PIB Headquarters
പിഎംഎവൈ-ജി: ഗ്രാമീണ ഇന്ത്യയിലെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം
പോസ്റ്റഡ് ഓണ്‍:
31 MAR 2026 11:27AM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
- പിഎംഎവൈ -ഗ്രാമീൺ ഘട്ടം ഒന്നും രണ്ടും പ്രകാരം, സംസ്ഥാനങ്ങൾക്ക് 4.15 കോടി വീടുകൾ വിഹിതം, 3.90 കോടി വീടുകൾക്ക് അനുമതി നൽകി, 2.99 കോടി വീടുകൾ പൂർത്തിയായി.
- 2029 ആകുമ്പോഴേക്കും 4.95 കോടി ഗ്രാമീണ വീടുകൾ എന്ന ലക്ഷ്യം കൈവരിക്കാനായി മുന്നേറുന്നു.
- രാജ്യവ്യാപകമായി സമയബന്ധിതമായ നിർമ്മാണ പിന്തുണ ഉറപ്പാക്കിക്കൊണ്ട് ആകെ 4,03,886.12 കോടി രൂപ ഗുണഭോക്താക്കൾക്ക് കൈമാറി.
- ജിയോ-ടാഗിംഗ്, പൊരുത്തക്കേടുകൾ തിരിച്ചറിയൽ, ആധാർ മുഖ പ്രാമാണീകരണം തുടങ്ങിയ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം സുതാര്യതയും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നു.
- സ്വച്ഛ് ഭാരത് മിഷൻ-ഗ്രാമീൺ, ജൽ ജീവൻ മിഷൻ, പിഎം ഉജ്ജ്വല യോജന, പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന എന്നിവയുമായുള്ള സുഗമമായ സംയോജനം ഗ്രാമീണ ജീവിത നിലവാരം വർദ്ധിപ്പിച്ചു.
ആമുഖം
ഇന്ത്യയിലെ ഗ്രാമീണ ഭവന നിർമ്മാണത്തിൻ്റെ കഴിഞ്ഞ ദശകത്തിലെ യാത്ര പരിവർത്തനത്തിൻ്റെയും അന്തസ്സിൻ്റെയും കഥയാണ്. ഓരോ ഗ്രാമീണ കുടുംബത്തിനും സുരക്ഷിതമായ വീട് ഉറപ്പാക്കുക എന്ന ദർശനവുമായി ആരംഭിച്ച പദ്ധതി, ദശലക്ഷക്കണക്കിന് ജീവിതങ്ങൾക്ക് പിന്തുണയേകി ഒരു രാജ്യവ്യാപക പ്രസ്ഥാനമായി വളർന്നു. ഉറപ്പുള്ള (പക്കാ) വീട് വെറുമൊരു അഭയകേന്ദ്രമല്ല - അത് സ്ഥിരത, അവസരം, ഭാവിയിലേക്കുള്ള പ്രതീക്ഷ എന്നിവയുടെ ഒരു അടിത്തറയാണ്.
2016 ഏപ്രിൽ 1 മുതൽ നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ, ക്രമേണ രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക ക്ഷേമ സംരംഭങ്ങളിലൊന്നായി പരിണമിച്ചു. ഭവനരഹിതരായ എല്ലാ കുടുംബങ്ങൾക്കും അല്ലെങ്കിൽ താൽക്കാലികമായതോ തകർന്നതോ ആയ വീടുകളിൽ താമസിക്കുന്നവർക്കും അടിസ്ഥാന സൗകര്യങ്ങളോടെ ഉറപ്പുള്ള വീടുകൾ നൽകാൻ ഇത് ശ്രമിക്കുന്നു. ഗ്രാമീണ ഭവന ക്ഷാമം പരിഹരിക്കുന്നതിലൂടെയും ഭവന കമ്മി കുറയ്ക്കുന്നതിലൂടെയും, "എല്ലാവർക്കും വീട്" എന്ന ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പദ്ധതി നിർണായക പങ്ക് വഹിക്കുന്നു. പിഎംഎവൈ -ജിയുടെ കീഴിലുള്ള വീടുകളുടെ ഏറ്റവും കുറഞ്ഞ വലുപ്പം, വൃത്തിയുള്ള പാചകസൗകര്യത്തിനായി ഒരു പ്രത്യേക സ്ഥലം ഉൾപ്പെടെ 25 ചതുരശ്ര മീറ്ററാണ്. ക്രമേണ അതിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഒന്നിലധികം ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

വീടുകളിൽ ശുചിത്വം, ശുദ്ധമായ പാചക ഊർജ്ജം, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കിക്കൊണ്ട്, ഇന്ത്യയിലുടനീളമുള്ള ഗ്രാമങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തി. സാങ്കേതികവിദ്യ, സുതാര്യത, മറ്റ് ദേശീയ പരിപാടികളുമായി സംയോജനം എന്നിവ ഈ പദ്ധതി സ്വീകരിച്ചു. സമഗ്ര വളർച്ചയുടെയും ഗ്രാമീണ ശാക്തീകരണത്തിൻ്റെയും പ്രതീകമായി ഇത് മാറി.

എല്ലാം മാറ്റിമറിച്ച വീട്:
സുരക്ഷയിലേക്കും സ്ഥിരതയിലേക്കും ടെയ്ഡിൻ്റെ യാത്ര
അസമിലെ ജോർഹട്ട് ജില്ലയിലെ ടിറ്റാബോർ പ്രദേശത്തെ വിധവയായ ടെയ്ഡ്, വർഷങ്ങളായി വെള്ളപ്പൊക്ക സാധ്യതയുള്ള ഒരു പ്രദേശത്താണ് താമസിച്ചിരുന്നത്. അവരുടെ ദുർബലമായ വീട് പ്രളയത്തിൽ സംരക്ഷണം നൽകാൻ ഉറപ്പുള്ളതായിരുന്നില്ല. ജീവിതം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ 2016–17 ൽ, പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ (പിഎംഎവൈ-ജി) വഴി സ്ഥിരമായ ഒരു വീട് എന്ന അവരുടെ സ്വപ്നം യാഥാർത്ഥ്യമായി. അവർ തൻ്റെ കുടുംബത്തിന് സുരക്ഷയും അന്തസ്സും നൽകുന്ന ശക്തമായ ഒരു വീട് നിർമ്മിച്ചു. ഇന്ന്, അവരുടെ ഉറപ്പുള്ള വീട് പ്രതിരോധശേഷിയുടെ പ്രതീകമായി നിലകൊള്ളുന്നു. വെള്ളപ്പൊക്കത്തിൽ നിന്ന് അവരുടെ കുടുംബത്തെ സംരക്ഷിക്കുന്നു, ഭാവിക്ക് സ്ഥിരത പ്രദാനം ചെയ്യുന്നു. ഏറ്റവും ദുർബലരായ കുടുംബങ്ങൾ പോലും ശോഭനമായ നാളെയിലേക്ക് ചുവടുവെക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, പിഎംഎവൈ-ജി ഗ്രാമീണ ജീവിതത്തെ എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്ന് ടെയ്ഡിൻ്റെ യാത്ര പ്രതിഫലിപ്പിക്കുന്നു.

പുരോഗതിയുടെയും നേട്ടങ്ങളുടെയും ഒരു ദശകം
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, പിഎംഎവൈ-ജി അതിൻ്റെ വ്യാപ്തി ക്രമാനുഗതമായി വികസിപ്പിക്കുകയും ഭവനങ്ങൾ വ്യാപകമായി നിർമ്മിച്ചു നൽകുകയും ചെയ്തു. പദ്ധതി സ്ഥിരമായ പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. വർഷം തോറും ലക്ഷ്യം പൂർത്തീകരിക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെ സ്ഥിരമായ പുരോഗതി കൈവരിക്കാനുള്ള അതിൻ്റെ കഴിവിനെ സൂചിപ്പിക്കുന്നു. വികസിത ഭാരത്-റോസ്ഗാർ, ആജീവിക മിഷൻ (ഗ്രാമീൺ) (മുൻ എംജിഎൻആർഇജിഎ), സ്വച്ഛ് ഭാരത് മിഷൻ - ഗ്രാമീൺ, സ്വയം സഹായ സംഘങ്ങൾ, ജൽ ജീവൻ മിഷൻ, പിഎം-സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന എന്നിവയുമായി സുഗമമായ സംയോജനത്തിലൂടെ പിഎംഎവൈ-ജി ഗുണഭോക്താക്കളെ ശാക്തീകരിച്ചു.
നിർദിഷ്ട ലക്ഷ്യവും കൈവരിച്ച നേട്ടങ്ങളും
2026 മാർച്ച് 26 വരെയുള്ള കണക്കുകൾ പ്രകാരം ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി 4.15 കോടി വീടുകൾ എന്ന ലക്ഷ്യം മുന്നോട്ടുവച്ചു. ആകെ 3.90 കോടി വീടുകൾക്ക് അനുമതി നൽകി, 2.99 കോടി വീടുകൾ പൂർത്തിയായി. ഈ വിപുലമായ നിർവഹണത്തെ പിന്തുണയ്ക്കുന്നതിനായി, ₹4,03,886.12 കോടിയുടെ സഞ്ചിത ഫണ്ട് കൈമാറ്റം നടത്തി സംസ്ഥാനങ്ങളിലുടനീളം നിർമ്മാണത്തിനും ഗുണഭോക്തൃ പിന്തുണയ്ക്കും സമയബന്ധിതമായി വിഭവങ്ങൾ ഉറപ്പാക്കുന്നു.
പിഎംഎവൈ-ജിയുടെ സുസ്ഥിരമായ വേഗം, വിശാലമായ സ്വാധീനം എന്നിവയെ മൊത്തത്തിൽ, ഈ നാഴികക്കല്ലുകളായ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ സാർവത്രിക ഭവന നിർമ്മാണമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അതിൻ്റെ ഫലപ്രാപ്തി എടുത്തുകാണിക്കുന്നു.
നിർവ്വഹണ ചട്ടക്കൂടും പരിഷ്കാരങ്ങളും
കുടുംബങ്ങൾ അവരുടെ വീടുകൾ നിർമ്മിക്കുന്നതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഒരു ഗുണഭോക്തൃ അധിഷ്ഠിത പരിപാടിയായാണ് പിഎംഎവൈ -ജി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ നടപ്പാക്കലിൽ സുതാര്യത, കാര്യക്ഷമത, ഗുണനിലവാരം എന്നിവ ശക്തിപ്പെടുത്തുന്നതിന് വർഷങ്ങളായി നിരവധി പരിഷ്കാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
1. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT): ഗുണഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകുന്നു. കാലതാമസമോ നഷ്ടപ്പെടലോ ഇല്ലാതെ വീടുകൾക്കായി ഫണ്ട് എത്തുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. ഇത് സാമ്പത്തിക ഉൾപ്പെടുത്തലിനെ ശക്തിപ്പെടുത്തുന്നു.
2. വീടുകളുടെ ജിയോ-ടാഗിംഗ്: നിർമ്മാണത്തിൻ്റെ ഓരോ ഘട്ടത്തിലും, സമയവും തീയതിയും രേഖപ്പെടുത്തിയ ഫോട്ടോഗ്രാഫുകൾ അപ്‌ലോഡ് ചെയ്യുന്നു. ഈ ഡിജിറ്റൽ തെളിവുകൾ പുരോഗതിയുടെ തത്സമയ നിരീക്ഷണം അനുവദിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി വീടുകൾ നിർമ്മിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
3. ഗ്രാമതല സംവിധാനം: അനുവദിച്ച ഓരോ വീടും ഗുണഭോക്താവിനെ സഹായിക്കുന്ന ഒരു പ്രാദേശികതല മേൽനോട്ട സംവിധാനത്തോടെ ടാഗ് ചെയ്യപ്പെടുന്നു. ഈ സംവിധാനം, ഗുണഭോക്താവിന് പിന്തുണ നൽകുകയും നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
4. ബ്ലോക്ക്, ജില്ലാ പരിശോധനകൾ: ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥർ ഏകദേശം 10% വീടുകൾ പരിശോധിക്കുന്നു. അതേസമയം, ജില്ലാ ഓഫീസർമാർ നിർമ്മാണത്തിൻ്റെ ഓരോ ഘട്ടത്തിലും 2% പരിശോധിക്കുന്നു. ഈ പരിശോധനകൾ ഗുണനിലവാരം ഉറപ്പാക്കുന്നു
5. സാമൂഹ്യ ഓഡിറ്റുകൾ: ഓരോ ഗ്രാമപഞ്ചായത്തും വർഷത്തിൽ ഒരിക്കലെങ്കിലും ഒരു ഔപചാരിക സാമൂഹ്യ ഓഡിറ്റ് നടത്തുന്നു. ഇതിൽ സമൂഹ പങ്കാളിത്തവും പദ്ധതിയുടെ എല്ലാ വശങ്ങളുടെയും അവലോകനവും ഉൾപ്പെടുന്നു. സുതാര്യതയും ഉത്തരവാദിത്വവും ശക്തിപ്പെടുത്തുന്നു.
6. ദേശീയതല നിരീക്ഷണം: ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ദേശീയതല നിരീക്ഷകരും ഫീൽഡ് പരിശോധനകളുടെ ഭാഗമായി വീടുകൾ സന്ദർശിക്കുന്നു. അവർ പുരോഗതി വിലയിരുത്തുകയും ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് പരിശോധിക്കുകയും നടപടിക്രമങ്ങൾ ശരിയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
7. ആവാസ്‌സോഫ്റ്റ് എംഐഎസ് പ്ലാറ്റ്‌ഫോം: പിഎംഎവൈ-ജിയുടെ എല്ലാ പ്രവർത്തനങ്ങളെയും സമന്വയിപ്പിക്കുന്ന ഒരു ദ്വിഭാഷാ, വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് ആവാസ്‌സോഫ്റ്റ്. ഗുണഭോക്തൃ തിരിച്ചറിയൽ, അനുമതി ഉത്തരവുകൾ മുതൽ ധനസഹായ കൈമാറ്റം, നിർമ്മാണ നിരീക്ഷണം വരെ, എല്ലാ പങ്കാളികൾക്കും ഇത് ഒരൊറ്റ വിവര സ്രോതസ്സ് നൽകുന്നു.
ഈ പരിഷ്കാരങ്ങൾ സാങ്കേതികവിദ്യ, സാമൂഹ്യ പങ്കാളിത്തം, വ്യവസ്ഥാപിത മേൽനോട്ടം എന്നിവ സംയോജിപ്പിക്കുന്ന ശക്തമായ ഒരു ചട്ടക്കൂട് സൃഷ്ടിച്ചു. ഇത് സുതാര്യമായും കാര്യക്ഷമമായും ഭവന നിർമ്മാണം നടത്താൻ പിഎംഎവൈ-ജിയെ പ്രാപ്തമാക്കി.
ഗ്രാമീണ കുടുംബങ്ങളിലെ സ്വാധീനം
ഗ്രാമീണ കുടുംബങ്ങൾ സുരക്ഷിതമായ വീടുകൾ, മികച്ച സേവനങ്ങൾ, ശാക്തീകരണം എന്നിവ ഉൾപ്പെടെ ആഴത്തിലുള്ള മാറ്റം അനുഭവിച്ചിട്ടുണ്ട്. സാമൂഹിക ഉൾപ്പെടുത്തലും അവശ്യവസ്തുക്കളുടെ ലഭ്യതയും ശക്തിപ്പെടുത്തുന്നതിലൂടെ പിഎംഎവൈ-ജി ഇത് സാധ്യമാക്കി .
1. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ: ഗ്രാമീണ കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്നത് ഈടുനിൽക്കുന്നതും സുരക്ഷിതവും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ ഉറപ്പുള്ള വീടുകളിലാണ്. താൽക്കാലിക ഭവനങ്ങളിൽ നിന്ന് സ്ഥിരമായ ഭവനങ്ങളിലേക്കുള്ള ഈ മാറ്റം ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സുരക്ഷയും അന്തസ്സും വർദ്ധിപ്പിച്ചിട്ടുണ്ട്.
2. ശുചിത്വ സംവിധാനങ്ങളുടെ ലഭ്യത: മറ്റ് വിവിധ പദ്ധതികളുമായി സംയോജിച്ച്, പിഎംഎവൈ -ജി ഗുണഭോക്താക്കൾക്ക് സ്വച്ഛ് ഭാരത് മിഷൻ- ഗ്രാമീൺ [എസ്ബിഎം(ജി)], എംജിഎൻആർഇജിഎ (ഇപ്പോൾ VB: G RAM G) അല്ലെങ്കിൽ ശൗചാലയ നിർമ്മാണത്തിനായി മറ്റേതെങ്കിലും സമർപ്പിത ധനസഹായ സ്രോതസ്സിൽ നിന്ന് ₹12,000 സഹായം ലഭിക്കുന്നു. ഇത് ശുചിത്വം പ്രോത്സാഹിപ്പിക്കുകയും ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കുകയും വൃത്തിയുള്ള ഗ്രാമങ്ങൾക്ക് കരുത്തേകുകയും ചെയ്തു.
3. തൊഴിൽ പിന്തുണ: എംജിഎൻആർഇജിഎ (ഇപ്പോൾ VB: G RAM G) പ്രകാരം 90–95 ദിവസം വ്യക്തിഗത അവിദഗ്ധ തൊഴിലാളി വേതനം ഉറപ്പാക്കുന്ന പദ്ധതി. ഇത് നിർമ്മാണത്തെ പിന്തുണയ്ക്കുക മാത്രമല്ല, ഗ്രാമീണ തൊഴിലാളികൾക്ക് ഉപജീവനമാർഗ്ഗ അവസരങ്ങളും നൽകുന്നു.
4. ശുദ്ധമായ പാചക ഊർജ്ജം: പ്രധാനമന്ത്രി ഉജ്ജ്വല യോജനയുമായുള്ള സംയോജനം വീടുകൾക്ക് എൽപിജി കണക്ഷനുകൾ ലഭ്യമാക്കാൻ സഹായിച്ചു. ഇത് പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ശുദ്ധമായ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
5. വൈദ്യുതിയും ജലവിതരണവും: ഗവണ്മെൻ്റ് പദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് വൈദ്യുതി കണക്ഷനുകളും പൈപ്പ് വഴി കുടിവെള്ളവും ലഭിക്കുന്നു. ഈ സൗകര്യങ്ങൾ ദൈനംദിന ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ക്ലേശം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
6. പുനരുപയോഗ ഊർജ്ജ സാദ്ധ്യതകൾ: സുസ്ഥിര ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സൗരോർജ വിളക്കുകളും മേൽക്കൂര സംവിധാനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഗ്രാമപ്രദേശങ്ങളിൽ വിശ്വസനീയമായ വൈദ്യുതി നൽകുകയും പരിസ്ഥിതി ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
7. ഗുണനിലവാരമുള്ള വീടുകൾക്കായുള്ള കഴിവുകൾ വികസിപ്പിക്കൽ: പിഎംഎവൈ -ജിയുടെ കീഴിലുള്ള ഗ്രാമീണ നിർമ്മാണ തൊഴിലാളി പരിശീലന പരിപാടി വൈദഗ്ധ്യമുള്ള നിർമ്മാണ തൊഴിലാളികളുടെ കുറവ് പരിഹരിക്കുകയും ഗുണനിലവാരമുള്ള ഭവനങ്ങൾ ഉറപ്പാക്കുകയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ (എൻഎസ്ഡിസി) പിന്തുണയോടെ, 25.11.2025 വരെ 3,75,265 പേരെ പദ്ധതിയിൽ ചേർത്തിട്ടുണ്ട്. 3,02,377 നിർമ്മാണ തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
8. സ്ത്രീ ശാക്തീകരണം: വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകളുടെ മാത്രം പേരിലോ പങ്കാളിക്കൊപ്പം സംയുക്തമായോ നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ, പിഎംഎവൈ -ജി സ്ത്രീകളുടെ സ്വത്തവകാശങ്ങളും സാമൂഹിക പദവിയും വർദ്ധിപ്പിക്കുന്നു. ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) കൈവരിക്കുന്നതിന്, പ്രത്യേകിച്ച് ലിംഗസമത്വത്തെയും സുസ്ഥിര ശാക്തീകരണത്തെയും പിന്തുണച്ചുകൊണ്ട് SDG 5a മുന്നോട്ട് കൊണ്ടുപോകുന്നതിന്, ഈ സമീപനം സംഭാവന നൽകുന്നുവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP) പഠന റിപ്പോർട്ട് (2019) പറയുന്നു.
ഗ്രാമീണ ഭവന നിർമ്മാണത്തിൽ എഐ അധിഷ്ഠിത നിരീക്ഷണം
ഗ്രാമീണ ഭവന നിർമാണത്തിൽ ആധുനിക സാങ്കേതികവിദ്യ ഒരു പുതിയ മാനം കൊണ്ടുവന്നു. നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് സംവിധാനം എന്നിവ ഉപയോഗിച്ച്, നിരീക്ഷണം കൂടുതൽ കൃത്യമാക്കി. തട്ടിപ്പ് ഫലപ്രദമായി തടയുന്നതിനും, നിർവഹണ പ്രക്രിയ കൂടുതൽ വിശ്വസനീയമാക്കുന്നതിനും ഇതിലൂടെ കഴിഞ്ഞു. നിർമ്മിച്ച ഓരോ വീടും യഥാർത്ഥമാണെന്നും ഓരോ ഗുണഭോക്താവിനെയും പരിശോധിച്ച് ഉറപ്പിച്ചിട്ടുണ്ടെന്നും ഈ നൂതനാശയങ്ങൾ ഉറപ്പാക്കുന്നു.
1. ശുപാർശ സംവിധാനം: അപ്‌ലോഡ് ചെയ്ത ഫോട്ടോഗ്രാഫുകളിൽ നിന്ന് മതിലുകൾ, മേൽക്കൂരകൾ, വാതിലുകൾ, ജനാലകൾ തുടങ്ങിയ വീടുകളുടെ ഘടനകൾ എഐ മോഡലുകൾ തിരിച്ചറിയുന്നു. ഈ ഘടനകൾ അടിസ്ഥാനമാക്കി, അംഗീകാരത്തിനായി ഏറ്റവും അനുയോജ്യമായ അന്തിമ ഫോട്ടോ ശുപാർശ ചെയ്യുന്നു. യഥാർത്ഥവും പൂർണ്ണവുമായ വീടുകൾ മാത്രമേ പൂർത്തിയായതായി അടയാളപ്പെടുത്തിയിട്ടുള്ളൂ എന്ന് ഉറപ്പാക്കുന്നു.
2. തട്ടിപ്പുകൾ തിരിച്ചറിയലും വഞ്ചന തടയലും: മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ വഴി ഒരു പ്രദേശത്തെ മറ്റുള്ളവരുടെ വീടുകളുടെ ഫോട്ടോഗ്രാഫുകൾ താരതമ്യം ചെയ്യുന്നു. സമാനതകൾ കണ്ടെത്തിയാൽ, തനിപ്പകർപ്പ് അല്ലെങ്കിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത് അത് തടയാൻ ഈ സംവിധാനം മുന്നറിയിപ്പുകൾ നൽകുന്നു. വിഭവങ്ങളുടെ ദുരുപയോഗത്തിനെതിരെ ഇത് ശക്തമായ ഒരു സംരക്ഷണം നൽകുന്നു.
3. മുഖ പ്രാമാണീകരണവും ഇ‑കെവൈസിയും: ആധാർ അടിസ്ഥാനമാക്കിയുള്ള, എഐ അധിഷ്ഠിത മുഖം തിരിച്ചറിയൽ വഴി ഗുണഭോക്താക്കളെ സ്ഥിരീകരിക്കുന്നു. യോഗ്യരായ കുടുംബങ്ങൾക്ക് മാത്രമേ പിന്തുണ ലഭിക്കുന്നുള്ളൂവെന്നും ഡാറ്റാബേസിൻ്റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നുവെന്നും ഉറപ്പാക്കുന്നു. ആവാസ്+ 2024 മൊബൈൽ ആപ്പ്, ഗുണഭോക്തൃ തിരിച്ചറിയലിൽ സുതാര്യത വർദ്ധിപ്പിക്കുന്നു. ആധാർ മുഖ പ്രാമാണീകരണവും സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ത്രീഡി ഭവന മാതൃകകൾ പോലുള്ള നൂതന സവിശേഷതകളും സംയോജിപ്പിക്കുന്നു. സാങ്കേതികവിദ്യയുടെയും ഗവേഷണത്തിൻ്റെയും ഈ കൂടിച്ചേരൽ, ആനുകൂല്യങ്ങൾ നൽകുന്നതിൽ കൃത്യത, നീതി, ഉത്തരവാദിത്വo എന്നിവ ഉറപ്പാക്കുന്നു.
4. ജീവക്ഷമത തിരിച്ചറിയൽ: ഗുണഭോക്തൃ സ്ഥിരീകരണ സമയത്ത് കണ്ണിമകളുടെ ചലനം, ശരീരത്തിൻ്റെ ചലനം പോലുള്ള സവിശേഷതകൾ പ്രയോജനപ്പെടുത്തുന്നു. ആൾമാറാട്ടമോ ദുരുപയോഗമോ തടയുന്നതിന്, പ്രാമാണീകരണ പ്രക്രിയ തത്സമയവും യഥാർത്ഥവുമാണെന്ന് ഈ പരിശോധനകൾ സ്ഥിരീകരിക്കുന്നു.
മുന്നോട്ടുള്ള പാത
സാർവത്രിക ഗ്രാമീണ ഭവന നിർമ്മാണം കൈവരിക്കുന്നതിൽ വരും വർഷങ്ങൾ നിർണായക ഘട്ടമാണ്. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും അനുവദിച്ച 3.90 കോടി വീടുകളിൽ 2.99 കോടി വീടുകൾ ഇതിനകം പൂർത്തിയായി. 2029 ആകുമ്പോഴേക്കും 4.95 കോടി വീടുകൾ എന്ന ലക്ഷ്യത്തിലേക്ക് പദ്ധതി ക്രമാനുഗതമായി മുന്നേറുകയാണ്. ഈ പുരോഗതി സമ്പൂർണ നിർവഹണത്തിന് വേദിയൊരുക്കുന്നു. അർഹതയുള്ള എല്ലാ കുടുംബങ്ങൾക്കും സ്ഥിരമായ വീട് ഉറപ്പാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഗ്രാമവികസന പരിപാടികളിൽ ഒന്നായി പിഎംഎവൈ -ജി പരിണമിച്ചു. ഭവന നിർമ്മാണം, അന്തസ്സ്, ശാക്തീകരണം, സൗകര്യങ്ങളുടെ സംയോജനം എന്നിവയുമായി കൂട്ടിയിണക്കിക്കൊണ്ട്, അത് ദശലക്ഷക്കണക്കിന് പേരുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്തു. 2029 വരെയുള്ള വ്യക്തമായ ഒരു രൂപരേഖയോടെ, ഗ്രാമീണ ഇന്ത്യയിൽ "എല്ലാവർക്കും വീട്" എന്ന ദർശനം ഈ പദ്ധതി തുടർന്നും ഉൾക്കൊള്ളുന്നു.
റഫറൻസുകൾ:
Click here to see pdf
( റിലീസ് ഐ.ഡി: 2247629)
സന്ദര്‍ശക കൗണ്ടര്‍ : 19