പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

പ്രകടമായ സ്വാധീനം ചെലുത്തുന്ന ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിൽ ANRF ഗണ്യമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: ANRF മേധാവി

പോസ്റ്റഡ് ഓണ്‍: 02 MAY 2026 9:56AM by PIB Thiruvananthpuram

അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ശിവകുമാർ കല്യാണരാമൻ 2026 മെയ് 1-ന് തിരുവനന്തപുരത്തെ സി.എസ്.ഐ.ആർ–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR–NIIST) സന്ദർശിച്ചു. പ്രകടമായ സ്വാധീനം ചെലുത്തുന്ന ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിൽ ANRF ഗണ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 ANRF സി.ഇ.ഒ ആയി പ്രധാനമന്ത്രി നിയമിച്ച ഡോ. കല്യാണരാമന്, അക്കാദമിക് മേഖലയിലും വ്യവസായ മേഖലയിലും വിപുലമായ ആഗോള അനുഭവസമ്പത്തുണ്ട്. ഈ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം മൈക്രോസോഫ്റ്റിലെ ഏഷ്യൻ മേഖല ഊർജ വ്യവസായ വിഭാഗം ചീഫ് ടെക്നോളജി ഓഫീസറായി (CTO) സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇ-മൊബിലിറ്റി, സൗരോർജം, ഡിജിറ്റൽ-നിർമിതബുദ്ധി അധിഷ്ഠിത നൂതനാശയങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകി, ജി.ഇ പവറിലും അദ്ദേഹം ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും ഐ.ബി.എം റിസർച്ചിൽ ചീഫ് സയന്റിസ്റ്റ് ഉൾപ്പെടെയുള്ള തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ റെൻസെലർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറുമായിരുന്നു.

സന്ദർശന വേളയിൽ ഡോ. കല്യാണരാമൻ CSIR-NIIST-ലെ ശാസ്ത്രജ്ഞരുമായി സംവദിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ, പ്രധാന നേട്ടങ്ങൾ, വളർന്നുവരുന്ന വിവിധ നൂതന സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള അവലോകനം അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചു.

പ്രകടമായ സ്വാധീനം ചെലുത്തുന്ന ഗവേഷണങ്ങൾക്ക് ANRF നൽകുന്ന ഗണ്യമായ പ്രാധാന്യത്തെക്കുറിച്ച് ഡോ. കല്യാണരാമൻ പറഞ്ഞു. പ്രായോഗിക തലത്തിൽ വൻതോതിൽ  നടപ്പാക്കാൻ കഴിയുന്ന പദ്ധതികളെ പിന്തുണയ്ക്കാൻ ഫൗണ്ടേഷനു താല്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ANRF വഴി ലഭ്യമായ വിവിധ ധനസഹായ അവസരങ്ങളെക്കുറിച്ച് വിവരിച്ച അദ്ദേഹം, വ്യക്തമായ സാമൂഹ്യ-ദേശീയ സ്വാധീനം പ്രകടമാക്കുന്ന പദ്ധതികൾക്ക് ധനസഹായത്തിൻ്റെ കുറവുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി. ലക്ഷ്യബോധമുള്ളതും ഫലപ്രദവുമായ ഇത്തരം നിർദേശങ്ങൾ സമർപ്പിക്കാൻ അദ്ദേഹം ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിച്ചു.

ഇന്ത്യയുടെ ഗവേഷണ-നൂതനാശയ ആവാസവ്യവസ്ഥയിൽ വലിയ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ട് രൂപീകരിച്ച നിയമാനുസൃത സ്ഥാപനം എന്ന നിലയിലുള്ള ANRF-ന്റെ പങ്കും സന്ദർശന വേളയിൽ ചർച്ചയായി. അക്കാദമിക് മേഖല, വ്യവസായം, ഗവണ്മെന്റ്, അന്താരാഷ്ട്ര പങ്കാളികൾ എന്നിവർക്കിടയിൽ സഹകരണം വളർത്തുന്നതിനൊപ്പം, വൻകിട ധനസഹായ സംരംഭങ്ങളും ഗവേഷണ-വികസന-നൂതനാശയ (RDI) നിക്ഷേപങ്ങളും ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾ നടപ്പിലാക്കുന്നതിലും ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ ചടങ്ങിൽ സംസാരിച്ചു. “രാജ്യത്തെ വികസിച്ചുവരുന്ന ഗവേഷണ മേഖലയെക്കുറിച്ചും ANRF-ന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ഡോ. കല്യാണരാമന്റെ സന്ദർശനം വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകി. ഈ ആശയവിനിമയം സഹകരണാടിസ്ഥാനത്തിലുള്ളതും വിവിധ വിഷയങ്ങൾ കോർത്തിണക്കിയുള്ളതുമായ ദൗത്യധിഷ്ഠിത ഗവേഷണങ്ങൾക്കായി പുതിയ അവസരങ്ങൾ തുറന്നു നൽകിയിട്ടുണ്ട്. ശാസ്ത്രത്തിലൂടെയും നൂതനാശയങ്ങളിലൂടെയും ദേശീയ മുൻഗണനകൾ പരിഹരിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഇത് കൂടുതൽ കരുത്തുറ്റതാക്കുന്നു.” - അദ്ദേഹം പറഞ്ഞു.

സന്ദർശനത്തിന്റെ ഭാഗമായി സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടിയിലെ പ്രധാന ഗവേഷണ കേന്ദ്രങ്ങൾ ഡോ. കല്യാണരാമൻ സന്ദർശിച്ചു. കാർബൺ ക്യാപ്‌ചർ, യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ് (CCUS), ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവ അദ്ദേഹം സന്ദർശിക്കുകയും കാർബൺ മാനേജ്‌മെന്റ്, സുസ്ഥിര സാങ്കേതികവിദ്യകൾ, സാമൂഹ്യ സ്വാധീനം ലക്ഷ്യമിട്ടുള്ള മൂല്യവർധിത ഭക്ഷ്യസംസ്കരണ നൂതനാശയങ്ങൾ എന്നിവയിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.

'ഡിസൈനർ റൈസ്' ഗവേഷണ പദ്ധതിയും അദ്ദേഹം സന്ദർശിച്ചു. പോഷകഗുണം വർധിപ്പിച്ചതും മെച്ചപ്പെട്ട ഗ്ലൈസമിക് റെസ്‌പോൺസ് നൽകുന്നതും ആരോഗ്യപരമായ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതുമായ മൂല്യവർധിത അരിയിനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ  അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചു. ഊർജം, കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ വെല്ലുവിളികൾ നേരിടുന്നതിൽ സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടി പുലർത്തുന്ന ബഹുതല സമീപനങ്ങളെയാണ് ഈ സൗകര്യങ്ങൾ ഉയർത്തിക്കാട്ടുന്നത്.

 

-NK-


( റിലീസ് ഐ.ഡി: 2257451) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English