിലുള്ള ഇന്ത്യയുടെ ദീർഘകാല സമുദ്ര ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.
***
NK
( റിലീസ് ഐ.ഡി: 2258285)
സന്ദര്‍ശക കൗണ്ടര്‍ : 5